മതേതര ഭരണഘടന: സുപ്രീംകോടതി വിധിയുടെ മാനങ്ങൾ
പ്രഫ. റോണി കെ. ബേബി
Tuesday, December 17, 2024 12:43 AM IST
1976ലെ 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത മതേതരത്വം, സോഷ്യലിസം എന്ന സംജ്ഞകൾ നിലനിൽക്കുമെന്നും അവ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നും രാജ്യത്തെ പരമോന്നത നീതിപീഠം അസന്നിഗ്ധമായി വിധിച്ചിരിക്കുകയാണ്. ഈ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയതു ചോദ്യംചെയ്തുള്ള ഹർജികൾ തള്ളിയാണ് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി വന്നിരിക്കുന്നത്. ബിജെപി നേതാക്കളായ സുബ്രഹ്മണ്യൻ സ്വാമി, അശ്വിനി കുമാർ ഉപാധ്യായ, വിഷ്ണുശങ്കർ ജെയിൻ എന്നിവരുൾപ്പെടെയുള്ളവരുടെ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
“ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ വേർതിരിച്ചു മാറ്റാനാകാത്തവിധം ഇഴചേർക്കപ്പെട്ടതാണ് മതനിരപേക്ഷത. സമത്വം, സാഹോദര്യം, അന്തസ്, അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി, മതവിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ മതനിരപേക്ഷ ധാർമികതയുടെ ഭാഗം തന്നെയാണ്” എന്ന സുപ്രധാന നിരീക്ഷണമാണു വിധിന്യായത്തിൽ സുപ്രീംകോടതി നടത്തിയിരിക്കുന്നത്. കൂടാതെ, 1950 ജനുവരി 26ന് നിലവിൽ വന്ന ഭരണഘടനയിൽ 1976 നവംബർ 11 (42-ാം ഭേദഗതി നിലവിൽ വന്നത്) വരെ ‘സെക്കുലർ’ എന്ന പദം ഭരണഘടനയിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും വളരെ കൃത്യമായ ഉത്തരം വിധിന്യായത്തിലുണ്ട്. ഈ ഉത്തരം നമ്മുടെ ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാടുകളുടെ കൃത്യമായ പ്രതിഫലനമാണ്.
75 വർഷങ്ങൾക്കു ശേഷവും ഭരണഘടനാ ശില്പികളുടെ മനോവിചാരങ്ങളെ, നിലപാടുകളെ, കാഴ്ചപ്പാടുകളെ ന്യായാധിപന്മാർക്ക് കൃത്യമായി വായിച്ചെടുക്കാൻ കഴിയുന്നു എന്നതിലാണ് നമ്മുടെ മഹത്തായ ഭരണഘടന എന്ന മഹാത്ഭുതം ഏഴു പതിറ്റാണ്ടുകളെ അതിജീവിച്ചു നിലനിൽക്കുന്നത് എന്നു മനസിലാകുന്നത്. മതേതരത്വം എന്ന പദത്തെ മതത്തിനെതിരെന്ന രീതിയിലാണ് ഭരണഘടനാ നിർമാണ സഭയിൽ ചിലർ വിലയിരുത്തിയത്. എന്നാൽ, രാജ്യം വികസിച്ചതിനനുസരിച്ച് ഈ വ്യാഖ്യാനത്തിന് മാറ്റം വന്നു. ഭരണകൂടം ഒരു മതത്തെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന വ്യാഖ്യാനമായി അത് രൂപം പ്രാപിച്ചു. മതേതരത്വത്തെക്കുറിച്ച് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഭരണഘടനാ ശില്പിയായ അംബേദ്കറും ഭരണഘടന നിർമാണ സഭയിൽ സ്വീകരിച്ച നിലപാടുകളുടെ കൃത്യമായ പ്രതിഫലനമാണു സുപ്രീംകോടതിയുടെ ഈ വാക്കുകൾ.
