പൊന്മുട്ടയിടുന്ന താറാവിനെ കൊന്നത് ആര്‍ക്കുവേണ്ടി?
രമേശ് ചെന്നിത്തല
Tuesday, December 10, 2024 12:36 AM IST
ഒരു സര്‍ക്കാരും ഭരണ നേതൃത്വവും നടത്തുന്ന അഴിമതിക്കും മണ്ടത്തരത്തിനും ജനങ്ങളെന്തിനാണ് പിഴയടയ്ക്കുന്നത്? സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കുത്തനേ കൂട്ടുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. ഈ നിരക്കുവര്‍ധന എന്തുകൊണ്ടുണ്ടായി എന്ന് അന്വേഷിക്കുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വച്ചു പോകും.
അഴിമതി നടത്താനുള്ള വ്യഗ്രതയും അതിനുവേണ്ടി കാണിച്ചുകൂട്ടിയ മണ്ടത്തരങ്ങളും കാരണമാണു വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലാകുകയും അതിനു പരിഹാരമായി ജനങ്ങളെ പിഴിയുകയും ചെയ്യേണ്ടിവന്നത്. നിസാര നിരക്കില്‍ കേരളത്തിന് വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന ദീര്‍ഘകാല കരാറുകള്‍ കൂട്ടത്തോടെ റദ്ദാക്കി പകരം പൊള്ളുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുക എന്ന ഹിമാലയന്‍ മണ്ടത്തരമാണു കേരളത്തിലെ ഇടതു സര്‍ക്കാരിനു കീഴില്‍ നടന്നത്. സാമാന്യബുദ്ധിയുള്ള ആരും ചെയ്യാത്ത മണ്ടത്തരം. അതിനു വില നല്കേണ്ടിവരുന്നതോ സാധാരണക്കാരും.
യൂണിറ്റിന് 4.15 രൂപ മുതല്‍ 4.29 രൂപ വരെയുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയിട്ട് പകരം 10.25 രൂപ മുതല്‍ 14.30 രൂപ വരെ വില നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. കോടികളുടെ നഷ്ടമാണ് ഇതുമൂലം വൈദ്യുതി ബോര്‍ഡിന് സംഭവിക്കുന്നത്. ആ ഭാരമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയില്‍ നിരക്കുവര്ധനയായി അടിച്ചേൽപ്പിക്കുന്നത്.
ദീര്‍ഘകാല കരാറുകൾ
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനും കുറഞ്ഞ നിരക്കില്‍ യഥേഷ്ടം വൈദ്യുതി ലഭിക്കുന്നതിനുമായി യുഡിഎഫ് സര്‍ക്കാരാണ് ദീര്‍ഘവീക്ഷണത്തോടെ 2016ല്‍ വൈദ്യുതി ഉത്പാദക കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാറുകളുണ്ടാക്കിയത്. ആര്യാടന് മുഹമ്മദായിരുന്നു അന്ന് വൈദ്യുതിവകുപ്പു മന്ത്രി. ആറു കരാറുകളാണ് അന്ന് വിവിധ വൈദ്യുതോത്പാദക കമ്പനികളുമായി ഉണ്ടാക്കിയത്. ഓരോ കമ്പനിയുമായി എത്ര മെഗാവാട്ട് വീതം എത്ര രൂപ നിരക്കിലെന്ന വിശദാംശം താഴെ.
25 അഞ്ചു വര്‍ഷത്തേക്കാണ് ഈ കരാറുകളെന്ന് ഓര്‍ക്കണം. ഇതില്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡുമായുള്ള ഒരു കരാര്‍ യൂണിറ്റിന് 3.60 രൂപ വച്ചും മറ്റു കരാറുകള്‍ 4.15 രൂപ, 4.29 രൂപ എന്ന നിരക്കിലുമാണ്. അന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളായിരുന്നു ഇവ. 2042 വരെ ഈ നിരക്കില്‍ നമുക്ക് വൈദ്യുതി ലഭിക്കുമായിരുന്നു. എന്നാല്‍, ഇതില്‍ 465 മെഗാവാട്ടിന്റെ നാല് കരാറുകള്‍ വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് 2023ല്‍ ഇടതു സര്‍ക്കാരിന് കീഴില്‍ റദ്ദാക്കപ്പെട്ടു.
