‘ഇന്ത്യ’: അകമേ വളരുന്ന ഭിന്നത
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Tuesday, December 10, 2024 12:40 AM IST
ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ 40 രാഷ്ട്രീയ കക്ഷികളുടെ സഖ്യമായി രൂപപ്പെട്ട ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ ഭിന്നതയുടെ സൂചനകള്‍ പ്രകടമായിരിക്കുന്നു.
ഘടകകക്ഷികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായതോടെ, പ്രതിപക്ഷ പാര്‍ട്ടികളുടെ വലിയ പിന്തുണയുണ്ടായിരുന്ന ‘ഇന്ത്യ’ ദുര്‍ബലപ്പെടുകയാണ്. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ ഫലങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായത്. വര്‍ഷങ്ങളായി നിക്ഷിപ്ത വോട്ടുബാങ്കിന്റെ പിന്‍ബലത്തില്‍ നിലനിന്നുപോരുന്ന പ്രാദേശിക കക്ഷികളുടെ നേതാക്കളാകട്ടെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടെ കാഴ്ചപ്പാടിനോടുപോലും വിയോജിപ്പ് പ്രകടിപ്പിക്കുന്നു. സഖ്യകക്ഷികളില്‍ ചിലരുടെ പ്രാദേശികമായ താത്പര്യങ്ങള്‍ക്ക് വഴങ്ങുകവഴി രാഷ്ട്രീയമായ ഐക്യം നിലനിര്‍ത്താന്‍ കൂട്ടായ്മയ്ക്കു സമീപകാലത്ത് കഴിയുന്നില്ല.
അടുത്തിടെയുണ്ടായ സംഭവങ്ങളെടുക്കാം. അദാനി പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധിയുടെ ശക്തമായ നിലപാട് പാര്‍ട്ടി ഓഫീസിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്തോ അല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലുകള്‍ വഴിയോ പരിഹരിക്കാമായിരുന്നു. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനാകില്ലെന്നു ചിലര്‍ കരുതിയേക്കാം. സംബാല്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതു മെച്ചമെന്നായിരുന്നു അഖിലേഷ് യാദവിന്റെ കാഴ്ചപ്പാട്. ഇതിനിടെയാണു കോണ്‍ഗ്രസിന്റെ ധര്‍ണ തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ചത്. പിന്നാലെ മമത ബാനര്‍ജിയെ ‘ഇന്ത്യ’ സഖ്യത്തിന്റെ തലപ്പത്ത് എത്തിക്കാനുള്ള ആഹ്വാനം. അതിനോട് തമാശമട്ടിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
മോദിയോടുള്ള തുടര്‍ച്ചയായ പരാജയത്തിനുശേഷം സഖ്യം കോണ്‍ഗ്രസ് മുക്ത ‘ഇന്ത്യ’ ഉറപ്പാക്കുകയാണോ? കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ പോലും സംഘടനാ കാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുകയാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള, രാജ്യത്തിനു ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിലപാടുകളും പ്രകടനങ്ങളും പക്വമായ പെരുമാറ്റവും ഉറപ്പാക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പും സമ്മേളനത്തിനിടയിലും സമ്മേളനത്തിനു ശേഷവും തീര്‍ച്ചയായും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ പരിചയസമ്പത്തുള്ള കോണ്‍ഗ്രസ് തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അവശേഷിക്കുന്നവരില്നിന്ന് മെച്ചപ്പെട്ട പ്രവര്‍ത്തനം പ്രതീക്ഷിക്കാനാകുമോ?
പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്ക് ഇതിലും നന്നായി അതു നിര്വഹിക്കാനാകുമായിരുന്നു.
“മോദി അദാനി ഏക് ഹേ, അദാനി സേഫ്” (മോദിയും അദാനിയും ഒന്നാണ്, അദാനി സുരക്ഷിതന്‍) എന്നെഴുതിയ ബാനറിനു കീഴിയില്‍ രാഹുലിന് കൂടുതലായൊന്നും ചെയ്യാനാകുമായിരുന്നില്ല. ഒരു മുതിര്‍ന്ന നേതാവും അദ്ദേഹത്തെ പിന്തുണയ്ക്കാനുണ്ടായിരുന്നില്ല. മാത്രമല്ല സംവാദങ്ങളില്‍ മികച്ച പ്രകടനത്തിനായി പ്രതിപക്ഷ നേതാവ് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
അതിനു പുറമേ അദാനി വിഷയത്തില്‍ ഒട്ടേറെ അദ്ദേഹം പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇതിനെല്ലാം പുറമെ അദാനിക്ക് അദ്ദേഹത്തിന്റേതായ രീതിയിൽ നീക്കങ്ങള്‍ നടത്താനുമാകും. ശൂന്യവേളയില്‍ സംബാലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍, ഇത് അദാനി പ്രശ്നത്തേക്കാള്‍ വലുതാണെന്നാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷൻ പറഞ്ഞത്. ഒരുകാലത്ത് രാഹുലിന്റെ വലംകൈയായി നിന്നിരുന്നയാളാണ് അദ്ദേഹം. യുപി സര്‍ക്കാരിനെക്കുറിച്ചും പോലീസും ജില്ലാ ഭരണകൂടവും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതിനെല്ലാംപുറമെ ഡല്‍ഹിയും ലക്നോയും തമ്മിലുള്ള പോരാട്ടമാണിതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബഹുമാന്യനായ ഒരു മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവില്‍നിന്നുള്ള വാക്കുകളാണിവ.
