ഭജേഭാരതം പത്രാധിപർ എം. മാത്തുണ്ണി
മാത്യു ആന്റണി
Wednesday, December 11, 2024 1:55 AM IST
സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കുംവേണ്ടിയുള്ള പോരാട്ടങ്ങളുടെ മറന്നുപോയ ഓർമകൾ വീണ്ടെടുക്കേണ്ടത് വർത്തമാനകാലത്തിന്റെ ചരിത്രപരമായ ബാധ്യതയാണ്. ചരിത്രം വർത്തമാനത്തിനു സാധ്യതയും ഭാവിക്കു മൂലധനവുമാണ്. ഭൂതകാലത്തിൽനിന്നു പഠിക്കുന്നത് സമകാലത്തെ ആവേശിക്കാനും ഭാവിയെ കരുത്തുള്ളതാക്കാനും സഹായിക്കും. സംഘാതമായ മറവിയോടും മൗനത്തോടും സമരം ചെയ്ത് ചില ഓർമകൾ നിലനിർത്തേണ്ടതുണ്ട്. ഓർമ എല്ലാ ജ്ഞാനത്തിന്റെയും മാതാവാണ് എന്നാണല്ലോ ചൊല്ല്.
അത്തരത്തിൽ ചരിത്രാഖ്യാനങ്ങളും ചരിത്രകാരന്മാരും മറന്നുപോയ ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ രാഷ്ട്രീയ ജീവിതത്തെയും ഓർമകളെയും വീണ്ടെടുക്കാനുള്ള ചരിത്രാന്വേഷണമാണിത്. പത്രത്തെ പൊതുജനാഭിപ്രായ രുപീകരണത്തിനും സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള രാഷ്ട്രീയ ഇടപെടലായി കണ്ട ധീരനായ പത്രപ്രവർത്തകൻ, ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ, വൈക്കം സത്യഗ്രഹസമരപോരാളി, പൗരസമത്വവാദി, ഗാന്ധിയൻ എന്നീ നിലകളിലൊക്കെ ത്യാഗോജ്വലമായി പ്രവർത്തിച്ച ഭജേഭാരതം പത്രാധിപർ എം. മാത്തുണ്ണിയുടെ ചരിത്രം ഇവിടെ വീണ്ടെടുക്കുന്നു.
കുടുംബം, ജനനം
പന്തളം ഉള്ളന്നൂർ ആണ് ഭജേഭാരതം പത്രാധിപർ എം. മാത്തുണ്ണിയുടെ സ്വദേശം. കുടുംബപ്പേര് കുറ്റീപീടികയിൽ. ‘വക്രപ്പുലി’കളുടെയും ‘പെരുമ്പാറ്റ’കളുടെയും ആക്രമണംനിമിത്തം നിലയ്ക്കൽ നഗരം ഉപേക്ഷിച്ചുപോകേണ്ടിവന്നവരിൽ ഒരു കൂട്ടർ അടൂരിനടുത്തുള്ള കടമ്പനാട് എന്ന പ്രദേശത്ത് വന്നു താമസിച്ചു. അവരിൽ പള്ളിവാതുക്കൽ എന്ന പേരിൽ അറിയപ്പെടുന്ന കുടുംബത്തിന്റെ ഒരു ശാഖ പിൽക്കാലത്ത് പന്തളത്തിനടുത്തുള്ള തുമ്പമൺ എന്ന സ്ഥലത്തു കുടിയേറിപ്പാർത്തു. പിന്നീട് തുമ്പമണിലും പരിസരങ്ങളിലുമായി വിവിധ ശാഖകളിലായി അവർ താമസം തുടങ്ങി. ഇതിൽ പന്തളം ഉള്ളന്നൂരിൽ താമസമാക്കിയ കുടുംബമാണ് കുറ്റീപീടികയിൽ. 1896 സെപ്റ്റംബർ ഒമ്പതിനാണ് മാത്തുണ്ണിയുടെ ജനനം.
