ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും
Tuesday, December 17, 2024 10:09 PM IST
ഇന്ന് ആചരിക്കുന്ന ആഗോള ന്യൂനപക്ഷ അവകാശ ദിനം 1992ലെ ദേശീയ/വംശീയ, മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ പ്രഖ്യാപനത്തിന്റെ ഓർമപ്പെടുത്തലും അനുസ്മരണവുമാണ്. ന്യൂനപക്ഷങ്ങളുടെ സ്വത്വവും അവകാശങ്ങളും സംരക്ഷിച്ച് നിലനിൽപ് ഭദ്രമാക്കുക എന്നതാണ് ഈ ആചരണത്തിന്റെ ലക്ഷ്യം. അതോടൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ന്യൂനപക്ഷ സമൂഹങ്ങൾക്ക് നിരവധിയായ ചൂഷണങ്ങളുടെയും അതിക്രമങ്ങളുടെയും ഇടയിൽ തങ്ങളുടേതായ പാരമ്പര്യവും സംസ്കാരവും നിലനിർത്താൻ നിയമപരമായ അടിത്തറ ഒരുക്കുക എന്നതും ഇത് ലക്ഷ്യംവയ്ക്കുന്നു.
ചരിത്രപശ്ചാത്തലം
1990ല് അവസാനിച്ച ശീതയുദ്ധവും സോവിയറ്റ് യൂണിയന്റെയും യൂഗോസ്ലാവിയയുടെയും വിഭജനവും ആഗോള ഭൗമരാഷ്ട്രീയഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തി. പല രാജ്യങ്ങളിലും ദേശീയവും വംശീയവും മതപരവുമായ വിവേചനങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളും അവകാശലംഘനങ്ങളും വർധിതമായ സാഹചര്യത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സംഘടന നടത്തിയ ഇടപെടലിന്റെ ഫലമാണ് 1992ലെ അവകാശ പ്രഖ്യാപനം. 1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനവും 1966ലെ പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംബന്ധിച്ച അന്താരാഷ്ട്ര ധാരണാ പത്രവും ഇതിന് പ്രചോദനമായി. ഈ ധാരണാ പത്രത്തിന്റെ ഇരുപത്തിയേഴാം അനുച്ഛേദം വംശീയമോ മതപരമോ ഭാഷാപരമോ ആയി ന്യൂനപക്ഷമായിട്ടുള്ള സമൂഹങ്ങളിലെ അംഗങ്ങൾക്ക് അവരുടെ സംസ്കാരം ആസ്വദിക്കുന്നതിനും മതം പരിശീലിക്കുന്നതിനും ഭാഷ ഉപയോഗിക്കുന്നതിനുമുള്ള അവകാശം ഉറപ്പാക്കുന്നതാണ്.
ചുരുക്കത്തിൽ, ന്യൂനപക്ഷ സമൂഹങ്ങൾ നേരിട്ട പ്രതിസന്ധികളെ സംബന്ധിച്ച് ആഗോളതലത്തിൽ ഉണ്ടായ വർധിതമായ അവബോധത്തിന്റെ പ്രതിഫലനമാണ് 1992ലെ പ്രഖ്യാപനത്തിൽ നിഴലിച്ചത്. ഇത് ന്യൂനപക്ഷ സമൂഹങ്ങൾക്ക് വിവേചനാരഹിതമായ ഒരു പരിതസ്ഥിതിയിൽ അന്തസോടും സമത്വത്തോടും കൂടി ജീവിക്കുന്നതിന് അവസരം ഒരുക്കാൻ ഐക്യരാഷ്ട്ര സംഘടന നടത്തിയ ഒരു നിർണായക ചുവടുവയ്പായിരുന്നു.
ന്യൂനപക്ഷ അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ
വംശീയവും മതപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം ഭാരതത്തിന്റെ സൗന്ദര്യവും സമ്പത്തുമാണ്. ഈ വൈവിധ്യങ്ങളെ സംരക്ഷിച്ചുകൊണ്ടുതന്നെ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ സാധിക്കും എന്ന ചിന്തയിൽ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തിയിട്ടുള്ളത്.
