നാലു സെന്റിന്റെ കുരുക്കഴിഞ്ഞ് കേന്ദ്ര ഇഡബ്ല്യുഎസ്
ഫാ. ജയിംസ് കൊക്കാവയലിൽ
Thursday, December 12, 2024 11:45 PM IST
ഇഡബ്ല്യുഎസ് സംവരണ ആനുകൂല്യം ലഭിക്കുന്നതിന് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. കേന്ദ്ര സർക്കാരിന്റെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ നാലു മാനദണ്ഡങ്ങളാണുള്ളത്. കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം എട്ടുലക്ഷം രൂപ വരെ, കൃഷിഭൂമി അഞ്ച് ഏക്കർ വരെ, വീട് 1,000 ചതുരശ്ര അടിവരെ, റെസിഡൻഷൽ പ്ലോട്ട് പഞ്ചായത്തുകളിൽ 4.13 സെന്റ് വരെ, മുനിസിപ്പാലിറ്റികളിൽ 2.1 സെന്റ് വരെ എന്നിവയാണ് മാനദണ്ഡങ്ങൾ. ഒരു കുടുംബത്തിന്റെ, അതായത്, അപേക്ഷിക്കുന്ന വ്യക്തി, മാതാപിതാക്കൾ, ഭാര്യ/ഭർത്താവ് എന്നിവരുടെ ആകെ വരുമാനവും ആസ്തിയും മേൽപ്പറഞ്ഞവയിൽ കൂടാൻ പാടില്ല.
കേന്ദ്ര മാനദണ്ഡത്തിലെ അശാസ്ത്രീയത
കേന്ദ്ര ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ വടക്കേന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് രൂപപ്പെടുത്തിയതാണ്. വടക്കേ ഇന്ത്യയിൽ ആളുകൾ താമസിക്കുന്ന വീടുകൾ ഒരുമിച്ച് ഒരു ഭാഗത്തും അവരുടെ കൃഷിസ്ഥലങ്ങൾ മറ്റൊരിടത്തുമാണ്. എന്നാൽ, കേരളത്തെ സംബന്ധിച്ച് ഇവ അശാസ്ത്രീയമായി മാറുന്നു. കേരളത്തിൽ ഭൂരിഭാഗം ആളുകളുടെയും വീടും കൃഷിസ്ഥലവും ഒരുമിച്ചാണ്.
തഹസിൽദാരാണ് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ പരിശോധിച്ച് അനുവദിക്കേണ്ടത്. എന്നാൽ, കേരളത്തിലെ ഇഡബ്ല്യുഎസ് വിരുദ്ധലോബി ശക്തമായി ഇടപെടുകയും കേന്ദ്ര മാനദണ്ഡങ്ങളിലെ അശാസ്ത്രീയത മുതലെടുക്കുകയും ചെയ്തു. അവർ തന്ത്രപൂർവം കേന്ദ്ര ഉത്തരവുകളിലെ റെസിഡൻഷൽ പ്ലോട്ട് എന്നത് സംസ്ഥാന സർക്കാർ ഉത്തരവുകളിൽ ഹൗസ് പ്ലോട്ട് എന്നാക്കി മാറ്റി. റെസിഡൻഷൽ പ്ലോട്ട് എന്നാൽ നിലവിൽ താമസിക്കുന്ന സ്ഥലം എന്നു മാത്രമാണ് അർഥം. എന്നാൽ, ഹൗസ് പ്ലോട്ട് എന്നതിനു സംസ്ഥാനം കൊടുത്ത വ്യാഖ്യാനം വീടു പണിയാൻ അനുയോജ്യമായ ഏതൊരു സ്ഥലവും എന്നാണ്. അതായത്, ആധാരത്തിൽ പുരയിടം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഏതു സ്ഥലവും ഹൗസ് പ്ലോട്ടായി കണക്കാക്കി, ‘ഹൗസ് പ്ലോട്ട്’ എന്നത് ‘പുരയിടം’ എന്നതിന്റെ ഇംഗ്ലീഷ് പദമായി വ്യാഖ്യാനിച്ചു.
സംസ്ഥാന സർക്കാരും ഇഡബ്ല്യുഎസ് വിരുദ്ധ ലോബിയും ചേർന്ന് കഠിന ദ്രോഹമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളോടും നായർ, ബ്രാഹ്മണ വിഭാഗങ്ങളോടും മറ്റും ചെയ്തത്. 2019 മുതൽ 2024 വരെ ഈ വിഭാഗത്തിലെ യുവാക്കൾക്കു ലഭിക്കേണ്ട പതിനായിരക്കണക്കിന് വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങളാണ് നഷ്ടപ്പെടുത്തിക്കളഞ്ഞത്. ഈ അവസരങ്ങൾ പകരം കേരളത്തിൽ ഒരു വിഭാഗത്തിനും ലഭിച്ചിട്ടില്ല, കാരണം അവ ഇഡബ്ല്യുഎസ് ക്വോട്ടയായിരുന്നു. അതുമുഴുവൻ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കാണ് ലഭിച്ചിട്ടുള്ളത്.
