മുനമ്പം: ജുഡീഷൽ കമ്മീഷൻ ആഴത്തിൽ പരിശോധിക്കണം
ഫാ. ജോഷി മയ്യാറ്റിൽ
Thursday, December 12, 2024 2:02 AM IST
മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ചിരിക്കുന്ന ജുഡീഷൽ കമ്മീഷൻ ഭൂവിഷയം അടിസ്ഥാനരേഖ മുതൽ പഠനവിധേയമാക്കുമെന്ന് പ്രതീക്ഷിക്കാം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും അല്ലെന്നുമുള്ള വാദങ്ങളാണ് ഇവിടെ ഉയർന്നിട്ടുള്ളത്.
വഖഫ് അനുകൂല വാദഗതികൾ
1989-1991 കാലഘട്ടത്തിൽ ഫാറൂഖ് കോളജിന്റെ പക്കൽനിന്ന് നാട്ടുകാർ വാങ്ങിയ മുനമ്പം ഭൂമി വഖഫാണ് എന്ന് വഖഫ് ബോർഡ് 2009 ജൂൺ 24ന് പ്രഖ്യാപിക്കുകയും 2019ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരപ്പട്ടികയിലേക്ക് എഴുതിച്ചേർക്കുകയും സർക്കാർ രേഖകളിൽ കൈവശക്കാരുടെ ഉടമസ്ഥാവകാശം നീക്കം ചെയ്യുകയും ചെയ്തതിലൂടെയാണ് മുനമ്പം നിയമപരമായി വഖഫ് ഭൂമിയായി മാറിയത്.
മുനമ്പം വഖഫ് ഭൂമിയാണെന്നു പറയാൻ വഖഫ് ബോർഡിന് ഒറ്റ കാരണമേയുള്ളൂ: സിദ്ദിഖ് സേട്ടു എന്ന വ്യക്തി ഫാറൂഖ് കോളജ് മാനേജിംഗ് കമ്മിറ്റിയുടെ പേരിൽ 1950 നവംബർ ഒന്നിന് രജിസ്റ്റർ ചെയ്ത 2115-ാം നമ്പർ ആധാരത്തിൽ കാണുന്ന ‘വഖഫ് ആധാരം’ എന്നും ‘വഖഫായി’ എന്നുമുള്ള രണ്ടു പ്രയോഗങ്ങൾ! ആ ‘കാരണം’ ആണ് 1995ലെ വഖഫ് ആക്ടിന്റെ 40-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിലെ പഴുതുകൾ ഉപയോഗിച്ച് വഖഫ് ബോർഡിന് മുനമ്പം ഭൂമി വഖഫാണെന്നു ‘വിശ്വസിക്കാൻ കാരണം’ ആയി ഭവിച്ചത്!
മുനമ്പം വഖഫ് ഭൂമിയാണെന്ന് വാദിക്കുന്നവരുടെ മറ്റൊരു വാദം പറവൂർ സബ് കോടതിയിലും ഹൈക്കോടതിയിലും മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന വിധിയുണ്ട് എന്നതാണ്. സിദ്ദിഖ് സേട്ടു ഫാറൂഖ് കോളജിന് എഴുതിക്കൊടുത്തത് വഖഫ് ഡീഡ് ആണോ ഗിഫ്റ്റ് ഡീഡ് ആണോ എന്നുള്ള കാര്യം വഖഫ് ട്രൈബ്യൂണലിനു മുന്നിൽ അല്ലാതെ മറ്റൊരു കോടതിയിലും മുഖ്യ പരിഗണനാവിഷയമായി ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. 1967 മുതൽ 1971 വരെ പറവൂർ കോടതിയിൽ നടന്ന കേസിന്റെ വിധിയിൽ 43-ാമത്തെ നമ്പരായി കാണുന്ന ഒരു പരാമർശത്തെ മാത്രം ആശ്രയിച്ച് ഇത് വഖഫ് ഭൂമിയായി കണക്കാക്കാനാവില്ല.
വഖഫ് ആധാരം എന്ന് ശീർഷകത്തിൽ കണ്ടതുകൊണ്ടു മാത്രം വഖഫ് ഡീഡായി ഒരു പ്രമാണത്തെ പരിഗണിക്കാനാവില്ല എന്ന കോടതി വിധികൾ നിലവിലുണ്ട്. ആ വിവേകപൂർണമായ നിലപാട് 1971ൽ ഹൈക്കോടതി പരിഗണിച്ച കേസിന്റെ 1975ലെ വിധിയിൽ കാണാം. അതിൽ ഒരിടത്തും ‘വഖഫ് ഡീഡ്’ എന്ന സൂചനയില്ല. മറിച്ച്, മൂന്നിടത്ത് വ്യക്തമായി കാണുന്നത് ‘ഗിഫ്റ്റ് ഡീഡ്’ എന്നാണ്.
