മാത്തുണ്ണി ചെങ്ങന്നൂരിൽ
മാത്യു ആന്റണി
Thursday, December 12, 2024 1:58 AM IST
മലബാർ വിട്ടു സ്വദേശത്തെത്തിയ മാത്തുണ്ണി ചെങ്ങന്നൂരിൽ കോൺഗ്രസ് പ്രസ്ഥാനം രൂപീകരിക്കാൻ മുൻകൈയെടുത്തു. അക്കാലത്ത് ബാരിസ്റ്റർ ജോർജ് ജോസഫും സമാനമായ താത്പര്യത്തോടെ ചെങ്ങന്നൂരിൽ പ്രവർത്തിച്ചിരുന്നു.
മാത്തുണ്ണിയും ബാരിസ്റ്ററും ചിറ്റേടത്ത് ശങ്കുപിള്ളയും ചേർന്ന് ചെങ്ങന്നൂരിൽ തിരുവിതാംകൂർ രാഷ്ട്രീയ മഹാസമ്മേളനം വിളിച്ചുചേർത്തു. 1922 ഏപ്രിൽ 30, മേയ് ഒന്ന് തീയതികളിലായിരുന്നു ചെങ്ങന്നൂർ കോൺഗ്രസ് സമ്മേളനം. എ.കെ. പിള്ള, കെ. കുമാർ എന്നിവരൊക്കെ സമ്മേളനത്തിന്റെ മുഖ്യനേതൃസ്ഥാനത്തുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് തിരുവിതാംകൂറിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഉണ്ടാവുന്നത്.
വൈക്കം സത്യഗ്രഹം
വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിൽക്കൂടി ഈഴവർ, പുലയർ തുടങ്ങിയ ജാതിയിൽപ്പെട്ടവർക്കുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനായി നടന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിൽ(1924-25) എം. മാത്തുണ്ണി സജീവമായി പങ്കെടുത്തിരുന്നു. സത്യഗ്രഹം സംബന്ധിച്ച് തിരുവിതാംകൂറിൽ പ്രചാരണം നടത്താൻ തെരഞ്ഞെടുക്കപ്പെട്ട സമിതിയിൽ അദ്ദേഹം അംഗമായിരുന്നു. സത്യഗ്രഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദിവാനുമായും മറ്റു നേതാക്കളുമായും ചർച്ചചെയ്യുന്നതിനായി നായർ, ഈഴവ വിഭാഗത്തിൽപ്പെട്ടവർ ഒത്തുകൂടി രൂപീകരിച്ച കമ്മിറ്റിയിൽ മാത്തുണ്ണിയെയും ഉൾപ്പെടുത്തിയിരുന്നു.
എം. മാത്തുണ്ണി തിരുവിതാംകൂറിലെ ഒരു പൊതുയോഗത്തിലും പ്രസംഗിക്കാൻ പാടില്ലായെന്ന നിരോധന ഉത്തരവ് ഗവൺമെന്റ് നല്കി. 1925 ഓഗസ്റ്റ് ഏഴിന് തിരുവിതാംകൂർ രാജകൊട്ടാരത്തിൽനിന്നു ദിവാനയച്ച ഒരു കത്തിൽ മാത്തുണ്ണിയടക്കമുള്ള ഏഴു പേരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് ഏർപ്പെടുത്തിയിരുന്ന ഈ നിരോധനം പിൻവലിക്കുന്നതിന് മഹാറാണി നിർദേശം നല്കി. മഹാത്മാഗാന്ധിയുടെ ചെങ്ങന്നൂർ സന്ദർശന പരിപാടിയുടെ പ്രധാന സംഘാടകനും മാത്തുണ്ണിയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുരംഗത്ത്
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് (TLC 14; 1928-31) കൊ.വ 1103 (1928) നടന്ന തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ പത്തനംതിട്ട മണ്ഡലത്തിൽ മാത്തുണ്ണി മത്സരിച്ചു. ചെങ്ങന്നൂർ താമരപ്പിള്ളി കൊച്ചുതൊമ്മൻ മുതലാളിയായിരുന്നു എതിരാളി. വാശിയേറിയ ഒരു വലിയ മത്സരമായിരുന്നു അത്. ഇരുവരും ഏറെ പണം ചെലവാക്കി. വിദ്യാസമ്പന്നർക്കെല്ലാം മാത്തുണ്ണിയെപ്പറ്റി വളരെ മതിപ്പായിരുന്നു. ധാരാളം പണം ഇറക്കി കൊച്ചുതൊമ്മൻ വിജയം നേടി (നസ്രാണി ദീപിക, 04.06.1928, പു. 3). ഈ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇ.വി. കൃഷ്ണപിള്ള എഴുതുന്നു: “ബുദ്ധിശക്തിയിലും സംഭാഷണചാതുരിയിലും മാത്തുണ്ണി ഗണനീയൻ തന്നെ ആയിരുന്നു. എതിരാളിയായ താമരപ്പിള്ളിക്ക് ഈ വകകൾ ഒന്നും ഇല്ലായിരുന്നുതാനും. അങ്ങനെയൊക്കെ ആണെങ്കിലും മുതലാളിയുടെ പണം വിജയം കരസ്ഥമാക്കി” (ഇ.വിയുടെ തിരഞ്ഞെടുത്ത കൃതികൾ, 1994:863). ശ്രീമൂലം പ്രജാസഭ (TSMA-2;1937-44)യിലേക്കുള്ള തെരഞ്ഞെടുപ്പിൽ (1937) നാമനിർദേശപത്രിക സമർപ്പിച്ചിരുന്നുവെങ്കിലും അവസാനനിമിഷം പിന്മാറി.
