സിറിയ: സന്പന്നമായ ഭൂതകാലവും അനിശ്ചിതമായ ഭാവിയും
ഡോ. ജോർജുകുട്ടി ഫിലിപ്പ്
Sunday, December 15, 2024 1:49 AM IST
അതീവസന്പന്നമായ സാംസ്കാരിക പൈതൃകം പേറുന്ന രാജ്യമാണു സിറിയ. രണ്ടു ലക്ഷം വർഷങ്ങൾക്കുമുന്പേ സിറിയയിൽ മനുഷ്യവാസമുണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നേക്ക് 5,000 വർഷങ്ങൾക്കുമുന്പേ സിറിയയിലെ എബ്ലായിൽ (ആലപ്പോയ്ക്കു സമീപം) ഒരു ജനവാസകേന്ദ്രമുണ്ടായിരുന്നു. ഒരു സാമ്രാജ്യ തലസ്ഥാനവുമായി വികസിച്ച എബ്ലായിൽനിന്ന് 1,800 കളിമൺ ഫലകങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ആയിരക്കണക്കിനു ശകലങ്ങളും. സുമേറിയൻ, എബ്ലൈറ്റ് ഭാഷകളിൽ ആപ്പെഴുത്ത് (ക്യുനൈഫോം) ശൈലിയിൽ എഴുതപ്പെട്ട ഈ ഫലകങ്ങൾ ഒരു ഗ്രന്ഥശാലയിൽ വർഗീകരിച്ചു സംരക്ഷിച്ചിരുന്നവയാണ്. ഇന്നത്തെ സിറിയൻ ജനതയുടെ പൂർവികർ എത്തിച്ചേർന്നിരുന്ന സമുന്നതമായ സാംസ്കാരിക നിലവാരത്തിന്റെ സൂചനകളാണ് ഇവ.
കീഴടക്കലുകളുടെ ചരിത്രം
ബിസി മൂന്നാം സഹസ്രാബ്ദം മുതൽ സിറിയ നിരവധി വിദേശശക്തികളുടെ ആക്രമണത്തിനും അധീശത്വത്തിനും വിധേയമായി. സുമേറിയക്കാർ, അക്കാദ്യർ, അസീറിയക്കാർ, ഈജിപ്തുകാർ, ഹിത്യർ, ഹുര്യർ, മിത്തനി വംശജർ, അമോര്യർ, ബാബിലോണിയക്കാർ തുടങ്ങിയ പ്രാദേശിക ശക്തികൾ സിറിയ കീഴടക്കുകയുണ്ടായി. പിന്നീട് കാനാന്യർ, ഫിനീഷ്യർ, ആരാമ്യർ, ചില നാടോടി ജനതകൾ എന്നിവരും സിറിയൻ മേധാവിത്വത്തിനായി മത്സരിച്ചു. ബിസി പത്താം നൂറ്റാണ്ടിൽ നവ അസീറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായതോടെയാണ് ആറാം എന്നറിയപ്പെട്ടിരുന്ന സിറിയൻ ഭൂപ്രദേശം സിറിയ എന്നു വിളിക്കപ്പെടാൻ തുടങ്ങിയത്. അസീറിയ എന്ന പദത്തിൽനിന്നാണ് സിറിയ വരുന്നത്. ഇന്നത്തെ തുർക്കി, ഇറാക്ക്, ഇറാൻ രാജ്യങ്ങളുടെ പല ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അന്നത്തെ സിറിയ. നവ അസീറിയയുടെ പതനത്തിനുശേഷം നവ ബാബിലോണിയൻ സാമ്രാജ്യം ഒരു നൂറ്റാണ്ടോളം സിറിയയിൽ ആധിപത്യം പുലർത്തി.