അയുക്തികവും നിസാരവുമായ സാങ്കേതിക കാരണം പറഞ്ഞാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഈ കരാറുകള്‍ റദ്ദാക്കിയത്. അവര്‍ പറഞ്ഞ ന്യായം ഇതാണ്. ആറു കരാറുകളാണല്ലോ യുഡിഎഫ് കാലത്ത് ഉണ്ടാക്കിയത്. ഇതില്‍ ഒരു കരാര്‍ മാത്രം 3.60 രൂപയ്ക്കും മറ്റു കരാറുകളെല്ലാം 4.15, 4.29 രൂപയ്ക്കുമാണ്. പല നിരക്കില്‍ ഇങ്ങനെ കരാറുണ്ടാക്കിയത് ക്രമവിരുദ്ധമാണ്.
എന്നാല്‍, ഓരോ കരാറും വെവ്വേറെ വിളിച്ച ടെൻഡറുകളനുസരിച്ച് ഒപ്പിട്ടവയാണെന്നും അതിനാലാണു വ്യത്യസ്ത നിരക്കുകള്‍ വന്നതെന്നുമുള്ള വസ്തുത, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ വ്യഗ്രത കാണിച്ച മിടുക്കന്മാര് പരിഗണിച്ചില്ല. മാത്രമല്ല, വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരുന്നതിനുള്ള ട്രാന്സ്മിഷന് കോറിഡോറിന്റെ ലഭ്യതയുംകൂടി കണക്കിലെടുത്താണ് വ്യത്യസ്ത കരാറുകള്‍ ഉണ്ടാക്കിയതെന്ന കാര്യവും അവര്‍ കണ്ടില്ലെന്നു വച്ചു. കരാറുകള്‍ റദ്ദാക്കാന്‍ ഒരു പഴുത് കണ്ടുപിടിക്കുകയാണ് അവര്‍ ചെയ്തത്. ഈ കരാറുകള്‍ റദ്ദാക്കിയതിനുശേഷം പകരം എന്തു ചെയ്തുവെന്നതാണു കേമമായ കാര്യം. 4.29 രൂപ കൂടുതലാണെന്നു പറഞ്ഞ് കരാര്‍ റദ്ദാക്കിയിട്ട് 10.25 രൂപ മുതല്‍ 14.3 രൂപ വരെ വില നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. പിണറായി സര്‍ക്കാരിനു കീഴില്‍ മാത്രമേ ഇത്രയും വലിയ വങ്കത്തരം നടക്കുകയുള്ളൂ.
റെഗുലേറ്ററി കമ്മീഷനിലെ സര്‍ക്കാര്‍ നോമിനികൾ
റെഗുലേറ്ററി കമ്മീഷനാണു കരാറുകള്‍ റദ്ദ് ചെയ്തത്, അതില്‍ ഞങ്ങളെന്തു ചെയ്യും എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. പക്ഷേ, റെഗുലേറ്ററി കമ്മീഷനിലെ അംഗങ്ങള്‍ ആരൊക്കെയാണ്? മുന്‍ മന്ത്രി എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വില്‍സണ്‍, സിപിഎം ഓഫീസേഴ്സ് സംഘടനാ മുന്‍ ജനറല്‍ സെക്രട്ടറി ബി. പ്രദീപ് എന്നിവരാണ് അംഗങ്ങള്‍. ടി.കെ. ജോസ് ഐഎഎസ് ആണു ചെയര്മാന്. സര്‍ക്കാര്‍ നോമിനികളാണ് എല്ലാവരും. ഭരണക്കാരുടെ താത്പര്യമനുസരിച്ചേ അവര്‍ നടപടിയെടുക്കൂ എന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
കുറഞ്ഞ നിരക്കിലുള്ള കരാറുകള്‍ റദ്ദാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പരന്നപ്പോള്‍ 2016-17 കാലഘട്ടത്തില്‍ പവര്‍ സെക്രട്ടറിയായിരുന്ന പോള്‍ ആന്റണി ഈ ഹീനകൃത്യം ചെയ്യരുതെന്നു കാണിച്ച് സര്‍ക്കാരിന് മുന്നറിയിപ്പായി ഒരു കത്ത് നല്‍കിയിരുന്നു. കരാറുകള്‍ റദ്ദാക്കിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെല്ലാം വിശദമായി വിവരിക്കുന്ന കത്ത് പക്ഷേ ആരുടെയും കണ്ണ് തുറപ്പിച്ചില്ല. പകരം, വൈദ്യുതി ബോര്‍ഡ് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന നിലപാടാണു സ്വീകരിച്ചത്. അങ്ങനെ നോക്കുമ്പോള്‍ റെഗുലേറ്ററി കമ്മീഷനില്‍നിന്നു വൈദ്യുതി ബോര്‍ഡ് ചോദിച്ചുവാങ്ങിയ നടപടിയാണെന്നു കാണേണ്ടിവരും. പിന്നീട് റെഗുലേറ്ററി കമ്മീഷന് കരാറുകള്‍ റദ്ദാക്കിയപ്പോള്‍ അതിനെ ന്യായീകരിക്കുന്ന നിലപാടാണു വകുപ്പുമന്ത്രി സ്വീകരിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറില്‍ അഴിമതി (ക്രമക്കേട്) കണ്ടെത്തിയതിനെത്തുടര്‍ന്ന് റദ്ദാക്കിയെന്നാണു മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ആ കരാറിനു ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെത്തന്നെ എന്തിനു റെഗുലേറ്ററി കമ്മീഷന് അംഗമാക്കി? മാത്രമല്ല, 2016 മുതല്‍ 23 വരെ ഈ കരാര്‍ എന്തുകൊണ്ട് റദ്ദ് ചെയ്യാതെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങിക്കൊണ്ടിരുന്നു. ഇടതുമുന്നണി ആയിരുന്നല്ലോ അപ്പോഴൊക്കെ ഭരിച്ചിരുന്നത്?
