ജനങ്ങളെ നേരിടാനിറങ്ങുന്ന വനംവകുപ്പ്
ജയിംസ് വടക്കൻ
Tuesday, December 17, 2024 10:04 PM IST
കേരളത്തിൽ വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ വന്യമൃഗ ശല്യത്താൽ ദുരിതം അനുഭവിക്കുന്ന ഒരു കോടി മുപ്പത് ലക്ഷം കർഷകരെ മനുഷ്യരായി പരിഗണിക്കാതെ അവരുടെ കൃഷിയിടങ്ങളിൽനിന്ന് ഇറക്കിവിട്ട് വന്യമൃഗങ്ങളെ കൃഷിയിടങ്ങളിലേക്കാകർഷിക്കുന്ന സംസ്ഥാന വന നിയമ ഭേദഗതിയാണ് ഒരു വിഭാഗം ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥർ രൂപീകരിച്ചിരിക്കുന്നത്. വന്യജീവി ആക്രമണ സാധ്യത വർധിപ്പിച്ച് വനാതിർത്തിയിലെ കൃഷിയിടങ്ങളിൽനിന്ന് എങ്ങനെയും കർഷകരെ കുടിയിറക്കുക എന്നതാണ് ഇതിനു പിന്നിലെ രഹസ്യ പദ്ധതി.
കുറെ നാളുകളായി രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലത്തോടെ ഉയർന്നുവരുന്ന വനംവകുപ്പിനെതിരേയുള്ള ജനകീയ പ്രതിരോധം വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ ചർച്ചയ്ക്ക് വരുന്ന നിയമനിർമാണ നിർദേശങ്ങളിലെ ജനവിരുദ്ധത മനസിലാക്കാൻ മന്ത്രിമാർക്ക് കഴിയുന്നില്ല. അടിയന്തരാവസ്ഥയേക്കാൾ ഭയാനകമായ ഈ നിയമം നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് ഈ നീക്കം റദ്ദാക്കണം.
പശ്ചിമഘട്ടത്തിലെ വനാതിർത്തികളിൽ താമസിക്കുന്നവരെ മാത്രമല്ല കേരളത്തിൽ എവിടെയും സംസ്ഥാന പോലീസിനെ നോക്കുകുത്തിയാക്കി വനംവകുപ്പിന് ആരെ വേണമെങ്കിലും അറസ്റ്റ് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അറസ്റ്റ് കോടതിയെ അറിയിക്കാതെ എത്ര നാൾ വേണമെങ്കിലും പൗരനെ കസ്റ്റഡിയിൽ വയ്ക്കാനും അധികാരം നൽകുന്ന വന നിയമഭേദഗതി നിയമവാഴ്ച ആഗ്രഹിക്കുന്ന ഭരണകൂടത്തിനു ഭൂഷണമല്ല. അടിയന്തരാവസ്ഥയെപ്പോലും വെല്ലുന്ന കിരാത നിയമമാണിത്. വ്യക്തികളുടെ മൗലിക അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ്.
ജനരോഷത്തെ അടിച്ചൊതുക്കാനെന്ന് വിശദീകരണം
വന്യമൃഗ ആക്രമണങ്ങൾക്കെതിരേയുണ്ടാകുന്ന ജനകീയ പ്രതിരോധം പ്രതിഷേധിക്കുന്നവരെ ജാമ്യമില്ലാത്ത അറസ്റ്റ് വഴി ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാണീ അടിയന്തരാവസ്ഥയെ വെല്ലുന്ന പൗരാവകാശ ധ്വംസന നിയമമെന്ന് നിയമത്തിന്റെ ആവശ്യകത വിശദീകരിക്കുന്ന ‘Statement of Objects and Reasons’ എന്ന ഭാഗത്തെ നാലാം ഖണ്ഡികയിൽ വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ.
In remote forest areas the protective staff has to face severe resistance including attack from organised gangs. Most forest offences takes place inside interior forest and waiting for orders from a Magistrate or Superior Officers to arrest and detain the person may lead to the escape of culprits. Hence, such officers are to be empowered to arrest the culprits if found necessary. Therefore Government have decided to give some more powers to Forest Officers so as to overcome the practical difficulties and legal issues being faced.
കേരള വനനിയമം 63-ാം വകുപ്പിൽ നിർദേശിച്ചിരിക്കുന്ന നിയമഭേദഗതി തന്നെ ഉദാഹരണം. ഒരു പൗരനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി പുറത്തിറക്കിയ കർശന മാർഗനിർദേശങ്ങൾക്ക് കടകവിരുദ്ധമായ നടപടികൾ എടുക്കുമെന്ന് വ്യക്തമാക്കുന്ന 2024 കേരള വനനിയമ ഭേദഗതി അടിയന്തരാവസ്ഥക്കാലത്തെ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിത്താഴ്ത്തിയതിനേക്കാൾ ഭയാനകമായ പൗരാവകാശ നിഷേധമാണ് ലക്ഷ്യമിടുന്നത്. മന്ത്രിസഭയുടെ അംഗീകാരത്തിനെത്തുന്ന ബില്ലുകളുടെ നിയമവശം നിയമസെക്രട്ടറി ആദ്യമേ തന്നെ പരിശോധിച്ചിരിക്കണം എന്നുള്ളപ്പോൾ സുപ്രീംകോടതി നിർദേശങ്ങൾക്ക് വിരുദ്ധമായ വകുപ്പുകൾ പുതിയ വനനിയമത്തിൽ ഇടംപിടിച്ചു എന്ന കാര്യത്തിൽ ഗൗരവമേറിയ അന്വേഷണം ആവശ്യമാണ്.