സിറിയ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമാകുന്നത് ബിസി ആറാം നൂറ്റാണ്ടിലാണ്. രണ്ടു നൂറ്റാണ്ടുകൾക്കിപ്പുറം സിറിയ യവന ആധിപത്യത്തിലായി. ഒന്നാം നൂറ്റാണ്ടിലെ സിറിയ അന്ത്യോഖ്യാ പട്ടണവും പരിസരങ്ങളുമായി ചുരുങ്ങിയിരുന്നു (അന്ത്യോഖ്യ ഇപ്പോൾ തുർക്കിയിലാണ്). രണ്ടു പതിറ്റാണ്ടുകൾ അർമേനിയയുടെ കീഴിലുമായി. ബിസി 64ൽ റോമൻ ജനറൽ പോംപി സിറിയ കീഴടക്കി സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
സാമ്രാജ്യത്തിന്റെ സിറിയൻ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു അഞ്ചുലക്ഷം ജനസംഖ്യയുണ്ടായിരുന്ന അന്ത്യോഖ്യ നഗരം. റോമും അലക്സാണ്ട്രിയയും കഴിഞ്ഞാൽ സാമ്രാജ്യത്തിലെ ഏറ്റവും വലിയ നഗരം. സിറിയ സാന്പത്തിക, സാംസ്കാരിക ശക്തിയായി വളർന്നു. ബോസ്റ, അപ്പമേയ, പാൽമീറ, അന്ത്യോഖ്യ, ഡമാസ്കസ്, ദൂറാ-യൂറോപോസ് നഗരങ്ങളിൽ വിശിഷ്ട നിർമിതികൾ ഉണ്ടായി. ഇവിടങ്ങളിലുള്ള കെട്ടിടങ്ങൾ, തിയറ്ററുകൾ, സ്റ്റേഡിയങ്ങൾ, ചുമർച്ചിത്രങ്ങൾ തുടങ്ങിയവയുടെ ശേഷിപ്പുകൾ സിറിയൻ ജനതയുടെ ശില്പകലാ വൈദഗ്ധ്യത്തിന്റെയും ഭാവനാവിലാസത്തിന്റെയും ഉദാഹരണങ്ങളാണ്.
റോമൻ കാലഘട്ടത്തിൽ പല സിറിയൻ രാജാക്കന്മാരുണ്ടായി. അളവറ്റ ധനവും ആഡംബരവും അവരെ അധഃപതനത്തിലേക്കു നയിച്ചു. ആഭ്യന്തര കലഹങ്ങളും വിദേശീയാക്രമണങ്ങളും റോമിന്റെ ക്രമാനുഗതമായ തളർച്ചയും സിറിയയെയും ബാധിച്ചു. എഡി നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സിറിയ പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ (ബൈസന്റൈൻ) ഭാഗമായി.
സിറിയയുടെ ക്രൈസ്തവ പാരന്പര്യം
അപ്പസ്തോലസംഘത്തിന്റെ തലവനായ പത്രോസ് സിറിയയിൽ പ്രേഷിതപ്രവർത്തനം നടത്തിയിരുന്നു. സെന്റ് പോൾ അന്ത്യോഖ്യയിൽവച്ച് പത്രോസിനെ കണ്ട കാര്യം പറയുന്നുണ്ട് (ഗലാ 2:11). അന്ത്യോഖ്യയിൽവച്ചാണ് ഈശോയുടെ അനുയായികൾ ക്രിസ്ത്യാനികൾ എന്ന് ആദ്യമായി വിളിക്കപ്പെട്ടത് (അപ്പ 11: 26). ഡമാസ്കസിലേക്കുള്ള യാത്രാമധ്യേയാണ് സെന്റ് പോളിന് മാനസാന്തരമുണ്ടാകുന്നത്. സിറിയയിൽ ധാരാളം യഹൂദരുണ്ടായിരുന്നു. സെന്റ് പോളിന്റെ പ്രേഷിതയാത്രകൾ ആരംഭിച്ചിരുന്നത് അന്ത്യോഖ്യയിൽനിന്നാണ്. മൂന്നാം നൂറ്റാണ്ടിൽ സിറിയയിലെ ഏറ്റവും പ്രമുഖ മതമായിരുന്നു ക്രിസ്തുമതം. ബൈസന്റൈൻ കാലഘട്ടത്തിൽ സിറിയ ഒരു ക്രൈസ്തവരാജ്യമായിത്തീർന്നു. എഡി 325ലെ നിഖ്യാ സൂനഹദോസിൽ പങ്കെടുത്ത 200 മെത്രാന്മാരിൽ 20 പേർ സിറിയയിൽനിന്നുള്ളവരായിരുന്നു.
