ഒരുമിച്ച വൻകരകൾ!
വി.ആർ. ഹരിപ്രസാദ്
Tuesday, December 17, 2024 12:31 AM IST
അറുപതുകളുടെ ഒടുക്കം. ബ്രിട്ടീഷുകാരനായ ഒരു ഗിറ്റാറിസ്റ്റും ഇന്ത്യക്കാരനായ ഒരു തബലിസ്റ്റും ന്യൂയോര്‍ക്കിലെത്തി. അവിടെ ഗ്രീന്‍വിച്ച് വില്ലേജിലുള്ള ഒരു മ്യൂസിക് ഷോപ്പ് ഉടമയാണ് ഇരുവരെയും പരിചയപ്പെടുത്തിയത്. ഗിറ്റാറിസ്റ്റിന് ഇന്ത്യന്‍ സംഗീതം അല്പംകൂടി പഠിക്കണമായിരുന്നു. തബലിസ്റ്റ് അതു പഠിപ്പിക്കാന്‍ ഒരുക്കവുമായിരുന്നു. ആദ്യ കണ്ടുമുട്ടലില്‍ത്തന്നെ ഇരുവര്‍ക്കുമിടയില്‍ ഒരാത്മബന്ധം ഉടലെടുത്തു.
മായാജാലക്കാരന് എന്നറിയപ്പെടുന്ന ജോണ്‍ മക്ലോഫ്ളിനായിരുന്നു ആ ഗിറ്റാറിസ്റ്റ്. കൈവിരലുകളിൽ സൂചീമുഖിയുടെ ചിറകടികൾ ഒളിപ്പിച്ച തബലിസ്റ്റാകട്ടെ ഉസ്താദ് സാക്കിർ ഹുസൈനും...
മാസങ്ങൾക്കുമുന്‍പ്, ഏതാണ്ട് അമ്പത്തിനാലു വര്ഷങ്ങള്ക്കിപ്പുറമിരുന്ന് അന്നത്തെ കൂടിക്കാഴ്ചയെക്കുറിച്ച് ഓർക്കുമ്പോള്‍ ഇരുവരുടെയും ഹൃദയങ്ങള്‍ ആഹ്ലാദംകൊണ്ടു നിറഞ്ഞിരുന്നു. “എനിക്കയാളോട് വളരെപ്പെട്ടെന്നുതന്നെ വലിയ സ്നേഹം തോന്നി. താമസിച്ചിരുന്നത് രണ്ടു കരകളിലായിരുന്നെങ്കിലും അടുപ്പത്തിന് ഒട്ടും അകലമുണ്ടായിരുന്നില്ല’’ -എൺപത്തിരണ്ടുകാരനായ ജോണ്‍ മക്ലോഫ്ളിന് അന്നു പറഞ്ഞു.
ആദ്യകൂടിക്കാഴ്ചയായിരുന്നു അതെന്ന് എനിക്കു തോന്നിയിരുന്നില്ല, ഏറെക്കാലംമുമ്പു വേര്‍പിരിഞ്ഞുപോയ സഹോദരന്മാരുടെ കൂടിച്ചേരലായിരുന്നു: സാക്കിർ ഹുസൈന്റെ ഓർമയിൽ സ്നേഹം നിറഞ്ഞു.
അന്ന് ഇന്ത്യൻ ശാസ്ത്രീയസംഗീതം ഇരുവരും ചേർന്ന് പരിശീലിച്ചതിനെക്കുറിച്ചു രസകരമായ കഥയുണ്ട്. ഞാന്‍ എന്റെ നായക്കുട്ടിയെപ്പോലെയാണു പാടിയിരുന്നത്: ജോണ്‍ മക്ലോഫ്ളിന് സ്വയം വിലയിരുത്തിയതിങ്ങനെ. എന്റെ പൂച്ചയെപ്പോലെ ഞാനും: സാക്കിര്‍ ഹുസൈന്റെ മറുപടി!! എന്തായാലും കൊള്ളാം, സാക്കിര്‍ എന്നേക്കാള്‍ ഭേദമായി പാടുന്നുണ്ട്: ജോണിന്റെ ആശ്വാസം.
