പതിനാറാം ധനകാര്യ കമ്മീഷൻ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നു പ്രതീക്ഷ
കെ.എൻ. ബാലഗോപാൽ (ധനമന്ത്രി)
Wednesday, December 11, 2024 1:50 AM IST
നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തയാറാക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി.
സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധനകാര്യ കമ്മീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ 280-ാം ആര്‍ട്ടിക്കിള്‍ പ്രകാരം രൂപീകരിക്കപ്പെട്ട കേന്ദ്ര ധനകാര്യ കമ്മീഷന്റെ പ്രധാന ചുമതല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയുമാണ്. രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങള്‍ക്ക് നീതിയുക്തമായി ലഭിക്കുന്നതിനുള്ള തീരുമാനങ്ങളും ധനകാര്യ കമ്മീഷനാണ് കൈക്കൊള്ളുന്നത്.
2026 ഏപ്രിൽ ഒന്നുമുതലാണ് കമ്മീഷന്റെ ശിപാർശ പ്രകാരമുള്ള ധനവിഹിതങ്ങൾ കേരളത്തിനു ലഭ്യമായി തുടങ്ങുക. ധനകാര്യ കമ്മീഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കാനായിട്ടുണ്ട്. വിഭവസമാഹരണ അധികാരങ്ങളിലെയും ചെലവിലെയും അസമത്വം കണക്കിലെടുത്ത്, ഈ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഉതകുന്ന നിർദേശങ്ങൾ കമ്മീഷന്റെ ശിപാർശകളിൽ ഉൾപ്പെടേണ്ടതുണ്ട്.
നികുതി വിഹിതത്തിൽ കുറവ്
കേന്ദ്ര നികുതി വരുമാനത്തിന്റെ കേന്ദ്ര-സംസ്ഥാന വിഹിത വിഭജനത്തിലെ അസമത്വം കേരളം കമ്മീഷൻ മുമ്പാകെ ചൂണ്ടിക്കാട്ടി. പതിനഞ്ചാം ധനകമ്മീഷൻ ശിപാർശ പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ച കേന്ദ്ര നികുതിവിഹിതത്തിൽ വലിയ കുറവുണ്ടായി. നികുതിക്കു പകരമായി കേന്ദ്രസർക്കാർ വലിയതോതിൽ സെസും സർചാർജും സമാഹരിക്കാൻ തുടങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 75 ശതമാനത്തിൽനിന്ന് 60 ശതമാനത്തിലേക്ക് ചുരുക്കി.
ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കി. ഇതെല്ലാം സംസ്ഥാനങ്ങൾക്ക് വലിയ വരുമാനനഷ്ടം വരുത്തുന്നു. ഇതുകൂടി പരിഹരിക്കാൻ വിഭജിക്കാവുന്ന കേന്ദ്രനികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവയ്ക്കണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശിപാർശ 41 ശതമാനമായിരുന്നു.
നികുതിയേതര വരുമാനം
കേന്ദ്രസർക്കാരിനു മതിയായ പണലഭ്യത ഉറപ്പാക്കാൻ ഇപ്പോൾ പുതിയ നികുതിയേതര മാർഗങ്ങൾ പലതുമുണ്ട്. കുത്തകാവകാശം നിലനിർത്തിയിട്ടുള്ള പൊതുമേഖലാ കമ്പനികളുടെ ലാഭവിഹിതം, സ്പെക്ട്രം വിൽപ്പന, റിസർവ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയവയിലൂടെ വർഷംതോറും വലിയ തുക ലഭിക്കുന്നു. ഇത്തരം നികുതിയതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധനവിഭവങ്ങളിൽ ഉൾപ്പെടുത്തണം. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതി അടിയന്തരമായി നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും കേരളം നിർദേശിച്ചു.
സംസ്ഥാനങ്ങളുടെ സാഹചര്യം
വികസനവും ഗുണമേന്മയുള്ള സേവനങ്ങളുടെ വിതരണവും തുടങ്ങിയ കാര്യങ്ങളിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള അസമത്വം ഇന്ത്യൻ സമ്പദ്ഘടനയിലെ സ്ഥിരവും വ്യാപകമായതുമായ സവിശേഷതയാണ്. തുല്യതയും നീതിയും അടിസ്ഥാനമാക്കിയും, ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങളിലെ നേട്ടം പ്രകടമാകുന്ന രീതിയിലുമാകണം തിരശ്ചീന വിഹിത കൈമാറ്റ മാർഗനിർദേശങ്ങളുടെ കാതൽ എന്നതാണ് നമ്മുടെ ആവശ്യം. ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്ത സാഹചര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം. ആർട്ടിക്കിൾ 275 പ്രകാരം ഗ്രാന്റുകൾ അനുവദിക്കുമ്പോൾ വലിയതോതിൽ റവന്യു നഷ്ടം ഉണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് അതു പരിഹരിക്കുന്നതിന് മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിക്കണം. 2011ലെ ജനസംഖ്യാ മാനദണ്ഡമാക്കിയ പതിനഞ്ചാം ധനകാര്യ കമ്മീഷൻ സമീപനം കേരളത്തിനു വലിയ വരുമാന നഷ്ടമുണ്ടാക്കിയിരുന്നു. ദേശീയ ജനസംഖ്യാ നിയന്ത്രണ പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയാണു ചെയ്തത്.
