ജനം വല്ലാതെ കബളിപ്പിക്കപ്പെടുകയാണോ?
അനന്തപുരി /ദ്വിജൻ
Sunday, December 8, 2024 12:31 AM IST
കേരളത്തിലെ സാധാരണക്കാർ വല്ലാതെ കബളിപ്പിക്കപ്പെടുകയാണോ? കൊട്ടും കുരവയുമായി തുടങ്ങിയ കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കുകയാണത്രെ. സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2007 മേയ് 13ന് സ്മാർട്ട് സിറ്റി പദ്ധതിക്കായി ടീകോം കന്പനിയുമായി കേരള സർക്കാർ ഒപ്പുവച്ച കരാർ റദ്ദാക്കുകയാണുപോലും!
90,000 പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്താണ് അന്ന് കന്പനി കൊച്ചിയിൽ കേരള സർക്കാരിൽനിന്ന് 248 ഏക്കർ സ്വന്തമാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2016 ഫെബ്രുവരി 20ന് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്പോൾ ആറര ലക്ഷം ചതുരശ്രമീറ്റർ ഐടി ടവർ നിർമിക്കപ്പെട്ടിരുന്നു. അതിനുശേഷം ഒന്നും നടന്നില്ല. ഇപ്പോൾ പദ്ധതി അവസാനിപ്പിക്കുകയാണത്രെ. പദ്ധതിക്കാര്യത്തിൽ എട്ടുവർഷമായി കന്പനി കാര്യമായി ഒന്നും ചെയ്തില്ല. എന്തേ അങ്ങനെ എന്ന്, എല്ലാം ശരിയാക്കാൻ വന്നവർ ചോദിച്ചതുമില്ല. ഇപ്പോൾ പദ്ധതി അവസാനിപ്പിക്കുന്നു.
എല്ലാം രഹസ്യമാണ്. ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനംപോലും ഉള്ളടക്കം ആർക്കും മനസിലാകാത്ത വിധത്തിലാണ് പത്രക്കുറിപ്പായി പ്രസിദ്ധീകരിച്ചത്. സർവകക്ഷി ചർച്ച വരെ നടത്തിത്തുടങ്ങിയ പദ്ധതിയാണ് ഇങ്ങനെ വളരെ രഹസ്യമായി ഇല്ലാതാക്കുന്നത്. പദ്ധതിയുടെ കരാർ തയാറാക്കുന്നതിൽ 2007ൽ പ്രധാനപ്പെട്ട പങ്കു വഹിച്ച ഐടി വിദഗ്ധൻ ജോസഫ് സി. മാത്യു പറയുന്നതനുസരിച്ച് കരാർ പാലിക്കുന്നതിന് ടീകോം കന്പനി പരാജയപ്പെട്ടാൽ കേരളത്തിനു നഷ്ടപരിഹാരം തരാൻ അവർ ബാധ്യസ്ഥരാണ്. എന്നിട്ടും അവർക്കു നഷ്ടപരിഹാരം നല്കി പദ്ധതി അവസാനിപ്പിക്കുന്നതിന് മന്ത്രിസഭ തീരുമാനിക്കുന്നു. അതു തിട്ടപ്പെടുത്തുന്നതിനുള്ള സമിതിയിൽ അവരുടെ എംഡിയെക്കൂടി അംഗമാക്കുന്നു. യുഎഇയുമായുള്ള ബന്ധം വഷളാകാതിരിക്കുന്നതിനാണുപോലും ഈ ചതി.
അദാനിക്കന്പനിയോട് നഷ്ടപരിഹാരം ഈടാക്കാത്തത് ഇന്ത്യയുമായുള്ള ബന്ധം വഷളാകാതരിക്കുന്നതിനാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ മലയാളികൾ വിശ്വസിക്കുമോ? വ്യവസായ മന്ത്രി രാജീവ് മലയാളികളെ വല്ലാതെ ചെറുതായി കാണുന്നതുപോലെ. ഈ ഇടപാടുകൾക്കു പിന്നിൽ ഇനിയും എന്തെല്ലാമോ ഉണ്ട്. ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു. നികുതിദായകരായ നാം വല്ലാതെ കബളിപ്പിക്കപ്പെടുകയാണോ?
