അഴകുള്ള ചക്കയിൽ ചുളയില്ല സർ!
കെ.ആർ. പ്രമോദ്
Saturday, December 14, 2024 2:22 AM IST
ഒരു വലിയ കാർ വാങ്ങണം! പഴയ ചെറിയ കാർ വിൽക്കുകയും വേണം!- കുറച്ചുകാലമായി വർക്കിച്ചന്റെ ആഗ്രഹം അതുമാത്രമാണ്!
തിമിംഗിലം പോലുള്ള ഒരു കാർ അയൽക്കാരൻ വാങ്ങിയതാണ് ഈ ദുരാഗ്രഹത്തിനു കാരണമായത്. രാവിലെ നടവാതിൽ തുറക്കുമ്പോൾ നല്ല അയൽക്കാരന്റെ വീട്ടിലെ കൂറ്റൻ ശകടാസുരനെയാണ് കണികാണുന്നത്. അതെങ്ങനെ സഹിക്കും?
വർക്കിച്ചന്റെ മനസിലിരിപ്പു പിടികിട്ടിയ ഭാര്യ മേരിക്കുട്ടിക്ക് ദേഷ്യമാണ് വന്നത്.
നമ്മൾക്ക് വലിയ വിലയുള്ള വണ്ടിയൊന്നും വേണ്ട! ഈ അറുപതാം വയസിൽ നിങ്ങൾക്കതൊന്നും ഡ്രൈവ് ചെയ്യാൻ പറ്റില്ല. കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽ മതി! - മേരിക്കുട്ടി തെല്ലും ദയയില്ലാതെ പറഞ്ഞു.
ഇങ്ങനെയൊക്കെ കേട്ടാൽ ഏതൊരു പുരുഷനും ഒരു വാശിയൊക്കെ തോന്നുമല്ലോ. വർക്കിച്ചനും വാശിയായി. ഒരു പുരുഷന്റെ ആത്മാഭിമാനത്തിനാണ് മേരിക്കുട്ടി മുറിവേല്പിച്ചിരിക്കുന്നത്. ഒരു കിടിലൻ സ്പോർട്സ്-യൂട്ടിലിറ്റി വെഹിക്കിൾ വാങ്ങി തന്റെ ചെറുപ്പവും കരുത്തും തെളിയിക്കണമെന്ന് മൂപ്പർ തീരുമാനിച്ചു. ഒരു മാസത്തിനകം അദ്ദേഹം പഴയ കാർ വിറ്റു. ബാങ്കിൽനിന്ന് വലിയൊരു തുക വായ്പയെടുത്തു. ഈവിധത്തിൽ സമാഹരിച്ച പണവുമായി ആ വീരപുരുഷൻ വീട്ടിൽനിന്നിറങ്ങി.
എസ്യുവി വർക്കിച്ചൻ!
നഗരത്തിലെ സ്വർഗതുല്യവും വർണമനോഹരങ്ങളുമായ വാഹനവില്പനശാലകൾ പ്രേമസംഗീതം പൊഴിച്ച് വർക്കിച്ചനെ മാടിവിളിച്ചു. സ്ഫടികവിളക്കുകളുടെ പ്രകാശത്തിൽ കുളിച്ച് ചില്ലുമേടകൾക്കുള്ളിൽ മിന്നിത്തിളങ്ങി വിലസിയ വാഹനസുന്ദരികൾ കാമുകന്മാരെ കണ്ണിറുക്കി നോക്കി. ആ പുഷ്പശരങ്ങളേറ്റതോടെ, ദമയന്തീസ്വയംവരത്തിനെത്തിയ യുവരാജാവിനെപ്പോലെ വരണമാല്യവുമായി വർക്കിച്ചൻ പകച്ചുനിന്നു. എല്ലാ വലിയ വണ്ടികൾക്കും തീവിലയാന്നെങ്കിലും കടകളിലെ തിരക്കിന് ഒട്ടും കുറവില്ല! ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. പണത്തിന് മനുഷ്യർ ഒരു വിലയും കല്പിക്കുന്നില്ലേ? തന്റെ സ്റ്റാറ്റസിനൊത്ത വണ്ടി തേടി പലയിടങ്ങളിലും കയറിയിറങ്ങി തളർന്നുപോയ വർക്കിച്ചൻ ഒടുവിൽ, ഒരു കടയിലെ സെയിൽസ് ഏജന്റായ ചെറുപ്പക്കാരന്റെ വാചകമടിയിൽ മയങ്ങിവീണതോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമായി. ഇരുപതുലക്ഷത്തോളം വിലവരുന്ന ഒരു സ്പോർട്സ് - യൂട്ടിലിറ്റി വെഹിക്കിൾ ഏതോ ശുഭമുഹൂർത്തത്തിൽ മൂപ്പരുടെ തലയിലായി.
