വനംവകുപ്പ് പോലീസ് ആകുന്പോൾ
അഡ്വ. ജോയ്സ് ജോർജ് (എക്സ് എംപി)
Tuesday, December 17, 2024 12:38 AM IST
കേരള സർക്കാർ 1961ലെ കേരള വനനിയമത്തിൽ സമഗ്ര ഭേദഗതികൾ നിർദേശിച്ചുകൊണ്ടുള്ള 2024ലെ കേരള വന നിയമം (ഭേദഗതി) ബില്ല് കേരള നിയമസഭ നടപടിക്രമങ്ങളും ബിസിനസ് നടത്തിപ്പും ചട്ടങ്ങളിലെ 69-ാം ചട്ടം അനുശാസിക്കുംപ്രകാരം നിയമസഭയിൽ അവതരിപ്പിക്കുന്നതിനുമുമ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി 2024 നവംബർ ഒന്നിലെ കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്തിരിക്കുകയാണ്.
വനഭേദഗതി നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ
2024ലെ നിർദിഷ്ട വനഭേദഗതി നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളായി പറയുന്നവ ഇവയാണ്:
1. വനപ്രദേശത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുകയും അതുവഴി പരിസ്ഥിതിക്കും വന്യജീവികൾക്കും നാശം ഉണ്ടാക്കുകയും ചെയ്യും. ആയതിനാൽ ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമായി മാറ്റണം.
2. നിലവിലുള്ള നിയമത്തിലെ 27-ാം വകുപ്പ് പ്രകാരം വനത്തിലുള്ള നിരോധിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടികയിൽ വനാതിർത്തി നിശ്ചയിച്ചിട്ടുള്ള കയ്യാല ജണ്ട ഉൾപ്പെടെയുള്ളത് നശിപ്പിക്കുന്നതും മണൽ ഖനനം ചെയ്യുന്നതും ഉൾപ്പെടുത്തണം.
3. റിസർവ് വനത്തിനുള്ളിൽ തോക്കും സ്ഫോടകവസ്തുക്കളുമായി പ്രവേശിക്കുന്നത്, വന്യജീവികളെ വിഷമിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന പ്രവൃത്തികൾ, നദികളിൽ വിഷം കലക്കിയോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചോ അല്ലാതെയോ ഉള്ള മത്സ്യബന്ധനമോ അതിനുള്ള ശ്രമമോ തുടങ്ങിയവ വനനിയമത്തിന്റെ കീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യമായി ഉൾപ്പെടുത്തുക.
4. ഉൾവനങ്ങളിൽ വനപാലകർ സംഘടിതരായ അക്രമകാരികൾ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിലും വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഉൾവനങ്ങളിലാണു സംഭവിക്കുന്നത് എന്നുള്ളതുകൊണ്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിന് മജിസ്ട്രേറ്റിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതി വാങ്ങുന്നത് പ്രായോഗികമല്ല എന്നതിനാൽ പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ആയതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകളും നിയമപ്രശ്നങ്ങളും ഒഴിവാക്കുന്നതിന് വനപാലകർക്ക് അറസ്റ്റിന് ഉൾപ്പെടെയുള്ള കൂടുതൽ അധികാരങ്ങൾ നൽകേണ്ടതുണ്ടെന്ന് ഗവൺമെന്റ് കാണുന്നു.
5. കുറ്റകൃത്യങ്ങൾക്ക് നിലവിൽ ഈടാക്കുന്ന ഫൈൻ കുറവാണ് എന്നു കാണുന്നതുകൊണ്ട് അതെല്ലാം വർധിപ്പിക്കാൻ തീരുമാനിച്ചു.
6. പതിച്ചുകൊടുത്ത ഭൂമിയിൽ റിസർവ് ചെയ്യപ്പെടാത്തതും 1986ലെ വനസംരക്ഷണ നിയമം മൂലം വിജ്ഞാപനം ചെയ്യപ്പെടാത്തതുമായ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുന്നതിനും അതുവഴി ചന്ദനക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചു.
പ്രഖ്യാപിത ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് അപ്പുറത്തേക്ക് വനംവകുപ്പിന് അമിതാധികാരങ്ങൾ നൽകുന്ന ഭേദഗതികളാണു നിലവിലുള്ള 1961ലെ കേരള വനനിയമത്തിലെ വകുപ്പ് 52, 63, 69 എന്നിവയ്ക്ക് നിർദേശിച്ചിട്ടുള്ളത്. ഇതു വിശദമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
വകുപ്പ് 52ന് നിർദേശിച്ചിരിക്കുന്ന ഭേദഗതി
ബീറ്റ് ഫോറസ്റ്റ് ഓഫീസറിൽ കുറയാത്ത റാങ്കുള്ള വനം വകുപ്പ് ഓഫീസർക്കോ അല്ലെങ്കിൽ പോലീസ് ഓഫീസർക്കോ ഒരു വ്യക്തി വനനിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചെയ്തതായി വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെങ്കിൽ
1. അങ്ങനെയുള്ള വ്യക്തിയോട് അയാളുടെ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള വനവിഭവങ്ങളും രേഖകളും ഈ നിയമപ്രകാരം അനുവദിച്ച് നൽകപ്പെട്ടിട്ടുള്ളതോ കൈവശം സൂക്ഷിക്കേണ്ടതുമായ രേഖകളും പരിശോധനയ്ക്കായി ഹാജരാക്കാൻ ആവശ്യപ്പെടാനുള്ള അധികാരം.
