ഭരണഘടനയുടെ ഉൾവേദനകൾ!
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, December 14, 2024 2:25 AM IST
ഭരണഘടനയെക്കുറിച്ച് പാർലമെന്റിൽ ഇന്നലെ തുടങ്ങിയ ചർച്ച അസാധാരണവും സുപ്രധാനവുമാണ്. ഭരണഘടനയുടെ 75-ാം വാർഷികം പ്രമാണിച്ചാണു ലോക്സഭയിലും രാജ്യസഭയിലും രണ്ടു ദിവസം വീതം വിശദ ചർച്ച. നടപ്പിലാക്കിയിട്ടും 75 വർഷം ചർച്ച ചെയ്തിട്ടും ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയ്ക്കു വെല്ലുവിളി നേരിടുന്നുവെന്നതിന്റെ പ്രതിഫലനമാണു പാർലമെന്റിലെ ചർച്ച. ഭരണഘടനയിൽ വെള്ളം ചേർത്താൽ, പേരുകേട്ട ജനാധിപത്യവും മഹത്തായ ഭാരത സംസ്കാരവും മരിക്കും. സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവും മതപരവുമായ നീതിയും സ്വാതന്ത്ര്യവുമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്.
ഭരണഘടന ഉറപ്പുനൽകിയ മതേതരത്വവും പൗരാവകാശങ്ങളും മുതൽ തുല്യനീതിയും സന്പത്തിന്റെയും അവസരങ്ങളുടെയും വിതരണം വരെയുള്ള കാര്യങ്ങളിൽ വിവേചനവും അനീതിയും തുടരുന്നുവെന്നത് ആശങ്കാജനകമാണ്. ഉച്ചനീചത്വങ്ങളും ജാതി, മത, വർഗ, പ്രാദേശിക, ലിംഗ വിവേചനങ്ങളും പട്ടിണിയുമെല്ലാം ഭരണഘടനാപരമായ അവകാശങ്ങൾ വലിയൊരു വിഭാഗത്തിനു നിഷേധിക്കപ്പെടുന്നതിന്റെ നേർസാക്ഷ്യമാണ്. മതേതരത്വം, സോഷ്യലിസം എന്നിവ ഭരണഘടനയുടെ ആമുഖത്തിൽനിന്നു നീക്കാനും മതനിരപേക്ഷതയുടെയും മതസൗഹാർദത്തിന്റെയും ഉദാത്ത മാതൃകകളുള്ള ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനും സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതു ഗോപ്യമല്ല.
താരമായി പ്രിയങ്ക ഗാന്ധി
ലോക്സഭയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിവച്ച ഭരണഘടനാ ചർച്ചയിൽ കന്നിപ്രസംഗം നടത്തിയ കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയായിരുന്നു താരം. കേരളത്തിന്റെ ജനപ്രതിനിധിയായുള്ള പ്രിയങ്കയുടെ തുടക്കം കസറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പ്രസംഗിക്കും. തിങ്കളും ചൊവ്വയുമായി രാജ്യസഭയിൽ നടക്കുന്ന ഭരണഘടനാ ചർച്ചയിലും പ്രധാനമന്ത്രി പ്രസംഗിക്കും. ഭരണ-പ്രതിപക്ഷങ്ങൾ പതിവിനു വിപരീതമായി വലിയ ബഹളങ്ങളും പ്രതിഷേധങ്ങളുമില്ലാതെ വൈകുന്നേരം 5.15 വരെ ചർച്ചയിൽ പങ്കാളികളായെന്നതു നല്ല കാര്യമാണ്. പക്ഷേ, തൃണമൂലിലെ തീപ്പൊരി മഹുവ മൊയ്ത്രയുടെ പ്രസംഗം ഭരണപക്ഷം തടസപ്പെടുത്തിയതോടെ ചർച്ചകൾ രണ്ടുതവണ ഒരു മണിക്കൂറോളം സ്തംഭിച്ചതു നാണക്കേടായി. ചർച്ച ആറരയോടെ പുനരാരംഭിച്ചതു ശുഭകരമായി.
