ഭജേഭാരതം പത്രത്തിന്റെ ചരിത്രം
ഭജേഭാരതം പത്രാധിപർ എം. മാത്തുണ്ണി: ജീവിതവും കാലവും-3/മാത്യു ആന്റണി
Thursday, December 12, 2024 11:41 PM IST
തിരുവിതാംകൂറിലുള്ളവരെ രാഷ്ട്രീയപ്രബുദ്ധരാക്കാനും കോൺഗ്രസിന്റെ ആശയപ്രചാരണത്തിനുമായാണ് എം. മാത്തുണ്ണി ചെങ്ങന്നൂരിൽനിന്ന് ഭജേഭാരതം പത്രം ആരംഭിച്ചത്. 1925ലെ ഒരു പത്രവാർത്തയിൽ മാത്തുണ്ണിയെ ഭജേഭാരതം പത്രാധിപർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 1924/25ൽ ആയിരിക്കണം പത്രത്തിന്റെ തുടക്കം. ഭജേഭാരതം ആദ്യം അച്ചടിച്ചതു തിരുവല്ല നാഷണൽ പ്രിന്റിംഗ് പ്രസിലായിരുന്നു. തുടർന്ന് അതിന്റെ ആസ്ഥാനം ചെങ്ങന്നൂരിലേക്കു മാറ്റി.
ഇന്നത്തെ ട്രാൻസപോർട്ട് ബസ്സ്റ്റാൻഡ് നിൽക്കുന്ന സ്ഥലത്തു സ്വന്തമായി മാത്തുണ്ണി ഒരു പ്രസ് തുടങ്ങി. ഭജേഭാരതത്തിന്റെ പത്രാധിപരും മാനേജരും പ്യൂണും എല്ലാം മാത്തുണ്ണി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ നിഷ്കപടമായ ദേശാഭിമാനവും രാഷ്ട്രസേവനാഭിലാഷവും സ്വാതന്ത്ര്യബോധവും മാത്രമേ അതിന്റെ പിന്നിൽ ഉണ്ടായിരുന്നുള്ളൂ.
സാഹിത്യകാരനും സ്വാതന്ത്ര്യസമര പ്രവർത്തകനുമായ പുത്തൻകാവ് മാത്തൻ തരകൻ (1903-1993) മാത്തുണ്ണിയുടെ കൂടെ പ്രവർത്തിച്ചതിനെപ്പറ്റി ആത്മകഥയിൽ ഇങ്ങനെ സ്മരിക്കുന്നു. “ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നതിനാലും ഇന്ത്യയെ ബ്രിട്ടീഷുകാരുടെ ഭരണത്തിൽനിന്നു മോചിപ്പിക്കണമെന്നുള്ള ആഗ്രഹം ചെറുപ്പം മുതൽക്കേ എന്നിൽ അങ്കുരിച്ചിരുന്നതിനാലും മാത്തുണ്ണിയെ പത്രപ്രവർത്തനത്തിൽ സഹായിക്കാൻ ചെറുപ്പം മുതൽക്കേ ഞാൻ ഭജേഭാരതം ആഫീസിൽ ചെല്ലുമായിരുന്നു. പത്രം മുഴുവൻ അച്ചടിച്ചുകഴിഞ്ഞാൽ അതു മടക്കി റാപ്പർ ഒട്ടിച്ച് അഞ്ചലാപ്പീസിൽ കൊണ്ടുചെന്നു നിക്ഷേപിക്കുന്നതിനും ചിലപ്പോഴൊക്കെ വരിക്കാരുടെ പക്കൽനിന്നും പണം പിരിക്കുന്നതിനും ഞാൻ ഉത്സാഹിച്ചിരുന്നു. മാത്തുണ്ണിയുടെ സതീർത്ഥ്യന്മാരിൽ ഒരാളായിരുന്ന കരിമ്പനയ്ക്കൽ കെ.വി. ചാക്കോയും അന്ന് പത്രപ്രവർത്തനത്തിൽ മാത്തുണ്ണിയെ സഹായിച്ചിരുന്നു. ഭജേഭാരതത്തെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ഞാനനുഷ്ഠിച്ച സേവനത്തിൽ എന്റെ ജീവിതത്തിനോ വീട്ടുജോലികൾക്കോ യാതൊരു പ്രതിബന്ധവും നേരിട്ടിരുന്നില്ല.”
