ജീവൻ രക്ഷിക്കാൻ നമുക്കു കഴിയുമോ? അപകടങ്ങൾ കുറയ്ക്കുക, റോഡുകൾ നന്നാക്കുക
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Monday, December 16, 2024 12:10 AM IST
കേരളത്തിന്റെ ആനുകാലിക ചരിത്രം റോഡുകളിലെ അപകടങ്ങളാൽ ദുരിതപൂർണമാണ്. അതു നിയന്ത്രണമില്ലാതെ സംഭവിക്കുന്നു, സുരക്ഷിതങ്ങളായ റോഡുകളും നദികളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും. അപകടങ്ങൾ കുറയ്ക്കുമെന്നും ജീവൻ സംരക്ഷിക്കപ്പെടുമെന്നും പറയപ്പെടുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല. അപകടങ്ങൾ അനിയന്ത്രിതമായി തുടരുന്നതല്ലാതെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ല. ഒരുതരത്തിൽ പറഞ്ഞാൽ അധികാരത്തിലിരിക്കുന്നവർ ഒരേ വാഗ്ദാനം നൽകിക്കൊണ്ടിരിക്കുന്നു.
സാധാരണക്കാർ സഹിക്കുന്പോൾ റോഡ് മാനേജ് ചെയ്യുന്നവരും ഗതാഗതവിഭാഗത്തിലെ ഉദ്യോഗസ്ഥരും സുരക്ഷിതമായി ജോലിയിൽ തുടരുന്നു. ചുരുക്കിപ്പറഞ്ഞാൽ കേരത്തിലെ സാധാരണക്കാർക്കു നല്ല റോഡ് സ്വപ്നം കാണാൻ കഴിയാത്ത അവസ്ഥയാണ്. ദുഃഖകരമെന്നു പറയട്ടേ, അധികൃതർ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണ്. ഭരണപരമായ പലവിധ കാരണങ്ങളുമുണ്ടതിന്.
ഇന്നലത്തെ അപകടം അത്യന്തം ദാരുണമാണ്. കോന്നി മുറഞ്ഞകല്ലിൽ ശബരിമല ഭക്തർ സഞ്ചരിച്ച ബസിലേക്കു കാർ ഇടിച്ചുകയറി നവദന്പതികളും അവരുടെ പിതാക്കന്മാരും മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.
കണ്ണു തുറപ്പിക്കണം
കഴിഞ്ഞയാഴ്ചയിലെ മൂന്നു ദിവസത്തിനുള്ളിലുണ്ടായ സംഭവങ്ങളും കണ്ണു തുറപ്പിക്കേണ്ടതാണ്. കോഴിക്കോട്-പാലക്കാട് ഹൈവേയിൽ കല്ലടിക്കോടിനടുത്ത് പനയന്പാടത്ത് സിമന്റ് ലോറിക്കടിയിൽപ്പെട്ട് നാലു പെൺകുട്ടികൾ മരിച്ചു. പതിമൂന്നു വയസുള്ള എട്ടാം ക്ലാസിൽ പഠിക്കുന്നവരാണു മരിച്ചത്. കരിന്പ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പരീക്ഷ കഴിഞ്ഞ് നാലോടെ വീടുകളിലേക്കു മടങ്ങുകയായിരുന്നു അവർ. പാലക്കാട്ടുനിന്ന് കാസർഗോട്ടേക്കു പോകുകയായിരുന്നു ലോറി. ചാറ്റൽമഴയുണ്ടായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, എതിരേ വന്ന ട്രക്ക് ഇടിച്ചതിനെത്തുടർന്ന് ലോറിയുടെ നിയന്ത്രണം വിടുകയും വിദ്യാർഥിനികൾക്കു മുകളിലേക്കു മറിയുകയുമായിരുന്നു. മറ്റൊരു പെൺകുട്ടി ലോറി പാഞ്ഞുവരുന്നതു കണ്ട് ചാടി മാറിയതിനാൽ രക്ഷപ്പെട്ടു; ഭാഗ്യം. മൂന്നു പെൺകുട്ടികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാലാമത്തെയാൾ ആശുപത്രിയിലെത്തിക്കും മുന്പേയും മരിച്ചു.