‘ന്യൂനപക്ഷം’ എന്ന പദത്തെ ഇന്ത്യൻ ഭരണഘടന നിർവചിക്കുന്നില്ല. എങ്കിലും മതപരവും വംശീയവും ഭാഷാപരവും സാംസ്കാരികവുമായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഭരണഘടനയിലുണ്ട്. എല്ലാ പൗരന്മാർക്കും നിയമത്തിനു മുമ്പിൽ സമത്വം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 14, മതം, ജാതി, വർഗം, ലിംഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്ന ആർട്ടിക്കിൾ 15, പൊതുജന സേവനരംഗത്ത് തുല്യ അവസരങ്ങൾ ഉറപ്പാക്കുന്ന ആർട്ടിക്കിൾ 16, മതസ്വാതന്ത്ര്യവും മതപരമായ കാര്യങ്ങൾ, ന്യായമായിട്ടല്ലാതെയുള്ള ബാഹ്യമായ ഇടപെടലുകൾ കൂടാതെ, കൈകാര്യം ചെയ്യാനുള്ള അവകാശവും ഉറപ്പുവരുത്തുന്ന 25 മുതൽ 28 വരെയുള്ള അനുച്ഛേദങ്ങൾ എന്നിവ കൂടാതെ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള പ്രത്യേകമായ വ്യവസ്ഥകളുമുണ്ട്.
ന്യൂനപക്ഷങ്ങൾക്ക് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 29, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനും അവകാശം നൽകുന്ന ആർട്ടിക്കിൾ 30 തുടങ്ങിയ മൗലികാവകാശങ്ങളും ഒരു സംസ്ഥാനത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ സംസാരിക്കുന്ന ഒരു ഭാഷയെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ആർട്ടിക്കിൾ 347, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മാതൃഭാഷയിൽ അടിസ്ഥാന വിദ്യാഭ്യാസത്തിന് സൗകര്യം നൽകണമെന്ന് നിർദേശിക്കുന്ന ആർട്ടിക്കിൾ 350 A, ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക ഓഫീസറെ നിയമിക്കാൻ സംസ്ഥാനങ്ങളെ ഉത്തരവാദിത്വപ്പെടുത്തുന്ന ആർട്ടിക്കിൾ 350 B തുടങ്ങിയവയും ഉദാഹരണങ്ങളാണ്.
ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ
ന്യൂനപക്ഷങ്ങളെ നിർണയിക്കുന്നതിനുള്ള മൂന്നു മാനദണ്ഡങ്ങൾ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് 1977ൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും വിവേചന നിവാരണത്തിനുമുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഉപകമ്മീഷന്റെ പ്രത്യേക റിപ്പോർട്ടർ ആയിരുന്ന ഫ്രഞ്ചസ്കോ കാപ്പോതോർത്തിയാണ്. അവ താഴെപ്പറയുന്നവയാണ്:
1. ഭൂരിപക്ഷ സമൂഹത്തേക്കാൾ സംഖ്യാത്മകമായി കുറവുള്ളവരും ഒരുതരത്തിലും മേൽക്കോയ്മ ഇല്ലാത്തവരും;
2. ഒരു രാജ്യത്തിന്റെ പൗരന്മാരാണ് എങ്കിലും മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായ വംശീയമോ മതപരമോ ഭാഷാപരമോ ആയ സവിശേഷതകൾ ഉള്ളവർ;
3. അനുലക്ഷണമായെങ്കിലും തങ്ങളുടെ മതം/സംസ്കാരം/ പാരമ്പര്യം/ഭാഷ സംരക്ഷിക്കുന്നതിനുള്ള ഐക്യബോധം പ്രകടിപ്പിക്കുന്നവർ.
ടിഎംഎ ഫൗണ്ടേഷനും കർണാടക സംസ്ഥാന സർക്കാരും തമ്മിലുള്ള (2002) കേസിൽ, ഭരണഘടനയുടെ അനുച്ഛേദം 30ൽ പറയുന്ന ന്യൂനപക്ഷങ്ങളെ നിർണയിക്കുന്നത് രാജ്യം ഒട്ടാകെയുള്ള അവരുടെ എണ്ണം കണക്കാക്കിയിട്ടല്ല, മറിച്ച് ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തിലോ ഉള്ള ഒരു പ്രത്യേക വിഭാഗത്തിന്റെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് സുപ്രീംകോടതി വ്യവസ്ഥപ്പെടുത്തി. മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധിസ്റ്റ്, പാഴ്സി, ജെയിൻ എന്നീ സമൂഹങ്ങളെയാണ് കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ളത്.
