ഈ ഭേദഗതി വനംവകുപ്പിന്റെ അമിതാധികാര പ്രയോഗത്തിന്
Wednesday, December 18, 2024 11:47 PM IST
അഡ്വ. എ.സി. ദേവസ്യ (ഹൈക്കോടതി അഭിഭാഷകൻ)
നിലവിൽ വനത്തിനോടു ചേർന്ന് താമസിക്കുന്ന കൃഷിക്കാരുടെയും അതുപോലെ വിനോദസഞ്ചാരികളുടെയും അവകാശങ്ങൾ ഇല്ലാതാക്കുകയാണു വനം വകുപ്പും സർക്കാരും നിർദിഷ്ട വനനിയമ ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത്.
ഭേദഗതി നിർദേശങ്ങളിലെ ബി(എ)യിൽ പരാമർശിക്കുന്നത്, വനത്തിലൂടെയുള്ള പുഴയിലെയും തടാകത്തിലെയും മീൻപിടിത്ത നിരോധനം സംബന്ധിച്ചാണ്. ഭേദഗതി ഒരു കാരണവശാലും അനുവദനീയമല്ല. പുഴയുടെ ഒരു വശം പട്ടയമുള്ള വസ്തുക്കളും മറുവശം ഫോറസ്റ്റുമായുള്ള സ്ഥലങ്ങളുണ്ട്. ഫോറസ്റ്റിനു പുഴയിൽ യാതൊരു അവകാശവുമില്ല. നിയമം പാസായാൽ ഡാം തുടങ്ങിയ സ്ഥലങ്ങളിൽനിന്നു മീൻ പിടിക്കാൻ സാധിക്കാതെ വരും. മീൻ പിടിച്ച് ഉപജീവനം നടത്തുന്ന ധാരാളം ആളുകളുള്ള കേരളത്തിൽ അവർക്ക് അതു തിരിച്ചടിയാകും.
ഭേദഗതിയിൽ അഞ്ചാമതായി മണൽവാരൽ നിരോധിക്കണമെന്ന് പറയുന്നു. പെർമിറ്റിനു വിധേയമായി മണൽ വരുന്നതുകൊണ്ടു യാതൊരു നാശനഷ്ടവും ഫോറസ്റ്റിന് സംഭവിക്കില്ല. മണൽ വാരുന്നതു പ്രാദേശികരായ കൃഷിക്കാരും പ്രദേശവാസികളുമാണ്.
വാച്ചർമാരുടെ അമിതാധികാരം
സെക്ഷൻ 2(സി) ആയി പറയുന്ന ഫോറസ്റ്റ് ഓഫീസറിന്റെ നിർവചനത്തിൽ ആദിവാസി വാച്ചർമാരെയും അല്ലാതെയുള്ള വാച്ചർമാരെയും മറ്റു പലരെയും ഉൾപ്പെടുത്തിയിരിക്കുന്നു. ഭേദഗതി പ്രകാരം അധികാരം വാച്ചർമാരിൽ ചെന്നുചേർന്നാൽ ആരെയും ഏതു സമയത്തും എവിടെവച്ചും ഒരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്തു ജയിലിലാക്കാം.
ഭേദഗതി നിയമം 1980ലെ ഫോറസ്റ്റ് കൺസർവഷൻ ആക്ടിനും 2003ലെ ചട്ടത്തിനും മാർഗനിർദേശങ്ങൾക്കും വിശദീകരണങ്ങൾക്കും വിരുദ്ധമാണ്. കോടതി ഉത്തരവ് പ്രകാരമുള്ള സെൻട്രൽ ഫോറസ്റ്റ് ആക്ട് 1-17ഉം അതിലെ മാർഗനിർദേശങ്ങളും വിശദീകരണവും പ്രകാരം വനത്തോടനുബന്ധിച്ചു താമസിക്കുന്ന കൃഷിക്കാർക്ക് അനുബന്ധമായി മീൻപിടിത്തം, മണൽ വാരൽ, വിറകു ശേഖരണം, വഴിനടപ്പ്, പുഴയിലെ കുളി മുതലായവ ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ കേന്ദ്ര നിയമത്തിനെതിരായുള്ള ഭേദഗതി നിർദേശങ്ങളാണ് പുതിയ നിയമം. ആയതിനാൽ അതിനു നിലനിൽപ്പില്ല. ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്.