സ്വയം പ്രഖ്യാപനത്തിലൂടെയല്ലാതെ കാലാന്തരത്തിലെ സ്വയം പരിണാമത്തിലൂടെ മതേതരത്വത്തിന് ഇതുപോലെ സുന്ദരമായ ഭാഷ്യമൊരുക്കിയ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യം ഒരുപക്ഷേ ഭൂമുഖത്ത് ഉണ്ടാകില്ല. ഭരണഘടന അടിസ്ഥാനപരമായി മതേതരമാണെങ്കിലും അത് ആമുഖത്തിൽ പ്രഖ്യാപിക്കാതിരുന്നത് കാലാന്തരത്തിൽ സ്വന്തമായി ഭാഷ്യങ്ങൾ രൂപീകരിച്ച് അതിലേക്ക് എത്തുന്നതിനുവേണ്ടിയാണ്. 1954ലെ ശിരൂർ മഠം കേസിൽ ഏഴു ജഡ്ജിമാരുടെ വിധിന്യായത്തിൽ തുടങ്ങി 1976ലെ ഭരണഘടനാ ഭേദഗതിയിലൂടെ അടുത്തിടെ വന്ന ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റീസ് പി.വി. സഞ്ജയ് കുമാറിന്റെയും വിധിയിലൂടെ മതേതരത്വത്തിന് സ്വന്തമായി ഭാഷ്യം രൂപപ്പെടുത്താനുള്ള അന്വേഷണത്തിലാണ് ഇന്ത്യ. ഈ യാത്രയിൽ 1973ലെ കേശവാനന്ദ ഭാരതി കേസിലെയും 1994ലെ എസ്.ആർ. ബൊമ്മൈ കേസിലെയും വിധിന്യായങ്ങൾ രജത രേഖകൾപോലെ ജ്വലിച്ചുനിൽക്കുന്നു.
മതേതരത്വം: ഭരണഘടനാ നിർമാണസഭയുടെ നിലപാട്
രണ്ടു വർഷവും 11 മാസവും 17 ദിവസവും സുദീർഘമായി നീണ്ടുനിന്ന നമ്മുടെ ഭരണഘടനാ നിർമാണസഭ ചർച്ച ചെയ്ത അവസാന വിഷയങ്ങളിൽ ഒന്നായിരുന്നു മതേതരത്വം. 1949 ഒക്ടോബർ 17ന് ഭരണഘടനയുടെ ആമുഖം ചർച്ചയ്ക്കെടുത്തപ്പോഴാണ് ആദ്യമായി ഈ വാക്ക് ചർച്ച ചെയ്യപ്പെട്ടത്. രാഷ്ട്രവും ഭരണഘടനയും അടിസ്ഥാനപരമായി മതനിരപേക്ഷമായിരിക്കണമെന്ന സുദൃഢമായ നിലപാട് സ്വീകരിച്ച ഭരണഘടനാശില്പികൾക്കു മതേതരത്വം എന്ന വാക്കുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായിരുന്നു. കാരണം, പാശ്ചാത്യവീക്ഷണത്തിലുള്ള മതേതരത്വം മതനിരാസവും മതനിഷേധവുമായിരുന്നു. അതൊരിക്കലും ഇന്ത്യയിൽ കൊണ്ടുവരാൻ അവർ ആഗ്രഹിച്ചില്ല. മിക്കവാറും എല്ലാ അംഗങ്ങളും ഒരു മതേതര രാഷ്ട്രം അനിവാര്യമാണെന്ന് ഒരു പൊതുധാരണയിൽ എത്തിയിരുന്നെങ്കിലും ഏതുതരം മതേതരത്വമാണു മുന്നിലുള്ളത് എന്നതിൽ അവ്യക്തതയുണ്ടായിരുന്നു. മതേതരത്വം എന്നാൽ മതത്തിൽനിന്ന് ഭരണകൂടത്തെ പൂർണമായി വേർതിരിക്കുന്നതാണോ? അതോ ഇന്ത്യയുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ എല്ലാ മതങ്ങളോടും തുല്യ ബഹുമാനം വളർത്തിയെടുക്കുന്നത് കൂടുതൽ അനുയോജ്യമാണോ എന്ന ആശയക്കുഴപ്പമായിരുന്നു നിലനിന്നിരുന്നത്.
ഭരണഘടനാ നിർമാണ സഭയിൽ ‘സെക്കുലര്‍, സെക്കുലര്‍’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞവരോട് നിങ്ങള്‍ ആദ്യം പോയി ഡിക്ഷണറിയെടുത്ത് സെക്കുലറിസത്തിന്റെ അര്‍ഥം എന്താണെന്നു നോക്കൂവെന്ന് നെഹ്റു പറഞ്ഞതായി ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. സെക്കുലറിസത്തിന്റെ മതനിരാസമെന്ന പാശ്ചാത്യകാഴ്ചപ്പാട് കാരണവും ഇന്ത്യ അനുവർത്തിക്കാൻ ആഗ്രഹിക്കുന്ന മതേതരത്വത്തിന്റെ മറ്റു മാതൃകകൾ നിലവിൽ മറ്റൊരിടത്തും നിലവിൽ ഇല്ലാതിരുന്നതിനാലും നെഹ്റുവും അംബേദ്കറും ഉൾപ്പെടെയുള്ള നേതാക്കൾ ‘സെക്കുലര്‍’എന്ന വാക്ക് ഭരണഘടനയില്‍ ചേര്‍ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു.