സിറിയക്കാരായ ആറുപേർ റോമിൽ മാർപാപ്പമാരായിരുന്നു. സഭാചരിത്രത്തിലെ പതിനൊന്നാമത്തെ മാർപാപ്പയായിരുന്ന വി. അനിസീറ്റസ് (155-166), ജോൺ അഞ്ചാമൻ (685-686), വി. സെർജിയൂസ് (687), സിസിനിയൂസ് (708ൽ 21 ദിവസം മാത്രം മാർപാപ്പയായിരുന്നു), കോൺസ്റ്റന്റൈൻ ഒന്നാമൻ (708-715), ഗ്രിഗറി മൂന്നാമൻ (731-741). ഗ്രിഗറിക്കുശേഷം യൂറോപ്പുകാരനല്ലാത്ത ഒരാൾ പിന്നീട് മാർപാപ്പയാകുന്നത് 13 നൂറ്റാണ്ടുകൾക്കുശേഷമാണ്-2013ൽ. അർജന്റീനക്കാരനായ ഫ്രാൻസിസ്.
ക്രിസ്തുവർഷത്തിന്റെ ആദ്യ ഏഴു നൂറ്റാണ്ടുകളിൽ സിറിയ വലിയൊരു ക്രൈസ്തവരാജ്യമായി വളർന്നു. ദൈവശാസ്ത്ര കലാലയങ്ങൾ, സന്യാസപ്രസ്ഥാനങ്ങൾ, ആരാധനക്രമ പാരന്പര്യങ്ങൾ മുതലായവയ്ക്ക് സിറിയ ജന്മം നൽകി. ഒപ്പം, അനേകം വിശുദ്ധ വ്യക്തിത്വങ്ങളും സിറിയയിൽ ജീവിച്ചു മരിച്ചു. പാശ്ചാത്യ സുറിയാനി ഭാഷയും ആരാധനക്രമവും വളർന്നു പുഷ്കലമായതും അന്ത്യോഖ്യയിലാണ്.
ഇസ്ലാം സിറിയയിൽ
എഡി 634-640 വർഷങ്ങളിലായി അറബികളായ മുസ്ലിംകൾ സിറിയയിൽ എത്തിച്ചേരുകയും സിറിയയെ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്തു. ഉമ്മയാദ് വംശജർ തലസ്ഥാനമായി ഡമാസ്കസിനെ തെരഞ്ഞെടുത്തു. ക്രമേണ നടന്ന ഇസ്ലാമികവത്കരണത്തിൽ ക്രൈസ്തവർ പലവിധത്തിൽ പാർശ്വവത്കരിക്കപ്പെട്ടു. പൊതുഭാഷകളായിരുന്ന അറമായ, ഗ്രീക്ക് എന്നിവയ്ക്കു പകരം അറബി ഔദ്യോഗിക ഭാഷയായിത്തീർന്നു.
വിവിധ മുസ്ലിം വംശങ്ങളും ബൈസന്റൈൻ രാജാക്കന്മാരും സിറിയയ്ക്കുവേണ്ടി നൂറ്റാണ്ടുകളോളം പോരാടി. 12-13 നൂറ്റാണ്ടുകളിൽ സിറിയ കുരിശുയുദ്ധക്കാരുടെ അധീനതയിലായിരുന്നു. മംഗോൾ വംശജരും ഈജിപ്തുകാരും തൈമൂറും കുറേക്കാലം സിറിയയുടെ ഭാഗധേയം നിർണയിച്ചു. ക്രൈസ്തവരും യഹൂദരും മതപീഡനത്തിന് വിധേയരായി. മതനികുതി കൊടുക്കേണ്ട രണ്ടാംകിട പൗരന്മാരായി അവർ മാറി.