2019ൽ പിൻവലിച്ചത് 2024ൽ പിൻവാതിലിലൂടെ
സുപ്രീംകോടതി വിധിക്കെതിരായ വകുപ്പുകൾ ചേർത്ത് സമാനമായ ഒരു സംസ്ഥാന വനനിയമഭേദഗതി ബിൽ 2019ൽ നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആ നിയമ ഭേദഗതിയിലെ പല നിർദേശങ്ങളും അതികിരാതവും പൗരാവകാശങ്ങൾ നിഷേധിക്കുന്നതുമാണെന്നും സുപ്രീംകോടതി വിധിക്കുമെതിരാണെന്നും വലിയ ജനകീയ പ്രക്ഷോഭം ഉയരുമെന്നും മനസിലായതോടെ ബിൽ നിയമസഭയിൽ അവതരിപ്പിക്കാതെ പിൻവലിച്ചിരുന്നു.
വനംമന്ത്രി വ്യക്തമാക്കിയത് നിലവിലെ വനനിയമത്തേക്കാൾ ‘ജനപക്ഷ’ നിലപാടാണ് പുതിയ നിയമത്തിനെന്നായിരുന്നു. വനം മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് വ്യക്തം. 2024ലെ കേരള വന നിയമത്തിൽ നിർദേശിച്ചിരിക്കുന്ന നിയമഭേദഗതികളും 2019ൽ കൊണ്ടുവന്ന് സ്വയം പിൻവലിച്ച നിയമഭേദഗതിയും 1961ലെ സംസ്ഥാന വന നിയമത്തിലെ സമാന വകുപ്പുകളും പഠന വിധേയമാക്കിയാൽ 2024ലെ നിയമഭേദഗതിയിലെ പൗരാവകാശ ലംഘനം കൃത്യമായി വെളിപ്പെടും.
430 പഞ്ചായത്തുകൾ, 1.3 കോടി ജനങ്ങൾ
രാജ്യത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. 30 ലക്ഷത്തിലധികം കുടുംബങ്ങൾ ഒരു സെന്റ് ഭൂമി പോലും സ്വന്തമായിട്ടില്ലാത്തവരാണ്. കൂടിയ ജനസാന്ദ്രതയുള്ള കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ വനഭൂമി ഉള്ളത്. കേരളത്തിലെ വനാതിർത്തി ദൂരം 16,846 കിലോമീറ്ററാണ്. 2023ലെ സംസ്ഥാന വനം സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 430 പഞ്ചായത്തുകൾ വനാതിർത്തി പങ്കിടുന്നു. ഏകദേശം 1.3 കോടി ജനങ്ങൾ വനാതിർത്തികളിൽ താമസിക്കുന്നു. ദേശീയതലത്തിൽ വനാവരണം 24.6 ശതമാനമാണെങ്കിൽ കേരളത്തിൽ അത് 54.7 ശതമാനമാണ്.
റിസർവ് വനവും വന്യജീവി സങ്കേതങ്ങളും ജനവാസ കേന്ദ്രങ്ങളും അതിർത്തികൾ പങ്കിടുന്ന മേഖലകളിൽ വന്യജീവി ആക്രമണം വർഷാവർഷം കൂടിക്കൊണ്ടിരിക്കുന്നു. 2020-21ൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 114 പേരായിരുന്നു. പരിക്കേറ്റവർ 758. കന്നുകാലികളെ കൊന്നത് 514. വിളനഷ്ടം സംബന്ധിച്ച് 6,580 കേസുകൾ ഉണ്ടായി. വർഷാവർഷം വന്യജീവി ആക്രമണങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു. വന്യജീവികൾ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നു. അതിനിടെയാണ് പശ്ചിമഘട്ടത്തിലെ സാധാരണ ജനങ്ങളും കർഷകരും വന്യജീവികളെ നിരന്തരം ആക്രമിക്കുകയാണെന്നും വനം വ്യാപകമായി കൈയേറുകയാണെന്നും സംസ്ഥാന വനം വകുപ്പ് വ്യാജപ്രചാരണം നടത്തുന്നത്.