കേരള നിയമസഭയിൽ മുനമ്പം ഭൂമി വഖഫാണെന്നു പരാമർശമുണ്ട് എന്നതാണ് മറ്റൊരു വാദം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. ഫാറൂഖ് കോളജും നാട്ടുകാരും തമ്മിൽ 1961ൽ പ്രശ്നമുണ്ടായപ്പോൾ മുനമ്പംകാരെ പോലീസ് അറസ്റ്റ് ചെയ്തതു സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സി.ജി. ജനാർദനനോട് ആഭ്യന്തര മന്ത്രി പി.ടി. ചാക്കോ പറഞ്ഞത് “ആ ഭൂമി ഫാറൂഖ് കോളജിന്റെ വകയാണ്” എന്നാണ്; വഖഫ് ഭൂമിയാണ് എന്നല്ല.
വഖഫ് പ്രതികൂല വാദഗതികൾ
ഒരു വസ്തു വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കുമ്പോൾ ആദ്യമായി പരിഗണിക്കേണ്ട വിഷയം വഖഫുണ്ടാക്കി എന്നു പറയുന്ന വ്യക്തിക്ക് (വാഖിഫ്) വഖഫായി പ്രഖ്യാപിച്ച വസ്തുവിൽ പരിപൂർണ ഉടമസ്ഥത ഉണ്ടായിരുന്നോ എന്ന കാര്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 1950 നവംബർ ഒന്നിന് സിദ്ദിഖ് സേട്ടു ഫറൂഖ് കോളജ് മാനേജിംഗ് കമ്മിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്ത 2115-ാം നമ്പർ ആധാരം പരിശോധിക്കപ്പെടേണ്ടത്. ഇതു സംബന്ധിച്ച് സ്റ്റാലിന് ദേവന്റെ കണ്ടെത്തലുകൾ സുപ്രധാനമാണ്. അവ വിശദമാക്കാം.
ആറു വയസുള്ള ഏകമകൾ ആമിനയെ മാത്രം അവശേഷിപ്പിച്ചാണ് മൂസ അബ്ദുൾ കരീം സേട്ടു 1945 മേടം ആറിന് മരിച്ചത്. അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന വസ്തുവകകളുടെ റിസീവറായി 1946ൽ കോടതി നിയോഗിച്ച ആളാണ് സിദ്ദിഖ് സേട്ടു എന്ന് 1947 (1122) കർക്കിടകം 12ന് രജിസ്റ്റർ ചെയ്യപ്പെട്ട ഭാഗപത്രത്തിൽ കാണുന്നു. അതിൽ പറയുന്ന വസ്തുക്കളിൽ ഒരു ഭാഗമാണ് 1951ലെ ആധാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. അത്തരം ഒരു വസ്തു കുട്ടി മൈനർ ആയിരിക്കുമ്പോൾ തന്നെ (11 വയസ്) വഖഫാക്കാൻ സിദ്ദിഖ് സേട്ടുവിന് ശരിയത്ത് നിയമപ്രകാരവും മറ്റ് സെക്കുലർ നിയമപ്രകാരവും കഴിയുമോ എന്നതിന് ഉത്തരം കിട്ടണം.
ശരിയത്ത് നിയമപ്രകാരം ഒരു വ്യക്തി മരിച്ചാൽ അയാളുടെ വസ്തുക്കളിൽ ആദ്യ അവകാശികൾ ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരാണ്. മൂസാ സേട്ടു മരിച്ചത് മുപ്പതാം വയസിലാകും. അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും അന്ന് ജീവിച്ചിരുന്നു.
എന്നാൽ, മൂസയുടെ മരണാനന്തരം അദ്ദേഹത്തിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 1947ൽ നടന്ന ഭാഗപത്രത്തിൽ വെളിവാകുന്നത്: മൂസയുടെ നാലു സഹോദരിമാർ തമ്മിൽ വസ്തുവിന്റെ അവകാശം സംബന്ധിച്ച് എറണാകുളം അഞ്ചികൈമൾ ഡിസ്ട്രിക്ട് കോർട്ടിൽ വ്യവഹാരങ്ങൾ നിലനിന്നിരുന്നു; മുഴുവൻ വസ്തുക്കളും കോടതി നിയമിച്ച സിദ്ദിഖ് സേട്ടുവിൽ നിക്ഷിപ്തമായിരുന്നു; മൈനറായ ആമിനയുടെ സംരക്ഷണത്തിനായി അദ്ദേഹത്തെത്തന്നെ നിയമിച്ചിരുന്നു. ഭാഗപത്രത്തിൽ മൂസയുടെ ഭാര്യയോ മാതാപിതാക്കളോ കക്ഷികൾ ആയിരുന്നില്ല എന്ന് മാത്രമല്ല, അവരെക്കുറിച്ച് ഒരു പരാമർശംപോലുമില്ല.