1992ലെ ‘ന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള ദേശീയ കമ്മീഷൻ ആക്ട്’ പ്രകാരം 1993ൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്ഥാപിതമായി. അതോടൊപ്പം ഓരോ സംസ്ഥാനത്തും ന്യൂനപക്ഷ കമ്മീഷനുകൾ പ്രവർത്തിക്കുന്നു. 2006ൽ ന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക മന്ത്രാലയവും രൂപീകൃതമായി. അതിനുമുമ്പ് ന്യൂനപക്ഷകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് സാമൂഹിക നീതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള മന്ത്രാലയമായിരുന്നു.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികൾ
2024ലെ ന്യൂനപക്ഷ അവകാശദിനത്തിന്റെ വിഷയം ‘വൈജാത്യങ്ങളെ പ്രോത്സാഹിപ്പിക്കുക, അവകാശങ്ങളെ സംരക്ഷിക്കുക’ എന്നതാണ്. എന്നാൽ, ജാതീയവും മതപരവും ഭാഷാപരവുമായ വിവേചനങ്ങൾ ഇന്നും ഭാരതത്തിൽ നിലനിൽക്കുന്നുണ്ട്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായുള്ള പിന്നാക്കാവസ്ഥ ചില ന്യൂനപക്ഷ സമൂഹങ്ങളെ സമൂഹത്തിലെ രണ്ടാംകിടക്കാരാക്കി മാറ്റുന്നുണ്ട് എന്നതും വസ്തുതയാണ്. ന്യൂനപക്ഷങ്ങൾക്കിടയിലെ ഭൂരിപക്ഷ സമൂഹങ്ങൾ കാണിക്കുന്ന മേൽക്കോയ്മയും വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായി നടക്കുന്ന ന്യൂനപക്ഷങ്ങളുടെ ഇടയിലെ ഭൂരിപക്ഷപ്രീണനവും ചില വിഭാഗങ്ങൾ അവഗണിക്കപ്പെടാൻ ഇടയാക്കുന്നു. ന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക ഗ്രാന്റുകൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ ആനുകൂല്യങ്ങളുടെ ഒരു വലിയ ശതമാനം ചില പ്രത്യേക ന്യൂനപക്ഷ സമുദായങ്ങൾക്കായി നീക്കിവയ്ക്കപ്പെട്ടു എന്നുള്ളതും ഭൂരിപക്ഷമുള്ള ന്യൂനപക്ഷ സമൂഹങ്ങൾക്ക് മാത്രമായി ചില പദ്ധതികൾ വിഭാവനം ചെയ്യപ്പെട്ടു എന്നതും ഈ വോട്ട് രാഷ്ട്രീയതന്ത്രത്തിന്റെ ബാക്കിപത്രമാണ്. അതുപോലെതന്നെ, ന്യൂനപക്ഷ പ്രശ്നങ്ങൾ രാജനൈതിക ഉപകരണമായി ഉപയോഗിക്കപ്പെടുന്നതും തത്ഫലമായി ഉണ്ടാകുന്ന സമുദായ സംഘർഷങ്ങളും ധ്രുവീകരണങ്ങളും ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങളുടെയും സുരക്ഷയുടെയും താളം തെറ്റിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
മത ന്യൂനപക്ഷങ്ങൾക്കെതിരേ രാജ്യത്ത് പലയിടത്തും നടക്കുന്ന അതിക്രമങ്ങളെ ഫലപ്രദമായി തടയുന്നതിൽ ഗവൺമെന്റുകൾ പരാജയപ്പെടുന്നുണ്ട് എന്ന വസ്തുതയും ഇത്തരുണത്തിൽ സ്മരണീയമാണ്. ഈ വെല്ലുവിളികൾ ന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശങ്ങളും പരിഗണനയും ലഭ്യമാക്കുന്നതിന് തടസം നിൽക്കുന്നു എന്നുവേണം പറയാൻ.