അപ്രസക്തമായ വിഷയങ്ങളിൽ സമയം നഷ്ടപ്പെടുത്തുന്നു
വിഷയങ്ങളില്‍ വിശദമായ പഠനവും വിശകലനവും അവതരണവും നഷ്ടമായെന്ന് ഈ ദിവസങ്ങളിലെ പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. പരിഗണിക്കുന്ന വിഷയത്തിലെ നര്‍മവും സരസമായ നിലപാടുകളും ഇതോടൊപ്പം ഇല്ലാതായി. ഉന്നതമായ ബിരുദങ്ങളുള്ള, തങ്ങളുടെ വിഷയങ്ങളില്‍ ആഴത്തിലുള്ള അവബോധമുള്ള നിരവധി നേതാക്കളുണ്ടെങ്കിലും തീര്‍ത്തും അപ്രസക്തമായ വിഷയങ്ങള്‍ ഉയര്‍ത്തി ഒട്ടേറെ സമയം നഷ്ടപ്പെടുത്തുകയാണ്.
പാര്‍ലമെന്ററി ചര്‍ച്ചയില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകുമെന്നും നിയമനിര്‍മാണം അര്‍ഥപൂര്‍ണവും ജനോപകാരപ്രദവുമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വേണമെന്നും പലരും ഓര്ക്കുന്നില്ലെന്നതു ഖേദകരമാണ്. ഫലപ്രദമായൊരു ചര്‍ച്ചയ്ക്ക് എല്ലാ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നതു ശരിയാണ്. ഗൗരവമേറിയതും ക്രിയാത്മകവുമായ വിവരങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്നതിന് അംഗങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത്തരമൊരു അന്തരീക്ഷവും രൂപപ്പെടണം. അതുവഴി മാത്രമേ സ്പീക്കര്‍ക്കോ ചെയര്‍മാനോ ഈ സംവിധാനം മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമങ്ങള്‍ നടത്താനാകൂ.
അഭിപ്രായസമന്വയം പ്രധാനം
എന്തൊക്കെയായാലും ഇന്ത്യ മുന്നണിയിൽ ഭിന്നതയുണ്ട് എന്നതില്‍ വലിയ ആശങ്കയുടെ കാര്യമില്ല. രാജ്യത്തിന്റെ ദേശീയ വികസനംതന്നെ സാധാരണയായി വിവിധ കാഴ്ചപ്പാടുകള്‍ക്കു വിധേയമാണ്. വിവിധ വിഷയങ്ങളില്‍ വിദഗ്ധരിൽനിന്നും രാഷ്ട്രീയ നേതാക്കളിൽനിന്നും ഒട്ടേറെ നിർദേശങ്ങൾ ഉയർന്നുവരാം. വികസനം എന്നതുതന്നെ വൈവിധ്യമാര്‍ന്ന ആശയങ്ങളുടെയും പരിഹാരങ്ങളുടെയും സമ്മേളിതരൂപമാണ്. ഇവയെല്ലാം ചേര്‍ത്ത് ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കുക എന്നതാണു പരമപ്രധാനം. ഇതിന് ഒരൊറ്റ വഴിയേയുള്ളൂ, അഭിപ്രായ സമന്വയത്തിനായുള്ള ശ്രമം.
പഞ്ചവത്സര പദ്ധതിയിൽപ്പോലും ഈ രീതിയിലാണു പോംവഴി കണ്ടെത്തിയിരുന്നത്. ഇതിനെല്ലാം പുറമേയാണ് നാല്പതോളം പാര്‍ട്ടികളും അവയുടെ നേതാക്കളും അവരുടെ അറിവും പരിഹാരങ്ങളും നിര്ദേശിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം. എന്നാല്‍, സമവായത്തിനായുള്ള ശ്രമം ഇവിടെയും കൃത്യമായ ഉത്തരം രൂപപ്പെടുത്തണം. സർക്കാരിനെ നേരിടാന്‍ കൂട്ടായ ചര്‍ച്ചകളിലൂടെയും സമവായ നീക്കങ്ങളിലൂടെയും മുഖ്യപ്രതിപക്ഷത്തിനു കഴിയുകതന്നെ ചെയ്യും.
സമീപകാല കീഴ്വഴക്കങ്ങള് നോക്കിയാൽ ഏതെങ്കിലും ഒരു കക്ഷി വിട്ടുപോയാൽ അത് ആത്യന്തികമായി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ ത്രിമൂര്ത്തികളിലേക്കാണ് എത്തുക. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും മോദിയാണ് അവസാന ഉത്തരം നല്‍കുക. സമീപകാലത്തെല്ലാം അതാണു നടന്നത്. അടുത്തിടെ നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ പ്രശ്നത്തില്‍പ്പോലും മുംബൈയില്‍ മോദിയുടെ സാന്നിധ്യത്തിലാണു പ്രശ്നപരിഹാരം രൂപപ്പെട്ടത്.