അന്പതാണ്ടുകൊണ്ട് നൂറു നൂറു നന്മകൾ
Wednesday, December 18, 2024 12:27 AM IST
മാർ തോമസ് തറയിൽ (ചങ്ങനാശേരി ആർച്ച്ബിഷപ്)
ഒരു പുരോഹിതൻ എങ്ങനെയായിരിക്കണമെന്നു നമുക്കു കാണിച്ചുതന്ന അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവ് പുരോഹിതജീവിതത്തിൽ അന്പതുവർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ചങ്ങനാശേരി അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ഇടവക പെരുന്തോട്ടത്തിൽ ജോസഫ്-അന്നമ്മ ദന്പതികളുടെ ആറു മക്കളിൽ ഏറ്റവും ഇളയവനായി 1948 ജൂലൈ അഞ്ചിന് ജനിച്ച പെരുന്തോട്ടം പിതാവ് 1974 ഡിസംബർ 18ന് അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് 2024 ഡിസംബർ 18ന് പിതാവ് തന്റെ പൗരോഹിത്യ ജീവിതത്തിന്റെ അന്പതു സംവത്സരങ്ങൾ പൂർത്തിയാക്കുന്നു.
പൗരോഹിത്യത്തെ ആഴമായി സ്നേഹിക്കുകയും അങ്ങേയറ്റം വിലമതിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പെരുന്തോട്ടം പിതാവ്. പൗരസ്ത്യ സഭാപാരന്പര്യത്തിൽ സന്യാസികളാണല്ലോ മെത്രാന്മാരാകുന്നത്. അജപാലന ജീവിതത്തിന് സന്യാസത്തിന്റെ ആഴം നൽകിയ വലിയ ഇടയനാണ് പിതാവ്. പ്രാർഥനയും ലാളിത്യവുമാണ് ഒരു സന്യാസിയുടെ മുഖമുദ്രയെങ്കിൽ പിതാവ് സന്യാസത്തിന്റെ തികവിൽ ജീവിക്കുന്ന വ്യക്തിയാണെന്നു നമുക്കു നിസംശയം പറയാം. അജപാലനപരമായ എത്രമാത്രം തിരക്കുകളുണ്ടെങ്കിലും പിതാവ് ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ചാപ്പലിലാണ്. വിശുദ്ധ കുർബാനയ്ക്കും യാമപ്രാർഥനകൾക്കും മാത്രമല്ല, നീണ്ട മണിക്കൂറുകളിലെ വ്യക്തിപരമായ പ്രാർഥനയ്ക്കും പിതാവ് ധാരാളം സമയം കണ്ടെത്തുന്നു. നന്നായി പ്രാർഥിച്ചൊരുങ്ങിയാണ് പിതാവ് ഓരോ ദിവസവും ആരംഭിക്കുന്നതും പ്രാർഥനയുടെ നിറവിലാണ് ഓരോ ദിവസവും അവസാനിപ്പിക്കുന്നതും.
പ്രാർഥനയാണ് പിതാവിന്റെ ശക്തിയും ബലവും. ഈ തിരിച്ചറിവുള്ളതുകൊണ്ടുതന്നെ തന്റെ പക്കൽ വരുന്നവരോടൊക്കെ അവരുടെ പ്രാർഥനാജീവിതത്തെക്കുറിച്ചാണ് പിതാവ് പ്രധാനമായും അന്വേഷിക്കാറുള്ളത്. ആത്മാവിലും സത്യത്തിലും എന്ന പിതാവിന്റെ ആപ്തവാക്യംതന്നെ ദൈവാരാധനയുമായി ബന്ധപ്പെട്ടതാണല്ലോ. സഭയുടെ ആരാധനക്രമം അനുഷ്ഠിക്കുന്നതിൽ പിതാവ് കാണിക്കുന്ന നിഷ്ഠ അദ്ദേഹത്തിന്റെ ആഴമായ പ്രാർഥനാജീവിതത്തിൽനിന്നു രൂപപ്പെട്ടതാണ്. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ.... എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ (മത്താ. 11: 29) എന്ന തിരുവചനമാണ് പിതാവിനെക്കുറിച്ച് ഓർമവരുന്നത്. ശാന്തതയും എളിമയും ജീവിതലാളിത്യവും ഹൃദയനൈർമല്യവുമൊക്കെ നമുക്കു പിതാവിൽനിന്നു പഠിക്കാൻ സാധിക്കും.
