കേരളം വീണ്ടും തോറ്റുകൊടുക്കുമോ?
അനന്തപുരി / ദ്വിജൻ
Sunday, December 15, 2024 1:47 AM IST
കേരളം തമിഴ്നാടിന് വീണ്ടും തോറ്റുകൊടുക്കുമോ? പന്പ-അച്ചൻകോവിൽ-വൈപ്പാർ നദികളുടെ സംയോജനം സംബന്ധിച്ച ആലോചനകൾ വീണ്ടും സജീവമാകുന്പോൾ മുല്ലപ്പെരിയാർ അനുഭവം മനസിലുള്ള മലയാളി ചോദിച്ചുപോകുന്ന ചോദ്യമാണിത്. ഇക്കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയനേതൃത്വം പരസ്യമായി പറയുന്ന നിലപാടുകളെ കണ്ണടച്ചു വിശ്വസിക്കാൻ കഴിയാത്ത നിലയാണുള്ളത്. എല്ലാ നീക്കങ്ങളിലും തമിഴ്നാട് വിജയം കാണുന്നതാണ് ഇതുവരെയുള്ള അനുഭവം.
തമിഴ്നാടുമായുള്ള മുല്ലപ്പെരിയാർ കരാർ 999 വർഷത്തേക്ക് പുതുക്കിയ കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി അച്യുതമേനോൻ മുതൽ പിണറായി വരെ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ മന്ത്രിമാരും ഇക്കാര്യത്തിൽ കാണിച്ച ‘സത്യസന്ധത’ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതാണ്. അന്തർസംസ്ഥാന സമിതിയിൽ കേരളം പ്രതിനിധിയായി നിയോഗിച്ച ജഡ്ജിപോലും തമിഴ്നാടിനെ ജയിപ്പിക്കാനാണു പ്രവർത്തിച്ചത്. 1996ലെ നായനാർ മന്ത്രിസഭയിലെ ജലസേചന മന്ത്രിയുടെ നിലപാടുകൾക്കെതിരേ വി.എസ്. അച്യുതാനന്ദൻ പരസ്യനിലപാട് എടുത്തതും ചരിത്രം.
കേന്ദ്ര ജലവികസന ഏജൻസിയുടെ ഡിസംബർ 17ന് ഡൽഹിയിൽ ചേരുന്ന 38-ാം വാർഷിക പൊതുയോഗത്തിലും നദീസംയോജന പദ്ധതികൾക്കായുള്ള 22-ാം യോഗത്തിലും ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ പന്പ-അച്ചൻകോവിൽ-വൈപ്പാർ നദികളുടെ സംയോജനം വിഷയമാക്കിയിരിക്കുകയാണ്. കേരളം തുടക്കം മുതലേ എതിർക്കുന്ന പദ്ധതിയാണിത്. തമിഴ്നാടിന്റെ സമ്മർദംമൂലമാണ് വിഷയം യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയതെന്നാണു കരുതപ്പെടുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ മുൻകൂർ അനുവാദത്തോടുകൂടിയേ ഇത്തരം വിഷയങ്ങൾ അജൻഡയിൽ ഉൾപ്പെടുത്താവൂ എന്നാണു ചട്ടം. അതുകൊണ്ട് വിഷയം സമ്മേളനത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയതുതന്നെ ശരിയായില്ലെന്ന് കേരളത്തിലെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത് ഇക്കാര്യത്തിലുള്ള കേരളത്തിന്റെ വികാരമാണ്. പക്ഷേ, ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാകുമല്ലോ.
