ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്റെ അലംഭാവവും
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
Friday, December 20, 2024 12:42 AM IST
ജനസംഖ്യ, സാമ്പത്തികശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹികസേവന, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമെങ്കിലും സാമുദായികമായി ക്രൈസ്തവർ ദുർബലരായിക്കൊണ്ടിരിക്കുന്നു. കാർഷിക മേഖലയിൽ പൊതുവായും മലയോര-കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന വിവിധ പ്രതിസന്ധികളും ക്രൈസ്തവസമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ വിഷയം സമഗ്രമായി പഠനവിഷയമാക്കാനും പ്രതിവിധികൾ കണ്ടെത്താനും ഒരു കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നുവന്നത്.
പാലോളി കമ്മിറ്റിയും ജെ.ബി. കോശി കമ്മീഷനും
2005ൽ മൻമോഹൻ സിംഗ് മന്ത്രിസഭ മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാനായി സച്ചാർ കമ്മിറ്റിയെ നിയമിക്കുകയും കമ്മിറ്റി നിർദേശങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്ധോപദേശങ്ങൾക്കായി കേരള സർക്കാർ പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയെ നിയോഗിക്കുകയും തുടർന്ന്, കമ്മിറ്റിയുടെ റിപ്പോർട്ടിന് അനുസൃതമായി മുസ്ലിം ക്ഷേമപദ്ധതികൾ കേരളത്തിൽ ആസൂത്രണം ചെയ്യപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്തതുമാണ് ഇത്തരമൊരു ആവശ്യത്തിന് മാതൃകയായുണ്ടായിരുന്നത്. 2020 നവംബറിലാണ് ക്രൈസ്തവരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് സംസ്ഥാന മന്ത്രിസഭ ജസ്റ്റീസ് ജെ.ബി. കോശി അധ്യക്ഷനും ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, ജേക്കബ് പുന്നൂസ് ഐപിഎസ് എന്നിവർ അംഗങ്ങളുമായി കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്.
വലിയ പ്രതീക്ഷയോടെയാണ് ക്രൈസ്തവസമൂഹം സർക്കാരിന്റെ ഇടപെടലിനെയും കമ്മീഷനെയും കണ്ടത്. രണ്ടര വർഷം നീണ്ട വിശദമായ പഠനമാണ് ജെ.ബി. കോശി കമ്മീഷൻ നടത്തിയത്. 4.87 ലക്ഷം പരാതികൾ കമ്മീഷൻ സ്വീകരിച്ചതിനു പുറമെ, വിവിധ രൂപതകളും സംഘടനകളും ക്രൈസ്തവസഭകളും സമർപ്പിച്ച വിശദമായ റിപ്പോർട്ടുകളും പരിഗണിക്കുകയുണ്ടായി.
തൃശൂർ പാറോക്ക് (PAROC) ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ സീറോ മലബാർ സഭ തയാറാക്കിയ റിപ്പോർട്ട് ഉദാഹരണമാണ്. കേരളത്തിലെ ഏഴായിരത്തോളം സീറോ മലബാർ കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക-തൊഴിൽ-വിദ്യാഭ്യാസ സ്ഥിതിവിവര കണക്കുകൾ ശാസ്ത്രീയമായി അപഗ്രഥിച്ച് തയാറാക്കിയ റിപ്പോർട്ടായിരുന്നു പാറോക്ക് സമർപ്പിച്ചത്. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ജെ.ബി. കോശി കമ്മീഷൻ തയാറാക്കിയ വിശദമായ റിപ്പോർട്ടും മുന്നൂറോളം നിർദേശങ്ങളും 2023 മേയിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കപ്പെട്ടു.
നടപടികളിൽ അലംഭാവം
2008 ഫെബ്രുവരി മാസത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് അന്നത്തെ ഇടതുപക്ഷ മന്ത്രിസഭ വിഷയം ഉടനടി പരിഗണിക്കുകയും കേവലം രണ്ട് മാസങ്ങൾക്കുശേഷം 2008 ഏപ്രിൽ 30ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ, പാലോളി കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ തീരുമാനമെടുക്കുകയും പ്രായോഗിക നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമർപ്പിക്കപ്പെട്ട് ഒന്നര വർഷം പിന്നിടുമ്പോഴും കാര്യമായ നടപടിക്രമങ്ങളൊന്നും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല എന്നുള്ളത് കടുത്ത അനീതിയും വിവേചനവുമായേ വിലയിരുത്താൻ കഴിയൂ. ക്രൈസ്തവരുടെ കാര്യത്തിൽ സംഭവിക്കുന്ന ഈ കടുത്ത വിവേചനം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
വാഗ്ദാനങ്ങളും പ്രത്യേക സമിതിയും
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് മാസങ്ങളോളം സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നപ്പോൾ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. നടപടികൾ സ്വീകരിക്കാത്തതും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താതെ രഹസ്യമാക്കി വച്ചിരിക്കുന്നതും വ്യാപകമായി വിമർശിക്കപ്പെട്ടു. തുടർന്ന്, റിപ്പോർട്ടിലെ നിർദേശങ്ങളടങ്ങിയ ഭാഗം മാത്രം അനൗദ്യോഗികമായി പുറത്തുവരികയുണ്ടായി. അപ്രകാരം പുറത്തുവന്ന ഡോക്യുമെന്റിൽ 284 നിർദേശങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഓരോ നിർദേശവുമായും ബന്ധപ്പെട്ട ഭരണ വകുപ്പുകളുടെ പരിഗണനയ്ക്കായി പൊതുവായി നൽകിയ ഡോക്യുമെന്റായിരുന്നു അത്.