1972ല്‍ സരോദ് മാന്ത്രികന് ഉസ്താദ് അലി അക്ബര്‍ ഖാന്റെ കലിഫോര്‍ണിയയിലെ വസതിയില്‍വച്ചാണ് ഇരുവരും ആദ്യമായി ഒരുമിച്ചു സംഗീതപരിപാടിയില്‍ പങ്കെടുത്തത്. സാക്കിര്‍ ഹുസൈന് അന്നു പ്രായം 21. മക്ലോഫ്ളിന് 30ഉം. രണ്ടു പേരും സ്വന്തം കഴിവുകളാല്‍ അന്നേ ആഘോഷിക്കപ്പെട്ടവരാണ്. ഇന്ത്യന്‍ സംഗീതത്താല്‍ പ്രചോദിതനായി മഹാവിഷ്ണു ഓര്‍ക്കസ്ട്ര എന്ന ജാസ് ഫ്യൂഷന്‍ ബാന്ഡിനുപോലും മക്ലോഫ്ളിന് തുടക്കമിട്ടിരുന്നു.
ശക്തിയുടെ പിറവി
ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലും തത്ത്വചിന്തയിലും ആകൃഷ്ടനായിരുന്ന മക്ലോഫ്ളിന് വീണാവിദ്വാന്‍ എസ്. രാമനാഥനു കീഴില്‍ അഭ്യസിച്ചിരുന്നു. അങ്ങനെയിരിക്കേ മൃദംഗവാദകന്‍ രാംനാട് രാഘവനെ പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹമാണ് അന്നത്തെ യുവ വയലിനിസ്റ്റുകളില്‍ പ്രമുഖനായ എൽ. ശങ്കര്‍, ഘടം വിദ്വാന് ടി.എച്ച്. വിക്കു വിനായകറാം എന്നിവരെ പരിചയപ്പെടുത്തിയത്. ആ കൂട്ടത്തിലേക്കു സാക്കീര്‍ ഹുസൈനും എത്തി. കൂട്ടുകെട്ട് ശക്തമായി. അങ്ങനെ ശക്തി എന്ന ഇന്‍ഡോ-ജാസ് ഫ്യൂഷന്‍ ബാന്‍ഡിനു തുടക്കമായി.
ആല്‍ബങ്ങളും ലോകമെമ്പാടുമായുള്ള ലൈവ് ഷോകളുമായി ശക്തി ആരാധകലക്ഷങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. എണ്‍പതുകളുടെ മധ്യത്തിലാണു ശക്തി ലോകമെങ്ങും തരംഗമായത്. 84ല്‍ കോല്‍ക്കത്ത ഐടിഎഫ് പവലിയനില്‍ നടത്തിയ ലൈവ് ഷോ ഇന്നും ഓര്‍മിക്കുന്നുണ്ട് ആരാധകർ. അന്നു ശങ്കര്‍ വായിച്ച കെന്‍ പാര്‍ക്കര്‍ ഡബിള്‍ ബോ വയലിന്റെ ശബ്ദംപോലും ചിലര്‍ ഓര്‍ത്തുവച്ചിരിക്കുന്നു.
ശക്തി വിത് ജോണ്‍ മക്ലോഫ്ളിൻ, എ ഹാന്‍ഡ്ഫുള്‍ ഓഫ് ബ്യൂട്ടി, നാച്വറല്‍ എലമെന്റ്സ് തുടങ്ങിയ ആല്‍ബങ്ങള്‍ സംഗീതപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. ബാന്‍ഡ് തുടങ്ങിയ കാലത്തെ അംഗങ്ങളില്‍ പിന്നീടു മാറ്റങ്ങള്‍ വന്നു. സംഗീതയാത്രകള്‍ക്ക് ഇടവേളകളുണ്ടായി. പലവിധ കാരണങ്ങളാല്‍ പലരും പോകുകയും ഒപ്പം ചേരുകയും ചെയ്തു.