രാജ്നാഥിനും പ്രിയങ്കയ്ക്കും പിന്നാലെ ഇന്നലെ പ്രസംഗിച്ച സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, ഡിഎംകെയുടെ ടി.ആർ. ബാലു, തൃണമൂലിന്റെ കല്യാണ് ബാനർജി, മഹുവ, ബിജെപിയുടെ ഭർതൃഹരി മെഹ്താബ്, ജെഡിയുവിന്റെ രാജീവ് രഞ്ജൻ സിംഗ്, ടിഡിപിയുടെ ഡോ. ബൈറെഡ്ഢി ശബരി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ അരവിന്ദ് ജി. സാവന്ത്, കോണ്ഗ്രസിലെ ഹൈബി ഈഡൻ, സുഖ്ജീന്ദർ സിംഗ് രണ്ഡാവ, മുസ്ലിം ലീഗിലെ ഇ.ടി. മുഹമദ് ബഷീർ, എൻസിപി പവാർ വിഭാഗത്തിലെ ഡോ. അമോൽ കോലെ, എൽജെപിയുടെ ഷാംബവി, സിപിഐയിലെ കെ. സുബ്ബരായൻ, സിപിഎമ്മിലെ ആർ. സച്ചിദാനന്ദം, എസ്പിയിലെ അവദേശ് പ്രസാദ് തുടങ്ങിയവരെല്ലാം രാഷ്ട്രീയ കസർത്ത് നടത്തി. ഇതും ഭരണഘടന നേരിടുന്ന മറ്റൊരു വെല്ലുവിളിയായി.
രാജ്യത്തു നിരവധി ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഭരണഘടന ചർച്ച ചെയ്യണമെന്ന വ്യവസ്ഥ പ്രതിപക്ഷം മുന്നോട്ടു വച്ചതെന്നാണ് കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഇന്നലെ പറഞ്ഞത്. മോദി സർക്കാർ രാജ്യത്തെ സ്വയംഭരണ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നു. അതൊട്ടും ശരിയല്ല. ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയിലൂടെ മോദിസർക്കാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എല്ലാവർക്കും അറിയാൻ കഴിയുമെന്നാണു ഖാർഗെ പറഞ്ഞത്.
തകരരുത്, സുരക്ഷാകവചം
നമ്മുടെ ഭരണഘടന ഒരു സുരക്ഷാ കവചമാണെന്നും ആളുകളെ അതു സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടിയതിൽ കാര്യമുണ്ട്. ആ കവചം തകർക്കാൻ ഭരണകക്ഷി എല്ലാ ശ്രമങ്ങളും നടത്തിയെന്നതു ഖേദകരമാണ്. രാജ്യത്തിന്റെ ശബ്ദമാണു ഭരണഘടന. നീതി ലഭിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സർക്കാരിനെതിരേ ശബ്ദമുയർത്താൻ അവർ പ്രാപ്തരാണെന്നും തിരിച്ചറിയാൻ ഭരണഘടന ശക്തി നൽകി. വ്യവസായി ഗൗതം അദാനിയെ പേരെടുത്തു പറയാതെതന്നെ, ഒരു വ്യക്തിയെ സംരക്ഷിക്കാൻ 142 കോടി ഇന്ത്യക്കാരെ അവഗണിക്കുന്നുവെന്ന പ്രിയങ്കയുടെ പ്രസ്താവന ശ്രദ്ധേയമായി. കാർഷിക നിയമങ്ങൾ പോലും ഒരാളുടെ ലാഭത്തിനായി കൊണ്ടുവരുന്നു. വയനാട് മുതൽ ലളിത്പുർ വരെ കർഷകർ ദുരിതത്തിലാണ്.
ശതകോടീശ്വരന്റെ ലാഭത്തിനുവേണ്ടിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന ധാരണ വളരുകയാണെന്ന് പ്രിയങ്ക അവകാശപ്പെട്ടു. എല്ലാ ബിസിനസുകളും പണവും വിഭവങ്ങളും ഒരു വ്യക്തിക്കു കൈമാറുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും ഖനികളും മുതൽ പൊതുമേഖലാ കന്പനികൾ വരെ ഒരാൾക്കു മാത്രം നൽകുന്നുവെന്ന പ്രസ്താവന ശക്തമായി. അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീനുകളെയും അവർ പരിഹസിച്ചു. സംബാൽ, ഹത്രാസ്, മണിപ്പുർ തുടങ്ങിയ അക്രമങ്ങളും നീതിനിഷേധമാണ്. സംവരണം തുരങ്കം വച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിയെ ദുർബലപ്പെടുത്താനാണു മോദി സർക്കാർ ശ്രമിക്കുന്നതെന്നും ജാതി സംവരണം വേണമെന്നും പ്രിയങ്ക വാദിച്ചു.
ജനങ്ങളുടെ ഇച്ഛാശക്തി
ജനങ്ങളുടെ പൊതുവായ ഇച്ഛാശക്തിയുടെ പ്രകടനമാണു ഭരണഘടനയെന്ന രാജ്നാഥ് സിംഗിന്റെ അഭിപ്രായം നൂറു ശതമാനം ശരിയാണ്. ഇന്ത്യ മതനിരപേക്ഷമായിരിക്കുമെന്നും രാജ്യത്തിനു മതമില്ലെന്നും മതസ്വാതന്ത്ര്യത്തെക്കുറിച്ചു ഭരണഘടന പറഞ്ഞിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചതു സ്വാഗതാർഹമാണ്. എന്നാൽ, നിരവധി നേതാക്കളുടെ സംഭാവനകൾ മനഃപൂർവം അവഗണിച്ച് ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ കോണ്ഗ്രസ് ശ്രമിച്ചുവെന്ന പ്രസ്താവനയിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തം. ഒരു പാർട്ടിയുടെ മാത്രം സംഭാവനയല്ല ഭരണഘടന.