കേന്ദ്ര നടപടി
കേന്ദ്ര മാനദണ്ഡത്തിലെ ഈ അശാസ്ത്രീയതയും കേരള സർക്കാരിന്റെ ദുർവ്യാഖ്യാനവും ചൂണ്ടിക്കാട്ടി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനും ചങ്ങനാശേരി അതിരൂപതയിലെ കാർപ് ഡിപ്പാർട്ട്മെന്റും മറ്റു പല സംഘടനകളും കേന്ദ്രസർക്കാരിന് പരാതികൾ അയച്ചു. തോമസ് ചാഴികാടൻ ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചു. ഇപ്രകാരം പല വിധത്തിലുള്ള ഇടപെടലുകളുടെ ഫലമായി 2022 സെപ്റ്റംബർ 19ന് കേന്ദ്രസർക്കാർ, ഇഡബ്ല്യുഎസ് സംബന്ധിച്ച വിവിധ സംശയങ്ങൾക്ക് മറുപടി നൽകുകയും അതിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു വിജ്ഞാപനം നൽകി. ഈ വിജ്ഞാപന(സ്പഷ്ടീകരണം)ത്തിന്റെ 9-ാം നമ്പർ ചോദ്യവും ഉത്തരവും ഇപ്രകാരമാണ്.
ചോദ്യം-9: ഒരു വ്യക്തി കൃഷിഭൂമിയിൽ വീടു വച്ചാൽ പ്രസ്തുത സ്ഥലം റെസിഡൻഷ്യൽ പ്ലോട്ടായാണോ കൃഷിഭൂമിയായാണോ പരിഗണിക്കുക?
ഉത്തരം: റെസിഡൻഷൽ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലവും (ബിൽറ്റ് അപ് ഏരിയ) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കെട്ടിടനിർമാണ ചട്ടമനുസരിച്ചുള്ള കവേർഡ്, അൺകവേർഡ് ഏരിയകളും മാത്രമേ റെസിഡൻഷൽ പ്ലോട്ട് ആയി കണക്കാക്കേണ്ടതുള്ളൂ. ഇപ്രകാരമുള്ള റെസിഡൻഷൽ പ്ലോട്ടിനു പുറത്ത് കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ഭൂമിയെ കൃഷിഭൂമിയായും കണക്കാക്കാം. ഈ വർഗീകരണം ഇഡബ്ല്യുഎസ് സംവരണത്തിനു മാത്രം ബാധകമായിരിക്കുന്നതാണ്.
ഇതുപ്രകാരം വീടും പഞ്ചായത്ത്/മുൻസിപ്പൽ നിയമപ്രകാരമുള്ള മിനിമം സെറ്റ് ബാക് ഏരിയയും ചേർന്ന ഭാഗം മാത്രം റസിഡൻഷൽ പ്ലോട്ട്/ഹൗസ് പ്ലോട്ട് ആയി കണക്കാക്കിയാൽ മതിയാവും. ബാക്കി സ്ഥലം കൃഷിസ്ഥലമാണ്.
സംസ്ഥാനത്തിന്റെ നിസംഗത
കേന്ദ്രം വ്യക്തമായ സ്പഷ്ടീകരണം നൽകിയിട്ടും സംസ്ഥാനം നിസംഗത തുടരുകയാണു ചെയ്തത്. കേന്ദ്ര ഉത്തരവുമായി ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നേടാൻ റവന്യു അധികാരികളെ സമീപിച്ചവർക്കു ലഭിച്ച മറുപടി സംസ്ഥാനം ഒരു ഉത്തരവുകൂടി ഇറക്കിയെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കൂവെന്നായിരുന്നു.
തുടർന്ന് സംസ്ഥാനത്തിന്റെ ഉത്തരവിനായി നെട്ടോട്ടമായിരുന്നു. നിരവധി പരാതികൾ വിവിധ തലങ്ങളിൽനിന്നു നൽകിയിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ല. ഇതുമൂലം കഴിഞ്ഞ രണ്ടുവർഷങ്ങളിൽ അഖിലേന്ത്യാ തലത്തിൽ ലഭിക്കേണ്ടിയിരുന്ന അനേകായിരം അവസരങ്ങൾ കേരളത്തിലെ സംവരണരഹിത യുവാക്കൾക്കു നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ കേരള ഹൈക്കോടതിയിൽ ഹർജി നൽകി അനുകൂലമായി വിധി സമ്പാദിച്ചു. ഹൈക്കോടതി ആദ്യം നൽകിയ ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. തുടർന്ന് അദ്ദേഹം കോടതിയലക്ഷ്യ ഹർജി നൽകിയതിനു ശേഷം ഹൈക്കോടതിയുടെ അന്ത്യശാസനത്തെത്തുടർന്നാണ് കേന്ദ്ര നിർദേശം നടപ്പാക്കി നവംബർ 27ന് സംസ്ഥാനം ഉത്തരവിറക്കിയിരിക്കുന്നത്.