മക്ലോഫ്ളിനും സാക്കിര്‍ ഹുസൈനും മാറ്റമില്ലാതെ തുടര്‍ന്നു. ഒട്ടേറെ വര്‍ഷങ്ങളായി ഗായകന് ശങ്കര്‍ മഹാദേവൻ, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ, ഗഞ്ചിറവാദകനും വിക്കു വിനായകറാമിന്റെ മകനുമായ വി. ശെല്‍വഗണേഷ് എന്നിവര്‍കൂടി ബാന്‍ഡിന് ഒപ്പമുണ്ട്. (അമ്പതാംവാര്‍ഷികം പ്രമാണിച്ചുനടത്തിയ ഷോകളില്‍ വിക്കു വിനായകറാം പ്രത്യേക അതിഥിയായിരുന്നു).
ഇടക്കാലത്ത് ഡ്രമ്മര്‍ ത്രിലോക് ഗുര്‍തു, പുല്ലാങ്കുഴൽ ഇതിഹാസം പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, നോര്‍വീജിയന്‍ സാക്സഫോണിസ്റ്റ് യാന്‍ ഗര്ബരേക് തുടങ്ങിയ പ്രമുഖരുടെ സഹകരണവുമുണ്ടായി.
ശ്രീനിയുടെ വരവ്, മടക്കം...
ബര്‍ലിന്‍ ജാസ് ഫെസ്റ്റിവലില്‍ മാന്‍ഡലിന്‍ യു. ശ്രീനിവാസും വിക്കു വിനായകറാമും ചേര്‍ന്ന് അവതരിപ്പിച്ച കച്ചേരിയുടെ വീഡിയോ കണ്ടതോടെയാണു ശ്രീനിയെ ബാന്‍ഡില്‍ കൊണ്ടുവരണമെന്നു മക്ലോഫ്ളിന് തീരുമാനിച്ചത്.
അങ്ങനെ 90കളുടെ ഒടുക്കം ശ്രീനിവാസ്, ശങ്കര്‍ മഹാദേവൻ, ശെല്‍വഗണേഷ് എന്നിവര്‍ ശക്തിയുടെ ഭാഗമായി. പുതുക്കിയ കൂട്ടായ്മ റിമംബര്‍ ശക്തി എന്നു വിശേഷിപ്പിക്കപ്പെട്ടു. ശ്രീനിവാസ് എത്തിയശേഷമുള്ള കാലഘട്ടത്തെ തിളക്കമുള്ള ചരിത്രമെന്നാണു മക്ലോഫ്ളിന് പറയുകപതിവ്.
2014ല്‍ ശ്രീനിവാസിന്റെ വിയോഗം ശക്തിക്ക് കടുത്ത ആഘാതമായിരുന്നു. 2020 വരെയുള്ള ആറുവര്‍ഷക്കാലം ശക്തി എല്ലാ പെര്‍ഫോര്‍മന്‍സുകളും നിര്‍ത്തിവച്ചു.
പിന്നീടു പതിയെ സ്വരങ്ങള്‍ ഉണരുകയായിരുന്നു. അതിൽനിന്നിതാ ഉസ്താദിന്റെ വിരലുകൾ ഒഴിഞ്ഞിരിക്കുന്നു... ശ്രീനിയല്ലാതെ മറ്റൊരു മാൻഡലിൻവാദകനെക്കുറിച്ച് തങ്ങൾക്ക് ആലോചിക്കാനാവില്ലെന്നു മക്ലോഫ്ളിന് അന്നൊരിക്കൽ പറഞ്ഞു. ഉസ്താദ് സാക്കിർ ഹുസൈൻ അല്ലാതെ ആരാണ് ഇനി തബലയ്ക്കും ശക്തിക്കും കൂട്ട്! ഇനിയുണ്ടാകുമോ ശക്തിയുടെ സൗന്ദര്യം...