ടീകോം കന്പനി ആത്മാർത്ഥതയില്ലാത്ത ഭൂമിക്കച്ചവടക്കാരാണെന്നാണ് അക്കാലത്ത് വി.എസ്. നടത്തിയ ആക്ഷേപം. പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ടീകോം കന്പനി കരാർ വ്യവസ്ഥ പ്രകാരം കേരള സർക്കാരിന് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. നിർമാതാക്കൾ കരാർ വ്യവസ്ഥകൾ പാലിക്കുന്നതിന് വീഴ്ച വരുത്തിയെന്ന് പകൽപോലെ വ്യക്തമാകുന്പോഴും അവരിൽനിന്നു നഷ്ടപരിഹാരം വാങ്ങേണ്ട സർക്കാർ അവർക്കു നഷ്ടപരിഹാരം നൽകാൻ തയാറാവുകയാണോ? എന്തേ ഇതു സംബന്ധിച്ച നീക്കങ്ങൾ എല്ലാം രഹസ്യമാക്കി വയ്ക്കുന്നു? കേരളത്തിന്റെ രണ്ടു മുൻ മുഖ്യമന്ത്രിമാർ അഭിമാനപദ്ധതിയായി ആരംഭിച്ച സ്മാർട്ട് സിറ്റി അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി വായ തുറക്കുന്നില്ല.
എളമരം കരീം നടത്തിയ എച്ച്എംടി ഭൂമിക്കച്ചവടം
ടീകോം കന്പനിയുമായുള്ള കരാർ റദ്ദാക്കി ആർക്കാണ് ഈ സ്ഥലം സർക്കാർ നൽകാൻ പോകുന്നതെന്നതും വിഷയമാണ്. സർക്കാരിന്റെ സ്ഥലക്കച്ചവടം പിണറായി ഗ്രൂപ്പിന്റെ സ്ഥിരം ഏർപ്പാടാണ്. സ്ഥലം വിൽക്കുന്നതിനു മുന്പ് മൂപ്പിറക്കുന്നതുപോലെ ഭരണം മാറും മുന്പ് ചില കച്ചവടങ്ങൾ. 2007ലെ വി.എസ്. മന്ത്രിസഭയുടെ കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന മന്ത്രി എളമരം കരീം നടത്തിയ എച്ച്എംടി ഭൂമിക്കച്ചവടം കുപ്രസിദ്ധമാണ്.
കേരള സർക്കാർ എച്ച്എംടിക്കു കൊടുത്തതിൽ തിരിച്ചെടുത്ത കൊച്ചിയിലെ 300 ഏക്കറിൽ 75 ഏക്കർ വിപണിവിലയുടെ മൂന്നിലൊന്നിന് ബ്ലൂസ്റ്റാർ റിയൽറ്റേഴ്സ് എന്ന കന്പനിക്കു കൈമാറ്റം ചെയ്യാനുള്ള നീക്കം വിവാദമായി. സർക്കാർ ഭൂമിയുടെ കച്ചവടമാണ് വിഷയമെന്ന് മനസിലായ മുഖ്യമന്ത്രി വി.എസ്, 2007 ജനുവരി 19ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചില്ല. എന്നിട്ടും മന്ത്രി കരീം ചടങ്ങിൽ പങ്കെടുത്തു. പിന്നാലെ വന്ന ലീഗിലെ കുഞ്ഞാലിക്കുട്ടിയും കച്ചവടത്തിൽ ഉറച്ചുനിന്നു. കരീമും കുഞ്ഞാലിക്കുട്ടിയും തമ്മിൽ നിലനിർത്തിയ ബന്ധവും അസൂയപ്പെടുത്തുന്നതായിരുന്നു.