സാഹിത്യകാരനായ പി. കേശവദേവ് കുറച്ചുകാലം ഭജേഭാരതത്തിൽ പ്രവർത്തിച്ചിരുന്നു. അക്കാലത്താണ് ഭഗത് സിംഗും കൂട്ടുകാരനും കൂടി ഡൽഹി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞത്. മഹാന്മാഗാന്ധിയും മറ്റു ദേശീയ നേതാക്കളും ആ ചെറുപ്പക്കാരുടെ ദേശാഭിമാനത്തെയും സ്വാതന്ത്ര്യ തൃഷ്ണയെയും മുക്തകണ്ഠം പ്രശംസിച്ചുവെങ്കിലും അവരുടെ പ്രവൃത്തിയെ ശക്തിയായി ആക്ഷേപിച്ചു. പക്ഷേ, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്ര ത്തിലെ പ്രാധാന്യമേറിയ ആ സംഭവം, കേശവദേവിന്റെ ചിന്താഗതിയെ ശക്തിയായി സ്വാധീനപ്പെടുത്തുകയാണുണ്ടായത്. അടുത്ത ലക്കം ഭജേഭാരതത്തിൽ പ്രസിദ്ധീകരിക്കാൻ കേശവദേവ് ‘ഇന്ത്യയുടെ മറുപടി’ എന്ന തലക്കെട്ടിൽ ഒരു മുഖപ്രസംഗമെഴുതി.
സാഴ്സിന്റെ വധവും അസംബ്ലിയിൽ ബോംബെറിഞ്ഞതും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ഇന്ത്യ കൊടുക്കുന്ന മറുപടിയാണെന്നായിരുന്നു മുഖപ്രസംഗത്തിന്റെ സാരം. അഭിപ്രായവ്യത്യാസമുള്ള കാര്യമാകയാൽ, അദ്ദേഹം അതു മാത്തുണ്ണിയെ കാണിച്ചു. പ്രകൃത്യായുള്ള മന്ദഹാസത്തോടുകൂടിയാണെങ്കിലും ദൃഢസ്വരത്തിൽ മാത്തുണ്ണി പറഞ്ഞു: “ഇതു നമ്മുടെ പത്രത്തിൽ കൊടുക്കണ്ട.” തെല്ലൊന്ന് ആലോചിച്ചിട്ട് മാത്തുണ്ണി സഗൗരവം പറഞ്ഞു: “കൊന്നിട്ടു കിട്ടുന്ന സ്വാതന്ത്ര്യം നമുക്കു വേണ്ട.” ആ മുഖപ്രസംഗം പ്രസിദ്ധീകരിച്ചില്ല. കേശവദേവ് ഭജേഭാരതത്തിൽനിന്നു രാജിവച്ചു.
ഭജേഭാരതം രാജദ്രോഹക്കേസ്
തിരുവിതാംകൂർ, ബ്രിട്ടീഷ് ഗവൺമെന്റുകൾക്കെതിരായ ലേഖനങ്ങളും മുഖപ്രസംഗങ്ങളും ഭജേഭാരതത്തിൽ വന്നുകൊണ്ടിരുന്നു. ഗുണ്ടാരാജ് എന്ന പേരിൽ പ്രസിദ്ധീകരിച്ചുവന്ന ഒരു മുഖപ്രസംഗം തിരുവിതാംകൂർ ഗവൺമെന്റിനെ ചൊടിപ്പിച്ചു. മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനു പത്രത്തിനെതിരേ ഗവൺമെന്റ് നടപടി കൈക്കൊണ്ടു. ക്ഷമ ചോദിക്കണമെന്നും മേലിൽ ഇത്തരം ലേഖനങ്ങൾ എഴുതരുതെന്നും ആവശ്യപ്പെട്ടുകൊണ്ടു ചീഫ് സെക്രട്ടറി ഭജേഭാരതത്തിനു കത്തയച്ചു. എന്നാൽ, മാത്തുണ്ണി ക്ഷമ ചോദിക്കാൻ തയാറായില്ല. തുടർന്നും അത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ഗവൺമെന്റ് രാജദ്രോഹക്കുറ്റം ആരോപിച്ചു പത്രം കണ്ടുകെട്ടി.
എഡിറ്റേഴ്സായ എം. മാത്തുണ്ണിക്കും സി.കെ. ശങ്കരപ്പിള്ളയ്ക്കുമെതിരേ കോടതി നടപടികൾ ആരംഭിച്ചു. പ്രശസ്ത ക്രിമിനൽ വക്കീൽ മള്ളൂർ ഗോവിന്ദപ്പിള്ളയായിരുന്നു സർക്കാരിനുവേണ്ടി വാദിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് മി. മള്ളൂർ ഗോവിന്ദപ്പിള്ള പ്രസ്തുത പത്രത്തിൽ പ്രസിദ്ധം ചെയ്തിരുന്നതും കേസിനു ഹേതുവായതുമായ ഗുണ്ടാരാജ് എന്ന മുഖപ്രസംഗം കോടതിയിൽ വായിച്ചു ക്ഷമായാചനം ചെയ്യണമെന്നു കാണിച്ച് ചീഫ് സെക്രട്ടറി അയച്ച നോട്ടീസിനുശേഷവും ഈദൃശങ്ങളായ ലേഖനങ്ങളും മുഖപ്രസംഗങ്ങളും പ്രസിദ്ധം ചെയ്തിട്ടുണ്ടെന്നു പറഞ്ഞു (നസ്രാണി ദീപിക, 09.01.1931 പു. 2).