ആദർശപ്രണയിയായ ഈ യുവാവിന് വീട്ടുകാര്യങ്ങൾ നോക്കുന്നതിന് സൗകര്യമില്ലാതെ പോയതും സ്നേഹിതന്മാരെ അതിരു കടന്നു സഹായിക്കേണ്ടിവന്നതും ഈ തെരഞ്ഞെടുപ്പിന് ധാരാളം പണം ചെലവാക്കേണ്ടി വന്നതും ഒക്കെക്കൊണ്ട് അദ്ദേഹം പിൽക്കാലത്ത് നിർധനനായിത്തീർന്നു എന്നും ഇ.വി. കൃഷ്ണപിള്ള ജീവിതസ്മരണകളിൽ രേഖപ്പെടുത്തുന്നു.
ചെങ്ങന്നൂർ പൗരസമത്വവാദ സമ്മേളനം
ഭജേഭാരതം പത്രാധിപർ എം. മാത്തുണ്ണിയുടെ ഉജ്വലഗംഭീരമായ സ്വാഗതപ്രസംഗമാണ് ആദ്യമായി നടന്നത്. “ഇന്നത്തെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നാനാവശങ്ങളെയും സന്ധിയാലോചനയിൽ ഉൾപ്പെടെ കൂട്ടർക്കു പറ്റിയ അമളിയെയും ജനങ്ങൾതന്നെ നേതാക്കന്മാരെ സൃഷ്ടിക്കേണ്ട അത്യന്താവശ്യകതയെയും വിജയലക്ഷ്യം വരെ പ്രക്ഷോഭണം ശക്തിയായി നടത്തികൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെയും മറ്റുംപറ്റി മാത്തുണ്ണി ചെയ്ത പ്രസംഗം ശ്രദ്ധേയമായ ഒന്നുതന്നെയായിരുന്നുവെന്നു ചുരുക്കിപ്പറയുവാനേ നിവർത്തിയുള്ളൂ” (നസ്രാണി ദീപിക 9.02.1934, പു. 5)
തികഞ്ഞ ഗാന്ധിയൻ
ആദർശാധിഷ്ഠിതമായൊരു രാഷ്ട്രീയ ജീവിതത്തിനുടമയായിരുന്നു എം. മാത്തുണ്ണി. മഹാത്മാഗാന്ധി ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയാചാര്യൻ. അഹിന്ദുക്കൾ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കേണ്ടതില്ല എന്ന ഗാന്ധിജിയുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹം സമരത്തിൽനിന്നു പിന്മാറിയത്. എങ്കിലും പ്രചാരണ പരിപാടികളിലും മറ്റും സജീവമായിരുന്നു. ഗാന്ധിജിയുടെ തിരുവിതാംകൂർ സന്ദർശനങ്ങളിൽ പ്രാദേശിക തലങ്ങളിലെ സംഘാടനങ്ങളിൽ മാത്തുണ്ണി നിറഞ്ഞുനിന്നു. ഗാന്ധിയൻ ആദർശത്തെ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു ഭജേഭാരതം പത്രം നടത്തിയിരുന്നുത്.
അന്ത്യനിദ്ര
മാത്തുണ്ണി 1937 ഏപ്രിൽ 17ന് മാത്തുണ്ണി അന്തരിച്ചു. ടൈഫോയ്ഡ് ആയിരുന്നു മരണകാരണം. തിരുവല്ല ആശുപത്രിയിലായിരുന്നു അന്ത്യം. പത്രങ്ങളിൽ വന്ന മരണവാർത്തയിൽനിന്ന് ഒരു ഭാഗം ഇവിടെ ചേർക്കാം: “ശ്രീമൂലം അസംബ്ലി സ്ഥാനത്തിനുവേണ്ടി സമർപ്പിച്ചിരുന്ന നിർദ്ദേശപത്രിക കഴിഞ്ഞ വെള്ളിയാഴ്ച പിൻവലിച്ചശേഷം ഏതോ കാര്യത്തിനായി സ്വമാതൃസഹോദരിപുത്രനായ, കുമ്പനാട്ടു സോപ്പ് ഫാക്ടറി ഉടമസ്ഥൻ മി.മാത്യൂസിന്റെ വസതിയിലേക്കു പോകയും ഞായറാഴ്ച ഒരു പനി പിടിപെടുകയും അതു വിഷമജ്വരമായി പരിണമിക്കുകയും ഇന്നലെവരെ അവിടത്തന്നെ തിരുവല്ലാ മെഡിക്കലോഫീസർ ഡാക്ടർ സി.കെ. ജോർജിന്റെ ചികിത്സയിൽ കിടന്നശേഷം ഡാക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് അഞ്ചു മണിക്കു തിരുവല്ലാ അസ്പത്രിയിലേക്കു കൊണ്ടു പോകയും അവിടെ വച്ചു ചരമം പ്രാപിക്കയുമാണുണ്ടായത്.” പിറ്റേന്ന് ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ പ്രത്യേകം തയാറാക്കപ്പെട്ട കല്ലറയിൽ സംസ്കാരം നടത്തി. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് ആയിരുന്നു സംസ്കാര കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചത്.
(തുടരും)