ഒട്ടും ഭേദമല്ല ഈ ഭേദഗതി
സിജോ പൈനാടത്ത്
Wednesday, December 18, 2024 11:54 PM IST
സാമൂഹ്യ പുനർനിർമാണത്തിനുള്ള ഉപകരണമാണ് നിയമമെന്നു നിർവചിച്ചത് അമേരിക്കൻ നിയമശാസ്ത്രകാരനായ റേസ്കോ പൗണ്ട് ആണ്. ഇന്നത്തെ സമൂഹത്തെ ഗുണപരമായി മാറ്റിത്തീർക്കാൻ ഉപയോഗിക്കാവുന്ന ഒരു ആയുധമാണ് നിയമം എന്നും അദ്ദേഹം കുറിച്ചു.
2024ലെ കേരള വനം നിയമ ഭേദഗതി നിർദേശങ്ങൾ സമഗ്രമായി അവലോകനം ചെയ്യുന്പോൾ, കേരളത്തിന്റെ പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹ്യനിർമിതിയിലും വളർച്ചയിലും ഗുണപരമായ സംഭാവനകൾ നൽകിയിട്ടുള്ള, അതേസമയംതന്നെ വനം നിയമങ്ങളിലെ സങ്കീർണതകളുടെ ഭാരം പേറി ജീവിക്കേണ്ടിവരുന്ന മലയോര ജനതയ്ക്കു വീണ്ടും ഇരുട്ടടി നൽകുന്ന നീക്കമാണെന്നു വായിച്ചെടുക്കാം.
ജനത്തിനുവേണ്ടി നിർമിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യേണ്ട നിയമം അതേ ജനത്തിനു മേൽ അമിതാധികാരപ്രയോഗത്തിനുള്ള സാധ്യതയായി ഉപയോഗിക്കുന്ന ഫാസിസ്റ്റ് പ്രവണത, കാലം ചവറ്റുകൊട്ടയിലേക്കു തള്ളിയതാണ്. അത്തരം അനഭിലഷണീയമായ പ്രവണതയെ പുൽകാനുള്ള ശ്രമമാണ് ഇപ്പോൾ കേരള സർക്കാരിന്റെ 1961ലെ കേരള വനനിയമത്തിൽ സമഗ്ര ഭേദഗതികൾ നിർദേശിച്ചുകൊണ്ടുള്ള കരട് ബിൽ പ്രസിദ്ധപ്പെടുത്തിയതിലൂടെ മനസിലാക്കേണ്ടത്.
മനുഷ്യത്വപരമല്ലാത്ത പലതും കടന്നുകൂടിയതാണു നിലവിലെ വനപരിപാലന ചട്ടങ്ങളെന്ന ആരോപണം കാലങ്ങളായുണ്ട്. ഇതു ലളിതമാക്കാനും വന്യജീവിപാലനത്തിനൊപ്പം, മനുഷ്യോന്മുഖമാണെന്ന് ഉറപ്പാക്കാനുമുള്ള ഭേദഗതികളാണ് അധികാരികളിൽനിന്നു പ്രതീക്ഷിക്കുന്നത്.
കാടിറങ്ങിവരുന്ന വന്യജീവികളെ വേദനിപ്പിക്കാതെ തിരിച്ചയയ്ക്കാൻ പറഞ്ഞുകൊണ്ടിരിക്കുന്ന വനപാലകർ, അത്തരം വന്യജീവികൾ നാട്ടുകാരെ വകവരുത്താൻ വഴിതുറന്നുകൊടുക്കുകയാണ്. കോതമംഗലം കുട്ടന്പുഴ വലിയ ക്ണാച്ചേരിയിലെ എൽദോസ് എന്ന യുവാവിന്റെ ദാരുണമായ അന്ത്യത്തിലേക്കു വരെ എത്തി നിൽക്കുന്നു, വന്യജീവികളുടെ നാട്ടിലിറങ്ങിയുള്ള മരണതാണ്ഡവത്തിന്റെ ആകുലപ്പെടുത്തുന്ന അധ്യായങ്ങൾ. ഇതിന് അറുതി വരുത്താനോ ശാശ്വത പരിഹാരം നിർദേശിക്കാനോ വനം വകുപ്പിനാകുന്നില്ല. മനുഷ്യരുടെ ആവശ്യങ്ങൾക്കും ആകുലതകൾക്കും മേൽ നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞും അധികാരി ചമഞ്ഞും മുഖംതിരിക്കുന്ന വനം വകുപ്പിനും അതിലെ ഉദ്യോഗസ്ഥർക്കും കാട്ടാനയുടെ ചവിട്ടും കുത്തുമേൽക്കുന്ന എൽദോസുമാരുടെ വേദനയറിയില്ല.
വനാതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്കും ആദിവാസികൾക്കും മേൽ കുതിരകയറാനുള്ള അമിതാധികാരത്തിന്റെ എൻഒസികൾ നിയമഭേദഗതിയിലൂടെ ഇനിയും സ്വന്തമാക്കി ആസ്വദിക്കാനുള്ള ക്രൂരമായ നീക്കം നടത്തുകയാണ് പുതിയ ഭേദഗതി നീക്കത്തിലൂടെ വനം വകുപ്പ്. ഇതിനോടു കണ്ണുമടച്ചു വിധേയപ്പെടാൻ വനാതിർത്തി പ്രദേശങ്ങളിലെ സാധാരണക്കാർ തയാറല്ല. അല്ലെങ്കിൽ, അവരുടെ ഇന്നോളമുള്ള അനുഭവങ്ങൾ വനംവകുപ്പിന്റെ ഗൂഢനീക്കങ്ങളോടു സമരസപ്പെടാനല്ല, അതിനോടു സമരം ചെയ്യാനാണു നിർബന്ധിക്കുന്നത്.
വനനിയമ ഭേദഗതി കരിനിയമം
മാര്‍ ജോസ് പുളിക്കല്‍
(കാഞ്ഞിരപ്പള്ളി ബിഷപ്)
നിലവിലുള്ള വനനിയമങ്ങള്‍ ലഘൂകരിക്കണമെന്ന് മുറവിളി ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കുരുക്കുകളോടെ പുതിയ ബില്ലിന് വനംവകുപ്പ് കരട് തയാറാക്കിയിരിക്കുന്നത്. വനാതിര്‍ത്തികളില്‍ കഴിയുന്ന കര്‍ഷകരോടുള്ള വെല്ലുവിളിയാണ് ഈ നിയമ ഭേദഗതി.
ആകെ ഭൂവിസ്തൃതിയില്‍ 29 ശതമാനത്തില്‍ അധികം വനം മേഖലയുള്ള സംസ്ഥാനത്ത് ജനവാസ പ്രദേശങ്ങള്‍ കൂടി വനമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കണം. വനത്തില്‍ പ്രവേശിക്കുന്നതിനും വഴിനടക്കുന്നതിനും വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്. വനാതിര്‍ത്തിയിലെ ജലാശയങ്ങളിൽ കുളിക്കുന്നതും മീന്‍ പിടിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ മേയ്ക്കുന്നതുമൊക്കെ പുതിയ നിയമം വരുന്നതോടെ കുറ്റകൃത്യങ്ങളായി മാറും.
വനത്തിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പുതിയ നിയമം വനംവകുപ്പിന് നല്കുന്നു. ഫോറസ്റ്റ് ഓഫീസര്‍ക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വയ്ക്കാം. വനംവകുപ്പ് വാച്ചര്മാര്ക്കുവരെ അറസ്റ്റിന് അനുമതി നല്കുന്ന വ്യവസ്ഥകളുമുണ്ട്. വനം ഉത്പന്നങ്ങള്‍ കൈവശം വച്ചാൽ അത് നിയമവിരുദ്ധമല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും കര്‍ഷകര്‍ക്കുണ്ടാകും.