ഈ നദികളുടെ സംയോജനം സംബന്ധിച്ച് 1991ൽ നടത്തിയ പഠനമനുസരിച്ച് കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും കഴിഞ്ഞാലും 2025 വരെ പന്പാനദിയിൽ 161.2 ഘനമീറ്ററും അച്ചൻകോവിലാറ്റിൽ 151.5 ഘനമീറ്ററും വെള്ളം അധികമുണ്ടാകുമെന്ന് കണ്ടെത്തി. ഇതിൽ 63.4 ഘനമീറ്റർ വെള്ളം ടണൽ വഴി തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്നതാണ് പദ്ധതി. ഇതിനായി പന്പയിലെ കല്ലാറിൽ 150 മീറ്ററും അച്ചൻകോവിൽ കല്ലാറിൽ 160 മീറ്ററും ഉയരമുള്ള അണ കെട്ടണം. അച്ചൻകോവിലാറ്റിൽ 35 മീറ്റർ ഉയരമുള്ള മറ്റൊരു അണയും നിർമിക്കണം. അതായത്, മൂന്ന് അണക്കെട്ടുകളിൽ രണ്ടും അച്ചൻകോവിലാറ്റിലാണു വരിക. 160 മീറ്റർ ഉയരവും 736 മീറ്റർ നീളവുമുള്ള ഒന്ന് ചിറ്റാർ മുഴിയിലാണ് പണിയുക. ഇതോടെ 23 കിലോമീറ്റർ പ്രദേശത്തു വെള്ളം വ്യാപിക്കും. 1,241 ഹെക്ടർ ഭൂമി വെള്ളത്തിലാകും. ഇതിൽ 872 ഹെക്ടറും സ്വഭാവിക വനമാണ്. ഒന്പത് കിലോമീറ്റർ താഴെ തുറയിലാണ് രണ്ടാമത്തെ അണക്കെട്ട്. 35 മീറ്റർ ഉയരമുള്ള ഈ അണക്കെട്ടുണ്ടായാൽ 304 ഹെക്ടർ ഭൂമി വെള്ളത്തിലാകും. സീതത്തോട്ടിൽ പുന്നമേട്ടിലാണ് 150 മീറ്റർ ഉയരമുള്ള മൂന്നാമത്തെ അണക്കെട്ട്. അച്ചൻകോവിൽ ഡിവിഷനിൽ മാത്രം 1,545 ഹെക്ടർ വനം വെള്ളത്തിൽ മുങ്ങും. 75 കുടുംബങ്ങളിലെ 297 പേരെ കുടിയിറക്കണം.
ഇതിനു പുറമെ പദ്ധതി നടപ്പിലാക്കിയാൽ വേന്പനാട്ടുകായലിൽ വെള്ളം കുറയുകയും ഓരുവെള്ളം കൂടുകയും ചയ്യും. റംസാർ കരാർപ്രകാരം സംരക്ഷണം വേണ്ട കനാലാണിത്. മൂവാറ്റുപുഴയാർ, പന്പ, മീനച്ചിലാർ, മണിമലയാർ, അച്ചൻകോവിലാർ എന്നീ അഞ്ചു നദികൾ സംഗമിക്കുന്ന തടാകമാണു വേന്പനാട്ടുകായൽ. 2,004 ഹെക്ടർ ഭൂമി വെള്ളത്തിനടിയിലാക്കുന്നതാണ് ഈ പദ്ധതി. ഇതിൽ 1,400 ഹെക്ടറും നിത്യഹരിത വനമാണ്. ഇത്തരം തടസങ്ങളെല്ലാം തമിഴ്നാടിന്റെ കാര്യം വരുന്പോൾ അനായാസം വഴിമാറുന്നതാണ് ചരിത്രം.
സിപിഎമ്മിന് ലോക്സഭയിലേക്ക് രണ്ട് അംഗങ്ങളെ ജയിപ്പിച്ചുകൊടുക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വ്യക്തിപരമായ അടുപ്പം കേരളത്തിന് ദോഷമാകുമോയെന്ന ഭയം ഏറെപ്പേർക്കുണ്ട്.
കേരളത്തിന് ഒരു വിധത്തിലും അംഗീകരിക്കാനാകാത്തതാണ് ഈ നദീസംയോജന പദ്ധതി. പിണറായി സർക്കാരിന്റെ അവസാന നാളുകളാണ്. ടീകോംപോലെ നദീതട പദ്ധതിയും വരുമോയെന്നു ഭയപ്പെടണം. യുഎഇയുമായുള്ള ബന്ധം വഷളാകാതിരിക്കാൻ, നഷ്ടപരിഹാരം തരേണ്ട ടീകോമിന് നഷ്ടപരിഹാരം നൽകുന്നതുപോലെ തമിഴ്നാടുമായുള്ള നല്ല ബന്ധത്തിന് വേന്പനാട്ടു കായലിനെ അപകടത്തിലാക്കുന്ന, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ വരൾച്ചയിലാക്കുന്ന ഈ പദ്ധതിക്ക് കേരളം അംഗീകാരം കൊടുക്കുമോയെന്നു ഭയപ്പെടില്ലേ?
16-ാം ധന കമ്മീഷൻ
ഡോ. അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിലെ തെളിവെടുപ്പ് പൂർത്തിയാക്കി. ഭാരതത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങൾക്കു നീതിയുക്തമായി ലഭ്യമാക്കുന്നതിന് രൂപവത്കരിക്കുന്ന ഭരണഘടനാ സംവിധാനമാണ് ധനകമ്മീഷൻ. 2021-26 കാലഘട്ടത്തിലേക്കുള്ള വിഹിതം നിർണയിക്കുന്നതിന് 2020 നവംബർ ഒന്പതിന് നിയോഗിക്കപ്പെട്ട എൻ.കെ. സിംഗ് അധ്യക്ഷനായുള്ള 15-ാം കമ്മീഷന്റെ റിപ്പോർട്ട് കേരളത്തെ വളരെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടാത്ത സെസും സർചാർജും വലിയതോതിൽ ഈടാക്കുകയായി.
സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന കേന്ദ്രവിഹിതത്തിൽ വലിയ കുറവുണ്ടായി. അതു പരിഹരിക്കുന്നതാകണം 16-ാം കമ്മീഷന്റെ ശിപാർശകളെന്നു കേരളം ആവശ്യപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തിൽ കേരളം കൈവരിച്ച നേട്ടം അംഗീകരിച്ച് ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതിവരുമാനം പങ്കിടുന്നതിനുള്ള വെയിറ്റേജ് ഭേദഗതി ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു.
ജനസംഖ്യാ നിയന്ത്രണത്തിൽ കൈവരിച്ച വൻനേട്ടം ഇപ്പോൾ ദോഷമായി മാറുകയാണ്. പ്രകൃതിദുരന്തങ്ങൾ തുടർക്കഥയാകുന്നതുകൊണ്ട് ഇതിനുള്ള കേന്ദ്രവിഹിതത്തിൽ 100 ഇരട്ടി വർധന വരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. 2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ശിപാർശകളാണു കമ്മീഷൻ സമർപ്പിക്കുന്നത്. 2011ൽ 42 ലക്ഷമായിരുന്ന മുതിർന്ന പൗരന്മാരുടെ എണ്ണം 2036ൽ 84 ലക്ഷമാകുമെന്നും ഇതു പരിഗണിച്ച് കേരളത്തിനുള്ള വിഹിതം വർധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 70 വയസ് കഴിഞ്ഞവർക്കായി വരുമാനം നോക്കാതെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സൗജന്യ ചികിത്സാപദ്ധതിയായ ആയുഷ്മാൻ ഭാരത് പോലും കേരളത്തിൽ നടപ്പാക്കുന്നതു സംബന്ധിച്ച തീരുമാനം സാന്പത്തിക ബുദ്ധിമുട്ടുകൾമൂലം കേരളം വൈകിക്കുകയാണ്.
കോടതിയുടെ നിരീക്ഷണങ്ങളും ഇടപെടലുകളും
അടുത്തകാലത്ത് കേരള ഹൈക്കോടതി ചില ജനപ്രിയ ചോദ്യങ്ങൾ ഉന്നയിച്ചു.18 വർഷം മുന്പ് പീഡിപ്പിച്ചു എന്ന പരാതിയുമായി വന്ന നടിയുടെ കേസ് പരിഗണിക്കുന്പോൾ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് “പുരുഷനുമുണ്ട് അന്തസും അഭിമാനവും” എന്ന ഹൈക്കോടതിയുടെ പരാമർശം ഏറെ ശ്രദ്ധേയമായി. ഇത്തരം കേസുകളിൽ പ്രതിയാക്കപ്പെടുന്ന പുരുഷന്റെ കാര്യത്തിലും കുറ്റം തെളിയിക്കപ്പെടുന്നതുവരെ രഹസ്യസ്വഭാവം നൽകേണ്ടതല്ലേ. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്താൻ പാടില്ലാത്തതുപോലെ പ്രതിയുടെ പേരും വെളിപ്പെടുത്തരുത്.
ബംഗളൂരുവിൽ സ്ത്രീധനപീഡനത്തിന് കള്ളക്കേസിൽ കുടുക്കപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ടെക്കി, 34കാരൻ അതുൽ സുഭാഷിന്റെ കേസ് പരിഗണിച്ച സുപ്രീംകോടതി ജഡ്ജിമാരായ ബി.വി. നാഗരത്നയും എൻ. കോടീശ്വർ സിംഗും, ഭാരതത്തിൽ സ്ത്രീധന നിരോധന നിയമം ദുരുപയോഗിക്കപ്പെടുന്നതിനെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളും അതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച നിർദേശങ്ങളും പ്രസക്തങ്ങളാണ്. വ്യക്തിവൈരാഗ്യം തീർക്കാൻ നിയമം ദുരുപയോഗിക്കുന്നതിന് അനുവദിക്കരുതെന്ന് കോടതി നിർദേശിച്ചു. ആരോപണങ്ങളുടെ പേരിൽ മാത്രം കേസെടുക്കരുത്. സ്ത്രീധനപീഡനക്കേസുകളിൽ പ്രതിയാക്കപ്പെടുന്ന കുടുംബാംഗങ്ങൾക്കെതിരേ കേസെടുക്കുന്നത് അന്വേഷിച്ച ശേഷമാകണം. അവർക്ക് നേരിട്ടു ബന്ധമില്ലെങ്കിൽ കേസെടുക്കരുത് -സുപ്രീം കോടതി പറഞ്ഞു.