സമീപവാസികളിൽനിന്നു വൻപ്രതിഷേധമുണ്ടായി. റോഡുകൾ തടസപ്പെടുത്തി. സംഭവമുണ്ടായ സ്ഥലത്തുതന്നെ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രശ്നം നിയമസഭയിലും ഉന്നയിക്കപ്പെട്ടു. പക്ഷേ, അധികൃതർ നടപടിയൊന്നും എടുത്തില്ല. സംഭവത്തെത്തുടർന്ന് വൻ പ്രക്ഷോഭമാണുണ്ടായത്. എന്നാൽ, പോലീസും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും സ്ഥലം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും നടപടിയുണ്ടാകുമെന്നു പറഞ്ഞതോടെ പ്രതിഷേധം കെട്ടടങ്ങി.
കരിന്പ പഞ്ചായത്തിലെ സംഭവസ്ഥലത്ത് 55 അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി കെ. ശാന്തകുമാരി ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ നിയമസഭയെ അറിയിച്ചു. ഏഴുപേർ മരിച്ചു. 65 പേർക്ക് പരിക്കേറ്റു. 2021ൽ രണ്ടുപേർ കൊല്ലപ്പെട്ടു. റോഡിന്റെ പുനരുദ്ധാരണ പണികൾക്കുശേഷം അപകടങ്ങൾ കൂടിയതായി ഒരു സാമൂഹ്യപ്രവർത്തകൻ ചൂണ്ടിക്കാട്ടി. മഴയത്ത് ദുബായ് കുന്നിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിക്കിടന്ന് പ്രശ്നമുണ്ടാക്കുന്നു. 45 കിലോമീറ്റർ റോഡ് നവീകരിച്ചെങ്കിലും 17 കിലോമീറ്ററിൽ മാത്രമേ വെള്ളമൊഴുകിപ്പോകാൻ സൗകര്യമൊരുക്കിയിട്ടുള്ളത്രെ. മറ്റു ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. വഴുവഴുപ്പുമുണ്ടാകുന്നതായി പറയുന്നു. വളവിൽ വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടമാകുന്നു. പ്രതലം അത്യന്തം മിനുസമുള്ളതുമാണ്. പ്രതിഷേധത്തെത്തുടർന്ന് ചില നടപടികൾ സ്വീകരിച്ചെങ്കിലും പ്രശ്നങ്ങൾ തുടരുകയാണ്.
അടിയന്തര ഇടപെടൽ വേണം
റിപ്പോർട്ടുകളനുസരിച്ച് മേഖലയിലെ പ്രശ്നങ്ങൾ മോട്ടോർ വെഹിക്കിൾ വകുപ്പിന് അറിയാം. മേഖല പ്രശ്നമേഖലയായി എംവിഡി വിലയിരുത്തിയിട്ടുണ്ട്. സുരക്ഷാമുൻകരുതൽ നിർദേശിക്കുന്ന ഒരു റിപ്പോർട്ട് നിലവിലുണ്ട്. റിപ്പോർട്ടിൽ ഹ്രസ്വകാല, ദീർഘകാല നിർദേശങ്ങളുണ്ട്. ഹ്രസ്വകാല നിർദേശങ്ങൾ നടപ്പാക്കിയതായി പാലക്കാട് ആർടിഒ സി.യു. മുജീബ് വ്യക്തമാക്കി. ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ ദീർഘകാല നിർദേശങ്ങൾ ചർച്ചചെയ്ത് അംഗീകരിച്ചിട്ടുണ്ട്.