സ്കൂൾ വിദ്യാഭ്യാസം
ചെങ്ങന്നൂർ ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കാലിന് അല്പം മുടന്തുണ്ടായിരുന്നെങ്കിലും കലാരസികനും ബാഡ്മിന്റൺ മുതലായ കളികളിൽ സമർഥനുമായിരുന്നു. പലപ്പോഴും പലരെക്കുറിച്ചും ഒറ്റ ശ്ലോകങ്ങൾ രചിക്കാറുണ്ടായിരുന്നു. സ്കൂൾ ഫൈനൽ ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടാക്കിയ മുക്തകങ്ങളിൽ ഒന്ന് ഹെഡ്മാസ്റ്റർ ധർമരാജയ്യരെക്കുറിച്ചുള്ളതായിരുന്നു. കലിപൂണ്ട ധർമരാജയ്യർ വേണ്ടത്ര വിശദീകരണം ചോദിക്കാതെ എം. മാത്തുണ്ണിയെ സസ്പെൻഡ് ചെയ്തു. ആ സസ്പെൻഷൻ മാത്തുണ്ണിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കി.
രാഷ്ട്രീയജീവിതത്തിന്റെ തുടക്കം കോൽക്കത്തയിൽ
ചെങ്ങന്നൂർ ഹൈസ്കൂളിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട മാത്തുണ്ണി കോൽക്കത്തയ്ക്ക് തിരിച്ചു. അവിടത്തെ ഒരു കോളജിൽ ചേർന്നു പഠനം തുടർന്നു. അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കോൽക്കത്ത രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. രവീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നിരവധി പ്രമുഖ നേതാക്കളുടെ സാന്നിധ്യം കോൽക്കത്തയ്ക്കു പ്രമുഖ സ്ഥാനം നേടിക്കൊടുത്തു. ഈ കാലഘട്ടത്തിൽ കോൽക്കത്തയുടെ രാഷ്ട്രീയാന്തരീക്ഷം ദേശീയ വികാരം, വിപ്ലവ ആവേശം, തൊഴിലാളി ആക്ടിവിസം എന്നിവയുടെ അലയൊലികൾകൊണ്ടു മുഖരിതമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ദേശീയചിന്തയുടെയും കേന്ദ്രമായ കോൽക്കത്തയിലെ ജീവിതം യുവാവായ മാത്തുണ്ണിയിൽ രാഷ്ട്രീയാഭിമുഖ്യം വളർത്തി.
സ്വാതന്ത്യസമര നേതാക്കളുമായി നിരന്തര സമ്പർക്കങ്ങളിൽ ഏർപ്പെട്ടു. സമരങ്ങളിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങി. സീനിയർ ഇന്റർമീഡിയറ്റ് വിദ്യാർഥിയായിരുന്നപ്പോൾ കോളജിൽനിന്നു ബഹിഷ്കൃതനായി. ദേശീയ സമരത്തിൽ പങ്കെടുത്തു എന്നതായിരുന്നു അധികൃതർ കണ്ടെത്തിയ കുറ്റം. കോൽക്കത്തയിലെ മറ്റു കോളജുകളിൽ ഏതിലെങ്കിലും ചേരാനുള്ള യത്നങ്ങളും വിഫലമായി.
മദ്രാസിൽ രാഷ്ട്രീയ വിദ്യാഭ്യാസം
ഉന്നതവിദ്യാഭ്യാസം എന്ന ആഗ്രഹം പാതിവഴിയിലുപേക്ഷിച്ച് നാട്ടിലേക്കു തിരിച്ചു. മടക്കയാത്രയിൽ മദ്രാസിലെത്തി. അവിടെ രാഷ്ട്രീയ പ്രവർത്തകർക്കായി നടന്നിരുന്ന ആറുമാസ പരിശീലന പരിപാടിയിൽ ചേർന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കി. അവിടെവച്ച് മദ്രാസ് പ്രവിശ്യയുടെ ഭാഗമായ ബ്രിട്ടീഷ് മലബാറിലെ കോൺഗ്രസ് പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കി. മലബാറിൽ കോൺഗ്രസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള തയാറെടുപ്പുകളോടെ തലശേരിക്കു വണ്ടികയറി.
