സുറിയാനി ഭാഷയുടെ കാലികപ്രസക്തി
റവ. ഡോ. ജയിംസ് പുലിയുറന്പിൽ
Monday, December 9, 2024 12:20 AM IST
ഓരോ ഭാഷയ്ക്കും അതിന്റേതായ മാഹാത്മ്യമുണ്ട്. ഓരോ ഭാഷയും അത് ഉത്ഭവിച്ചതും ഉപയോഗിക്കുന്നതുമായ നാടിന്റെയും ജനതയുടെയും വ്യക്തിത്വവും പ്രാധാന്യവും സാക്ഷ്യപ്പെടുത്തുന്ന ചരിത്രയാഥാർഥ്യങ്ങളാണ്. എന്നാൽ, ഇന്ന് മാതൃഭാഷയായി ഉപയോഗിക്കാത്തതും അന്യദേശത്ത് രൂപംകൊണ്ടതുമായ കൽദായ സുറിയാനി ഭാഷ ഇന്നും നാം പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ആരാധനഭാഷയായി ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ അതു വളരെ പ്രധാനപ്പെട്ടതും ചരിത്രമൂല്യമുള്ളതും ഇന്നും പ്രസക്തവുമാണെന്ന് നിസംശയം പറയാം.
മാർ അപ്രേം, മാർ യാക്കോബ് തുടങ്ങിയ വേദപാരംഗതന്മാർ ഈ ഭാഷയിൽ രചിച്ച ഗ്രന്ഥങ്ങളാണ് ആഴമേറിയ ദൈവശാസ്ത്രപഠനത്തിനു നാം ഇപ്പോഴും ഉപയോഗിക്കുന്നത്. സുറിയാനി തുടങ്ങിയ പ്രാചീനഭാഷകൾ പഠിക്കാൻ വ്യഗ്രത കാണിക്കുന്ന വിജ്ഞാനാന്വേഷികൾ നമ്മുടെ നാട്ടിൽ എന്നതിനേക്കാൾ ഇന്നു പാശ്ചാത്യലോകത്താണുള്ളത്. ഈ ഭാഷയ്ക്ക് എന്തോ കൂടുതലായ വൈശിഷ്ട്യമുണ്ടെന്നു മനസിലാക്കിയതുകൊണ്ടാണ് ഇതു പഠിക്കാനും പ്രചരിപ്പിക്കാനും ഇന്നു ചിലർ അക്ഷീണശ്രമം നടത്തുന്നത്.
ആദ്യഭാഷ
ആദ്യഭാഷ കൽദായ (സുറിയാനി) ഭാഷയാണെന്നും ഈ ഭാഷയിലാണു ദൈവം ആദത്തോടു സംസാരിച്ചതെന്നുമാണ് ഭാഷാശാസ്ത്രജ്ഞനായ സോബൻസിസ് അഭിപ്രായപ്പെടുന്നത്. പ്രാചീനതയിൽ സുറിയാനിയോടു കിടപിടിക്കാവുന്ന ഭാഷ ഹെബ്രായ ഭാഷയാണ്. ഹെബ്രായ എന്നതു ഹേബർ വംശക്കാരുടെ ഭാഷയാണെന്നും അവരിൽനിന്ന് അബ്രാഹത്തിനും സന്തതികൾക്കും വംശപരന്പരയായി ലഭിച്ചുവെന്നും വാദിക്കുന്നവരുണ്ട് (ഉത്പ. 10:21).
ഹേബറിന്റെ സന്തതികളായ അബ്രാഹത്തിന്റെ പിതാക്കന്മാർ കൽദയായിൽ ജനിച്ചു വളർന്നവരും കൽദായക്കാരുടെ കൂട്ടത്തിൽ ജീവിച്ചിരുന്നവരും അവരുടെ രീതികളും ആചാരങ്ങളും സ്വീകരിച്ചവരുമാണെന്നും, അബ്രാഹവും 70 വർഷത്തോളം കൽദായക്കാരുടെ ഊർ (Ur) എന്ന പ്രദേശത്തു വസിച്ചതിനുശേഷമാണ് മെസപ്പൊട്ടോമിയയിലേക്കും (ഇപ്പോഴത്തെ ഇറാക്ക്) അവിടെനിന്നു യൂഫ്രട്ടീസ് കടന്നു കാനാൻ ദേശത്തേക്കും (ഇപ്പോഴത്തെ ഇസ്രായേൽ-പലസ്തീന പ്രദേശം) പോയതെന്നും വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെയെങ്കിൽ അവർ സംസാരിച്ചിരുന്ന ഭാഷയും കൽദായതന്നെ ആയിരിക്കാനേ സാധ്യതയുള്ളൂ. അതിനാൽ അബ്രാഹത്തിന്റെയും അദ്ദേഹത്തിന്റെ പിതാക്കന്മാരുടെയും ഭാഷ കൽദായ സുറിയാനി തന്നെയായിരുന്നു എന്നു പറയാനാകും.