വൈകാതെ അവ നടപ്പാക്കും. താത്കാലിക ഗതാഗത നിയന്ത്രണം അടിയന്തരമായി നടപ്പാക്കാനാണു തീരുമാനം. ചുരുക്കിപ്പറഞ്ഞാൽ, ഈ മേഖലയിലെ പല സ്ഥലങ്ങളിലും അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
സാഹചര്യം ഉത്കണ്ഠയുണ്ടാക്കുന്നതാണ്. അധികൃതർ സ്ഥിതിഗതികൾ മനസിലാക്കി നടപടിയെടുക്കണം. പനയന്പാടത്ത് പെൺകുട്ടികൾ മരിച്ചതിനുശേഷം മറ്റു പല സ്ഥലങ്ങളിലും ദാരുണ സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു. വിശ്വസിച്ചാലും ഇല്ലെങ്കിലും, കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ 120 അപകടങ്ങളും 12 മരണങ്ങളും ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. റോഡുകൾ വീണ്ടും രൂപകല്പന ചെയ്തു വളവുകൾ മാറ്റേണ്ടതുമുണ്ട്. ഓരോ 100 അപകടങ്ങളിലും 11 പേർ മരിക്കുന്നതായും 112 പേർക്ക് പരിക്കേൽക്കുന്നതായും കണക്കുകൾ കാണിക്കുന്നു. അധികൃതരുടെ അടിയന്തര ശ്രദ്ധ പതിക്കേണ്ടതായിട്ടുണ്ട്. നടപടി സ്വീകരിക്കുകയും വേണം.
കരിന്പ സംഭവത്തിന് 24 മണിക്കൂറിനുള്ളിൽ പൊന്നാനിയിൽ നാലു വിദ്യാർഥികളെ കാറിടിച്ച് ആശുപത്രിയിലാക്കി. പോത്തൻകോട്ട് വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചു. നെടുമങ്ങാട് സ്കൂളിലെ വണ്ടി മരത്തിലിടിച്ചു. ഇത്തരം ദാരുണ സംഭവങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. സംസ്ഥാനത്ത് നിലനിൽക്കുന്ന ഭയപ്പെടുത്തുന്ന സാഹചര്യമാണിത്.
സർക്കാരിനുള്ള മുന്നറിയിപ്പ്
2024 സെപ്റ്റംബർ വരെ കേരളത്തിൽ 36,561 അപകടങ്ങളുണ്ടായി. 2,843 പേർക്ക് ജീവൻ നഷ്ടമായി. 232 കോടി മുടക്കി റോഡുകളിൽ കാമറകൾ സ്ഥാപിച്ചശേഷവും സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ പല കുടുംബങ്ങൾക്കും ഹൃദയഭേദകമാണു സാഹചര്യമെന്നത് ദുഃഖകരമാണ്. കണക്കുകൾ സർക്കാരിനു മുന്നറിയിപ്പാണ്. ദുരന്തങ്ങൾ തടയാൻ പരമാവധി കാര്യങ്ങൾ ചെയ്യേണ്ടിരിക്കുന്നു. അപകടങ്ങൾ കുറഞ്ഞപക്ഷം കുറയുകയെങ്കിലും വേണം.
മരണസംഖ്യ പരമാവധി കുറയ്ക്കണമെന്ന കാര്യത്തിൽ സംശയമില്ല. അപകടങ്ങളുടെ കാര്യത്തിലും അതുതന്നെ വേണം. ആവശ്യത്തിനു റോഡുകളുണ്ടാകണം. അപകടകരങ്ങളായ വളവുകൾ ഒഴിവാക്കപ്പെടണം. വെള്ളമൊഴുകിപ്പോകാൻ മതിയായ സൗകര്യങ്ങളുണ്ടാകുകയും വേണം. നമ്മുടെ റോഡുകളിൽ വെള്ളമൊഴുകിപ്പോകാൻ മതിയായ സൗകര്യങ്ങളില്ലെന്നതാണു സത്യം. ഓരോ മഴയ്ക്കുശേഷവും വലിയ വെള്ളക്കെട്ടുണ്ടാകുന്നു. റോഡുകളിലെ കുഴികളാണു മറ്റൊരു പ്രശ്നം. കൂടിയ ഗതാഗതം കുഴികളെ വലുതാക്കുന്നു. അതു ഗതാഗതം ദുഷ്കരമാക്കുന്നു. മലയോര, വന മേഖലകളിൽ വന്യമൃഗങ്ങളാണു പ്രശ്നം. ഇരകളെ തേടിയുള്ള യാത്രയിൽ അവ റോഡുകളിൽ ആധിപത്യമുറപ്പിക്കുന്നു.