രസകരമായ കാര്യങ്ങളാണു പിന്നീടുണ്ടായത്. യുഡിഎഫ് കാലത്ത് അഴിമതി നടന്നതിനാല്‍ റദ്ദ് ചെയ്തുവെന്ന് മന്ത്രി പറഞ്ഞ അതേ കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ അതേ സര്‍ക്കാര്‍ തന്നെ പിന്നീട് നീക്കം നടത്തിയെന്നതാണു വിചിത്രമായ വസ്തുത. റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിച്ചു കിട്ടാന്‍ സര്‍ക്കാര്‍ തന്നെ കത്ത് നല്‍കുകയും പിന്നീട്, സുപ്രീംകോടതി വരെ പോകുകയുമൊക്കെ ചെയ്തു.
യുഡിഎഫ് കാലത്ത് ഉണ്ടാക്കിയ കരാര്‍ അഴിമതിയായിരുന്നെങ്കില്‍ ആ അഴിമതി പുനഃസ്ഥാപിക്കാനാണോ കത്ത് കൊടുത്തത്? അതിനാണോ സുപ്രീംകോടതിയില്‍ പോയത്? യഥാര്‍ഥത്തില്‍ ഈ കത്ത് കൊടുക്കലും കോടതിയില്‍ പോകലുമല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമായിരുന്നെന്നു വേണം കരുതാന്‍. കാരണം കരാറുകള്‍ റദ്ദാക്കാനുള്ള ഭരണതലത്തിലെ വാശി അത്രയ്ക്കായിരുന്നു. അതിനു കാരണമെന്താണെന്നു നോക്കാം.
ഇടക്കാല കരാർ: ഗുണഭോക്താവ് അദാനി
കുറഞ്ഞ നിരക്കിലുള്ള ഈ കരാറുകള്‍ റദ്ദാക്കിയശേഷം ഇടക്കാല കരാറുകളിലൂടെ വന്‍ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ആരില്നിന്നാണെന്നുകൂടി മനസിലാക്കണം. അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. യൂണിറ്റിന് 10.25 രൂപ മുതല്‍ 14.3 രൂപ വരെ വില നല്കി അദാനിയില്‍നിന്ന് നാലു കരാറുകളിലൂടെയാണ് വൈദ്യുതി വാങ്ങുന്നത്.
4.29 രൂപയുടെ കരാര്‍ റദ്ദാക്കിയ ജിന്‍ഡാലില്‍നിന്ന് 9.59 രൂപയ്ക്ക് പുതിയ കാരാറുണ്ടാക്കി വൈദ്യുതി വാങ്ങുന്നു എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. കുറഞ്ഞ നിരക്കിലുള്ള കരാര്‍ റദ്ദാക്കിയശേഷം അതേ കമ്പനിയില്‍നിന്നു വന്‍ വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന ജനക്ഷേമമാണ് ഇവിടെ നടപ്പാകുന്നത്.
അദാനി പവറിന് കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തില്‍ വരണമെങ്കില്‍ യുഡിഎഫ് കാലത്തെ കുറഞ്ഞ വിലയ്ക്കുള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുകയായിരുന്നുള്ളൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതു സാധ്യമാക്കാന്‍ ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണു നടന്നതെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തണം. ആരൊക്കെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു കണ്ടെത്തണം.