നഷ്ടപരിഹാരം നൽകാനുള്ള ചട്ടം ഉടൻ ഭേദഗതി ചെയ്യണമെന്നു നിർദേശമുണ്ട്. അപകടമരണത്തിൽ നഷ്ടപരിഹാരത്തിന്റെ തോത് കേരളം ലാൻഡ് അക്വിസിഷൻ പ്രകാരം നിശ്ചയിക്കേണ്ടതാണ്. ആൾക്കാർ മരണപ്പെട്ടാലോ പരിക്കേറ്റാലോ മോട്ടോർ ആക്സിഡന്റ് ക്ലെയിം നിയമ പ്രകാരം നഷ്ടപരിഹാരം കൊടുക്കണം. ഇപ്പോഴത്തെ നിയമ പ്രകാരം ഒരാൾ മരിച്ചാൽ മൂന്നു ലക്ഷം രൂപയാണ് ലഭിക്കുന്നത്. വീട് നഷ്ടപ്പെട്ടാൽ 50,000. മറ്റുള്ളവയ്ക്കു നാമമാത്ര തുക മാത്രമേ ഉള്ളൂ.
മരം വെട്ടാൻ അനുമതിയില്ല!
പട്ടയ വസ്തുവിലെ റിസർവ് ചെയ്യാത്ത പ്ലാവ്, ആഞ്ഞിലി മുതലായ തടികൾ വെട്ടിമാറ്റാൻ വനംവകുപ്പ് ജീവനക്കാർ അനുവദിക്കുന്നില്ലെന്നതു നിയമവിരുദ്ധമാണ്. വനമേഖലയോട് ചേർന്ന പട്ടയ വസ്തുവിൽ കൃഷിക്കാർ ഇപ്പോൾ പ്ലാവുകൾ പോലുള്ള മരങ്ങൾ കൃഷി ചെയ്യുന്നില്ല. മുട്ടിൽ മരം മുറി കേസ് വന്നതിന് ശേഷം ഒരു തടിയും വെട്ടാന് ഫോറസ്റ്റുകാർ അനുവദിക്കുന്നില്ല. കുട്ടികളുടെ പഠനം, ചികിത്സ, വീടുനിർമാണം തുടങ്ങിയവ മുടങ്ങിക്കിടക്കുന്നു. കൃഷി സ്ഥലത്തെ റിസർവ് ചെയ്യാത്ത തേക്ക് മരങ്ങൾ വീട് നിർമാണത്തിനുപോലും മുറിക്കാൻ അനുവദിക്കുന്നില്ല.
വഴിമുടക്കുന്നവർ
കേന്ദ്ര ഫോറസ്റ്റ് ആക്ട് 1980 ഉം 2023ലെ ഭേദഗതിയും പ്രകാരം 1980നും 1996നും മുന്പു വനത്തിൽകൂടിയുള്ള റോഡുകൾ വനംവകുപ്പ് നിർമിച്ചതാണെങ്കിൽ കൂടിയും ഉപയോഗിക്കുന്നതിനു പ്രദേശവാസികൾക്കും പൊതുജനത്തിനും നിയമപ്രകാരം അവകാശമുള്ളതാണ്. എന്നാൽ, പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുമുള്ളതും സർവേ രേഖാപ്രകാരം അളന്നു തിരിച്ചു മൈൽ കുറ്റിയും സർവേ കല്ലും സ്ഥാപിച്ചിട്ടുള്ള 200 വർഷത്തിന് മുകളിൽ പഴക്കമുള്ളതുമായ ഓൾഡ് ആലുവ-മൂന്നാർ റോഡിന്റെ പൂയംകുട്ടി-മൂന്നാർ വരെയുള്ള ഭാഗങ്ങളിൽ റോഡ് നിർമാണം വനംവകുപ്പ് അനധികൃതമായി തടസപ്പെടുത്തി. തടസം നീക്കിയാൽ ഉടൻതന്നെ കേരള സർക്കാരോ കേന്ദ്ര സർക്കാരോ നല്ല രീതിയിൽ ടൂറിസം പ്രാധാന്യമുള്ള റോഡ് നവീകരിക്കും. അതുപോലെ മാമലക്കണ്ടം വഴി കുറത്തിക്കുടി വരെയുള്ള മലയോര ഹൈവേയിലും കോടതി ഉത്തരവുണ്ടായിട്ടും വനംവകുപ്പ് നിർമാണം തടസപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ അമിതാധികാര പ്രയോഗമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.