ആരോഗ്യം സർക്കാരിന്റെയും ഉത്തരവാദിത്വം
ജോബി ബേബി
Thursday, December 12, 2024 1:55 AM IST
സുസ്ഥിര വികസനം ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാജ്യങ്ങൾ 2030ഓടെ ആഗോള ആരോഗ്യ പരിരക്ഷ പൂർണമായും കൈവരിക്കും എന്ന പ്രതീക്ഷയിലാണ് പ്രവർത്തിച്ചുപോരുന്നത്. സാമ്പത്തികമായതോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ ആർക്കും ആരോഗ്യ പരിരക്ഷ നിഷേധിക്കപ്പെടരുത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാഴ്ചപ്പാട്.
ഡിസംബർ 12 ആഗോള സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനമായി ലോകമെങ്ങും ആചരിക്കുന്നതിന്റെ ലക്ഷ്യവും ഇതുതന്നെ. ‘ആരോഗ്യം സർക്കാരിന്റെയും കൂട്ടുത്തരവാദിത്വം’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിലൂടെ തൊഴിലാളികളുടെ പങ്കാളിത്തവും ഉത്പാദനക്ഷമതയും വർധിക്കും. അത് വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും പ്രതിരോധശേഷി ഉയർത്തുന്നതിന് ഇടയാക്കും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനം ചെയ്യുന്നതിന് ഇത് സഹായിക്കുകയും ചെയ്യും എന്നതെല്ലാമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.
2015ൽ സ്വീകരിച്ച സുസ്ഥിര വികസന അജൻഡ പ്രകാരം ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരും സർക്കാരുകളും ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിനും എല്ലാവരുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്. സാർവത്രിക ആരോഗ്യ പരിരക്ഷയെക്കുറിച്ച് 2019, 2023 വർഷങ്ങളിൽ നടത്തിയിട്ടുള്ള ഉന്നതതല യോഗങ്ങളിൽ സ്വീകരിച്ച രാഷ്ട്രീയ പ്രഖ്യാപനങ്ങളിൽ അവർ ഈ പ്രതിബദ്ധതകൾ ആവർത്തിച്ചു. എന്നിട്ടും കോടിക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അവശ്യ ആരോഗ്യ സേവനങ്ങൾ ലഭ്യമല്ല.
ഇന്ത്യയിലെ സ്ഥിതി
ഇന്ത്യയിലെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തവും എല്ലാവര്ക്കും പ്രാപ്യവുമാക്കുന്നതിനുവേണ്ടി ലോകാരോഗ്യ സംഘടനയും ഭാരതസർക്കാരും നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ജനസംഖ്യയുടെ വർധനയും ആരോഗ്യ പ്രവർത്തകരുടെ കുറവും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ക്ലേശങ്ങളടക്കമുള്ള കാരണങ്ങളുമാണ് ആധുനിക ചികിത്സാ സംവിധാനങ്ങള്‍ സാധാരണക്കാരായ ആളുകള്‍ക്ക് അപ്രാപ്യമാക്കുന്നത്.
ഈ പ്രതിസന്ധികളെ മറികടക്കാൻ ലക്ഷ്യമിടുന്നതാണ് ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്, ദേശീയ ആരോഗ്യ മിഷന്, ജനനി സുരക്ഷ യോജന, മിഷന് ഇന്ദ്രധനുഷ്, ദേശീയ ആരോഗ്യ നയം 2017, ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, ഇഎസ്ഐഎസ്, സിജിഎച്ച്എസ്, ആയുഷ്മാന്‍ ഭാരത് യോജന, പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികളെല്ലാം.
അവയിൽ ഏറ്റവും പ്രധാനമായ ഒരു പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ. രാജ്യത്ത് 70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്ന പുതിയ പദ്ധതി. കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെതന്നെ 70 വയസ് കഴിഞ്ഞ എല്ലാവർക്കും പദ്ധതി പ്രയോജനപ്പെടുത്താം.
സാർവത്രിക ആരോഗ്യ പരിരക്ഷ സാധ്യമാക്കാന്‍
ഒരു സമൂഹത്തിൽ, അല്ലെങ്കിൽ ഒരു രാജ്യത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ സാധ്യമാക്കുന്നതിന് നിരവധി ഘടകങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടന യൂണിവേഴ്സൽ ഹെൽത്ത് കവറേജ് റിപ്പോർട്ടിൽ പറയുന്നത്.
●ശക്തവും കാര്യക്ഷമവും നന്നായി പ്രവർത്തിക്കുന്നതുമായ ആരോഗ്യ സംവിധാനം: ജനങ്ങളെ കേന്ദ്രീകരിച്ച് കൃത്യമായ സംയോജിത പരിചരണം വഴി മുൻഗണന നൽകിയുള്ള ആരോഗ്യ പ്രവർത്തനങ്ങൾ. ഇതു മുൻനിർത്തി ആരോഗ്യം നിലനിർത്താനും രോഗം തടയാനും ആളുകളെ അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ആരോഗ്യപ്രശ്നങ്ങൾ നേരത്തേതന്നെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളാണ് മറ്റൊന്ന്. ഒപ്പം, രോഗികളുടെ പുനരധിവാസത്തിനുവേണ്ട സഹായങ്ങൾ നൽകുകയും ചെയ്യണം.
●താങ്ങാനാവുന്ന ചെലവുകൾ: ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുമ്പോൾതന്നെ ഇതിന് വരുന്ന ചെലവുകൾ ആളുകൾക്ക് ഉൾക്കൊള്ളാനാകുമോ എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ധനസഹായം ഉൾപ്പെടെ ലഭ്യമാക്കാൻ നടപടികൾ വേണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചികിത്സയ്ക്ക് ഒരു തടസമാവരുത്.
●ആരോഗ്യപ്രശ്നങ്ങൾ നേരത്തേതന്നെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള ഏറ്റവും നൂതന സാധ്യതകൾ എല്ലാവർക്കും ഒരുപോലെ ലഭിക്കാനുള്ള നടപടികൾ ഉണ്ടാകണം.
●കൃത്യമായി പരിശീലനം ലഭിച്ച, ആത്മാർഥമായി ജോലിചെയ്യുന്ന ആരോഗ്യരംഗത്തെ ഏറ്റവും മികച്ച ആളുകളുടെ സേവനംതന്നെ അടിയന്തര ഘട്ടങ്ങളിൽ ഉറപ്പാക്കണം. വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.
സാർവത്രിക ആരോഗ്യ പരിരക്ഷ എന്നത് സുസ്ഥിര വികസനത്തിന്റെയും ദാരിദ്ര്യ നിർമാർജനത്തിന്റെയുംകൂടി ആണിക്കല്ലാണ്. സാമൂഹിക അസമത്വങ്ങൾ കുറയ്ക്കുന്നതിനുള്ള ഘടകമായും ഇത് പ്രവർത്തിക്കും.1948ൽ ലോകാരോഗ്യ സംഘടന ആരോഗ്യം ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു രാജ്യത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷയുണ്ടാകുമ്പോള് വ്യക്തികള്‍ക്ക് മാത്രമല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നത്, സാമൂഹികമായ നേട്ടങ്ങളും ഉണ്ടാകുന്നു.ജനസമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുമ്പോൾ ദാരിദ്ര്യം കുറയുകയും തൊഴില്‍ശേഷി കൂടുകയും സാമ്പത്തിക സുരക്ഷ കൈവരികയും ചെയ്യും.