പുതിയ വാഹനവും പഴയ വർക്കിച്ചനും!
പക്ഷേ, സംഗതികൾ അത്ര പന്തിയായില്ല. വണ്ടിയും മനുഷ്യനും തമ്മിലും തലമുറകളുടെ വിടവുണ്ടെന്നു തെളിഞ്ഞ സന്ദർഭമായിരുന്നത്. പത്തുമുപ്പതു വർഷം മുമ്പ് ഡ്രൈവിംഗ് പഠിച്ച വർക്കിച്ചനും ആധുനിക ന്യൂജൻ വാഹനവും തമ്മിൽ ആദ്യം മുതലേ പിണക്കം തുടങ്ങി! പുതിയ വണ്ടിയുടെ ലൈറ്റ് സംവിധാനങ്ങൾ, ഗിയർ, ജിപിഎസ്, ബ്രേക്കിംഗ് മെക്കാനിസം, സ്പീഡ്മോഡുകൾ, ഹാൻഡ്ബ്രേക്ക് സിസ്റ്റം എന്നിവയൊക്കെ പഴയ തലമുറക്കാരനായ വർക്കിച്ചന് കീറാമുട്ടിയായി.
എൻജിൻ ഓഫായിക്കിടക്കുമ്പോൾ ക്ലച്ച് ചവിട്ടിയാൽ ഇറക്കത്തിലാണെങ്കിൽ ബ്രേക്ക് കിട്ടില്ല എന്നത് വലിയ ചതിയായി! അങ്ങനെ നീങ്ങിപ്പോയ വണ്ടി പലതവണ മതിലിൽ ഇടിച്ചു! ക്ലച്ച് ചവിട്ടാതെ കീ അമർത്തിയാൽ വണ്ടി സ്റ്റാർട്ടാവില്ലെന്നത് മറ്റൊരു പൊല്ലാപ്പ്! പഴയ വാഹനങ്ങൾക്ക് ഈവക ബുദ്ധിമുട്ടുകളില്ലായിരുന്നു!
ഒടുവിൽ, ഏറെ പണിപ്പെട്ടാണ് പുതിയ വണ്ടിയെ വർക്കിച്ചൻ വരുതിയിലാക്കിയതെന്ന് പറഞ്ഞാൽ മതിയല്ലോ. പിന്നീടുള്ള കുറച്ചുനാൾ വലിയ കുഴപ്പമില്ലാതെ കടന്നുപോയി. കമ്പനിയുടെ ഫ്രീ സർവീസ് കാലാവധി കഴിഞ്ഞതോടെ നമ്മുടെ കഥാനായകന്റെ ശനിദശ വീണ്ടും തുടങ്ങി.
ഒന്നാം പെയ്ഡ് സർവീസ്!
ഒരു ദിവസം രാവിലെ വർക്കിച്ചൻ പൂമുഖത്ത് പത്രം വായിച്ചിരിക്കവേ, മൊബൈൽ ശബ്ദിച്ചു.
വണ്ടിയുടെ സർവീസ് സെന്ററിലെ ഒരു പെൺകുട്ടിയാണ് വിളിക്കുന്നത്. വാഹനത്തിന്റെ ഒന്നാമത്തെ പെയ്ഡ് സർവീസിന് സമയമായെന്നും ഉടൻ ചെല്ലണമെന്നുമായിരുന്നു കിളിമൊഴിയുടെ സാരാംശം.
വർക്കിച്ചൻ പിറ്റേന്ന് വണ്ടിയുമായി സർവീസ് സെന്ററിൽ എത്തി. അവിടെ വണ്ടി വാങ്ങാൻ വന്നവരുടെ വലിയ തിരക്കായിരുന്നു. ഈ ബഹളത്തിനിടയിൽ വാഹനം സൂപ്പർവൈസർക്ക് നൽകിയശേഷം അവിടെക്കണ്ട സോഫയുടെ കോണിൽ വർക്കിച്ചൻ ഇരിപ്പുറപ്പിച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.