അബ്രാഹത്തിന്റെ അനന്തരഗാമികളായ എബ്രായക്കാരുടെ ഭാഷ സാക്ഷാൽ കാനാൻ ഭാഷയാണ്. കാരണം, കാനാൻ ദേശക്കാരുമായുള്ള അവരുടെ ദീർഘ സഹവാസം നിമിത്തം തങ്ങളുടെ പൂർവഭാഷയുമായി ദൃഢബന്ധമുള്ള കാനാൻ ഭാഷ അനായാസേന പരിശീലിക്കുകയും ഇപ്രകാരം കൽദായഭാഷയിൽനിന്നു വ്യത്യസ്തമായതും എബ്രായ എന്ന അഭിധാനത്തോടുകൂടിയതുമായ ഒരു ഭാഷ തങ്ങളുടെ സ്വഭാഷയായിത്തീരുകയും ചെയ്തു.
ആദ്യമായി ലിപി ഉപയോഗിച്ച ഭാഷ
ഈ ഭാഷയ്ക്കുള്ള മറ്റൊരു വൈശിഷ്ട്യം അതിന്റെ ലിപിയെ സംബന്ധിക്കുന്നതാണ്. ആദ്യമായി ലിപി ഉപയോഗിച്ച ഭാഷ ഇതാണ്. ഫിനീഷ്യൻ വംശജരുടെ ഇടയിലുണ്ടായിരുന്ന ചില ചിഹ്നങ്ങളാണ് (Cuneiform) ലിപിയായി കൽദായക്കാർ ഉപയോഗിച്ചത്. കൽദായ, എബ്രായ, അറബി, ഫിനീഷ്യൻ ഭാഷകൾ തമ്മിൽ വളരെ സാമ്യവും ബന്ധവുമുണ്ട്. അവരിൽനിന്ന് പിന്നീട് ഗ്രീക്കുകാരും, അവരിൽനിന്ന് റോമാക്കാരും (ലത്തീൻ) ഈ ലിപികളെ രൂപാന്തരപ്പെടുത്തി. അതിന്റെ തുടർച്ചയാണ് ആധുനികകാലത്തെ യൂറോപ്യൻ ഭാഷകൾ. ഇക്കാര്യത്തെക്കുറിച്ച് വൽത്തോനൂസ് പറയുന്നത് ഇപ്രകാരമാണ്: എല്ലാ ജാതിക്കാരുടെയും ജ്ഞാനം കൽദായരിൽനിന്നാണ് ഉത്ഭവിച്ചത്. എല്ലാ ശാസ്ത്രങ്ങളും കിഴക്കുനിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പരത്തപ്പെട്ടു.
അതായത്, ലത്തീൻകാർക്ക് (റോമാക്കാർക്ക്) ഗ്രീക്കുകാരിൽനിന്നും ഗ്രീക്കുകാർക്കും മറ്റുള്ളവർക്കും കൽദായർ അഥവാ അസീറിയക്കാരിൽനിന്നും തങ്ങൾ പിന്നീട് വർധിപ്പിച്ചതായ എല്ലാ ശാസ്ത്രങ്ങളും ആദ്യമായി ലഭിച്ചു. അതിനാൽ സുറിയാനി ഭാഷയാണ് കിഴക്കൻ ഭാഷകൾക്ക് ജന്മമേകിയതെന്നു ന്യായമായും കരുതാം.
ഇങ്ങനെ വളരെ വിശിഷ്ടമായ സുറിയാനി ഭാഷയാണു കേരളത്തിൽ നസ്രാണികൾ ആരാധനാഭാഷയായി ഉപയോഗിച്ചിരുന്നത് എന്നത് അവരുടെ പുരാതനത്വം കാണിക്കുന്നു. തോമാശ്ലീഹായുടെ കാലം മുതലേ ഈ ഭാഷയോടു നാം ബന്ധപ്പെട്ടാണിരിക്കുന്നത്. വൈദികരുടെ പ്രാർഥനകളെല്ലാം ഈ ഭാഷയിലായിരുന്നു. ജനങ്ങൾ പതിവായി പ്രാർഥിക്കുന്നത് സുറിയാനിയിലാണെന്ന് ഉദയംപേരൂർ സൂനഹദോസ് തന്നെ വ്യക്തമാക്കുന്നു (സെഷൻ 8, കാനോന 18).