അതുപോലെതന്നെ ഗൗരവമായി പരിഗണിക്കേണ്ട മറ്റൊരു കാര്യം ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഫണ്ടുകളുടെ പരിമിതമായ ഉപയോഗമാണ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്ക് അനുവദിച്ചിരിക്കുന്ന തുകയിൽ വലിയൊരു ഭാഗം പലപ്പോഴും സമയബന്ധിതമായി ഉപയോഗിക്കാത്തതു മൂലം പാഴായിപ്പോകുന്നുണ്ട്. പ്രാദേശിക-കേന്ദ്ര ഭരണകൂടങ്ങൾ തമ്മിലുള്ള രാഷ്ട്രീയമായ പ്രശ്നങ്ങളും പദ്ധതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതും പദ്ധതികളുടെ നിരീക്ഷണത്തിനും വിലയിരുത്തലിനും സംവിധാനങ്ങൾ ഇല്ലാത്തതും പ്രാദേശിക തലങ്ങളിലുള്ള അഴിമതിയും ചില പദ്ധതികളെ സംബന്ധിച്ച് ന്യൂനപക്ഷ സമൂഹങ്ങൾക്ക് അറിവ് നൽകാത്തതും ഇതിന് കാരണമായിട്ടുണ്ട്. ഈ മേഖലയിലുള്ള സുതാര്യതയും ന്യൂനപക്ഷങ്ങളെകൂടി സഹകരിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും മെച്ചപ്പെട്ട ഫലങ്ങൾ ഉളവാക്കുമെന്നതിൽ സംശയമില്ല.
അതുപോലെ, കേന്ദ്ര, സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളും ന്യൂനപക്ഷ കമ്മീഷനുകളും ചില വിഭാഗങ്ങളോട് കാണിക്കുന്ന അമിതമായ പരിഗണനയും മറ്റുചില വിഭാഗങ്ങളോടുള്ള അവഗണനയും പരിഹരിക്കപ്പെടണമെങ്കിൽ കൂടുതൽ പ്രാതിനിധ്യ സ്വഭാവത്തോടുകൂടി അവയെ പുനഃക്രമീകരിക്കേണ്ടതുണ്ട്. ചില പ്രത്യേക വിഭാഗങ്ങൾക്ക് സ്ഥിരമായി സംവരണം ചെയ്യപ്പെട്ടതായി ഈ സംവിധാനങ്ങൾ മാറരുത്.
പ്രതിസന്ധിയുടെ ആഴം
ലോകത്ത് എല്ലായിടത്തും വെല്ലുവിളികൾ നേരിടുന്ന ന്യൂനപക്ഷ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആഗോള ഉത്തരവാദിത്വത്തെ ഓർമിപ്പിക്കുന്നതാണ് ന്യൂനപക്ഷ അവകാശദിനം. “ഇത് ഇന്ത്യയാണ്, ഇവിടെ ഭൂരിപക്ഷം ജനങ്ങളുടെ ആഗ്രഹപ്രകാരം കാര്യങ്ങൾ നടക്കും” എന്ന രീതിയിലുള്ള പ്രസ്താവനകൾ ഭരണഘടനയുടെ സംരക്ഷകരാകേണ്ട, ഉന്നത പദവികൾ വഹിക്കുന്ന, വ്യക്തികളിൽനിന്നുപോലും ഉണ്ടാകുമ്പോൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന നീതി, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ് എന്ന കാര്യം മറക്കരുത്. ജസ്റ്റീസ് ശേഖർ കുമാർ യാദവ് നടത്തിയ വിവാദ പരാമർശങ്ങൾ വ്യക്തിപരമായ ഒരു അഭിപ്രായപ്രകടനം എന്നതിനേക്കാൾ രാജ്യത്തിലെ ഒരു പ്രബല സമൂഹത്തിന്റെ നിലപാട് എന്ന രീതിയിൽ വായിക്കപ്പെട്ടാൽ അത് ന്യൂനപക്ഷ സമൂഹങ്ങളുടെ നിലനിൽപ്പിനു തന്നെ വലിയ ഭീഷണിയാകും. ഈ പശ്ചാത്തലത്തിൽ ന്യൂനപക്ഷ അവകാശ ദിനാചരണം കൂടുതൽ പ്രസക്തമാവുകയാണ്. ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഇന്ത്യയുടെ മത സാമൂഹിക സാംസ്കാരിക വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്നതിന് നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
ഫാ. ഡോ. ജോർജ് തെക്കേക്കര
(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേൺ കാനൻ ലോ, കോട്ടയം)