ജവഹർലാൽ നെഹ്റുവിന്റെ കാലത്ത് 17 തവണയും ഇന്ദിരാഗാന്ധിയുടെ കാലത്ത് 28 തവണയും രാജീവ് ഗാന്ധിയുടെ കാലത്ത് 11 തവണയും മൻമോഹൻ സിംഗിന്റെ കാലത്ത് ഏഴു തവണയും ഭരണഘടന മാറ്റാൻ കോണ്ഗ്രസ് ശ്രമിച്ചിട്ടുണ്ടെന്നാണു രാജ്നാഥിന്റെ കണ്ടെത്തൽ. പ്രതിപക്ഷത്തെ അമർച്ച ചെയ്യാനും തെറ്റായ നയങ്ങൾ നടപ്പാക്കാനുമായിരുന്നു ഈ ഭേദഗതികളിൽ കൂടുതലും. ഇന്ത്യൻ ഭരണഘടനയും പാർലമെന്ററി നിയമങ്ങളും ശരിയായി നടപ്പാക്കാത്ത ഒരു സംസ്ഥാനം രാജ്യത്തുണ്ടായിരുന്നു. തങ്ങളുടെ സർക്കാർ അവിടെയും ഭരണഘടന നടപ്പിലാക്കി. വഴങ്ങുന്ന ജുഡീഷറിയും ബ്യൂറോക്രസിയുമായിരുന്നു കോണ്ഗ്രസിനു വേണ്ടതെന്നും രാജ്നാഥ് ആരോപിച്ചു.
ആത്മാവിനെ മുറിക്കരുത്
അനുച്ഛേദങ്ങളുടെ സമാഹാരം മാത്രമല്ല ഭരണഘടന, അതിന്റെ ആത്മാവും മുദ്രയും വളരെ വിലപ്പെട്ടതാണെന്നു പ്രധാനമന്ത്രി മോദി കഴിഞ്ഞ ജൂലൈയിലെ രാജ്യസഭയിൽ നടത്തിയ പ്രസ്താവന മറക്കാൻ സമയമായിട്ടില്ല. ആകെ 448 അനുച്ഛേദങ്ങളാണ് ഭരണഘടനയിലുള്ളത്. വിളക്കുമാടംപോലെയാണു ഭരണഘടന നമ്മെ നയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അർഥവത്തും ശരിയുമാണിത്. പക്ഷേ, പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാകുന്നില്ലെന്നതാണു പ്രശ്നം. കോണ്ഗ്രസ്, ബിജെപി വ്യത്യാസം ഇക്കാര്യത്തിൽ കാര്യമായില്ല. രാഷ്ട്രീയാധികാരം ഉറപ്പിക്കാനായി എന്തും ചെയ്യാൻ ഭരണത്തിലേറുന്പോൾ മുഖ്യ ദേശീയ പാർട്ടികൾ പോലും മടിക്കാറില്ലെന്നു ജനത്തിനറിയാം.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലും മൂല്യങ്ങളിലും മാറ്റം വരുത്താൻ പരമോന്നത നിയമനിർമാണ സഭയായ പാർലമെന്റിനുപോലും അധികാരമില്ലെന്ന് അര നൂറ്റാണ്ടുമുന്പേ സുപ്രീംകോടതിയുടെ 13 അംഗ ഭരണഘടനാബെഞ്ച് വിധിച്ചിട്ടുണ്ട്. ഭരണഘടനാ പരിധികൾക്കുള്ളിൽ നിന്നു മാത്രമേ പാർലമെന്റിനും നിയമസഭകൾക്കും നിയമനിർമാണം നടത്താനാകൂ. നിയമങ്ങൾ ജുഡീഷറിയുടെ അന്തിമതീർപ്പിനു വിധേയവുമാണ്. ഇതൊക്കെ വ്യക്തമാണ്. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഭരണഘടനാ വ്യവസ്ഥകളെ കാറ്റിൽ പറത്താനും ഇന്ത്യയെ ഹിന്ദു മതരാഷ്ട്രമാക്കാനും ആർഎസ്എസും സംഘപരിവാർ ശക്തികളും മോഹിക്കുന്നു!