വണ്ടി വാങ്ങിക്കഴിഞ്ഞാൽപ്പിന്നെ കസ്റ്റമേഴ്സിന് പുല്ലുവിലയാണെന്ന പ്രകൃതിസത്യം കഥാപുരുഷന് മനസിലായി. ഇനി താനടക്കമുള്ള കസ്റ്റമേഴ്സെല്ലാം വാഹന ഏജൻസിക്കാരുടെ ഇരകളും അടിമകളുമാണ്! ഒരു പുതിയ വാഹനം വാങ്ങുന്ന അന്നുമുതൽ അതിന്റെയും ഉടമസ്ഥന്റെയും കഷ്ടകാലവും ഡിപ്രിസിയേഷനും തുടങ്ങുന്നു. ഈവക സംഗതികളൊക്കെ ആലോചിച്ചുകൊണ്ട് വർക്കിച്ചൻ കുത്തിയിരുന്നു. അപ്പോഴേക്കും വണ്ടിയുടെ പരിശോധന കഴിഞ്ഞ് വെഹിക്കിൾ അഡ്വൈസർ എന്ന പയ്യൻ അവതരിച്ചു.
സാധാരണ സർവീസ് കൂടാതെ വണ്ടിയുടെ ബ്രേക്കും അനുബന്ധസാധനങ്ങളും മാറ്റേണ്ടതുണ്ടെന്നും അല്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും പയ്യൻ വർക്കിച്ചനെ അറിയിച്ചു.
അതു കേട്ടപ്പോൾ വർക്കിച്ചന് അദ്ഭുതം തോന്നി. വീട്ടിൽനിന്ന് ഏകദേശം അമ്പതു കിലോമീറ്റർ ഓടിച്ചാണ് താൻ എത്തിയത്. അപ്പോൾ എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയില്ല. എന്തായാലും റിസ്കെടുക്കാൻ പറ്റില്ലല്ലോ! ബ്രേക്കിന്റെ കാര്യമല്ലേ? ബ്രേക്കുകൂടെ ശരിയാക്കിക്കൊള്ളാൻ വർക്കിച്ചൻ അനുവദിച്ചു.
പയ്യൻ അപ്പോൾത്തന്നെ വിശദമായ കണക്ക് എഴുതി നൽകി. ബ്രേക്ക് മാറുന്നതടക്കമുള്ള സർവീസ് ചാർജ് 24,000 രൂപ! ഇതിൽ മൂവായിരം രൂപ ടാക്സാണ്!
സർവീസ് ചാർജ് കേട്ട് വർക്കിച്ചൻ ഒന്നു ഞെട്ടിയെങ്കിലും പെട്ടെന്ന് സമനില വീണ്ടെടുത്തുകൊണ്ട് തലയാട്ടി, പണം എണ്ണി നൽകി.
സെക്കൻഡ് പെയ്ഡ് സർവീസ്
അഞ്ചാറു മാസങ്ങൾ കഴിഞ്ഞു. ഇക്കുറിയും സർവീസ് സെന്ററിൽനിന്ന് പെൺകുട്ടിയുടെ ഫോൺ വന്നു. വണ്ടിയുടെ രണ്ടാമത്തെ പെയ്ഡ് സർവീസ് ആയിരിക്കുന്നു എന്നായിരുന്നു മയൂരസന്ദേശം. വർക്കിച്ചൻ വണ്ടിയുമായി സർവീസ് സെന്ററിൽ കീഴടങ്ങി. ശകടം വിശദമായി പരിശോധിച്ച ശേഷം വെഹിക്കിൾ അഡ്വൈസർ എന്ന ചെറുപ്പക്കാരൻ മറ്റൊരു വിവരമാണു പറഞ്ഞത്. സാധാരണ സർവീസിംഗിനു പുറമേ മറ്റൊരു കാര്യംകൂടി ചെയ്യണം - പവർസ്റ്റിയറിംഗിന് ചെറിയ ഇളക്കമുണ്ട്, അതു നന്നാക്കണം. എല്ലാം ചേർത്ത് ഇരുപതിനായിരം രൂപയാകും. വർക്കിച്ചൻ ഇപ്രാവശ്യവും ഉഗ്രമായി ഞെട്ടി. രണ്ടു സർവീസ് കഴിയുമ്പോൾ നാല്പത്തയ്യായിരം രൂപയാകും! മേരിക്കുട്ടി ഈ വിവരമറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി!
ഇടി വെട്ടിയവനെ പാമ്പുകടിച്ചു!
