അടിമുടി മാറുന്ന ഉന്നതവിദ്യാഭ്യാസരംഗം
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Monday, December 16, 2024 12:07 AM IST
വിദ്യാഭ്യാസവും അതിന്റെ സാമ്പ്രദായികരീതികളും കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്ക്കും അവബോധങ്ങള്ക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ പ്രക്രിയയിലൂടെ, കേവലം അറിവു മാത്രം നേടിയിരുന്ന പൂർവകാല ശൈലിയിൽനിന്ന് വ്യത്യസ്തമായി പ്രായോഗികതയ്ക്ക് കുറേക്കൂടി പ്രാമുഖ്യം കല്പിക്കപ്പെടുന്ന, ലഭ്യമായ അറിവിനൊപ്പം വിദ്യാർഥിയുടെ കാര്യക്ഷമതയും സർഗശേഷിയും മാറ്റുരയ്ക്കപ്പെടുന്ന നൂതന കാലഘട്ടത്തിൽ, സർട്ടിഫിക്കറ്റുകൾ മാത്രം വച്ച് മികച്ച കരിയറിൽ എത്തിപ്പെടുന്ന കാലം കഴിഞ്ഞുവെന്ന് വ്യക്തം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച്, നിരന്തരം പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, നമ്മുടെ വിദ്യാർഥികൾക്ക് രാജ്യാന്തര തലത്തിൽപ്പോലും പ്രശോഭിക്കാൻ കഴിയുന്നതെന്ന യാഥാർഥ്യം നാം കാണാതെപോകരുത്.
കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം നമ്മുടെ രാജ്യത്തും കേരളത്തിലും ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള് നടന്നു. അതത് കാലത്തിന്റെ ആവശ്യങ്ങള് നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുന്ന വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം നിറവേറുന്നതിന്, എല്ലാ കാലത്തും കാലികമായ പരിഷ്കരണങ്ങള് അനിവാര്യമാണെന്ന കാര്യത്തിൽ തർക്ക-വിതർക്കമില്ല. അറിവിനൊപ്പം കഴിവും മനോഭാവവും അഭിരുചിയും ക്രിയാശേഷിയും മൂല്യബോധവുമൊക്കെ സ്വാധീനിക്കുന്ന വിദ്യാഭ്യാസ പ്രക്രിയ അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്.
ലളിതമായ ഭാഷയിൽ പറഞ്ഞാൽ വിദ്യഭ്യാസപ്രക്രിയ, ഒരു തടാകംപോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; മറിച്ച് പുഴപോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്. ചില പരിമിതികളുണ്ടെങ്കിലും, നമ്മുടെ നാടിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം അനതിസാധാരണമായ ചലനാത്മകതയെ ഉൾക്കൊള്ളുന്നുവെന്നതു നാം കാണാതെ പോകരുത്.
യുജിസി വിഭാവനം ചെയ്യുന്നതും നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ നാലു വർഷ ബിരുദപ്രോഗ്രാമും ഇതോടനുബന്ധിച്ച എഡിപിയും (Accelerated Degree Program) ഇഡിപിയും (Extended Degree Program) ഇരട്ട ബിരുദവുമൊക്കെ വിദ്യാർഥികളുടെ ഗവേഷണാഭിരുചിയും ക്രിയാശേഷിയും കുറേക്കൂടി വർധിപ്പിക്കുന്നതിന് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ മറുപക്ഷമില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചുള്ള സമൂലമായ മാറ്റങ്ങൾ ഇത് അടിവരയിടുന്നുമുണ്ട്. ഗ്രേഡഡ് അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ സ്വയംഭരണാധികാരം എന്നിവയുൾപ്പെടെ, നിരവധി പരിഷ്കാരങ്ങൾ വിദ്യാഭ്യാസ നയത്തിൽ പരാമർശിച്ചിട്ടുള്ളത്, വിദ്യാർഥികളുടെയും സമൂഹത്തിന്റെയും സമഗ്രവും സർവോന്മുഖവുമായ നന്മ ലക്ഷ്യംവച്ചുകൊണ്ടുകൂടിയാണ്.