2. ഏതു വാഹനവും നിർത്തി പരിശോധിക്കുന്നതിനും കുറ്റം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയുടെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള ഏതു കെട്ടിടങ്ങളിലും പരിസരങ്ങളിലും ഭൂമിയിലും വാഹനങ്ങളിലും പ്രവേശിക്കുന്നതിനും പരിശോധിക്കുന്നതിനും ബാഗുകളോ മറ്റുതരത്തിലുള്ള കണ്ടയിനറുകളോ തുറന്നു പരിശോധിക്കുന്നതിനും ഉള്ള അധികാരം.
നിർദിഷ്ട നിയമഭേദഗതിപ്രകാരം നോട്ടീസ് നൽകി പ്രതികളെന്നു സംശയിക്കുന്നവരെ വിളിച്ചുവരുത്തുന്നതിനും കെട്ടിടങ്ങളിലും വീടുകളിലും ഉൾപ്പെടെ പരിശോധന നടത്തുന്നതിനുമുള്ള അധികാരം വനംവകുപ്പ് ഓഫീസർമാർക്ക് കൂടുതലായി നൽകുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ അന്വേഷണവും ക്രമസമാധാന പരിപാലനവും നിർവഹിച്ചിരുന്ന പോലീസിൽ നിക്ഷിപ്തമായ അധികാരങ്ങൾ വനം വകുപ്പിനും ലഭ്യമാക്കുകയാണ്. ഇപ്പോൾത്തന്നെ വലിയ നിലയിൽ വനനിയമങ്ങൾ ദുരുപയോഗം ചെയ്തു ജനങ്ങളെ പീഡിപ്പിക്കുന്ന വനം വകുപ്പിന് ഈ അധികാരങ്ങൾക്കൂടി ലഭിക്കുമ്പോൾ സംസ്ഥാനത്ത് വനരാജ് നിലവിൽ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
വകുപ്പ് 63ന് നിർദേശിച്ചിട്ടുള്ള ഭേദഗതി
1. കുറ്റകൃത്യം ചെയ്തതായി ബോധ്യപ്പെട്ട വ്യക്തി പേരും അഡ്രസും നൽകാൻ വിസമ്മതിക്കുകയോ നൽകിയ പേരും അഡ്രസും തെറ്റാണെന്നു വിശ്വസിക്കാൻ കാരണമുണ്ടായിരിക്കുകയോ, അല്ലെങ്കിൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെടുകയോ ചെയ്താൽ അയാളെ അറസ്റ്റ് ചെയ്യാം.
2. ഇപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ എത്രയും നേരത്തെ അറസ്റ്റ് ചെയ്യാനുള്ള കാരണം അറിയിക്കുകയും അപ്പോൾത്തന്നെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും തുടർന്ന് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
നിലവിലുള്ള നിയമപ്രകാരം മുകളിൽ പറഞ്ഞ കാരണങ്ങൾ ഉണ്ടെങ്കിൽ വനംവകുപ്പ് ഓഫീസർക്കോ പോലീസ് ഓഫീസർക്കോ വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രതിയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം, എന്നാൽ, അപ്പോൾത്തന്നെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും നിയമാനസൃതമുള്ള തുടർനടപടികൾ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്വീകരിക്കുകയും ചെയ്യണം.
വകുപ്പ് 63ന് നിർദേശിക്കപ്പെട്ടിട്ടുള്ള നിർദിഷ്ട ഭേദഗതിപ്രകാരം വാറന്റില്ലാതെ അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരവും നടപടിക്രമങ്ങളും താഴെപ്പറയുന്നവയാണ്.
1. ബീറ്റ് ഫോറസ്റ്റ് ഓഫീസറിൽ കുറയാത്ത റാങ്കുള്ള ഫോറസ്റ്റ് ഓഫീസർക്കോ അല്ലെങ്കിൽ ഏതെങ്കിലും പോലീസ് ഓഫീസർക്കോ വനനിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിശ്വസിക്കപ്പെടാവുന്ന വ്യക്തിയെ അയാൾക്കെതിരേ ചുമത്തപ്പെട്ടേക്കാവുന്ന കുറ്റകൃത്യങ്ങൾക്കുമേലുള്ള വിചാരണയ്ക്കു ഹാജരാകുമെന്ന് ബോധ്യമില്ലാത്ത സാഹചര്യത്തിൽ മജിസ്ട്രേറ്റിന്റെ മുൻകൂട്ടിയുള്ള ഉത്തരവോ വാറന്റോ ഇല്ലാതെ അറസ്റ്റ് ചെയ്യാം.
2. സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഏതൊരു ഫോറസ്റ്റ് ഓഫീസർക്കും പ്രസ്തുത ഓഫീസറെയോ അയാളുടെ കീഴുദ്യോഗസ്ഥരെയോ ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസപ്പെടുത്തുകയോ അല്ലെങ്കിൽ നിയമപരമായ കസ്റ്റഡിയിൽനിന്നു ചാടിപ്പോകുകയോ ചെയ്ത ഏതൊരു വ്യക്തിയെയും മജിസ്ട്രേറ്റിന്റെ മുൻകൂർ ഉത്തരവോ വാറന്റോ ഇല്ലാതെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്യാം.
3. വനനിയമത്തിൻ കീഴിലുള്ള വ്യവസ്ഥകൾപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരു വ്യക്തിയെയും കഴിയുന്ന വേഗതയിൽ അറസ്റ്റിന്റെ കാരണം ബോധ്യപ്പെടുത്തുകയും കാലതാമസം കൂടാതെ യഥാവിധി ഏറ്റവും അടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിലോ പോലീസ് സ്റ്റേഷനിലോ അതതിന്റെ ചുമതലയുള്ള ഓഫീസർക്ക് മുമ്പാകെയോ അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലോ ഹാജരാക്കുകയും അങ്ങനെയുള്ള ഓഫീസർ നിയമാനുസരണമുള്ള നടപടി സ്വീകരിക്കുകയും ചെയ്യണം.
4. ഈ നിയമത്തിൻ കീഴിലുള്ള എല്ലാ അറസ്റ്റുകളും 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം.
വകുപ്പ് 63നുള്ള നിർദിഷ്ട ഭേദഗതി നിയമമാകുന്ന സാഹചര്യമുണ്ടായാൽ വനംവകുപ്പ് എല്ലാ അർഥത്തിലും പോലീസ് അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സംവിധാനമായി മാറും.
വകുപ്പ് 69ന് നിർദേശിച്ചിട്ടുള്ള ഭേദഗതി
1961ലെ കേരള വനനിയമത്തിലെ നിലവിലുള്ള വകുപ്പ് 69 അനുസരിച്ച് ഈ നിയമപ്രകാരമുള്ള ഏതെങ്കിലും നടപടിയുടെ ഭാഗമായി തടിയും വനവിഭവങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേതാണോ എന്ന ചോദ്യമുയർന്നാൽ അങ്ങനെയല്ല എന്നു തെളിയിക്കുന്നതുവരെ അത് സർക്കാരിന്റെ സ്വത്താണ് എന്നാണ് അനുമാനം. ഇതിനോടൊപ്പം താഴെപ്പറയുംപ്രകാരം മറ്റൊരു ഉപവകുപ്പുകൂടി നിർദിഷ്ട ഭേദഗതി നിയമം നിർദേശിക്കുന്നുണ്ട്:
1961ലെ കേരള വനനിയമപ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യത്തിന്റെ പ്രോസിക്യൂഷൻ നടപടികളിൽ ഒരു വ്യക്തിയുടെ കൈവശത്തിലോ നിയന്ത്രണത്തിലോ എന്തെങ്കിലും വനവിഭവം കണ്ടെത്തിയാൽ അങ്ങനെയുള്ള കൈവശം നിയമവിധേയമാണെന്നു തെളിയിക്കപ്പെടാത്തിടത്തോളം അതു നിയമവിരുദ്ധമായ കൈവശമായി അനുമാനിക്കപ്പെടും.
നിലവിൽ കുറ്റകൃത്യം തെളിയിക്കേണ്ടതിന്റെ ബാധ്യത കുറ്റം ആരോപിക്കുന്ന വനംവകുപ്പിനാണെങ്കിൽ വകുപ്പ് 69ലെ നിർദിഷ്ട ഭേദഗതി നിയമമായാൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനിലാകും. ഇതു രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നടപടിക്രമങ്ങളുടെ പൊതു സമീപനത്തിന് വിരുദ്ധമാണ്. ആർക്കെതിരേയും വനംവകുപ്പിന് കള്ളക്കേസുകളെടുക്കുന്നതിനും ജീവിതകാലം മുഴുവൻ നിയമനടപടികളിൽ കുരുക്കിയിട്ട് പീഡിപ്പിക്കുന്നതിനും നിർദിഷ്ട നിയമ ഭേദഗതി സാഹചര്യം സൃഷ്ടിക്കും.
നിയമഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ പ്രധാനമായും പറയുന്നത് ശിക്ഷയുമായി ബന്ധപ്പെട്ട ഫൈനുകൾ കാലോചിതമായി പരിഷ്കരിക്കുക എന്നതാണ്. എല്ലാ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പിഴകൾക്ക് വർധന നിർദിഷ്ട ഭേദഗതി ബില്ലിൽ നിർദേശിക്കുന്നുണ്ട്. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ അറസ്റ്റിനും പിടിച്ചെടുക്കലിനും ചുമത്താവുന്ന ഫൈൻ സംബന്ധിച്ച് ഒരു പരാമർശവും നിർദിഷ്ട ഭേദഗതി ബില്ലിൽ ഇല്ല. ഇക്കാരണത്താൽ തന്നെ നിയമഭേദഗതിയുടെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളെയും സമ്മർദശക്തിയെയും തിരിച്ചറിയാനാകും.