കാട്ടില്‍ പാര്‍ക്കുകയും പാര്‍പ്പിക്കുകയും ചെയ്യേണ്ട മൃഗങ്ങള്‍ നാട്ടിലിറങ്ങി വന്‍ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിന് പ്രതിരോധമൊരുക്കാന്‍ വനം വകപ്പിന് കഴിയുന്നില്ല. ഇതിനായി പ്രായോഗിക പദ്ധതിയുമില്ല.
കുട്ടമ്പുഴയിലും വാല്പാറയിലുമായി വന്യമൃഗങ്ങള്‍ മൂന്നു മനുഷ്യജീവനുകളെ കുരിതികഴിച്ച അതിദാരുണമായ വാര്‍ത്തയുടെ നടുക്കത്തിലാണ് ഇപ്പോള്‍ കേരളം. ഇതോടകം എത്രയോ മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങള്‍ അരുംകൊല ചെയ്തു.
എത്രയോ എക്കറിലെ കൃഷി നശിപ്പിച്ചു. മലയോരമേഖയില്‍ ജീവിതം ദുഃസഹമായതോടെ എത്രയോ കുടുംബങ്ങള്‍ വീടും കൃഷിയിടവും ഉപേക്ഷിച്ചു. കാട്ടാന, കാട്ടുപന്നി, പുലി, കടുവ എന്നിവയ്ക്കൊക്കെ ഇടയിലും നടുവിലും ജീവന് പണയപ്പെടുത്തി കഴിയുന്ന അനേകായിരം മനുഷ്യരുടെ വേദനയും മുറവിളിയും നിലവിളിയും എന്തേ അധികാരികള്‍ വിസ്മരിക്കുന്നു. കര്‍ഷകര്‍ വനം നശിപ്പിക്കുന്നവരല്ല, മറിച്ച് മരങ്ങള്‍ വച്ചുവളര്‍ത്തി പരിസ്ഥിതിയെ പോഷിപ്പിക്കുന്നവരാണ്.
വന്യജീവിശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഭയാനകമായ സാഹചര്യത്തില്‍ മനുഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളെക്കുറിച്ചാണ് അധികാരികള്‍ ആലോചിക്കേണ്ടത്. വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും അവയ്ക്ക് വനത്തില്‍ വേണ്ടത്ര തീറ്റ ഉറപ്പാക്കി വനത്തില്‍തന്നെ പാര്‍പ്പിക്കാനും നടപടിയുണ്ടാകണം. ഇവ നാട്ടിലേക്കിറങ്ങാതിരിക്കാന്‍ കിടങ്ങ്, സൗരോര്‍ജ വേലി തുടങ്ങിയ സംവിധാനങ്ങളുണ്ടാകണം.
പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല
കെ.സി. ജോസഫ്
(മുൻ മന്ത്രി)
വേണ്ടത്ര ചർച്ചകൾ ഇല്ലാതെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ള 2024ലെ കേരള വനനിയമ ഭേദഗതി ബിൽ പിൻവലിക്കുകയാണ് വേണ്ടത്. ജനവിരുദ്ധ നിർദേശങ്ങൾ കുത്തിനിറച്ച ഈ ബിൽ മന്ത്രിസഭ വേണ്ടത്ര ചർച്ച കൂടാതെ എങ്ങനെയാണ് അംഗീകരിച്ചതെന്ന് മനസിലാകുന്നില്ല. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ കർഷകരുടെ കൈവശഭൂമി ബഫർസോണായി മാറ്റാനുള്ള ബില്ലിലെ നിർദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അനിയന്ത്രിതമായ അധികാരമാണ് ബില്ലിൽ നൽകുന്നത്.