കേസുമായി ബന്ധപ്പെട്ടു കോടതിയിൽ നടന്ന കാര്യങ്ങൾ വളരെ വിശദമായി തിരുവിതാംകൂർ പത്രങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു. മള്ളൂർ ഗോവിന്ദപ്പിള്ളയുടെ ഹിയറിംഗിന്റെ ചുരുക്കം ഒരു പത്രത്തിൻ ഇങ്ങനെ കാണുന്നു: “വാദിഭാഗം വക്കീൽ മി. മള്ളൂർ ഗോവിന്ദപ്പിള്ള തിരുവിതാംകൂർ പീനൽകോഡ് 117-ാം വകുപ്പു വായിച്ച് ആ വകുപ്പിൽ അടങ്ങിയിട്ടുള്ള കുറ്റങ്ങളെ വിവരിച്ചശേഷം പ്രോസിക്യൂഷനു ഹേതുവായ ഗുണ്ടാഭരണം എന്ന ലേഖനം വായിച്ചു. അതു തിരുവിതാംകൂർ, ബ്രിട്ടീഷ് ഗവൺമ്മെന്റുകളോടു വെറുപ്പും വിദ്വേഷവും നിന്ദയും എങ്ങിനെ ഉളവാക്കി എന്നു വിശദമാക്കുകയാണു ചെയ്തത്. അനന്തരം പ്രസ്തുത പത്രത്തിൽ പ്രസിദ്ധം ചെയ്തിരുന്ന സ്വാതന്ത്ര്യഭാരതത്തിൽ കേരളം എവിടെ? ഇമിറ്റേഷ്യൻ ഗവർമ്മെന്റ് എന്നിത്യാദി ലേഖനങ്ങൾ വായിച്ചു അവയിൽ നിന്നു പല ഭാഗങ്ങളും ഉദ്ധരിച്ചു പ്രതികൾ ഗവൺമെന്റിനോടു വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്നതിനു മനഃപൂർവമായി തുനിഞ്ഞു എന്നും വിശദപ്പെടുത്തി. ഇതിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയേപ്പോലെ കുറ്റക്കാരനാണെന്നും അവർ രണ്ടാളും ജോയിന്റ് എഡിറ്റേഴ്സായിട്ടാണു പ്രസിദ്ധപ്പെടുത്തീട്ടുള്ളതെന്നും മറ്റും വാദിച്ചു. ഒടുവിൽ ഗവൺമെന്റിനു പ്രതികാരം ചെയ്യണമെന്നു ഉദ്ദേശമില്ലായിരുന്നു എന്നും ക്ഷമായാചനം ചെയ്യണമെന്നാവശ്യപ്പെട്ടാറെ പ്രതികൾ അതിനു വിസമ്മതിച്ചതിനു പുറമേ പ്രസ്തുത ലേഖനങ്ങൾ റീപ്രിന്റ് ചെയ്തു കൊല്ലം മുതലായ പട്ടണത്തിൽ വിതരണം ചെയ്തു എന്നും അവ വീണ്ടും പ്രസിദ്ധീകരിച്ചതു തന്നെ രാജദ്രോഹമാണ്’’. തിരുവിതാംകൂറിലെ അന്നത്തെ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളിലൊന്നായി ഭജേഭാരതം കേസ് മാറി. കോടതിവിധിയിൽ മാത്തുണ്ണിക്കും ശങ്കരപ്പിള്ളയ്ക്കും കഠിനതടവും 250 രൂപ പിഴയും വിധിച്ചു. 1930/31 കാലയളവു വരെ ഭജേഭാരതം പത്രം നിലനിന്നിരുന്നു.
ഔദ്യോഗിക ചരിത്രരേഖകളിൽനിന്നു പുറത്ത്
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു മഹത്തായ സംഭാവനകൾ നല്കിയ മലയാളിയായ എം. മാത്തുണ്ണിയെക്കുറിച്ച് പക്ഷേ ചരിത്രം ഒന്നും രേഖപ്പെടുത്തിയില്ല. പലതരത്തിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടും അദ്ദേഹത്തിന്റെ ഒരു ചിത്രമോ ഭജേഭാരതം പത്രത്തിന്റെ ഒരു കോപ്പിപോലുമോ ലേഖകന് ഇനിയും ലഭ്യമായിട്ടില്ല. മാത്തുണ്ണിയുമായി നേരിട്ടു ബന്ധമുള്ള ഏതാനും ചിലരുടെ ആത്മകഥകളും അക്കാലത്തെ പത്രങ്ങളും ഉപയോഗിച്ചാണ് മാത്തുണ്ണിയുടെ ജീവിതത്തെയും കാലത്തെയും കണ്ടെത്താനുള്ള ശ്രമം നടത്തിയത്. ഇനിയും കൂടുതൽ രേഖകൾ കണ്ടെത്തി ധീരദേശാഭിമാനിയുടെ ധന്യജീവിതത്തെ കൂടുതൽ വ്യക്തമായി അടയാളപ്പെടുത്തേണ്ടതുണ്ട്.
(അവസാനിച്ചു)