ഏകമാധ്യമ ബോധനരീതികൾക്കപ്പുറം പ്രാദേശിക ഭാഷകളിൽ ഇ-കോഴ്സുകളും വെർച്വൽ ലാബുകളുടെ വികസനവും പ്രാദേശികതലത്തിൽ ഒരു പ്രദേശത്തെ വിവിധ കോളജുകളുടെ വിഭവശേഷി, മുഴുവൻ വിദ്യാർഥികൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ക്രമീകരിക്കാൻ നിർദേശിക്കപ്പെട്ടിട്ടുള്ള ക്ലസ്റ്റർ കോളജുകളും ദേശീയ വിദ്യാഭ്യാസ നയത്തിൽ ഊന്നൽ നൽകുന്നുവെന്നതും പ്രാദേശികയിടങ്ങളിൽ ശുഭോദർക്കമാണ്.
നാലുവർഷ ബിരുദ പ്രോഗ്രാമുകൾ
പ്രോജക്ടുകൾക്കും ഗവേഷണ അഭിരുചിക്കും പ്രാമുഖ്യം നൽകുന്ന നാലു വർഷ ബിരുദ പ്രോഗ്രാം കഴിഞ്ഞ അധ്യയനവർഷത്തിൽ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. എന്തിനാണ്, ബിരുദത്തിന് നാലു വർഷമെന്ന മലയാളിയുടെ ചോദ്യശരങ്ങൾക്കപ്പുറത്ത്, വിദേശ സർവകലാശാലകളിൽ പലതിലും ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് നാലു വർഷ ബിരുദ പ്രോഗ്രാമാണ്, അടിസ്ഥാനയോഗ്യതയെന്നത് മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്.
ബ്രിട്ടീഷുകാരുടെ ഭരണകാലത്തുതന്നെ, അക്കാലത്തെ പ്രധാന യൂണിവേഴ്സിറ്റികളിൽ ഓണേഴ്സ് ബിരുദമുണ്ടായിരുന്നതും ഇന്ത്യയിൽ പലയിടങ്ങളിലും ഓണേഴ്സ് ബിരുദങ്ങൾ തുടരുന്നതും മുഖവിലയ്ക്കെടുക്കണം. നേരത്തേ നാം പിന്തുടർന്നുവന്നിരുന്ന പരമ്പരാഗത ബിരുദ പ്രോഗ്രാമുകളിലെ നിർബന്ധമായും പഠിച്ചിരിക്കേണ്ട മെയിൻ/കോർ വിഷയങ്ങൾക്കും സബ്സിഡിയറി/കോംപ്ലിമെന്ററി വിഷയങ്ങൾക്കുമപ്പുറം വിദ്യാർഥിക്ക് ഇഷ്ടമുള്ള വിഷയങ്ങൾ മേജറും മൈനറുമായി എടുത്ത് പഠനം തുടരാനുള്ള അവസരവും രണ്ടാം വർഷത്തിൽ ആവശ്യമെങ്കിൽ മേജറും മൈനറും എന്തിന്; കോളജും യൂണിവേഴ്സിറ്റിയും വരെ (അക്കാദമിക് ക്രഡിറ്റ് ബാങ്ക്, ക്രഡിറ്റ് ട്രാൻസ്ഫർ എന്നിവയുടെ അടിസ്ഥാനത്തിൽ) വിദ്യാർഥിയുടെ താത്പര്യാനുസരണം മാറാനുള്ള അവസരമുള്ളത്, ഈ സമൂലമാറ്റത്തെ എടുത്തുകാണിക്കുന്നുണ്ട്.
ബിരുദം മാത്രം വേണ്ടവർക്ക് മൂന്നു വർഷത്തിൽത്തന്നെ കോഴ്സ് അവസാനിപ്പിക്കുന്നതിനും എന്നാൽ, തുടർ പഠനവും ഗവേഷണവും ആവശ്യമുള്ളവർക്ക് അതേ കാമ്പസിൽത്തന്നെ തുടരുന്നതിനുമുള്ള അവസരവും ഉണ്ടെന്നത്, സമൂഹത്തിലെ യാഥാർഥ്യത്തെ ഉൾക്കൊള്ളുന്നതുകൂടിയാണ്. നാലു വർഷ ബിരുദക്കാർക്ക്, ഒരു വർഷത്തെ ബിരുദാനന്തര ബിരുദ കാലയളവിനുശേഷം, നേരിട്ട് പിഎച്ച്ഡി ചെയ്യാൻ കഴിയും. ഇതു കൂടാതെ, പുതിയ വിദ്യാഭ്യാസ നയപ്രകാരം, ഒരു വിദ്യാർഥിക്ക് ഒരു കോഴ്സിന്റെ മധ്യത്തിൽ മറ്റൊരു കോഴ്സ് ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ, ആദ്യ കോഴ്സിൽനിന്ന് പരിമിതമായ സമയത്തേക്ക് ഇടവേളയെടുത്ത് രണ്ടാമത്തെ കോഴ്സ് എടുക്കാനവസരമുണ്ട്.