ആമിനയുടെ റിസീവറും ഗാർഡിയനുമായി ഒരു കോടതി നിയോഗിച്ചു എന്ന് പറയപ്പെടുന്ന (കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ഭാഗപത്രത്തിലില്ല) സിദ്ദിഖ് സേട്ടുവും മൂസയുടെ സഹോദരിമാരായ മറിയം ബായി, ജിംബു ബായി, ഫാത്തിമാ ബായി, റുക്കു ബായി എന്നിവർ ചേർന്ന് 1947 കർക്കിടകം 12ന് 70-ാം നമ്പരായി ഭാഗപത്രം നടത്തിയപ്പോൾ മൈനറായ ആമിനയ്ക്ക് പട്ടിക തിരിച്ച് ഭാഗം നൽകിയിരുന്നില്ല. എന്നാൽ, ജിംബു ബായിക്ക് നൂറുകണക്കിന് ഏക്കർ ലഭിച്ചു. അതിൽ ഒരു ഭാഗമാണ് മുനമ്പത്തെ വിവാദ വസ്തു. ജിംബു ബായി തനിക്ക് ഭാഗാധാരപ്രകാരം ലഭിച്ച വസ്തുക്കളിൽനിന്നു 404.76 ഏക്കർ വസ്തു സിദ്ദിഖ് സേട്ടുവിന് 1948ൽ 875-ാം നമ്പർ തീറാധാരമായി കൊടുത്തു എന്നാണ് രേഖ.
ആമിന മൈനർ ആയിരിക്കെ ബാപ്പ മൂസയുടെ സ്വത്ത് ജിംബു ബായിക്കും ഫാത്തിമാ ബായിക്കുമായി വീതിച്ചു നല്കി എന്നാണ് ഭാഗാധാരത്തിൽ കാണുന്നത്. അതിൽനിന്ന് ഒരു ഭാഗമാണ് (മുനമ്പം) ജിംബുഭായി സിദ്ദിഖ് സേട്ടുവിന് വിറ്റതെന്ന് തീറാധാരത്തിൽ കാണുന്നു. കുട്ടി പ്രായപൂർത്തിയാകുമ്പോൾ ഭാഗാധാരം ചോദ്യം ചെയ്യാനുള്ള അവകാശം അവൾക്ക് ഉണ്ടായിരിക്കേ, എന്നന്നേക്കുമായി അതു വഖഫ് ചെയ്യാൻ 1950ൽ സിദ്ദിഖ് സേട്ടുവിന് ഒരു കാരണവശാലും സാധിക്കുമായിരുന്നില്ല.
വഖഫ് നിയമത്തിന്റെ നാലാം വകുപ്പു പ്രകാരം ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കുന്നതിനു മുമ്പ് സർവേ കമ്മീഷണർ സർവേ നടത്തേണ്ടതുണ്ട്. അതു നടത്താതിരുന്നാൽ വഖഫ് പ്രഖ്യാപനം അസാധുവായിരിക്കും എന്നാരു വിധി സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് (cf. 2023 KHC OnLine 6590). 2009ലെ വഖഫ് പ്രഖ്യാപനത്തിനു മുമ്പോ പിമ്പോ മുനമ്പം ഭൂമി സർവേക്കു വിധേയമായിട്ടില്ല എന്നതിന് മുനമ്പത്തെ നാട്ടുകാർ തന്നെ സാക്ഷി! സർവേ നടത്തി അതിരുകൾ തിരിച്ചല്ലാതെ എങ്ങനെയാണ് വഖഫ് ബോർഡിന് ഭൂമി വഖഫായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്?
1950ലെ ഡീഡിൽ ഫാറൂഖ് കോളജിന് ക്രയവിക്രയ സർവസ്വാതന്ത്ര്യമുണ്ട് എന്ന് എഴുതിവച്ചിട്ടുണ്ട്. എങ്കിൽ ആ ഡീഡ് എങ്ങനെ വഖഫ് ഡീഡാകും? ഫാറൂഖ് കോളജ് നിലച്ചുപോവുകയോ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നതി എന്ന ലക്ഷ്യത്തിനായി ഭൂമി ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ വസ്തു തന്റെ പിൻഗാമികളിലേക്ക് തിരികെയെത്തണം എന്ന് ഡീഡിൽ കാണുന്നുണ്ട്. അങ്ങനെ വ്യവസ്ഥ വച്ചാൽ അത് എങ്ങനെ വഖഫ് ആകും?
ഒരു ലക്ഷം ഉറുപ്പിക വില നിശ്ചയിച്ചായിരുന്നു സിദ്ദിഖ് സേട്ടു ഭൂമി ഫാറൂഖ് കോളജിനു നല്കിയത് എന്ന് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ, ഫാറൂഖ് കോളജ് പ്രിൻസിപ്പൽ, വഖഫ് ബോർഡ് ചെയർമാൻ എന്നിങ്ങനെ വിവിധ തസ്തികകൾ വഹിച്ചിരുന്ന പ്രഫ. കെ.എ. ജലീൽ ആത്മകഥയിൽ എഴുതിയിട്ടുണ്ട് (അധ്യായം 18; പേജ് 109). പണം വാങ്ങി വിറ്റത് എങ്ങനെ വഖഫ് ഭൂമിയാകും?
ഇത്തരം വാദപ്രതിവാദങ്ങൾ ജുഡീഷൽ കമ്മീഷൻ ഗൗരവമായി പരിശോധിക്കുമെന്നു പ്രതീക്ഷിക്കാം.