തലസ്ഥാനത്ത് വഞ്ചിയൂരിൽ സിപിഎം ഏരിയാ സമ്മേളനത്തിനു വഴിയടച്ച്, ഗതാഗതം തടസപ്പെടുത്തി സ്റ്റേജ് കെട്ടിയ വിഷയത്തിൽ പാർട്ടിക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക് കേരള ഹൈക്കോടതി നടത്തുന്ന നീക്കങ്ങൾ സിപിഎമ്മുകാരല്ലാത്ത ജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടു.
ഡിസംബർ അഞ്ചിനു നടന്ന സമ്മേളനത്തിന്റെ വേദി വിവാദമായപ്പോൾ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പത്രക്കാർക്കു നേരേയായിരുന്നു കോപിച്ചത്. കോടതി ഇടപെട്ടതോടെ “തെറ്റി, മാപ്പാക്കണം” എന്ന അപേക്ഷയിലേക്ക് കാര്യങ്ങളെത്തുന്നു.
സിനിമാനടൻ ദിലീപിന് ശബരിമലയിൽ കിട്ടിയ പ്രത്യേക പരിഗണനയെക്കുറിച്ചായിരുന്നു മറ്റൊന്ന്. പതിനെട്ടാംപടിക്കു മുകളിൽ ഏറെനേരം നിൽക്കാൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്ന് കോടതി തിരക്കി. ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന കിട്ടിയതിനെക്കുറിച്ച് അന്വേഷിച്ചു വിവരം കോടതിയെ ധരിപ്പിക്കാൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു.
അടുത്തതും ക്ഷേത്രകാര്യമാണ്. ശബരിമല തീർഥാടകരുടെ ഇടത്താവളമായ ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് എന്തിനു വച്ചുവെന്നാണ് അടുത്ത ചോദ്യം.
തീർഥാടകർക്ക് അന്നദാനത്തിന് അനുമതി നൽകിയ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചാണു ഫ്ലക്സ് വച്ചത്. അതു ക്ഷേത്രം വകയല്ല, ഏതോ അനുഭാവികൾ വച്ചതാണ് എന്നതാണു വാദം.
നടിയുടെ പരാതി രാഷ്ട്രപതിക്ക്
2017 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ആക്രമണത്തിൽ ഇരയാക്കപ്പെട്ട നടി നീതിക്കുവേണ്ടി നടത്തേണ്ടിവരുന്ന ഓട്ടങ്ങൾ കരളലിയിക്കുന്നവയാണ്. നടിക്കു നേരേ നടന്ന അതിക്രമക്കേസിലെ തെളിവായി കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് വ്യാജമായി പരിശോധിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവർ രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്.
നീതിക്കുവേണ്ടി അവർക്ക് എന്തു കടന്പകളാണ് കടക്കേണ്ടിവരുന്നത്. കോടതിയുടെ കൈവശമിരുന്ന മെമ്മറി കാർഡ് വ്യാജമായി പരിശോധിച്ചുവെന്ന് കണ്ടെത്തിയിട്ടും എന്തേ കുറ്റവാളികൾക്കെതിരേ നടപടിയൊന്നും ഇല്ലെന്നത് സാധാരണക്കാരെ വല്ലാതെ കുഴയ്ക്കുന്ന ചോദ്യമാണ്.വിചാരണ തുറന്ന കോടതിയിലാക്കണമെന്ന് അവർക്കു പറയേണ്ടിവന്നിരിക്കുകയാണ്.
പ്രതിക്കൂട്ടിൽ പോലീസും സർക്കാരും
കണ്ണൂരിലെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ സമർപ്പിച്ച വാദങ്ങൾ അവർക്ക് സർക്കാരിലും കേരള പോലീസിന്റെ കേസന്വേഷണത്തിലും വിശ്വാസമില്ലെന്നു മാത്രമല്ല, കേസന്വേഷണത്തിൽ പോലീസ് ബോധപൂർവമായ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും സിബിഐ അന്വേഷണത്തെ എതിർക്കുന്ന സർക്കാർ, ജീവിതകാലം മുഴുവന് സഖാവായിരുന്ന നവീൻ ബാബുവിന്റെ കുടുംബത്തോട് ഒപ്പമാണെന്നു പറയുന്നതിലെ ‘നേരും’ വ്യക്തമാകുന്നു.