കോവിഡ്, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങി പ്രകൃതിദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി നേരിടേണ്ടിവന്നപ്പോഴും ഉയർന്ന സാമ്പത്തിക വളർച്ചയും അതിൽ സ്ഥിരതയും കൈവരിക്കാൻ കേരളത്തിനായിട്ടുണ്ട്. സംസ്ഥാനം പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിർദേശിച്ച ധനദൃഢീകരണ പാതയിൽ മുന്നേറുകയാണെന്നതും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളെ അധികാരത്താലും സാമ്പത്തികമായും വലിയ തോതിൽ ശക്തീകരിക്കാനായിട്ടുണ്ട്. സംസ്ഥാന വരുമാനത്തിന്റെ നിശ്ചിത ഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവയ്ക്കുന്നു. ഇതേ രീതിയിൽ കേന്ദ്ര വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മാത്രമായി നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇത്തരം ഗ്രാന്റ് പൂർണമായും ഉപാധിരഹിതമായിരിക്കണം.
പ്രകൃതി ദുരന്തങ്ങൾ
പ്രകൃതിദുരന്തങ്ങളുടെ ആഘാതം വലിയ തോതിലാണ് കേരളത്തെ ബാധിക്കുന്നത്. ഇത്തരം ദുരന്തങ്ങളുമായി ബന്ധപ്പെട്ട് 2010 മുതൽ 2015 വരെ കാലയളവിനെ അപേക്ഷിച്ച് 2018 മുതൽ 24 വരെ കാലയളവിൽ 4,273 കോടി കോടി രൂപയുടെ അധികബാധ്യത സംസ്ഥാനത്തിന് ഏറ്റെടുക്കേണ്ടിവന്നു. ഏതാണ്ട് 25 ഇരട്ടി അധികബാധ്യതയാണുണ്ടായത്. അടിയന്തര ദുരന്തപ്രതികരണ പ്രവർത്തനങ്ങളുടെ ചെലവുകൾ നാല്പത് മടങ്ങിലേറെ ഉയർന്നു. ഇതെല്ലാം പരിഗണിച്ച് കേരളത്തിന്റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്രവിഹിതം നൂറ് ശതമാനം ഉയർത്തണം.
സംസ്ഥാനം നേരിടുന്ന തീരശോഷണം, മണ്ണിടിച്ചിൽ, അതിതീവ്ര മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണം.
ഉയർന്ന പൊതുച്ചെലവ്
ദൈർഘ്യമേറിയ തീരദേശം, ജനസാന്ദ്രത, വിസ്തൃത വനമേഖല, തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മനുഷ്യ-മൃഗ സംഘർഷം, സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള തൊഴിൽപരമായ കുടിയേറ്റം, മുതിർന്ന പൗരന്മാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയർത്തുന്നു. കേരളത്തിലെ 30 ശതമാനം ജനങ്ങൾ തീദേശത്താണ് താമസിക്കുന്നത്. 586 കിലോമീറ്റർ വരുന്ന തീരദേശത്തെ 360 കിലോമീറ്ററും തീരശോഷണ ഭീഷണി നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കടൽനിരപ്പ് ഉയരുന്നത് മറ്റൊരു വെല്ലുവിളിയാണ്.
സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയിൽ 55 ശതമാനവും വനമാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 1,898 പേർ എന്നതാണ് കേരളത്തിലെ ജനസാന്ദ്രത. ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ബിഹാർ, പശ്ചിമ ബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ഇരട്ടിയോളമാണിത്. ഉയർന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതയിലെ കുറവും മൂലം സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് വളരെ ഉയർന്ന വില നൽകേണ്ടിവരുന്നു. ദേശീയപാതാ വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് വിലയുടെ 25 ശതമാനം സംസ്ഥാനം നൽകേണ്ടിവന്നു. അതിവേഗ നഗരവത്കരണം സവിശേഷ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽതന്നെ ധനവിഭവ വിഭജന മാനദണ്ഡങ്ങളിൽ ഭൂവിസ്തൃതി, ഭൂമിയുടെ വില, നഗരവത്കരണത്തിന്റെ തോത് എന്നിവയ്ക്കൊപ്പം ജനസാന്ദ്രതയും സൂചകങ്ങളാകണം.
2036 ആകുമ്പോഴേക്കും കേരളത്തിലെ മുതിർന്ന പൗരമാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. 2011ലെ 42 ലക്ഷത്തിൽനിന്ന് 2036ൽ 84 ലക്ഷത്തിലേക്ക് എത്തും. ഇതെല്ലാം സംസ്ഥാനത്തിന്റെ റവന്യു ചെലവ് വലിയതോതിൽ ഉയർത്താവുന്ന ഘടകങ്ങളാണ്. മുതിർന്ന പൗരന്മാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികൾക്കും ആവശ്യത്തിന് പണം ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം. ഇതെല്ലാം പരിഗണിച്ച് മേഖലകൾ തിരിച്ചും സംസ്ഥാനത്തിന്റെ സവിശേഷമായ പ്രശ്നങ്ങൾ പരിഗണിച്ചും പ്രത്യേക ഉപാധിരഹിത ഗ്രാന്റുകൾ ലഭ്യമാക്കണം.
പാർലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കിയ ധന ഉത്തരവാദിത്വ നിയമത്തിലെ വ്യവസ്ഥകൾക്ക് അതീതമായി, സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന കൈകടത്തലുകളും സംസ്ഥാനം വിവരിച്ചിട്ടുണ്ട്.
ഇത്തരത്തിൽ കേരളത്തിന്റെ പ്രത്യേകതകൾ ചൂണ്ടിക്കാണിച്ചാണ് ധനകാര്യ കമ്മീഷനു മുന്നിൽ കേരളം കാര്യങ്ങൾ അവതരിപ്പിച്ചത്. നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്കു വിഭജിച്ചു നല്‍കുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും ഗ്രാന്റുകള്‍ യഥാസമയം ലഭ്യമാക്കാനുള്ള നടപടികള്‍ സംബന്ധിച്ചും ധനകാര്യ കമ്മീഷനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. അർഹമായ പരിഗണന കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.