കോടതിവിധികളിലൂടെ മതേതരത്വത്തിന്റെ പരിണാമം
ഡോ. ബി.ആർ. അംബേദ്കർ പ്രതികരിച്ചതുപോലെ മതേതരത്വവും സോഷ്യലിസവും പോലുള്ള മൂല്യങ്ങൾ സ്വാഭാവികമായ പരിണാമത്തിലൂടെ രാജ്യത്തു നിലവിൽ വരുന്നതാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടത്. അതിൽ മുഖ്യമായ പങ്കുവഹിച്ചത് രാജ്യത്തെ പരമോന്നത നീതിപീഠമാണ് എന്നത് ഏറ്റവും അഭിമാനകരമാണ്. ഭരണഘടനയിൽ പ്രത്യേകമായി മതേതരത്വത്തെ നിർവചിച്ചിട്ടില്ലെങ്കിലും പല വിധിന്യായങ്ങളിലായി ഇന്ത്യയുടെ പരമോന്നത നീതിപീഠം എന്താണു യഥാർഥത്തിൽ മതേതരത്വം എന്നതുകൊണ്ട് അർഥമാക്കുന്നതെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേത് 1954ലെ ശ്രീരൂർ മഠം കേസാണ്. ശ്രീരൂർ മഠം കേസിൽ സുപ്രീംകോടതി പറഞ്ഞത് ഏതെല്ലാം ഘടകങ്ങളാണ് ഒരു മതത്തിന്റെ അനിവാര്യ തത്വങ്ങളിൽ (Essential Practices) ഉൾപ്പെടുകയെന്നു കണ്ടെത്തേണ്ടത് അതത് മതത്തിന്റെ പാഠങ്ങളും തത്വങ്ങളും തന്നെ ഉപയോഗിച്ചുകൊണ്ടാണ് എന്നാണ്. ബാധിക്കപ്പെടുന്ന മതഘടകങ്ങളെയും സംവിധാനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടും പരിഗണിച്ചുകൊണ്ടുമുള്ള ഈ ഇടപെടൽ യഥാർഥത്തിൽ രാഷ്ട്രത്തിന്റെ മതനിരപേക്ഷതയുടെ കാതൽ തന്നെയാണ് എന്നാണു ശ്രീരൂർ മഠം കേസിൽ ഏഴു ജഡ്ജിമാരുടെ ബെഞ്ച് വിധിച്ചത്.
മതം എന്ന വാക്ക് ഭരണഘടനയിൽ നിർവചിച്ചിട്ടില്ലെന്നും ഇതൊരു കർക്കശമായ നിർവചനത്തിനും വിധേയമാകാത്ത പദമാണെന്നും ശ്രീരൂർ മഠം കേസിൽ കോടതി അഭിപ്രായപ്പെട്ടു. 1957ലെ ശ്രീ വെങ്കിട്ടരമണ ദേവരു കേസിൽ ഉപനിഷത്തുകളും 1958ലെ മൊഹമ്മദ് ഹനീഫ് ഖുറേഷി കേസിൽ വേദങ്ങൾ, രാമായണം, കൗടില്യന്റെ അർഥശാസ്ത്രം എന്നിവയും സുപ്രീംകോടതി ആധാരമാക്കി. 1961ലെ ദുർഗാ കമ്മിറ്റി കേസിൽ വേദഗ്രന്ഥങ്ങളേക്കാൾ ചരിത്രത്തിന്റെ വായനയെ ആശ്രയിക്കാൻ കോടതി തീരുമാനിച്ചു. മതേതരത്വത്തെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിധിന്യായങ്ങളിൽ ഒരുപക്ഷേ ഏറ്റവും ശ്രദ്ധേയം 1994ലെ എസ്.ആർ. ബൊമ്മൈ കേസിലെ പരാമർശങ്ങളാണ്. “രാഷ്ട്രത്തിന്റെ പ്രവർത്തനങ്ങളിലൊന്നും തന്നെ മതത്തിന് യാതൊരു സ്ഥാനവുമില്ല. മതവും രാഷ്ട്രവും രണ്ടാണ്. രാഷ്ട്രത്തിന്റെ അധികാരങ്ങളുമായോ പ്രവർത്തനങ്ങളുമായോ മതത്തെ കൂട്ടിക്കുഴയ്ക്കാൻ ഭരണഘടനയൊരിക്കലും അനുവദിക്കുന്നില്ല. രണ്ടും രണ്ടാണ്. രണ്ടിനെയും വേർതിരിച്ചു കാണണം. ഇതാണു ഭരണഘടന നിർദേശിക്കുന്നത്. രാജ്യത്തെ നയിക്കുന്നത് ഈ ഭരണഘടനയായിരിക്കുന്ന കാലത്തോളം അതങ്ങനെയല്ലെന്ന് ആർക്കും പറയാൻ കഴിയില്ല”-കോടതി പറഞ്ഞു. ഒരുപക്ഷേ ഇന്ത്യയുടെ മതേതരത്വവുമായി ബന്ധപ്പെട്ട് ഇതിനേക്കാൾ ശക്തമായ ഒരു വിധിന്യായം ഇനി ഉണ്ടാകാനില്ല. സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധിന്യായത്തിലും എസ്.ആർ. ബൊമ്മൈ കേസ് അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.