അപായസൂചനകളേറെ
ഭരണത്തിൽ ഉറച്ചിരിക്കാനായി കൂടുതൽ വോട്ടുള്ള ജാതി-മത വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചതും ശ്രമിക്കുന്നതും ഭരണഘടനാ തത്വങ്ങളിൽ വെള്ളം ചേർക്കാനിടയാക്കുന്നു. വോട്ടർമാരുടെ ധ്രുവീകരണത്തിനായി മതപരമായ പ്രശ്നങ്ങൾ കുത്തിപ്പൊക്കുകയും മതാത്മക ബിംബങ്ങളെ പുണരുകയും ചെയ്യുന്നു. നയരൂപീകരണത്തിലും നിയമനിർമാണങ്ങളിലും മതശക്തികളും കോർപറേറ്റ് കുത്തകകളും സ്വാധീനിക്കുന്നു. രാജ്യത്തിന്റെ വിഭവങ്ങൾ കൈക്കലാക്കുന്നതിനു പുറമെ സാധാരണ ജനത്തെ ഊറ്റിപ്പിഴിഞ്ഞു വീർത്ത് സ്വത്തു സന്പാദിക്കുന്നതിന് വൻകിട മുതലാളിമാർക്ക് ഒത്താശ ചെയ്യുന്നതും ഭരിക്കുന്നവരാണ്.
ഭരണഘടനാ സ്ഥാപനങ്ങളെയും വൻകിട മാധ്യമങ്ങളെയും സർക്കാരുകളുടെ വരുതിയിലാക്കിയതോടെ ഭരണഘടനയും ജനാധിപത്യവും അപകടത്തിലായി. ഭരണഘടനയുടെ അന്തഃസത്തയ്ക്കും വ്യവസ്ഥകൾക്കും വിരുദ്ധമായ ചില നിലപാടുകളും പ്രസ്താവനകളും ചില കോടതികളിൽനിന്നും ജഡ്ജിമാരിൽനിന്നും ഉണ്ടാകുന്നു. അപകടകരവും ദുരന്തവുമാണിത്. ഒന്നര വർഷം കഴിഞ്ഞിട്ടും തുടരുന്ന മണിപ്പുർ കലാപം മുതൽ ബാബറി മസ്ജിദ്- രാമക്ഷേത്ര വിധിയിലും വഖഫ് നിയമത്തിലും വരെ പലതിലും ഭരണഘടനാ വ്യവസ്ഥകളിൽനിന്നു വ്യത്യസ്തമായുള്ള പലതും ഉണ്ടായി.
വഴിതെറ്റുന്ന ജഡ്ജിമാർ
ഈ രാജ്യം ഹിന്ദുസ്ഥാൻ ആണെന്നും ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിനനുസരിച്ചു പ്രവർത്തിക്കുമെന്നും ഇതാണു നിയമമെന്നും യുപിയിലെ ഹൈക്കോടതി ജഡ്ജി ശേഖർ യാദവ് വിഎച്ച്പി യോഗത്തിൽ പോയി പരസ്യമായി പറഞ്ഞതു വലിയ വിവാദമായി. സുപ്രീംകോടതിയെ പോലും അദ്ദേഹത്തിന്റെ പ്രസ്താവന ഞെട്ടിച്ചു. ഭരണഘടനയ്ക്ക് പുല്ലുവില കൽപ്പിക്കുന്ന പരസ്യപ്രസ്താവന നടത്താൻ ഉന്നത ന്യായാധിപനെ പ്രേരിപ്പിച്ചതു നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നവരെയെല്ലാം ആശങ്കപ്പെടുത്തി. ഇതേ ഹൈക്കോടതിയിലെ ജഡ്ജി രോഹിത് രഞ്ജൻ അഗർവാളിന്റെ മതപരിവർത്തനം സംബന്ധിച്ച വിധിയും വിവാദമായിരുന്നു.
ഹിന്ദുത്വ രാജ്യത്തിനായി പരസ്യപ്രസ്താവന നടത്തിയ വിവാദ ജഡ്ജി ശേഖർ യാദവിനെതിരേ ഇംപീച്ച്മെന്റിന് രാജ്യസഭയിൽ 55 എംപിമാർ ഒപ്പിട്ട പ്രമേയം നൽകിയിട്ടുണ്ട്. പാർലമെന്റ് സമ്മേളനം 20ന് സമാപിക്കുന്നതിനാൽ ഉടൻ ഇംപീച്ച്മെന്റ് നടക്കില്ല. ഭരണഘടനയെ തള്ളിയാലും ഇത്തരക്കാർ ശിക്ഷിക്കപ്പെടാതെ പോകുന്നതു പ്രശ്നം ഗുരുതരമാക്കുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാക്കുന്നതിനും സമാധാനവും പുരോഗതിയും വളർച്ചയും കൈവരിക്കുന്നതിനും ഭരണഘടന പോറലേൽക്കാതെ കാത്തേ മതിയാകൂ. ഭരണഘടനയുടെ ചർച്ച നല്ലതാണ്. പക്ഷേ എല്ലാ അർഥത്തിലും ഭരണഘടന പ്രാവർത്തികമാക്കുന്നതിലാണു കാര്യം.