എഡിപിയും ഇഡിപിയും
ബിരുദം വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഉതകുന്ന എഡിപിയും (Accelerated Degree Program) അധിക സമയമെടുത്ത് പൂർത്തിയാക്കുന്നതിനുതകുന്ന ഇഡിപിയും (Extended Degree Program) യുജിസി നടപ്പാക്കാനൊരുങ്ങുന്നു. വിദ്യാർഥികൾക്ക് അവരവരുടെ പഠനശേഷിക്കനുസരിച്ച്, ഓരോ സെമസ്റ്ററിലും അധിക ക്രഡിറ്റുകൾ സ്വന്തമാക്കി, കോഴ്സിന്റെ ദൈർഘ്യം കുറയ്ക്കാനും ആവശ്യമെങ്കിൽ മിനിമം ക്രഡിറ്റ് സ്വന്തമാക്കി, കൂടുതൽ സമയമെടുത്ത് ബിരുദം പൂർത്തിയാക്കാനും സാധിക്കുമെന്നതാണ് ഈ പ്രോഗ്രാമുകളുടെ പ്രത്യേകത.
പഠനം ആരംഭിച്ച് രണ്ടു സെമസ്റ്ററുകൾക്കുള്ളിൽ വിദ്യാർഥികൾ, എഡിപിയോ ഇഡിപിയോ തെരഞ്ഞെടുക്കണം. മൂന്നു വർഷ/നാലു വർഷ പ്രോഗ്രാമുകളിൽ രണ്ടു സെമസ്റ്ററുകൾ വരെ വിദ്യാർഥിയുടെ താത്പര്യത്തിനും പഠനശേഷിക്കുമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഓരോ കോഴ്സിലെയും 10% വിദ്യാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് യുജിസി നിഷ്കർഷിക്കുന്നു.
ഇരട്ട ബിരുദം
ഒരു വിദ്യാർഥിക്ക്, ഒരേസമയം രണ്ട് മുഴുനീള കോഴ്സുകൾ ചെയ്യാനവസരം യുജിസി ഇപ്പോൾ നൽകുന്നുണ്ട്. ഒരു റെഗുലർ പ്രോഗ്രാമും ഒരു ഓൺലൈൻ/വിദൂര വിദ്യാഭ്യാസ പ്രോഗ്രാമും ഒരേസമയം ചെയ്യുമ്പോൾ ക്ലാസ് സമയക്രമത്തിന്റെ ഭാഗമായുണ്ടാകുന്ന വലിയ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്നത് വിദ്യാർഥിക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മുമ്പിലുള്ള വലിയ വെല്ലുവിളിയെങ്കിലും തത്പരരായ വിദ്യാർഥികൾക്കുമുന്നിൽ തുറന്നിടുന്നത് വലിയ വാതിലുകളാണ്.
ബിരുദ, ബിരുദാനന്തര, ഡിപ്ലോമ വിദ്യാർഥികൾക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്ന ഈ അവസരമുപയോഗിച്ച്, ഒരു സർവകലാശാലയുടെ ബിരുദത്തിന് ഒരു അഫിലിയേറ്റഡ് കോളജിൽ പഠിക്കുമ്പോൾതന്നെ മറ്റൊരു സർവകലാശാലയുടെ ബിരുദത്തിന് ഓൺലൈനായി ചേരാൻ സാധിക്കും. അതുമല്ലെങ്കിൽ രണ്ട് ഓൺലൈൻ കോഴ്സുകൾക്ക്, ഒരേ സമയം ചേർന്ന് പൂർത്തീകരിക്കാനും തടസമില്ല. ഇതിന്പ്രകാരം, പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. ഇതുകൂടാതെ ഇപ്പോൾ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടാം വർഷക്കാർക്കും മൂന്നാം വർഷക്കാർക്കും താത്പര്യാനുസരണം ഒന്നാം വർഷ കോഴ്സിന് ചേരാവുന്നതാണ്. എന്നാൽ, കോഴ്സുകളുടെ സമയക്രമം ഏകോപിപ്പിക്കേണ്ടത് വിദ്യാർഥികളുടെയും അധ്യാപകരുടെയും മാത്രം ഉത്തരവാദിത്വമാണ്.