ഒരുമാസം കഴിഞ്ഞു. വർക്കിച്ചനും മേരിക്കുട്ടിയും ആശുപത്രിയിലേക്ക് ഒരു രോഗിയെ കാണാൻ പോവുകയാണ്. വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ മുമ്പോട്ടു നീങ്ങിയതേയുള്ളൂ; വണ്ടി പെട്ടെന്ന് നിന്നു!
വർക്കിച്ചൻ പല വിദ്യകൾ പ്രയോഗിച്ചുനോക്കിയെങ്കിലും രഥം ഇളകുന്നില്ല!
മൂപ്പർ സർവീസ് സെന്ററിലേക്ക് വിളിച്ചു. പലവട്ടം ശ്രമിച്ചശേഷമാണ് അവറ്റകളെ ലൈനിൽ ലഭിച്ചത്. അവർ വന്ന് വണ്ടി കെട്ടിവലിച്ച് കൊണ്ടുപോയി. പിന്നീട് വാഹനപരിശോധന നടത്തിയ പ്രധാന വിദഗ്ധൻ വർക്കിച്ചനോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ വണ്ടിയുടെ ക്ലച്ച് ക്ലീൻസ്ലേറ്റുപോലെ തേഞ്ഞുപോയിരിക്കുന്നു. അതുടൻ മാറണം. മൊത്തം ഒരു മുപ്പതിനായിരം രൂപയെങ്കിലുമാകും.”
വർക്കിച്ചന്റെ ശരീരം വിയർപ്പിൽ കളിച്ചു. ഈശ്വരാ! പെരുമ്പിനെയാണല്ലോ ചവിട്ടിയിരിക്കുന്നത്!
അദ്ദേഹം മനസിൽ ചില കണക്കുകൾ കൂട്ടി നോക്കി. വണ്ടിയുടെ വില 21 ലക്ഷം രൂപ. ഇതുവരെയുള്ള സർവീസിങ്ങിന്റെ മൊത്തം ചെലവ് എൺപതിനായിരത്തോളം ഉറുപ്പിക. ഇനി ഈ ചെലവുകൾ കൂടുകയല്ലാതെ കുറയുമെന്ന് തോന്നുന്നില്ല. മാത്രമല്ല, വണ്ടിയുടെ ക്ലച്ച് ഇത്രമാത്രം തേഞ്ഞുപോയത് കഴിഞ്ഞമാസത്തെ സർവീസിംഗിൽ എന്തുകൊണ്ട് കണ്ടെത്തിയില്ല? അതുകൊണ്ടല്ലേ താനും ഭാര്യയും വഴിയിൽ കുരുങ്ങിപ്പോയത്? ഇതിനൊക്ക ആരുത്തരം പറയും?
ഈ ചക്ക ഇവിടിരിക്കട്ടെ!
വർക്കിച്ചൻ നേരേ സർവീസ് മാനേജരുടെ കാബിനിലേക്ക് ചെന്ന് അദ്ദേഹത്തെ കണ്ടു. എല്ലാം കേട്ടപ്പോൾ മനേജർ ചിരിച്ചു: താങ്കൾ പഴയ തലമുറയാണ്. അതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. പുതിയയിനം വണ്ടികളുടെ സർവീസിംഗും സർവീസ് ചാർജുമൊക്കെ ഇങ്ങനെയാണ്. ഇതിന്റെയൊക്കെ ചെലവ് താങ്ങാൻ കഴിയുന്നവർ മാത്രം ഇത്തരം വാഹനങ്ങൾ വാങ്ങിയാൽ മതി. എന്നുമാത്രമല്ല, അഴകുള്ള ചക്കയിൽ ചുളയില്ല എന്നു കേട്ടിട്ടില്ലേ?
വർക്കിച്ചൻ ഒരു നിമിഷം മാനേജരെ സാകൂതം നോക്കിയിരുന്നു. എന്നിട്ട് അലറിച്ചിരിച്ചുകൊണ്ട് ഉവാച: “ഈ വണ്ടി ചുളയില്ലാത്ത, അഴകുള്ള ചക്കയാണെന്ന് നിങ്ങൾതന്നെ സമ്മതിച്ച സ്ഥിതിക്ക് ഈ ചക്ക ഇവിടെത്തന്നെയിരിക്കട്ടെ! നമസ്കാരം! ഗുഡ് മോർണിംഗ്! ഗുഡ് ഈവനിംഗ്!” വണ്ടിയുടെ താക്കോൽ മേശപ്പുറത്തു വച്ചശേഷം വർക്കിച്ചൻ നേരേ റോഡിലേക്കിറങ്ങി നടന്നു.
-www.krpramod.com