മേല്പറഞ്ഞ നടപടിക്കു ശേഷവും യാതൊന്നും സംഭവിക്കുകയോ ഔദ്യോഗികമായി പൂർണരൂപത്തിൽ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയോ ചെയ്യാതെ വന്നപ്പോൾ വീണ്ടും പ്രതിഷേധ സ്വരങ്ങൾ ഉയർന്നു. കഴിഞ്ഞ ഡിസംബർ 27ന് ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞത് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നാണ്. വീണ്ടും ഏതാനും മാസങ്ങൾക്കു ശേഷം 2024 മാർച്ചിൽ പുതിയൊരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചതായിരുന്നു അത്. എല്ലാ രണ്ടാഴ്ചകളിലും കമ്മിറ്റി യോഗം ചേരുമെന്നും ആവശ്യമുള്ള ഘട്ടങ്ങളിൽ മറ്റു വകുപ്പ് സെക്രട്ടറിമാരെയും യോഗത്തിൽ പങ്കെടുപ്പിക്കുമെന്നും അന്ന് അറിയിച്ചിരുന്നു. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾക്ക് മുൻഗണന നൽകണമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ കണ്ടെത്തി ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് പ്രസ്തുത കമ്മിറ്റി നല്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, കമ്മിറ്റി രൂപീകരിക്കപ്പെട്ട് ഒമ്പത് മാസങ്ങൾ പിന്നിട്ടിട്ടും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണന കാത്തുകിടക്കുന്നു. 2023 മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇത്തരമൊരു കമ്മിറ്റിയെ നിയോഗിച്ചത് ഒരു രാഷ്ട്രീയതന്ത്രം മാത്രമായിരുന്നു എന്ന സംശയത്തെ സാധൂകരിക്കുന്ന അലംഭാവമാണ് ഈ കമ്മിറ്റിയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.
സഭാ തലവന്മാരും വിവിധ സമുദായ സംഘടനാ നേതൃത്വങ്ങളും മുഖ്യമന്ത്രിക്കു മുന്നിൽ ഈ വിഷയം പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ട്. ഉടൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയും കമ്മീഷന്റെ നിർദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും എന്ന അദ്ദേഹത്തിന്റെ ഉറപ്പുകൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
സർക്കാരിന്റെ ആത്മാർഥതയില്ലായ്മ
2020ൽ ജെ.ബി. കോശി കമ്മീഷൻ നിയോഗിക്കപ്പെട്ട കാലം മുതലുള്ള നാലു വർഷത്തിനിടെ ഇടതുപക്ഷ സർക്കാർ പലവിധത്തിൽ നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും ആത്മാർഥതയില്ലാത്തവയായിരുന്നു എന്ന സംശയം മാസങ്ങൾ കഴിയുംതോറും ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കമ്മീഷന്റെ രൂപീകരണ കാലം മുതൽ പലവിധത്തിലുള്ള അലംഭാവങ്ങൾ പ്രകടമായിരുന്നു. ഓഫീസ് സൗകര്യം പോലുമില്ലാതെ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടങ്ങേണ്ടിവന്നത് ഉദാഹരണം മാത്രം. ഇതിനകം സർക്കാർ സ്വീകരിച്ചിരിക്കുന്ന രണ്ടു നടപടികളും ഇത്തരത്തിൽ സംശയത്തിന്റെ നിഴലിലാണ്. ഒരു വർഷം മുമ്പുതന്നെ ബന്ധപ്പെട്ട ഭരണവകുപ്പുകൾക്ക് നിർദേശങ്ങൾ കൈമാറുകയും തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും രണ്ടുമാസങ്ങൾക്കു ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ച് ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവ് നൽകി. സർക്കാർ സ്വീകരിച്ച ഈ രണ്ട് നടപടികൾക്കും പ്രായോഗികമായ ഫലമുണ്ടായില്ല എന്നത് ഗൗരവമായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്.
പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും ഇലക്ഷൻ ഘട്ടത്തിലും രംഗം ശാന്തമാക്കാനായും രാഷ്ട്രീയ നേട്ടങ്ങൾക്കായും നടത്തുന്ന നീക്കങ്ങൾ മാത്രമാണോ കഴിഞ്ഞ നാലുവർഷങ്ങളായി കണ്ടുവരുന്നത് എന്ന ആശങ്ക അടിസ്ഥാനമില്ലാത്തതല്ല. പ്രതിഷേധങ്ങളെ ശമിപ്പിക്കാനുള്ള തന്ത്രം മാത്രമാണോ സർക്കാർ സ്വീകരിച്ചിരിക്കുന്ന ഫലരഹിത നടപടികൾ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാർ തന്നെയാണ്. കമ്മീഷനെ നിയമിച്ചതടക്കം ഇക്കാലയളവിൽ സർക്കാർ എടുത്ത തീരുമാനങ്ങളും നൽകിയ നിർദേശങ്ങളും ആത്മാർഥമാണെങ്കിൽ അത് തെളിയിക്കാനുള്ള യുക്തമായ പ്രായോഗിക നടപടികൾ സ്വീകരിക്കുകയും ഒപ്പം കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം ഉടനടി പ്രസിദ്ധീകരിക്കുകയും വേണം.