വിദ്യാർഥികളുടെ താത്പര്യത്തിനനുസരിച്ച് ഒരു കോഴ്സ് ഓൺലൈനായോ വിദൂരപഠനമായോ രണ്ടാമത്തെ കോഴ്സ് കോളജിൽ നേരിട്ടുപോയോ പഠിക്കാവുന്നതും വേണമെങ്കിൽ, രണ്ട് കോഴ്സുകളും ഓൺലൈനായോ ഡിസ്റ്റന്റ് എഡ്യുക്കേഷൻ മോഡിലോ ചെയ്യാനും തടസമില്ല.
റെഗുലറായി ബിഎസ്സി കെമിസ്ട്രിക്കു മൂന്നാം വർഷത്തിൽ പഠിക്കുന്ന വിദ്യാർഥിക്ക് താത്പര്യമുണ്ടെങ്കിൽ, ഓൺലൈനായോ വിദൂര വിദ്യാഭ്യാസം മുഖാന്തിരമോ ബിഎ ഇക്കണോമിക്സിന് ചേരാം. എംഎസ്സി കംപ്യൂട്ടർ സയൻസ് പഠിക്കുന്ന വിദ്യാർഥിക്ക്, ബിഎ ഹിസ്റ്ററിക്കും പഠിക്കാനവസരമുണ്ടെന്നു ചുരുക്കം. അതായത്, റെഗുലറായി എൽഎൽബി ചെയ്യുന്ന വിദ്യാർഥിക്കു താത്പര്യമുണ്ടെങ്കിൽ, ബിഎസ്സി മാത്തമാറ്റിക്സിനു ചേരാവുന്നതുമാണ്. ഇതിനു പുറമെ, ഒരേസമയം രണ്ട് ബിരുദാനന്തര കോഴ്സുകൾ ചെയ്യാനും അവസരമുണ്ടാകും. എന്നാൽ, പഠനമേഖലകൾ വ്യത്യസ്തമായിരിക്കണം.
അധ്യാപക പരിശീലന രംഗത്തും സമൂലമാറ്റമായി ഇന്റഗ്രേറ്റഡ് (നാലു വർഷ ) പ്രോഗ്രാമുകൾ
അധ്യാപക പരിശീലന രംഗത്തും സമൂല മാറ്റം നിഷ്കർഷിക്കുന്ന ശിപാർശകൾ വന്നുകഴിഞ്ഞു. നിലവിലെ രണ്ടു വർഷ ബിഎഡ്, ഡിഎൽഎഡ് പ്രോഗ്രാമുകൾ ഭാവിയിൽ ഇല്ലാതാകുന്നതാണു വലിയ സവിശേഷത. അധ്യാപക പരിശീലന കോഴ്സുകളുടെ ഘടന, നാലു വർഷത്തിലേക്ക് മാറുന്നതോടൊപ്പം നാലു സ്പെഷലൈസേഷനുകളിലേക്ക് (ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി) മാറുകയാണ്. മെഡിക്കൽ എൻജിനിയറിംഗ് കോഴ്സുകൾ പോലെ അധ്യാപനമേഖലയും പ്രഫഷണലാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. അടുത്ത വർഷം മുതൽതന്നെ ആരംഭിക്കണമെന്ന നിർദേശവും ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി നൽകിയിട്ടുണ്ട്. പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള ബിഎ, ബിഎസ്സി, ബികോം എന്നിവ ചേർത്തുള്ള നാലു വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകളാണ് ലക്ഷ്യം.