കർദിനാൾ ടിസറാംഗിന്റെ പ്രസിദ്ധമായ വാചകമാണല്ലോ “ഞാൻ നിങ്ങളുടെ സഭയെ സ്നേഹിക്കുന്നു, കാരണം എനിക്ക് അതിന്റെ ചരിത്രം അറിയാം’’എന്നത്. ഇതുപോലെതന്നെ സഭാചരിത്രത്തിൽ അവഗാഹം നേടുകയും സഭയെ ആഴമായി സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പിതാവ്. വളരെയധികം ത്യാഗം സഹിച്ചും സഭയെ വളർത്താനാണ് പിതാവ് എന്നും പരിശ്രമിച്ചിട്ടുള്ളത്. ഹൈദരാബാദ് മിഷൻ, ജയ്പുർ മിഷൻ, ഗൾഫ് നാടുകൾ, വിവിധ പാശ്ചാത്യ രാജ്യങ്ങൾ ഇവിടങ്ങളിലൊക്കെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്കുവേണ്ടി പിതാവ് എടുത്ത ത്യാഗങ്ങൾ മറക്കാൻ പാടുള്ളതല്ല. സഭയുടെ ആരാധനക്രമ ഏകീകരണത്തിനു കാരണമായതും പിതാവിന് സഭയോടുള്ള ത്യാഗപൂർണമായ വിധേയത്വം തന്നെയല്ലേ? തനിക്കു പൂർണമായ ബോധ്യമുള്ളതും ആഴമായ സ്നേഹമുള്ളതുമായ പൗരസ്ത്യ ആരാധനാക്രമത്തിൽ വിട്ടുവീഴ്ചകൾക്കു സമ്മതിച്ചപ്പോൾ സഭയുടെ ഐക്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസിൽ.
പിതാവിന്റെ ബൗദ്ധികവ്യാപാരങ്ങളും എടുത്തുപറയേണ്ടതാണ്. ഏഴുതാനും വായിക്കാനും പഠിക്കാനും പിതാവ് വളരെയേറെ സമയം കണ്ടെത്തുന്നു. ഒരു മിനിറ്റുപോലും വെറുതെ കളയുന്ന പതിവ് പിതാവിനില്ല. മെത്രാൻ സഭയുടെ ആധികാരിക പ്രബോധകനാകയാൽ പഠിച്ചു മനസിലാക്കി കൃത്യതവരുത്തി കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് പിതാവിന് നിർബന്ധമായിരുന്നു. പിതാവിന്റെ ഈടുറ്റ, ദൈവശാസ്ത്ര സന്പുഷ്ടമായ ഇടയലേഖനങ്ങളും സർക്കുലറുകളും ആരാധനാക്രമ മാർഗനിർദേശങ്ങളും മറ്റു രചനകളും പലരും വായിച്ചിട്ടുള്ളതാണല്ലോ.
അല്മായരെ ചേർത്തുപിടിക്കുകയും അവരുടെ ശക്തീകരണത്തിനും പ്രബോധനത്തിനുമായി മാർത്തോമ്മ വിദ്യാനികേതൻ, കുടുംബകൂട്ടായ്മ, സിഎൽടി, തൊഴിലാളി പ്രസ്ഥാനം (സിഡബ്ല്യുഎം) എന്നിവയൊക്കെ അതിരൂപതയിൽ ആരംഭിച്ചതിന്റെ പ്രേരകശക്തി പെരുന്തോട്ടം പിതാവായിരുന്നു. തന്റെ അന്പതു വർഷത്തെ പൗരോഹിത്യ ജീവിതംകൊണ്ട് സഭയ്ക്കു നൂറുനൂറു നന്മകൾ നൽകിയ ശ്രേഷ്ഠ വ്യക്തിത്വമാണ് അഭിവന്ദ്യ പെരുന്തോട്ടം പിതാവ്. ഈ ചെറുലേഖനത്തിന്റെ പരിമിതിയിൽ അവയൊന്നും ഒതുങ്ങുകയില്ല. അഭിവന്ദ്യ പിതാവിന് പൗരോഹിത്യ സുവർണജൂബിലി മംഗളങ്ങൾ പ്രാർഥനാപൂർവം നേരുന്നു.