ഉത്ഭവം
സുറിയാനി, അറമായ സുറിയാനി, കൽദായ സുറിയാനി, ക്ലാസിക്കൽ സുറിയാനി എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ഭാഷ പ്രശസ്തമായ എദേസാ പട്ടണം കേന്ദ്രമാക്കിയുള്ള പഴയകാലത്തെ അപ്പർ മെസപ്പൊട്ടോമിയ (Middle Euphrates ) യായിലെ ഒഷ്റോണ് (Oshroe ne) എന്ന രാജ്യത്തെ (റോമാ, പേർഷ്യ എന്നീ സാമ്രാജ്യങ്ങൾക്കിടയ്ക്ക്) ഭാഷയായിരുന്നു.
ഈ ഒരു ചെറിയ രാജ്യത്തെ ഭാഷയെ (dialect) അസീറിയ അഥവാ ബാബിലോണ് അവരുടെ സാമ്രാജ്യം മുഴുവൻ (ഇപ്പോഴത്തെ മധ്യേഷ്യ) സ്വീകരിച്ചതോടെയാണ് ഇതിനു പ്രാധാന്യവും പ്രചാരവും പ്രശസ്തിയും ഉണ്ടാകുന്നത്. ക്രിസ്തുവിനുമുന്പ് 12-ാം നൂറ്റാണ്ടിലാണ് ഇതിന്റെ ആരംഭമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഹീബ്രു, അറബി, ഗ്രീക്ക്, ലത്തീൻ ഭാഷകൾ പിന്നീട് മാത്രമാണ് ഉത്ഭവിക്കുന്നതും പ്രചാരത്തിലാകുന്നതും. വിവിധ പേരുകളിൽ ഈ ഭാഷ അറിയപ്പെടാൻ കാരണം ഇതിന്റെ ഉത്ഭവവും പ്രചാരവുമാണ്. ഈ ഭാഷ ആദ്യം സംസാരിച്ചിരുന്നവർ അറമായർ (Arameans) ആയിരുന്നതിനാലാണ് അറമായ ഭാഷ എന്ന് ഇത് അറിയപ്പെട്ടത്. സുറിയാനി എന്നു വിളിക്കാൻ കാരണം സിറിയ, അസീറിയ പ്രദേശങ്ങളിലെ ഭാഷ എന്നതിനാലും കൽദായ എന്നു വിളിക്കാൻ കാരണം ഈ പ്രദേശങ്ങളിൽ വസിച്ചിരുന്ന കൽദായക്കാർ (Chaldea ns/Akkadians) ഈ ഭാഷ ഉപയോഗിച്ചിരുന്നതിനാലുമാണ്.
യഹൂദനായ ഈശോ അറമായ ഭാഷയാണു സംസാരിച്ചിരുന്നതെന്നു പറയാൻ കാരണം പലസ്തീന ഉൾപ്പെടുന്ന കാനാൻ പ്രദേശത്ത് അക്കാലത്ത് യഹൂദർ സംസാരിച്ചിരുന്നത് ഈ ഭാഷ ആയിരുന്നതിനാലാണ്. ഹീബ്രു യഹൂദരുടെ ഭാഷയായിരുന്നുവെങ്കിലും വേദപണ്ഡിതന്മാരും വിജ്ഞാനികളുമാണ് ഈ ഭാഷ കൂടുതലായി ഉപയോഗിച്ചിരുന്നത്. അതിനാൽ ഈശോയ്ക്ക് ഹീബ്രുവും അറിയാമായിരുന്നു.
ആരാധനക്രമ ഭാഷ
ക്രിസ്തുമതത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽ സിറിയയിലും പശ്ചമേഷ്യയിലുമുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ പ്രധാന ഭാഷയായി സുറിയാനി മാറി. സുറിയാനി സഭയുടെ ആരാധനക്രമ ഭാഷ എന്ന നിലയിൽ പൗരസ്ത്യ സുറിയാനി സഭയിലും പാശ്ചാത്യ സുറിയാനി സഭയിലും ഇതിനു വലിയ പ്രചാരം ലഭിച്ചു. പൗരസ്ത്യ സുറിയാനി സഭയുടെ വ്യാപനത്തെത്തുടർന്ന് ചൈനയും ഇന്ത്യയും വരെയുള്ള ക്രൈസ്തവരുടെ ആരാധനാഭാഷയായി ഇത് നിലകൊണ്ടു. നാലു മുതൽ എട്ടു വരെയുള്ള നൂറ്റാണ്ടുകളിൽ ഈ ഭാഷയുടെ വളർച്ച ശക്തമായിരുന്നു. എന്നാൽ, മധ്യകാലഘട്ടത്തിന്റെ അവസാനത്തോടെ ഇതു ക്രമേണ ആരാധനക്രമ ഭാഷ എന്ന ഉപയോഗത്തിലേക്കു ചുരുങ്ങി. കാരണം, ഇക്കാലത്താണ് പല പ്രാദേശിക ഭാഷകൾ നിലവിൽ വന്നത്.