2042 വരെ കുറഞ്ഞ നിരക്കില്‍ കേരളത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന അവസ്ഥയാണ് അട്ടിമറിക്കപ്പെട്ടത്. ഇവിടെ റെഗുലേറ്ററി കമ്മീഷന് സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും വിശാലമായ താത്പര്യങ്ങള്‍ക്കു വിരുദ്ധമായാണു പ്രവര്‍ത്തിച്ചത്. അതിന് ഉത്തരവാദി ഭരണക്കാരുമാണ്. പ്രത്യേകിച്ച് സിപിഎം എന്ന ഇടതുമുന്നണിയെ നയിക്കുന്ന പാര്‍ട്ടി. അവരുടെ ചെല്പ്പടിക്കാണ് എല്ലാം.
അഴിമതിയും കെടുകാര്യസ്ഥതയും മണ്ടത്തരവും
യുഡിഎഫ് കാലത്ത് ഉണ്ടാക്കിയ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ഈ കരാറുകള്‍ കാരണം വൈദ്യുതി ബോര്‍ഡ് ലാഭത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്ന വസ്തുതകൂടി ഇവിടെ ഓര്‍ക്കണം. 800 കോടിയോളം രൂപയുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡിന് ഈ വഴിയില്‍ ഉണ്ടായത്. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ അനുസ്യൂതം വൈദ്യുതിയും.
2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകളനുസരിച്ച് 2023 വരെ സംസ്ഥാനം വൈദ്യുതി വാങ്ങിയിരുന്നു. ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ മേനി പറയുന്ന ലോഡ് ഷെഡിംഗ് രഹിത കേരളം സാധ്യമായത് ഈ കരാറുകള്‍ കാരണമായിരുന്നു. ഈ കരാറുകള്‍ റദ്ദാക്കിയതു കാരണം ഒരു ദിവസം പത്തു മുതല്‍ 12 കോടി വരെ രൂപയുടെ നഷ്ടം ബോര്‍ഡിന് ഉണ്ടാകുന്നുണ്ട്. ഇതുവരെ 1,600 കോടി രൂപയുടെ വൈദ്യുതി വാങ്ങേണ്ടിവന്നിട്ടുണ്ട്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയിലാണു വരുന്നത്.
2042 വരെ കേരളത്തിന് നാലു രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാധ്യതയില്‍നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇടതുസര്‍ക്കാരിനു കീഴില്‍ നടന്നത്. 2,000 കോടി രൂപയാണ് കമ്പനികള്‍ക്കു ലാഭമുണ്ടായിരിക്കുന്നത്. ഇതിന്റെ വിഹിതം ആര്‍ക്കൊക്കെ കിട്ടിയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
2016ലെ കരാറിന് 2016ല്‍ റെഗുലേറ്ററി കമ്മീഷന്റെ പ്രൊവിഷണല്‍ അപ്രൂവല്‍ ലഭിച്ചിരുന്നു. ഇടത് ഭരണകാലത്ത് അതിന്മേല് തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയത് എന്തിനുവേണ്ടിയായിരുന്നു? ഒടുവില്‍ കോടതി ഇടപെടല്‍ ഉണ്ടായതോടെ വിനാശകരമായ തീരുമാനവുമെടുത്തു.
അഴിമതിയും കെടുകാര്യസ്ഥതയും മണ്ടത്തരവുംകൊണ്ട് വൈദ്യുതി ബോര്‍ഡിനെ വന്‍ കടത്തില്‍ കൊണ്ടെത്തിക്കുകയാണു ഭരണക്കാര്‍ ചെയ്തത്. അതിന് ഭീമമായ പിഴ ചുമത്തിയിരിക്കുന്നതോ കേരളത്തിലെ സാധാരണക്കാരുടെമേലും. ഇത് അനുവദിക്കാനാകില്ല. ഭരണക്കാരുടെ തെറ്റിന് ജനങ്ങള്‍ ഭാരം ചുമക്കേണ്ട ഒരു കാര്യവുമില്ല. അതിനാല്‍ ഇപ്പോഴത്തെ വിലവര്‍ധന പിന്‍വലിച്ചേ തീരൂ. കരാറുകള്‍ റദ്ദാക്കിയതിലൂടെ വൈദ്യുതി ബോര്‍ഡിനുണ്ടായ അധികബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിനു വഴിവച്ച കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളണം.