കായല്‍ രാജാവ് മുരിക്കന്‍
ഡോ. സാംജി വടക്കേടം
Monday, December 9, 2024 12:23 AM IST
വെള്ളവും വള്ളവും കായലും കരയും തീരം തേടുന്ന ഓളപ്പരപ്പുമെല്ലാംകൊണ്ടു നയനവിസ്മയം തീര്‍ത്ത്, കേരള ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു കുട്ടന്റെ നാടായ കുട്ടനാട്. ഭൂമിശാസ്ത്രപരമായ സവിശേഷതകളാല്‍ പ്രകൃതിസമ്പന്നമാക്കിയ കുട്ടനാടിനെ ജനവാസയോഗ്യമാക്കിയത് ജോസഫ് മുരിക്കന്‍ എന്ന ഔതച്ചായനാണ്.
“ഇതുപോലൊരു മനുഷ്യന് ഞങ്ങളുടെ നാട്ടിലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിമ രാജ്യത്തിന്റെ പ്രധാന ഭാഗത്തു വച്ച് ആദരിക്കുമായിരുന്നു’’- 1970ല്‍ സി. അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബ്രിട്ടനില്‍നിന്ന് എത്തിയ ഒരു സംഘം, വിശാലമായ കായല്‍പ്പരപ്പ് കൃഷിയോഗ്യമാക്കിയ മുരിക്കനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. വേമ്പനാടിന്റെ കയങ്ങളില്‍ മുരിക്കന്‍ ചമച്ച മഹാത്ഭുതത്തിന് ഒരു സംസ്കാരത്തിന്റെ, ഒരു ജനതയുടെ കഥ പറയാനുണ്ട്.
“സാഹസികനും കഠിനാധ്വാനിയും ഈശ്വരവിശ്വാസിയും എളിമയുള്ളവനുമായ മുരിക്കുംമൂട്ടില്‍ തൊമ്മന് ജോസഫ് രണ്ടാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറില്‍ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോള്‍ നമ്മുടെ പ്രജകളെ പട്ടിണിയില്‍നിന്ന് രക്ഷിച്ച മഹാവ്യക്തിയാണ്”-മുരിക്കന്റെ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്ത ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് അനുസ്മരിച്ചു.
രണ്ടാം ലോകമഹായുദ്ധം എമ്പാടും ഭീതി വളര്‍ത്തുന്ന കാലം. നാട്ടിലെങ്ങും പട്ടിണിയും പരിവട്ടവും. ഭക്ഷ്യവസ്തുക്കള്‍ ദുര്ലഭം. ബജറയും കപ്പക്കൊന്തും മാത്രം കഴിച്ച് തിരുവിതാംകൂറിലെ ജനം പൊറുതിമുട്ടി. ഈ കൊടുംയാതനയില്നിന്നു തന്റെ പ്രജകളെ എങ്ങനെയും രക്ഷിക്കണമെന്ന് പ്രജാവത്സലനായ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് തീരുമാനിച്ചു. വിശാലമായി കിടക്കുന്ന വേമ്പനാട്ടുകായലില്‍ നെല്‍കൃഷി നടത്തണമെന്ന് കര്‍ഷകരോട് അദ്ദേഹം കല്പ്പിച്ചു.
പക്ഷേ, കടലിനോട് ചേര്‍ന്നുകിടക്കുന്ന വേമ്പനാട്ടുകായലില്‍, ഉപ്പുകാറ്റിനെയും ഓരുവെള്ളത്തെയും പേടിച്ച് കൃഷിയിറക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. എന്നാല്‍, തീരം തകര്‍ക്കുന്ന തിരമാലകൾ ആഞ്ഞടിക്കുന്ന വേമ്പനാട്ടുകായലിനെ വരുതിയിലാക്കി, രാജകല്പന ശിരസാവഹിക്കാന്‍ മുരിക്കുംമൂട്ടില്‍ ഔതച്ചന് മുമ്പോട്ടു വന്നു. അദ്ദേഹം രാജാവിനെ മുഖം കാണിച്ച് തന്റെ സന്നദ്ധത അറിയിച്ചു. അറ്റം കാണാതെ കിടക്കുന്ന കായല്‍പ്പരപ്പില്‍ 1,848 ഏക്കര്‍ അതിരു നിശ്ചയിച്ച് ഏക്കര്‍ ഒന്നിന് പത്തു രൂപ പ്രകാരം തറവില കെട്ടിവച്ച് കുത്തകപ്പാട്ട വ്യവസ്ഥപ്രകാരം ഉടമസ്ഥാവകാശം രാജാവില്‍നിന്ന് ഏറ്റുവാങ്ങി.
പിന്നീട് സാഹസികതയുടെയും പ്രായോഗിക പരിജ്ഞാനത്തിന്റെയും പരീക്ഷണശാലയാകുകയായിരുന്നു ഈ കായല്‍പ്പരപ്പ്. ഇച്ഛാശക്തിയും കറയറ്റ ഈശ്വരവിശ്വാസവും കൈമുതലാക്കിക്കൊണ്ടായിരുന്നു പുതിയ സംരംഭത്തിലേക്ക് അദ്ദേഹം കാലെടുത്തുവച്ചത്. മൂന്നു വര്‍ഷത്തെ നിരന്തര കഠിനാധ്വാനത്തിനൊടുവില്‍ 1941ല്‍ 439.848 ഏക്കര്‍ വിസ്തൃതിയുള്ള ആദ്യത്തെ കായല്‍ നെല്‍കൃഷിക്ക് തയാറായി. ഒരു മഹായുദ്ധം വിജയിച്ച സന്തോഷത്തില്‍ അദ്ദേഹം മതിമറന്നു. അപ്പോഴും ആ മനസില്‍ നിറഞ്ഞുനിന്നത് ശ്രീചിത്തിര തിരുനാള്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ കായലിന് ‘ചിത്തിര’ എന്ന് നാമകരണം ചെയ്തു.
ചിത്തിരയില്‍ ആദ്യം വിത്തു വിതച്ചതും ശ്രീചിത്തിര തിരുനാള്‍ തന്നെ. ഈ ബൃഹത് സംരംഭത്തിന്റെ വിജയം നല്കിയ ആത്മവിശ്വാസം മുരിക്കനെ കൂടുതല്‍ ഉന്മേഷവാനാക്കി. 1945 ഓടെ 593.053 ഏക്കര്‍ വിസ്തൃതിയുള്ള അടുത്ത കായലും കുത്തിയെടുത്തു. മാര്‍ത്താണ്ഡവര്‍മ്മയെ അനുസ്മരിച്ചുകൊണ്ട് ആ കായല്‍ ‘മാര്‍ത്താണ്ഡം’ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1955ല്‍ 467.326 ഏക്കര്‍ വിസ്തൃതിയുള്ള മൂന്നാമത്തെ കായലില്‍ അമ്മ മഹാറാണി വിത്തു വിതച്ചു. ഈ കായലിന് മുരിക്കന്‍ ‘റാണി’ എന്നു പേരിട്ടു. 30 ലക്ഷത്തിലേറെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം നല്കാന് പോന്നവിധം നെല്ല് ഉത്പാദിപ്പിച്ച മുരിക്കന്‍ മഹാരാജാവ് പട്ടും വളയും സമ്മാനിച്ചു. ‘കായല്‍ രാജാവ്’ എന്ന ബഹുമതി നല്കി ആദരിക്കുകയും ചെയ്തു.
കുട്ടനാടിന് പുത്തന്‍ ഉണര്‍വ്
പുതിയ കായലുകളില്‍ കൃഷി ഊര്‍ജിതമായതോടെ കുട്ടനാടിന്റെ സാമ്പത്തിക-സാംസ്കാരിക മേഖലയിലാകെ പുത്തന്‍ ഉണര്‍വുണ്ടായി. ആയിരക്കണക്കിനു തൊഴില്‍ദിനങ്ങള്‍ ആണ്ടുവട്ടം മുഴുവനായി സൃഷ്ടിക്കപ്പെട്ടു. നൂറുകണക്കിനു തൊഴിലാളികളുടെ സഹായത്തോടെ കട്ട കുത്തിയും പുറംബണ്ട് സ്ഥാപിച്ചും തെങ്ങുകൃഷി വ്യാപകമാക്കിയും നിലനിന്നിരുന്ന കാര്‍ഷിക പ്രതിസന്ധിയെ മുരിക്കന്‍ തരണം ചെയ്തു.
യന്ത്രവത്കരണം സ്വപ്നത്തില്‍പോലും ഇല്ലാതിരുന്ന അക്കാലത്ത് 20 അടിയോളം താഴ്ചയുള്ള ഈ കായലുകളിലെ വെള്ളം വറ്റിച്ചിരുന്നത് തടിയില്‍ നിര്‍മിച്ച ഇലച്ചക്രമുപയോഗിച്ചായിരുന്നു. നാലില, എട്ടില, പത്തില, പന്ത്രണ്ടില, ഇരുപത്തിനാലില എന്നീ ക്രമത്തില്‍ വിവിധതരം ചക്രങ്ങള്‍ പുറവരമ്പിനോടു ചേര്‍ത്ത് ഉറപ്പിച്ചിരുന്നു. പിന്നീട് വെള്ളം വറ്റിക്കുന്നത് യന്ത്രസഹായത്തോടെയായി. ആദ്യം വിറക് എൻജിനും പിന്നീട് ഓയില്‍ എൻജിനും എത്തി. ആദ്യമായി യന്ത്രവത്കരണം നടപ്പാക്കിയതും മുരിക്കുംമൂട്ടില്‍ ഔതച്ചന് തന്നെയായിരുന്നു. നിലം ഉഴുന്നതിന് ആദ്യമായി ട്രാക്ടര്‍ ഇറക്കിയതും അദ്ദേഹംതന്നെ. കൊയ്ത്തുകാലമായാല്‍ കളങ്ങളൊക്കെയും രാത്രികാലങ്ങളില്‍ പെട്രോമാക്സിന്റെ പ്രകാശത്തില്‍ നിറയും. മെതിച്ചുകൂട്ടിയ നെല്ലുകയറ്റിയ കെട്ടുവള്ളങ്ങള്‍ നിരനിരയായി കാവാലത്തെ ഗോഡൗണിലേക്കു നീങ്ങുന്ന കാഴ്ച പ്രദേശവാസികള്‍ ഉത്സാഹത്തോടെ നോക്കിനിന്നിരുന്നു.
കൃഷിയെ സ്നേഹിച്ചിരുന്ന ഔതച്ചന് സാമ്പത്തിക പ്രതിസന്ധികളിലും തന്റെ തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തിയിരുന്നു. കര്‍ഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായവും നിത്യോപയോഗ സാധനങ്ങളും നല്‍കുക പതിവായിരുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലിയും ആദായവും കൊടുക്കുന്ന കാലത്ത് നല്ല വിളവ് ദൈവം തരുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് തൊഴിലാളികള്‍ അനുസ്മരിക്കുന്നു.
തികഞ്ഞ ദൈവവിശ്വാസി
വിട്ടുവീഴ്ചയില്ലാത്ത ദൈവവിശ്വാസിയായിരുന്ന അദ്ദേഹം ശ്രേഷ്ഠമായ ധാര്മികചിന്തകള്ക്കും ഉടമയായിരുന്നു. ധാര്‍മികജീവിതത്തില്‍ വീഴ്ചകളുണ്ടാകരുതെന്ന് അദ്ദേഹം തന്റെ തൊഴിലാളികളെ ഉപദേശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നത് പ്രാര്‍ഥനയോടെ ആയിരുന്നു. അതിരാവിലെ എഴുന്നേറ്റ് പള്ളിയില്‍ പോകുക അദ്ദേഹത്തിന്റെ പതിവായിരുന്നു. സ്വകാര്യപ്രാര്ഥനയിലും ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. ദൈവസ്തുതിക്കായി ഏഴു പള്ളികളും അദ്ദേഹം സ്ഥാപിച്ചു.
ഒരു തികഞ്ഞ സാമൂഹിക പ്രവര്‍ത്തകനായ അദ്ദേഹം 18 വര്‍ഷക്കാലം കാവാലം പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. ഈ കാലയളവില്‍ ജനോപകാരപ്രദമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. കാവാലം പഞ്ചായത്തതിര്‍ത്തിയിലുള്ള എല്ലാ തോടുകള്‍ക്കും കുറുകെ പാലങ്ങള്‍ നിര്‍മിച്ചു. കാവാലത്തുനിന്നും ആലപ്പുഴയ്ക്കുള്ള തോട് സര്‍ക്കാര്‍ സഹായത്തോടെ വെട്ടിത്തുറന്ന് സഞ്ചാരയോഗ്യമാക്കി. കണ്ണംകുടുക്കയിലും പുത്തന്തോട്ടിലും കോണ്‍ക്രീറ്റ് പാലങ്ങള്‍ നിര്‍മിച്ചു. കാവാലം വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവ മുരിക്കന്റെ കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്.
1900-ാമാണ്ടില്‍ മുരിക്കുംമൂട്ടില്‍ ലൂക്കാ തൊമ്മന്റെ മകനായി ജനിച്ച ഔതച്ചന് പതിനാറാം വയസില്‍ പിതാവിനോടൊപ്പം കൃഷിക്കിറങ്ങി. കര്‍മനിരതമായ ആ ജീവിതത്തില്‍ അദ്ദേഹത്തോടൊപ്പം സഹധര്‍മിണി വെളിയനാട് പഞ്ചാര പുത്തന്‍പുരയില്‍ ഏലിക്കുട്ടി ഉണ്ടായിരുന്നു. അതിസാഹസികതയുടെ നൂതനാധ്യായം കുറിച്ച ആ മഹാന് 1974ല്‍ അന്തരിച്ചു.