പുതുക്കിയ ഉത്തരവിൽ പറയുന്നു: (നമ്പർ 4) മേൽ വിവരിച്ച സാഹചര്യത്തിൽ ഇഡബ്ല്യുഎസ് ആവശ്യങ്ങൾക്ക് ഭൂവിസ്തൃതി കണക്കാക്കുമ്പോൾ കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് 2019ലെ ചട്ടം 26ന് താഴെ 4-ാം നമ്പർ പട്ടികയിലും, കേരളാ പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2019ലെ ചട്ടം 26ന് താഴെ 4-ാം നമ്പർ പട്ടികയിലും പറഞ്ഞിട്ടുള്ള വിസ്തൃതിയിലുള്ള കെട്ടിടങ്ങൾക്ക് നിഷ്കർഷിച്ചിട്ടുള്ള സെറ്റ് ബാക് ഏരിയ കണക്കാക്കിയ ശേഷം അതും ബിൽഡ് അപ് ഏരിയയും കവേർഡ് ഏരിയയും ചേർന്നുള്ള ഭാഗം ഒഴിച്ച് ബാക്കി ഭൂമി കൃഷി ഭൂമിയായി കണക്കാക്കാവുന്നതാണെന്നും ഉത്തരവാകുന്നു.
ഈ ഉത്തരവ് അനുസരിച്ച് 1,000 സ്ക്വയർ ഫീറ്റോ അതിൽ താഴെയോ വീടിന് വിസ്തീർണമുള്ളതും അഞ്ച് ഏക്കർ വരെ കൃഷിഭൂമിയും എട്ടുലക്ഷം രൂപ വരെ വാർഷിക വരുമാനവുമുള്ള എല്ലാ സംവരണരഹിത കുടുംബങ്ങളിലെയും അംഗങ്ങൾക്ക് കേന്ദ്ര ഇഡബ്ല്യുഎസ് സംവരണം നേടാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.
അനന്തസാധ്യതകൾ
കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരമുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുകയെന്നത് നിസാര കാര്യമല്ല. സിവിൽ സർവീസ്, എസ്എസ്സി, യുപിഎസ്സി, റെയിൽവേ, പോസ്റ്റ് ഓഫീസ്, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, ബാങ്കിന്റെ ഐബിപിസ് എക്സാം എന്നിങ്ങനെ നിരവധി മത്സരപ്പരീക്ഷകളിലൂടെ നിയമിക്കുന്ന വേക്കൻസികളിൽ 10 ശതമാനം സംവരണം ലഭിക്കും. കേന്ദ്രസർക്കാരിൽ ഒരു വർഷം ഒരു ലക്ഷത്തോളം വേക്കൻസികളാണുണ്ടാകുന്നത്. ഇവയിൽ ബഹുഭൂരിപക്ഷത്തിലും 10 ശതമാനം സംവരണം ലഭിക്കും.
കൂടാതെ, കേന്ദ്ര യൂണിവേഴ്സിറ്റികൾ, കേന്ദ്രസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ലോകോത്തര നിലവാരമുള്ള ഐഐടി, ഐഐഎം ഉൾപ്പടെ എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും അഡ്മിഷന് 10 ശതമാനം സംവരണം ലഭിക്കും. എംബിബിഎസ്, നഴ്സിംഗ് മേഖലയിൽ കേന്ദ്ര സർക്കാർ സീറ്റുകളിൽ പ്രവേശനം നേടിയെടുക്കാൻ സാധിക്കും. യുജിസി-നെറ്റ് തുടങ്ങിയ യോഗ്യതാ പരീക്ഷകൾ പാസാകാനും മാർക്ക് ഇളവ് ലഭിക്കുന്നു.
പോരാട്ടം തുടരണം
ഈ ഉത്തരവു നേടിയതുകൊണ്ടു മാത്രം ഇഡബ്ല്യുഎസുമായി ബന്ധപ്പെട്ട പോരാട്ടം അവസാനിപ്പിക്കാനാകില്ല എന്നതാണ് അവസ്ഥ. മൂന്നുവർഷം കൂടുമ്പോൾ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ പുതുക്കുമെന്ന വാഗ്ദാനം അഞ്ചു വർഷമായിട്ടും സർക്കാർ നടപ്പാക്കിയിട്ടില്ല. ഇഡബ്ല്യുഎസ് വിരുദ്ധ ലോബിയുടെ സമ്മർദങ്ങളും വ്യാജപ്രചാരണങ്ങളും വ്യാപകമാണ്, അവയോട് നിരന്തരം പ്രതികരിക്കേണ്ടതുണ്ട്. പാവപ്പെട്ട ആളുകൾ ചെല്ലുമ്പോൾ വ്യാജന്യായങ്ങൾ നിരത്തി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അവരെ നിയമപരമായിത്തന്നെ നിലയ്ക്കു നിർത്തേണ്ടതുണ്ട്. ഇപ്പോഴും സംവരണരഹിത സമൂഹങ്ങളിൽ ഇഡബ്ല്യുഎസിന്റെ പ്രയോജനം മനസിലാക്കാത്തവരുണ്ട്. അവരെ ബോധവത്കരിക്കേണ്ടതുമുണ്ട്.