കേരളത്തിൽ മനുഷ്യർ വന്യജീവികളെ വേട്ടയാടുകയല്ല വന്യജീവികൾ മനുഷ്യരെ അവരുടെ ജനവാസ കേന്ദ്രങ്ങളിലെത്തി നിരന്തരം കൊലപ്പെടുത്തുന്ന സാഹചര്യമാണിപ്പോൾ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന ഒരു കേസിൽപോലും മനുഷ്യജീവൻ സംരക്ഷിക്കാൻ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻപോലും സ്ഥലത്തെത്തിയില്ല. കുറ്റകരമായ ക്രിമിനൽ ഉത്തരവാദിത്വ ലംഘനമാണിതെന്ന് കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
വനംവകുപ്പിനെതിരേ കേരള ഹൈക്കോടതി
വനത്തിൽ കഴിയേണ്ട വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലെത്തി മനുഷ്യരെ കൊല്ലുകയോ കൃഷിനാശം വരുത്തുകയോ ചെയ്താൽ അതിന്റെ ഉത്തരവാദിത്വം അതത് പ്രദേശങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. മേൽവിധിയുടെ അടിസ്ഥാനത്തിൽ നാളിതുവരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെപോലും സർക്കാർ ശിക്ഷിച്ചിട്ടില്ല. വന്യജീവികൾ മനുഷ്യരെ കൊല്ലുന്ന വിഷയത്തിൽ സംസ്ഥാനത്തൊട്ടാകെ ജനങ്ങൾ വനംവകുപ്പിന്റെ അനാസ്ഥയ്ക്കും നിസംഗതയ്ക്കുമെതിരേ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടിരിക്കുന്നു. ആലുവ-മൂന്നാർ ദേശീയപാത വികസന വിഷയത്തിൽപോലും കേരള ഹൈക്കോടതി സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
വനം പോലീസ് വേണമെന്ന് ജനപ്രതിനിധികൾ
കേരളത്തിലെ വനവിസ്തൃതിയും വനാതിർത്തികളും പരിഗണിച്ച് വന്യജീവി ആക്രമണങ്ങളിൽനിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിലവിലെ 7000ൽ താഴെയുള്ള വനം വകുപ്പ് ജീവനക്കാരിലെ 4000ൽ താഴെയുള്ള എൻഫോഴ്സ്മെന്റ് വിഭാഗം ജീവനക്കാർ പോരാ എന്ന കണ്ടെത്തലിൽ വനമേഖലയിലെ പോലീസ് സ്റ്റേഷനുകളിൽ ട്രാഫിക് പോലീസിന് സമാനമായി വനം-പോലീസ് വിഭാഗം പുതുതായി രൂപീകരിച്ച് എല്ലാ വനാതിർത്തി പോലീസ് സ്റ്റേഷനുകളിലും നിയമിക്കണമെന്നും വന്യജീവി ആക്രമണം നേരിടാൻ സംസ്ഥാന വനനിയമം ഭേദഗതി ചെയ്ത് വനം പോലീസിന് ആവശ്യമായ അധികാരങ്ങൾ നൽകണമെന്നും ജനപ്രതിനിധികൾതന്നെ ആവശ്യപ്പെടുന്നു. അതിനൊക്കെ കടകവിരുദ്ധമാണ് പുതിയ നിയമനിർദേശങ്ങൾ.
ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം നാലിലൊന്നാക്കണം
നിരവധി സീനിയർ ഐഎഫ്എസ് ഉദ്യോഗസ്ഥർ വനംവകുപ്പിൽ പണിയൊന്നും ചെയ്യാതെ സർക്കാരിതര ആഗോള പരിസ്ഥിതി സംഘടനകളുടെ നിർദേശത്തെ തുടർന്ന് വനാതിർത്തിയിലെ മുഴുവൻ കൃഷിഭൂമിയും വനമാക്കാനുള്ള പഠനവും ഗവേഷണവുമായി മുന്നോട്ട് പോകുന്നു എന്ന ആരോപണം ശക്തമായി നിലനിൽക്കുന്നു. മറ്റു വകുപ്പുകളെ അപേക്ഷിച്ച് വനംവകുപ്പിൽ കേന്ദ്ര സർവീസ് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുടുതലാണ്. കേന്ദ്ര സർവീസുകാരായ 75 ഐഎഫ്എസ് ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത്. ഇവരാണ് വനംവകുപ്പിനെ ജനവിരുദ്ധമാക്കുന്നത്. ഇതിന്റെ നാലിലൊന്നുപോലും കേരളത്തിനാവശ്യമില്ലെന്നതാണ് സത്യം. പണിയില്ലാത്ത ഇത്തരം ഉദ്യോഗസ്ഥരാണ് ജനവിരുദ്ധ കർഷക വിരുദ്ധ നിയമങ്ങൾ എഴുതി ഉണ്ടാക്കുന്നത്. മന്ത്രിമാർക്കോ എംഎൽഎമാർക്കോ ഇതൊന്നും പഠിക്കാൻ സമയം കിട്ടുന്നില്ല. അങ്ങനെ ജനവിരുദ്ധ നിയമങ്ങൾ രൂപപ്പെടുന്നു. ഇപ്പോൾ കൊണ്ടുവരുന്ന സംസ്ഥാന വനനിയമ ഭേദഗതി വകുപ്പുകൾ അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണെന്നതിനു തർക്കമില്ല.