ഗ്രീക്ക്, ലത്തീൻ ഭാഷകൾക്കൊപ്പം ആദ്യകാല ക്രിസ്തുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഭാഷകളിൽ ഒന്നായി സുറിയാനി മാറി. എന്നാൽ, ദൈവശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം സുറിയാനി സംസാരിക്കുന്ന ക്രിസ്ത്യാനികൾ അഞ്ചാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിനു പുറത്ത് പേർഷ്യൻ ഭരണത്തിനു കീഴിലുള്ള പൗരസ്ത്യ സുറിയാനി ആചാരം പിന്തുടർന്ന ‘കിഴക്കിന്റെ സഭ’യിലേക്കും (Church of the East / Assyrian Church) ബൈസന്റൈൻ ഭരണത്തിൻ കീഴിലുള്ള പാശ്ചാത്യ സുറിയാനി ആചാരം പിന്തുടർന്ന സുറിയാനി ഓർത്തഡോക്സ് സഭയിലേക്കും വ്യതിചലിച്ചു. ക്രിസ്തുവർഷം 489ലാണ് റോമാ സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ താമസിച്ചിരുന്ന സുറിയാനി സംസാരിച്ചിരുന്ന ക്രൈസ്തവർ ഗ്രീക്ക് സംസാരിക്കുന്ന ക്രൈസ്തവരിൽനിന്നുള്ള പീഡനത്തിൽനിന്നു രക്ഷ നേടാൻ സസാനിയൻ (Sassanid) ചക്രവർത്തിമാർ ഭരിച്ചിരുന്ന പേർഷ്യൻ സാമ്രാജ്യത്തിലേക്കു പലായനം ചെയ്യുന്നത്.
നെസ്റ്റോറിയസിന്റെ ക്രിസ്തുശാസ്ത്രവുമായുള്ള അടുപ്പം ‘കിഴക്കിന്റെ സഭ’യെ പാശ്ചാത്യ സുറിയാനി പാരന്പര്യം പുലർത്തിയിരുന്ന അന്ത്യോഖ്യൻ ഓർത്തഡോക്സ് സഭയിൽനിന്നും വ്യത്യസ്തമാക്കി. പല കാര്യങ്ങളിലും പൊതുധാരണ ഉണ്ടെങ്കിലും പാശ്ചാത്യ സുറിയാനിയും പൗരസ്ത്യ സുറിയാനിയും ഉച്ചാരണത്തിലും എഴുത്തുരീതിയിലും പദാവലിയിലും വ്യത്യസ്തത പുലർത്തി. അങ്ങനെ സുറിയാനി ഭാഷയ്ക്കു പാശ്ചാത്യ സുറിയാനി, പൗരസ്ത്യ സുറിയാനി എന്നീ രണ്ടു വിഭാഗങ്ങൾ ഉണ്ടായി. സിറിയയിലെയും അപ്പർ മെസപ്പൊട്ടോമിയയിലെയും സഭയായ സുറിയാനി ഓർത്തഡോക്സ് സഭ പാശ്ചാത്യ സുറിയാനിയും മധ്യ വടക്കുകിഴക്കൻ മെസപ്പൊട്ടോമിയയിലെ കിഴക്കിന്റെ സഭ പൗരസ്ത്യ സുറിയാനിയും ഉപയോഗിച്ചു.
ഈ രണ്ടു ക്രൈസ്തവ വിഭാഗങ്ങളുടെ മതപരമായ വ്യത്യാസം ഭാഷയിലും പ്രതിഫലിച്ചു. അഞ്ചും ആറും നൂറ്റാണ്ടുകളിൽ മെസപ്പൊട്ടോമിയയുടെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും പൊതുഭാഷയായി (lingua franca) സുറിയാനി അതിന്റെ ഉന്നതിയിലെത്തി. സുറിയാനി സംസാരിക്കുന്ന ജനവിഭാഗങ്ങളുടെ മാതൃഭാഷ എന്ന നിലയിൽ ആരാധനാഭാഷയായും പ്രാദേശിക ഭാഷയായും നിലനിന്നു.