ഓട്ടോമൻ സുൽത്താൻ സലിം ഒന്നാമൻ 1516ൽ സിറിയ കീഴടക്കി. ആ ഭരണകാലം 1918 വരെ നീണ്ടുനിന്നു. ക്രൈസ്തവരും ഇതരന്യൂനപക്ഷ വിഭാഗങ്ങളും ആപേക്ഷികമായ സ്വാതന്ത്ര്യത്തോടെയാണ് അക്കാലത്തു കഴിഞ്ഞത്. എന്നാൽ, 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ന്യൂനപക്ഷങ്ങൾ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും അനേക ലക്ഷങ്ങൾ വധിക്കപ്പെടുകയും ചെയ്തു. തുർക്കിയിൽ നടന്ന അർമേനിയൻ വംശഹത്യയുടെ സിറിയൻ പതിപ്പായിരുന്നു ഇത്. പലായനം ചെയ്തവരെ സായുധ അറബിസംഘങ്ങളും ആക്രമിച്ചു. ഒന്നാം ലോകയുദ്ധത്തിനുശേഷം സിറിയയും ലബനനും ഫ്രഞ്ച് ആധിപത്യത്തിലായി. 1946ൽ ഫ്രഞ്ചുകാർ രാജ്യം വിട്ടു. പട്ടാളവിപ്ലവങ്ങളും രാഷ്ട്രീയ അസ്ഥിരതയും മുതലെടുത്തുകൊണ്ട് 1970ൽ ഹാഫീസ് അൽ-അസാദ് രാജ്യത്ത് ബാത്ത് പാർട്ടിയുടെ ഏകപാർട്ടി ഭരണം ആരംഭിച്ചു. അദ്ദേഹം 2000ൽ മരിച്ചപ്പോൾ മകൻ ബഷാർ അൽ-അസാദ് പ്രസിഡന്റായി. അദ്ദേഹത്തിന്റെ ഏകാധിപത്യ ഭരണത്തിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്.
കാൽ നൂറ്റാണ്ട് നീണ്ട ബഷാറിന്റെ ഭരണകാലത്ത് ആഭ്യന്തര സംഘർഷങ്ങളും ഇസ്ലാമിക തീവ്രവാദം മൂലമുള്ള ഭീകരാക്രമണങ്ങളും രാജ്യത്തു പതിവായി. റഷ്യ, തുർക്കി, ഇറാൻ എന്നിവയുടെ താത്പര്യങ്ങൾ പ്രശ്നങ്ങൾ ആളിക്കത്തിച്ചു. അനേക ലക്ഷംപേർ കൊല്ലപ്പെട്ടു. മറ്റനേക ലക്ഷങ്ങൾ നാടുവിട്ടു. ക്രൈസ്തവരെയും ഇതരന്യൂനപക്ഷങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുമായി ഐഎസ് രംഗപ്രവേശം ചെയ്തു.
രാജ്യത്തിന്റെ പല ഭാഗങ്ങളും വ്യത്യസ്ത സായുധസംഘങ്ങളുടെ കീഴിലായി. 1918ൽ 30 ശതമാനമായിരുന്ന ക്രൈസ്തവർ ഇപ്പോൾ കഷ്ടിച്ച് നാലു ശതമാനമാണ്. 2011ൽ പോലും അവർ പത്തു ശതമാനമായിരുന്നു, ആകെ ജനസംഖ്യയായ രണ്ടു കോടി 10 ലക്ഷത്തിൽ. ഇപ്പോൾ അവർ അഞ്ചു ലക്ഷത്തിൽ താഴെയാണ്. ദേശസ്നേഹികളും അഭ്യസ്തവിദ്യരുമായ ക്രൈസ്തവർ സിറിയയുടെ പുനർനിർമാണത്തിൽ സഹകരിക്കണമെന്നാണു സഭാ നേതാക്കൾ ആഹ്വാനം ചെയ്യുന്നത്. എന്നാൽ, ക്രൈസ്തവർക്ക് ഏറ്റവും അപകടകരമായ 12-ാമത്തെ രാജ്യമാണു സിറിയ എന്നാണ് ഓപ്പൺ ഡോർസ് എന്ന സന്നദ്ധസംഘടനയുടെ കണക്ക്. ഭരണം കൈയാളുന്ന പുതിയ ‘സാർഥവാഹകസംഘം’ പുലർത്തുന്ന നിലപാടുകളാണ് സിറിയയിൽ അവശേഷിക്കുന്ന ക്രൈസ്തവരുടെ ഭാവി നിർണയിക്കുക.