തലശേരിയിലെ കോൺഗ്രസ് പ്രവർത്തനം
1920ലെ കോൺഗ്രസിന്റെ നാഗ്പുർ സമ്മേളനത്തിൻ സമാധാനപരവും നിയമാനുസൃതവുമായ മാർഗങ്ങളിലൂടെ സ്വയംഭരണം കൈവരിക്കാൻ തീരുമാനം വന്നു. അതിന്റെ ഫലമായി നാട്ടുരാജ്യങ്ങളിൽ പ്രവിശ്യാ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തുടങ്ങി. നിസഹകരണ പ്രസ്ഥാനം, വിദേശവസ്ത്ര ബഹിഷ്കരണം, മദ്യഷാപ്പ് ഉപരോധം തുടങ്ങിയ സമരപരിപാടികളിലൂടെ ഗാന്ധിജിയും കോൺഗ്രസും ജനങ്ങളുടെ രാഷ്ട്രീയബോധ്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന കാലം. തലശേരിയിൽ എത്തിച്ചേർന്ന എം. മാത്തുണ്ണി പൂർണസമയ കോൺഗ്രസ് പ്രവർത്തകനായി. തലശേരിയിലെ കോൺഗ്രസ് സെക്രട്ടറി സ്ഥാനവും അദ്ദേഹം അക്കാലത്തു വഹിച്ചു. മാത്തുണ്ണിയും മൊയ്യാരത്തു ശങ്കരനും പാലത്തിൽ ഗോപാലനും മയ്യഴിക്കാരൻ കുട്ട്യാലിയും ചേർന്നു തലശേരിയിൽ കള്ളുഷാപ്പ് പിക്കറ്റിംഗ് നടത്തിയിരുന്നു. മദ്യപാനത്തിന്റെ ദോഷത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടായിരുന്നു മാത്തുണ്ണി പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തിരുന്നത്.
പതാകസമരം
തലശേരി കോൺഗ്രസ് ഓഫീസിനു മുന്നിലെ മാളികമുകളിൽ തൂക്കിയിരുന്ന പതാക രണ്ടു പോലീസുകാർ അഴിച്ചുമാറ്റി. മാത്തുണ്ണിയും മൊയ്യാരത്ത് ശങ്കരനും കൂടി “ഒരു കൊടി പോയാൽ മറ്റൊരു കൊടി തൂക്കും; അതുപോയാൽ വേറൊന്ന്” എന്ന നിലപാടെടുത്തു. അങ്ങനെ പതാകസമരം ഓഫീസിൽ നടന്നുകൊണ്ടിരുന്നു. കോൺഗ്രസ് പതാക രാജദ്രോഹക്കൊടിയാണ് അതവിടെ തൂക്കാൻ പാടില്ല എന്ന് പോലീസ് ഇൻസ്പെക്ടർ അവിടെയെത്തി പറഞ്ഞു. അങ്ങനെ എഴുതിക്കൊടുക്കാൻ മാത്തുണ്ണി ആവശ്യപ്പെട്ടു. അദ്ദേഹം അതിനു തയാറായില്ല. “ഈ കൊടി ഞങ്ങളുടെ ഓഫീസിൽ കയറി കൊള്ള ചെയ്തതിനു നിങ്ങളുടെ പേരിൽ ഞങ്ങൾ കേസ് കൊടുക്കും” എന്നു മാത്തുണ്ണി പറഞ്ഞതോടെ ഇൻസ്പെക്ടർ സ്ഥലം വിട്ടു.
തുടർന്ന് ഒരു കോൺസ്റ്റബിൾ ഓഫീസിലെത്തി മാത്തുണ്ണിയെ സർക്കിൾ ഇൻസ്പെക്ടർ വിളിക്കുന്നു എന്നു പറഞ്ഞു. മാത്തുണ്ണിയെ കാണണമെങ്കിൽ സർക്കിൾ ഇൻസ്പെക്ടർ തന്റെ ഓഫീസിൽ വരട്ടെ എന്നായി മൊയ്യാരത്ത് ശങ്കരൻ. കോൺസ്റ്റബിൾ ആ വിവരം സർക്കിൾ ഇൻസ്പെക്ടറെ അറിയിച്ചതോടെ സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെത്തി മാത്തുണ്ണിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പതാകസമരം