അറബി സ്വാധീനം
ഏഴാം നൂറ്റാണ്ടിലെ അറബി (ഇസ്ലാമിക്) അധിനിവേശത്തെത്തുടർന്ന് വടക്കേ ഇറാക്ക്, മൗണ്ട് ലബനൻ എന്നിവിടങ്ങളിൽ ഒഴിച്ചു ബാക്കി സ്ഥലങ്ങളിലെല്ലാം സുറിയാനി ഭാഷയുടെ പ്രാദേശിക രൂപങ്ങൾക്കു പകരമായി അറബി നിലവിൽ വന്നു. പ്രാദേശിക അറമായ (സുറിയാനി) ഭാഷകളുടെ ശക്തമായ സ്വാധീനത്തിൽ രൂപപ്പെട്ട പ്രാദേശിക അറബി ഭാഷ ‘മെസപ്പൊട്ടാമിയൻ അറബി’ എന്നപേരിൽ അറിയപ്പെട്ടു. ഇവയ്ക്കു ഭാഷാഘടനയിൽ കാര്യമായ സാമ്യം ഉണ്ടായിരുന്നു.
അങ്ങനെ ഇറാക്കി മുസ്ലിംകൾക്കിടയിലും ഇറാക്കി ക്രൈസ്തവർക്കിടയിലും സുറിയാനി സ്വാധീനമുള്ള അറബി ഭാഷകൾ വികസിച്ചു. ഇവരിൽ ഭൂരിഭാഗവും പ്രാദേശിക സുറിയാനി സംസാരിക്കുന്നവരായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ അധിനിവേശങ്ങളും തിമൂർ (Timur) നടത്തിയ കൂട്ടക്കൊലകളും സുറിയാനി ഭാഷയുടെ ദ്രുതഗതിയിലുള്ള തകർച്ചയ്ക്കു കാരണമായി.
സുറിയാനി സഭകളുടെ (Syriac Christianity) ആരാധനാഭാഷയായി ഇന്നു സുറിയാനി ഭാഷ നിലകൊള്ളുന്നു. ഇവയിൽ പൗരസ്ത്യ സുറിയാനി ആരാധനാക്രമം അനുഷ്ഠിക്കുന്ന സഭകൾ അസീറിയൻ സഭ, കൽദായ കത്തോലിക്കാ സഭ, സീറോമലബാർ സഭ, അസീറിയൻ പെന്തക്കോസ്തൽ സഭ എന്നിവയും പാശ്ചാത്യ സുറിയാനി ആരാധനാക്രമ ഭാഷയായി സ്വീകരിച്ചിരിക്കുന്ന സഭകൾ സുറിയാനി ഓർത്തഡോക്സ് സഭ, സുറിയാനി കത്തോലിക്കാ സഭ, മാറോനിത്ത കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മ സുറിയാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, സീറോമലങ്കര കത്തോലിക്കാ സഭ എന്നിവയാണ്. അന്ത്യോഖ്യായിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ കീഴിൽ സിറിയയിൽ ഉണ്ടായിരുന്ന ഗ്രീക്ക് മെൽക്കൈറ്റ് (Melkites) സഭയുടെ ആരാധനഭാഷ ക്ലാസിക്കൽ സുറിയാനിയായിരുന്നു.
എന്നാൽ, 11-ാം നൂറ്റാണ്ടിൽ അവർ അവരുടെ പാശ്ചാത്യ സുറിയാനി ആരാധനക്രമം ബൈസന്റൈനിലേക്ക് മാറ്റിയതോടുകൂടി അവരുടെ എല്ലാ സുറിയാനി ഗ്രന്ഥങ്ങളും ഗ്രീക്കിലേക്കു മാറ്റി. ഇറാക്കിൽ സുറിയാനി ഔദ്യോഗിക ന്യൂനപക്ഷ ഭാഷയായി അംഗീകരിച്ചിട്ടുണ്ട്. ഇറാക്ക്, സിറിയ, പലസ്തീന, ഇസ്രായേൽ, സ്വീഡൻ, ജർമ്മനി, കേരളം എന്നിവിടങ്ങളിലെ ചില പൊതുവിദ്യാലയങ്ങളിൽ ഇന്നു സുറിയാനി പഠിപ്പിക്കുന്നുണ്ട്.