ജനാധിപത്യ മുന്നണി കൊട്ടിഘോഷിച്ച എച്ച്എംടി ഭൂമി വിവാദത്തെക്കുറിച്ച് പിന്നീടു വന്ന സർക്കാർ ഒന്നും ചെയ്തില്ല. അതെ, എല്ലാവരും ചേർന്ന് സാധാരണക്കാരായ ജനത്തെ വല്ലാതെ കബളിപ്പിക്കുന്നു. ടീകോം കന്പനിക്കു കൊടുക്കുന്ന നഷ്ടപരിഹാര വിഷയവും അവരെ പുറത്താക്കി കൊച്ചിയിലെ 248 ഏക്കർ ആർക്കോ കൊടുക്കാനുള്ള പിണറായിയുടെ നീക്കവും അങ്ങനെതന്നെ നടക്കും. ന്യായീകരണക്കാർ കളത്തിലിറങ്ങും, പലതും പറയും. സർക്കാർ ഉദ്ദേശിച്ചത് ചെയ്യും. തട്ടിപ്പിന്റെ ഓഹരി സ്വന്തമാക്കും. പുതിയ സർക്കാർ വന്നാലും കൊള്ളമുതൽ പങ്കിട്ട് തൃപ്തിപ്പെടുകയല്ലാതെ ഒന്നും ഉണ്ടാവില്ല.
പ്രഹരമായി വൈദ്യുതി നിരക്കുവർധനയും
വൈദ്യുതി നിരക്കുവർധന മറ്റൊരു ഉദാഹരണം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വൈദ്യുതി ബോർഡിന് നല്കാനുള്ള 243 കോടിയുടെ കുടിശിക സർക്കാർ എഴുതിത്തള്ളി. പിറ്റേന്നുതന്നെ വൈദ്യുതി ബോർഡിന്റെ സാന്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ സാധാരണക്കാരുടെ നിരക്ക് കൂട്ടി. ബോർഡ് ഉണ്ടാക്കുന്ന കടം എല്ലാ ഉപയോക്താക്കളും സഹിക്കണം. നാം വല്ലാതെ കബളിപ്പിക്കപ്പെടുകയല്ലേ? ഇക്കാര്യത്തിൽ തിരുമാനം എടുക്കേണ്ട ക്വാസി ജുഡീഷൽ സംവിധാനമായ റെഗുലേറ്ററി കമ്മീഷൻ തീരുമാനത്തിനു മുന്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു.
കരുവന്നൂർ കേസിലെ ജാമ്യം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളായ വടക്കാഞ്ചേരി നഗരസഭാ കൗണ്സിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് അക്കൗണ്ടന്റ് ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 14 മാസമായി ഇവർ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുകയാണെന്നും വിചാരണ ഉടൻ ആരംഭിക്കാൻ ഇടയില്ലെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഇഡി ആരോപിക്കുന്നതുപോലെ ഒരു കുറ്റം ഹർജിക്കാർ നടത്തിയതായി പ്രഥമദൃഷ്ട്യാ കരുതാനാകില്ലെന്നുകൂടി നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ നിരീക്ഷണം ഇഡിക്കും കേസിനും ജാമ്യത്തേക്കാൾ അപമാനകരവും അപകടകരവുമാണ്. ഹൈക്കോടതിയുടെ നിരീക്ഷണം കേസിന്റെ വിചാരണയെത്തന്നെ ദോഷകരമായി ബാധിക്കും എന്ന പരാതിയുമായി ഇഡിതന്നെ സുപ്രീംകോടതിയെ സമീപിച്ചു. കരുവന്നൂർ കേസ് ആരും ശിക്ഷിക്കപ്പെടാത്ത നിലയിലാകുമെന്നാണ് ഇപ്പോഴത്തെ ഭയം. ഇഡിക്കടക്കം ആർക്കും അത്തരം ആഗ്രഹമുള്ളതായിപോലും തോന്നുന്നില്ല. കരുവന്നൂർ ബാങ്കിലേക്ക് പ്രകടനം നടത്തി വോട്ടുപിടിച്ച സുരേഷ് ഗോപി എംപിയും ഇപ്പോൾ ഇക്കാര്യം പറയുന്നില്ല. നാം കബളിപ്പിക്കപ്പെടുകയല്ലേ?