വനവിഭവങ്ങൾ ജീവിതമാർഗമായ പരമ്പരാഗത ആദിവാസി വിഭാഗത്തെപോലും ബിൽ ദോഷകരമായി ബാധിക്കും. വനത്തിലെ തടാകങ്ങളിൽനിന്ന് മീൻപിടിക്കുന്നത് അടക്കം വനത്തിൽ പ്രവേശിക്കുന്നതുപോലും ഗുരുതരമായ കുറ്റമായിക്കണ്ട് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യുന്നതിനും മറ്റും വനം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
വനം വകുപ്പ് ഉദ്യോഗസ്ഥർ തയാറാക്കിയ ബില്ല് വനംമന്ത്രി വായിച്ചു നോക്കിയോ എന്നുപോലും സംശയിക്കണം. വനമേഖലയുമായി ബന്ധപ്പെട്ട മന്ത്രിമാർ ഉള്ള മന്ത്രിസഭ എങ്ങനെയാണ് കരട് ബിൽ അംഗീകരിച്ചതെന്ന് മനസിലാകുന്നില്ല. നിലവിൽ സർക്കുലേറ്റ് ചെയ്തിട്ടുള്ള ബിൽ പിൻവലിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ബിൽ തയാറാക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം.
ജനവാസം ദുഃസഹമാക്കുന്ന വനം വകുപ്പ്
വർഗീസ് പോൾ, അതിരപ്പിള്ളി
(തൃശൂർ ജില്ലാ സെക്രട്ടറി, കിഫ)
കഴിഞ്ഞ കുറെ വർഷങ്ങളായി വനവും വന നിയമങ്ങളും വന്യജീവികളും വനം ജീവനക്കാരും ജനവാസ മേഖലയെ കുരുതിക്കളം ആക്കിയിരിക്കുന്ന സാഹചര്യമാണുള്ളത്. മലയോര ജനതയ്ക്ക് കൃഷി ചെയ്യാനോ ആടുമാടുകളെ വളർത്തി ഉപജീവനം നടത്താനോ എന്തിന് കുട്ടികൾക്ക് സ്കൂളിൽ പോകാനോ ദൈനംദിന ആവശ്യങ്ങൾക്കുവേണ്ടി വീടിന് പുറത്തിറങ്ങാനോ പുഴയിൽ പോകാനോ വഴിയിലൂടെ വാഹനം ഓടിക്കാൻപോലുമോ കഴിയാത്ത സ്ഥിതി!
മനുഷ്യൻ മനുഷ്യന്റെ നിലനിൽപ്പിനുവേണ്ടി ഉണ്ടാക്കിയ ഭരണഘടനയും നീതിന്യായവും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് ഉപയോഗിക്കേണ്ടത്. പകരം മനുഷ്യാവകാശങ്ങൾ ഹനിച്ചുകൊണ്ടുള്ള കേരള സർക്കാരിന്റെ ഇരുട്ടടിയാണ് വനം നിയമഭേദഗതി നിർദേശങ്ങൾ.
ആരെയും എന്തിനും ഏതിനും എവിടെവച്ചും എന്ത് സംശയത്തിന്റെ പേരിലും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും കള്ളക്കേസിൽ ഉൾപ്പെടുത്താനും ഏതൊരു വനജീവനക്കാരനും അധികാരം നൽകുന്ന തരത്തിൽ വനനിയമ ഭേദഗതി ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള ഉദ്യോഗസ്ഥ, ജനപ്രതിനിധികളുടെ വെല്ലുവിളി ആണെന്ന് നിസംശയം പറയാം.
വനവും വന നിയമങ്ങളും വന്യജീവികളും വനത്തിനുള്ളിൽ മാത്രമായി നിലനിർത്തുകയെന്നതാണ് ആവശ്യം. വനംവകുപ്പിന്റെ ഓഫീസുകൾ വനാതിർത്തിയിൽ മാത്രമായി സ്ഥിരപ്പെടുത്തണം. ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ ഏതു വിധേനയും നശിപ്പിക്കാനുള്ള അധികാരം ജനങ്ങൾക്കു നൽകുകയും വേണം.