ജോസഫ് മോർ ഗ്രിഗോറിയോസ് ആത്മസമർപ്പണത്തിന്റെ ഉദാത്ത മാതൃക
ഐസക് മോർ ഒസ്താത്തിയോസ് (മൈലാപ്പൂർ ഭദ്രാസന മെത്രാപ
Monday, December 9, 2024 12:16 AM IST
ചാത്തുരുത്തിയിൽ മാർ ഗ്രിഗോറിയോസ് കൊച്ചുതിരുമേനിയുടെ നാലാം തലമുറക്കാരനാണ് യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയും, കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോർ ഗ്രിഗോറിയോസ്.
1984ൽ പുണ്യശ്ലോകനായ തോമസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ കൂടെ താമസിച്ച് ബാലനായി ശുശ്രൂഷ ചെയ്യുമ്പോഴാണ് ഞാൻ ആദ്യമായി ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയെ കാണുന്നത്. അന്നു ജോസഫ് ശെമ്മാശനായിരുന്നു.
ശെമ്മാശനായി 10 വർഷം തികയുന്ന 1984ൽ മാർച്ച് 25 വചനിപ്പ് പെരുന്നാൾ ദിവസം കിഴക്കിന്റെ കാതോലിക്ക പുണ്യശ്ലോകനായ മോർ ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവാ മുളന്തുരുത്തി മാർത്തോമൻ ചാപ്പലിൽ കശീശ സ്ഥാനം നൽകി. അതിനുശേഷം ബംഗളൂരു സെന്റ് മേരീസ് പള്ളിയിൽ വികാരിയായി നാലു വർഷം ശുശ്രൂഷ ചെയ്തു. അവധിക്കു നാട്ടിൽ വരുമ്പോൾ ക്യംതാ സെമിനാരിയിൽ തിരുമേനി വരികയും അതുവഴി വലിയ സ്നേഹബന്ധം പുലർത്തുവാൻ സാധിക്കുകയും ചെയ്തു.
തിരുവാങ്കുളം ജോർജിയൻ അക്കാദമി സ്കൂളിൽ ഞാൻ പഠിക്കുമ്പോൾ തിരുമേനിയുടെ ജ്യേഷ്ഠന്റെ ഭാര്യ എന്റെ അധ്യാപികയായിരുന്നു. അപ്രകാരം തിരുമേനിയുടെ പള്ളത്തട്ടയിൽ കുടുംബമായി ചെറുപ്പം മുതൽ വലിയ അടുപ്പമുണ്ട്.
കൊച്ചി ഭദ്രാസനാധിപൻ പുണ്യശ്ലോകനായ ഡോ. തോമസ് മോർ ഒസ്താത്തിയോസ് തിരുമേനി ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നു വിരമിച്ചപ്പോൾ ആ സ്ഥാനത്തക്ക് ഫാ. ജോസഫിനെ തെരഞ്ഞെടുത്തു. തുടർന്ന് 1994 ജനുവരി 14ന് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ ഡമാസ്കസിൽ വച്ച് ജോസഫ് അച്ചനെ റമ്പാനായി ഉയർത്തി. 1994 ജനുവരി 16ന് പരിശുദ്ധ ബാവ അവിടെവച്ചുതന്നെ വന്ദ്യ റമ്പാച്ചനെ മോർ ഗ്രിഗോറിയോസ് ജോസഫ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. 1994 ജനുവരി 23ന് ക്യംതാ സെമിനാരിയിൽ വച്ചായിരുന്നു മലങ്കരയിലെത്തിയ തിരുമേനിയുടെ സ്ഥാനാരോഹണം.
തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി വന്നനാൾ മുതൽ വലിയ തിരുമേനിക്കൊപ്പം ശുശ്രൂഷ നടത്തുമ്പോൾ തിരുമേനിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുവാൻ സാധിച്ചു. സെമിനാരി വിദ്യാഭ്യാസത്തിനു ശേഷം 2002ൽ സിറിയയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അടുക്കലേക്ക് പോകുന്നതുവരെ സഭാ ശുശ്രൂഷകളിൽ തിരുമേനിക്കൊപ്പം ഞാനുമുണ്ടായിരുന്നു.
പരിശുദ്ധ ചാത്തുരുത്തിയിൽ കൊച്ചുതിരുമേനിയുടെ സംരക്ഷണവും പ്രാർഥനയും മധ്യസ്ഥതയും തിരുമേനിക്കൊപ്പം എപ്പോഴുമുണ്ട്. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ തന്റെ ജീവനേക്കാളധികമായി സ്നേഹിച്ച് അതിൽ അടിയുറച്ചു നിന്നിരുന്ന താപസശ്രേഷ്ഠനായിരുന്നു മോർ ഗ്രിഗോറിയോസ് തിരുമേനി.
സഭാ വിഷയങ്ങളിൽ കലഹങ്ങളും പോലീസ് മർദനങ്ങളും ആരാധനാസ്വാതന്ത്ര്യ നിഷേധങ്ങളും എല്ലാം ഒഴിവായി സമാധാനാന്തരീക്ഷത്തിൽ പോകണമെന്നാണ് തിരുമേനിയുടെ താത്പര്യവും പ്രാർഥനയും.
വ്യക്തിബന്ധങ്ങൾ വളരെ താത്പര്യത്തോടെ സംരക്ഷിക്കുന്ന വ്യക്തി എന്നതാണ് തിരുമേനിയുടെ മറ്റൊരു പ്രത്യേകത. പ്രശ്നപരിഹാരങ്ങൾക്ക് നല്ല മധ്യസ്ഥനാണ് തിരുമേനി. നല്ല പരിഹാരനിർദേശങ്ങൾ നൽകാൻ തിരുമേനിക്ക് അസാമാന്യ കഴിവുണ്ട്. മനുഷ്യരുടെ പ്രയാസങ്ങൾ പെട്ടെന്ന് മനസിലാക്കാൻ കഴിവുള്ള വ്യക്തിയാണ് തിരുമേനി. നമ്മുടെ സങ്കടങ്ങൾ തിരുമേനിക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ തിരുമേനിയുടെ സങ്കടങ്ങളായി പെട്ടെന്ന് ഉൾക്കൊള്ളുന്നു.
കഴിഞ്ഞ 30 വർഷം കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി അഭൂതപൂർവമായ വളർച്ച ഭദ്രാസനത്തിലുണ്ടാക്കാൻ തിരുമേനിക്കു സാധിച്ചു. സഭാശുശ്രൂഷയോടൊപ്പം സാമൂഹ്യപ്രതിബദ്ധതയോടെ അനേകം ക്ഷേമപ്രവർത്തനങ്ങൾക്ക് തിരുമേനി നേതൃത്വം നൽകുന്നു. വിശ്വാസത്തിന്റെയും പ്രാർഥനയുടെയും ആത്മസമർപ്പണത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും ഉദാത്ത മാതൃകയാണ് മോർ ഗ്രിഗോറിയോസ് തിരുമേനി. ശ്രേഷ്ഠ കാതോലിക്ക എന്ന മഹോന്നത പദവിയിലേക്ക് ഉയർത്തപ്പെടുന്ന അഭിവന്ദ്യ തിരുമേനിക്ക് നന്മകൾ നേരുന്നു.