നാലു വർഷ ഇന്റഗ്രേറ്റഡ് ബിഎഡിൽ ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ നാലു സ്പെഷലൈസേഷനുകൾ ഉണ്ടാകും. ഈ സ്പെഷലൈസേഷനുകൾ അനുസരിച്ചാകും സ്കൂളുകളിലെ വിവിധ സെക്ഷനുകളിൽ പഠിപ്പിക്കാനുളള അവസരം. ഇന്റഗ്രേറ്റഡ് കോഴ്സ് വരുന്നതോടെ ഡിഎൽഎഡ് ഉൾപ്പെടെയുള്ള അധ്യാപക പരിശീലന കോഴ്സുകൾ ഭാവിയിലുണ്ടാകാനിടയില്ല. എന്നാൽ, നിലവിൽ ബിരുദം പൂർത്തീകരിച്ച, ഇപ്പോൾ ബിരുദപഠനത്തിലുള്ള വിദ്യാർഥികൾക്കായി, നിലവിലുള്ള രണ്ടു വർഷ ബിഎഡ് 2030 വരെ അതേപടി തുടരാനും നിർദേശിച്ചിട്ടുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നാലുവർഷ ബിഎഡ് കോഴ്സ് ആരംഭിക്കണമെന്നാണു നാഷണൽ ടീച്ചർ എഡ്യുക്കേഷൻ കൗൺസിലിന്റെ ശിപാർശ. ഇന്റഗ്രേറ്റഡ് കോഴ്സ് പൂർത്തിയാക്കുന്ന മുറയ്ക്ക് വിദ്യാർഥികൾക്ക്, എംഎ, എംഎസ്സി, എംകോം, എംഎഡ് എന്നിങ്ങനെയുള്ള ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും ചേരാവുന്നതുമാണ്.
പ്രായോഗികതയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ
ബിരുദ കാലയളവിന്റെ മാറ്റത്തിലും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും ഇരട്ടബിരുദത്തിന്റെ പ്രായോഗികതയിലും ഉണ്ടാകാനിടയുള്ള സങ്കീർണതയും സാങ്കേതികത്വവും പരിഹരിക്കപ്പെടേണ്ടതുണ്ട്. റെഗുലർ കോളജുകൾ, നാലു വർഷ പ്രോഗ്രാമുകളിലേക്കു മാറുമ്പോഴും അധ്യാപക പരിശീലന കോഴ്സുകൾ, ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ആരംഭിക്കുമ്പോഴുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുകയും സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന നാനൂറോളം വരുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളായ എഡ്യുക്കേഷനിൽ ഡിപ്ലോമ നൽകുന്ന ടിടിഐകളും ബിരുദ കാമ്പസുകളായ ബിഎഡ് കോളജുകളും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് മാറുമ്പോഴുണ്ടാകുന്ന ആശങ്കയും പരിഹരിക്കപ്പെടണം. പൊതുവെ ശാസ്ത്ര ബിരുദ കോഴ്സുകൾക്ക് വിമുഖതയുള്ള ഈ കാലഘട്ടത്തിൽ, നാലുവർഷ ബിരുദക്കാലയളവിലേക്കുള്ള മാറ്റം, വിദ്യാർഥികളിലുണ്ടാക്കുന്ന വികാരം, വരുംവർഷങ്ങളിൽ കണ്ടറിയേണ്ടതുണ്ട്.
ഈ പരിമിതികൾക്കിടയിലും, കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസപ്രക്രിയയിലൂടെ കടന്നുപോകാനുള്ള ശ്രമങ്ങൾ, എല്ലാ വിഭാഗം (അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുസമൂഹം) ആളുകളും പ്രകടിപ്പിക്കണമെന്നത് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ പ്രക്രിയ അടിമുടി മാറുകയാണ്. വിദ്യാഭ്യാസയോഗ്യതയോടെ ജോലിയിൽ പ്രവേശിക്കുകയെന്ന സാമ്പ്രദായിക ശൈലിയിൽനിന്നും വിദ്യാഭ്യാസയോഗ്യതയ്ക്കൊപ്പംതന്നെ പ്രവർത്തനമികവുകൂടി അടിസ്ഥാനമാക്കി, ജോലിസാധ്യതകൾ ഭൂരിപക്ഷവും മാറിക്കഴിഞ്ഞു.
കേവലം ബിരുദത്തിനപ്പുറം ഗവേഷണത്തിനും അഭിരുചിക്കും പ്രാമുഖ്യം നൽകുന്ന ശൈലിയെ സമൂഹം പുൽകിയാൽ മാത്രമേ, ഇന്നത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസ അതിജീവനമുണ്ടാകുകയുള്ളൂവെന്ന കാര്യം മറക്കരുത്. അതിനുള്ള മുന്നൊരുക്കങ്ങൾ, വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്, നാം ആരംഭിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.