മാറ്റമുണ്ടാകണം
സത്യസന്ധവും കാര്യക്ഷമതയുള്ളതുമായ ഒരു പൊതുമരാമത്തു വകുപ്പാണ് നമുക്കാവശ്യം. റോഡ് നല്ലതായി നിലനിർത്താൻ മേൽനോട്ടത്തിൽ മികവുണ്ടാകണം. ഉദ്യോഗസ്ഥർ സമ്മർദങ്ങൾക്കു വഴങ്ങുന്നത് ഒഴിവാകുകയും വേണം. നല്ല റോഡുകളുടെ നിർമാണത്തിന് ആവശ്യമുള്ള വസ്തുക്കളും അനിവാര്യമാണ്. അവ ഗുണമേന്മയുള്ളതും ഏറെനാൾ നിലനിൽക്കുന്ന റോഡുകൾക്ക് പര്യാപ്തവുമാകണം. വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ ശരിയായ, കർശനമായ മേൽനോട്ടം അത്യന്താപേക്ഷിതമാണ്. ഗതാഗത വർധനമൂലം വലിയ സമ്മർദമുണ്ടാകുന്ന ഹൈവേകളിലാണു മേൽനോട്ടം പരമപ്രധാനമാകുന്നത്.
നല്ല റോഡുകളുണ്ടാകണമെങ്കിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും സമർപ്പിതരും വിദഗ്ധരുമായ ഉദ്യോഗസ്ഥരുണ്ടാകണം. റോഡുകൾ, ഓട എന്നിവയുടെ നിർമാണം മാത്രമല്ല, മേൽനോട്ടത്തിലും കാര്യക്ഷമതയുണ്ടാകണം. അതിനു നല്ല വിദ്യാഭ്യാസ യോഗ്യത അനിവാര്യമാണ്. അങ്ങനെ ബുദ്ധിമുട്ടേറിയ മേഖലകളിൽ മുന്തിയ റോഡ് നിർമിക്കാൻ നമുക്കു കഴിയും. പുറമെ, ട്രക്ക്, ബസ്, മറ്റു ഭാരവാഹനങ്ങൾ എന്നിവയുടെ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നവരും മികവുള്ളവരാകണം. അങ്ങനെവന്നാൽ, ഡ്രൈവിംഗ് ശ്രദ്ധയും പ്രതിബദ്ധതയുമുള്ളതാകും. എംവിഡിക്ക് അധികൃതരുടെ മതിയായ പിന്തുണ ലഭ്യമാകണം. റോഡുകളിൽ ആവശ്യത്തിനു പരിശോധനയുണ്ടാകണം. ഹൈവേയിൽ മാത്രമാകരുത്. മദ്യപിച്ചുള്ള വാഹനമോടിക്കൽ ഒഴിവാക്കാൻ അതുവഴി കഴിയും. അമിതവേഗത്തിനും അശ്രദ്ധമായ വാഹനമോടിക്കലിനും കാരണം മദ്യപാനമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
പ്രശ്നപരിഹാരത്തിന് മറ്റുചില നടപടികളുമുണ്ടായേക്കാം. റോഡ് ഗതാഗതം സുരക്ഷിതവും സുഖപ്രദവുമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണം. അപകടകരമായ സാഹചര്യം ഒഴിവാക്കാൻ തിരുത്തൽനടപടി സ്വീകരിക്കുകയാണു പ്രധാനം. സമൂഹത്തിന് സുരക്ഷിതവും നല്ലതുമായ സാഹചര്യമൊരുക്കാൻ മാറ്റമുണ്ടാകുകതന്നെ വേണം.