തീരുന്നതുവരെ രഹസ്യസംഭാഷണമൊന്നും നടപ്പില്ല എന്നായിരുന്നു മാത്തുണ്ണി പക്ഷം, അപ്പോൾ ആ ഇൻസ്പെക്ടർ മാത്തുണ്ണിയോടും മൊയ്യാരത്തു ശങ്കരനോടും പറഞ്ഞതിങ്ങനെ: “പോലീസ് സ്റ്റേഷൻ പരിശോധിക്കാൻ ഞങ്ങളുടെ ഡിഎസ്പി വരുന്നുണ്ട്. അദ്ദേഹം കോൺഗ്രസ് കൊടിയുടെ ഒരു ബദ്ധശത്രുവാണ്. അദ്ദേഹം വരുമ്പോൾ ഇവിടെ കൊടി തൂക്കാതിരുന്നാൽ വലിയ ഉപകാരമായിരിക്കും. അദ്ദേഹം വന്നുപോയിട്ട് നിങ്ങൾ എത്ര കൊടി വേണമെങ്കിലും തൂക്കിക്കൊള്ളൂ.” ഇൻസ്പെക്ടർ അങ്ങനെ പറഞ്ഞ് സ്ഥലംവിട്ടു. പിറ്റേന്ന് ഡിഎസ്പി തലശേരിയിൽ വന്നപ്പോൾ ആ പ്രദേശം മുഴുവൻ ചെറുതും വലുതുമായ ദേശീയ കൊടികൾ ഉയർന്നുപറന്നു. അതു മുഴുവൻ രണ്ടോ നാലോ തുന്നൽക്കാർ ഒരു രാത്രികൊണ്ടു ശ്രമിച്ചാലും തുന്നിത്തീർക്കാൻ കഴിയാത്തതായിരുന്നു. അങ്ങനെ അന്നത്തെ പതാകസമരത്തിൽ മാത്തുണ്ണി ജയിച്ചു.
മലബാർ വിടുന്നു
1921ലെ മലബാർ മുസ്ലിം കലാപത്തെത്തുടർന്ന് മലബാറിലെ കോൺഗ്രസിനുള്ളിൽ സാമുദായികമായ വിഭാഗീയത കടന്നുകൂടിയതായി ഖിലാഫത്ത് പ്രവർത്തകനായ ഇ. മൊയ്തു മൗലവിയുടെ ചരിത്രചിന്തകൾ എന്ന പുസ്തകത്തിൽ കാണുന്നു. ഈ വിഭാഗീയതയാണ് എം. മാത്തുണ്ണി മലബാർ വിടാനുള്ള കാരണമായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: “1921ലെ സംഭവങ്ങൾക്കുശേഷം മൗലാനാ ആസാദ് സുബ്ഹാനി, പണ്ഡിറ്റ് മോത്തിലാൽ നെഹ്റു, വിത്തൽ ഭായ് പട്ടേൽ, ഹകീം അജ്മൽഖാൻ മുതലായ മഹാനേതാക്കന്മാർ മലബാറിലേക്ക് പുറപ്പെട്ടു. ലഹളയെ സംബന്ധിച്ച യഥാർഥ വിവരങ്ങൾ അന്വേഷിച്ച് ഒരു റിപ്പോർട്ട് എഴുതുകയെന്നതായിരുന്നു അവരുടെ ആഗമനോദ്ദേശ്യം. അവരെ മലബാറിലേക്ക് പ്രവേശിപ്പിക്കാൻ ഗവൺമെന്റ് അനുമതി നൽകിയില്ല. തത്ഫലമായി അവർ കോയമ്പത്തൂരിൽ താമസിക്കാൻ നിർബന്ധിതരായി.
മലബാറിലെ കോൺഗ്രസ് നേതാക്കൾ കോയമ്പത്തൂരിൽ പോയി ലഹള സംബന്ധിച്ച തെളിവ് കൊടുത്തു. അക്കൂട്ടത്തിൽ മൂന്ന് അമുസ്ലിം യുവാക്കൾ നിഷ്പക്ഷമായ തെളിവുകളാണ് കമ്മിറ്റിക്കു നൽകിയത്. അത് പുറത്തു ഖദറും അകത്ത് വർഗീയതയും വച്ചുപുലർത്തിയിരുന്ന ചില കോൺഗ്രസ് നേതാക്കൾക്ക് ഒട്ടും രസിച്ചില്ല. ചെങ്ങന്നൂർ സ്വദേശിയായ മാത്തുണ്ണി തെളിവ് നൽകിയവരിൽ ഒരാളായിരുന്നു; അദ്ദേഹം ക്രിസ്ത്യാനിയായിരുന്നു. പിന്നീട് ചാലപ്പുറം നേതാക്കന്മാരുടെ കുത്ത് സഹിക്കാതെ മാത്തുണ്ണിക്ക് മലബാർ വിടേണ്ടിവന്നു”.
(തുടരും)