മതേതരത്വത്തിന് കാവൽ നിൽക്കുന്ന അടിസ്ഥാനഘടനാ സിദ്ധാന്തം
ഭരണഘടനയുടെ ചില അടിസ്ഥാന തത്വങ്ങളും സവിശേഷതകളും അലംഘനീയമാണെന്നും പാർലമെന്റിനു ഭേദഗതി ചെയ്യാനോ മാറ്റാനോ കഴിയില്ലെന്നും ഇന്ത്യയുടെ നീതിന്യായപീഠം പ്രഖ്യാപിച്ച തത്വത്തെയാണ് ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ സിദ്ധാന്തം (Basic Structure Doctrine) എന്നു പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ സിദ്ധാന്തം എന്താണെന്ന് ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടില്ല. ആർട്ടിക്കിൾ 368ൽ പറയുന്ന പാർലമെന്റിന്റെ ഭേദഗതി അധികാരവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീംകോടതിയുടെ നിരവധി വിധിന്യായങ്ങളിലൂടെ പരിണമിച്ച ഒരു ജുഡീഷൽ സിദ്ധാന്തമാണിത്. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന മൂല്യങ്ങളും മൂന്നാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന മൗലികാവകാശങ്ങളും ഈ അടിസ്ഥാന തത്വങ്ങളുടെ അഭിഭാജ്യ ഭാഗമാണ്. രാജ്യത്തിന്റെ പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, സാമ്പത്തികനീതി, രാഷ്ട്രീയനീതി, ചിന്തകളുടെ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, സ്ഥിതിസമത്വം, അവസര സമത്വം, വ്യക്തിയുടെ അന്തസ് ഉറപ്പാക്കുന്ന സാഹോദര്യം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും, ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, വിദ്യാഭ്യാസ അവകാശം, മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സംസ്കാരം സംരക്ഷിക്കാനുള്ള അവകാശം എന്നിവയൊക്കെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി കണക്കാക്കാവുന്നതാണ്.
ഒരു ഭരണാധികാരിക്കും പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനോ രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറ്റാനോ സാധിക്കാത്തത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി ബന്ധപ്പെട്ട ശക്തമായ കോടതിവിധികൾ ഈ രാജ്യത്ത് നിലനിൽക്കുന്നതുകൊണ്ടാണ്.
മതേതരത്വം പ്രാണവായുവാണ്
മതേതരത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനാ തത്വങ്ങളും കോടതിയുടെ ന്യായവാദങ്ങളും അതിനോടൊക്കെയുള്ള ചില തത്പരകേന്ദ്രങ്ങളുടെ സംഘടിതമായ എതിർപ്പും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. മതേതരത്വവുമായി ബന്ധപ്പെട്ട ഭരണഘടനാതത്വങ്ങളുടെ വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ കോടതിവിധികൾ പരിശോധിച്ചാൽ മതേതരത്വത്തെ രണ്ട് കാഴ്ചപ്പാടുകളിലൂടെ നിർവചിക്കാം. ഒന്ന്, മതപരമായ വൈവിധ്യവും ബഹുസ്വരതയും സഹിഷ്ണുതയും ഉൾക്കൊള്ളുന്ന ഒരു ‘പോസിറ്റീവ്’ മതേതരത്വത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് (ആർട്ടിക്കിൾ 25). രണ്ടാമതായി ഭരണഘടനപ്രകാരം, ഭരണകൂടം മതവിരുദ്ധമല്ലെങ്കിലും, മതപരമായ അടിസ്ഥാനത്തിൽ വ്യക്തികളോടു വിവേചനം കാണിക്കുന്ന നടപടി ഭരണഘടന നിരോധിക്കുന്നു (ആർട്ടിക്കിൾ 15). മതേതരത്വത്തിലൂടെ ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന സമൂഹത്തെ ഇന്ത്യ ആഘോഷിക്കുന്നുവെന്ന എസ്.ആർ. ബൊമ്മൈ കേസിലെ നിരീക്ഷണം ആർട്ടിക്കിൾ 25ന്റെ സൗന്ദര്യത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. ഈ സൗന്ദര്യത്തെ അതിന്റെ പൂർണശോഭയോടെ കാത്തുസൂക്ഷിക്കുന്ന വിധിയാണ് കഴിഞ്ഞദിവസം ഉണ്ടായത്. രാജ്യത്തെ മതേതരവിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഈ വിധിയെന്നു നിസംശയം പറയാം.