ആശ്രിത നിയമനവും സർക്കാരും
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സർക്കാർ ജീവനക്കാരായ മാതാപിതാക്കളുടെ പെൻഷനിൽ ഒരുപങ്ക് ആജീവനാന്തം കൊടുത്തുവന്ന രീതിക്ക് അടുത്തകാലത്ത് സർക്കാർ വലിയ വരുമാനപരിധി ഏർപ്പെടുത്തി. ഭിന്നശേഷിക്കാരായ മക്കളുള്ളവർക്കാണ് ഈ വേദന മനസിലാവുക. എന്നാൽ, ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത തീരുമാനമെടുത്ത സർക്കാർ തങ്ങളുടെ ഒരു എംഎൽഎ മരിച്ചപ്പോൾ മകന് ആശ്രിത നിയമനം നല്കാൻ വിശാലഹൃദയം കാണിച്ചു. നിയമം അനുവദിക്കാത്തതാണ് ഈ നിയമനം എന്നു കണ്ടെത്തി സുപ്രീംകോടതി സർക്കാർ തീരുമാനം റദ്ദാക്കി. ഇനി അത്തരത്തിൽ ഒരു നിയമം സഭ ഏകകണ്ഠമായി പാസാക്കിയേക്കാം. അതാണ് ഇപ്പോഴത്തെ ശൈലി. ആരാണ് കബളിപ്പിക്കപ്പെടുന്നത്?
ജി. സുധാകരൻ
കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ നടക്കുന്ന ശക്തമായ അന്തർധാരയുടെ പ്രതീകമാണ് ജി. സുധാകരൻ. സിപിഎമ്മിൽ അസംതൃപ്തരായി കഴിയുന്ന സഖാക്കളെ സ്വന്തമാക്കാൻ ബിജെപിയും കോണ്ഗ്രസും നടത്തുന്ന നീക്കങ്ങളുടെ പ്രതീകം. ഇക്കാര്യത്തിൽ ബിജെപി കോണ്ഗ്രസിനെ കടത്തിവെട്ടുന്നതിന്റെയും സൂചന. ധീരനായ കമ്യൂണിസ്റ്റുകാരനും സമർഥനും സത്യസന്ധനുമായ ഭരണാധികരിയും ആയിരുന്ന സുധാകരനെ പാർട്ടിക്കു താത്പര്യമില്ലെന്നായെങ്കിലും കോണ്ഗ്രസിനും ബിജെപിക്കും ഒന്നുപോലെ ബഹുമാനം, ഇഷ്ടം. ഈയിടെ നടന്ന സിപിഎമ്മിന്റെ അന്പലപ്പുഴ ഏരിയാ സമ്മേളനത്തിനോ ഏരിയാ കമ്മിറ്റി മീറ്റിംഗിനോ വിളിച്ചില്ല. പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമായി പ്രവർത്തിക്കുന്ന സഖാക്കളെക്കുറിച്ച് ഒരു ദശകം മുന്പു പറഞ്ഞ നേതാവാണ് സുധാകരൻ.
വേണുഗോപാലോ സതീശനോ ഗോപാലകൃഷ്ണനോ ശ്രമിച്ചാൽ വീഴ്ത്താവുന്ന സഖാവല്ല സുധാകരൻ. പക്ഷേ, പാർട്ടിക്കാരുടെ അവഗണന തുടർന്നാൽ എന്താകും സംഭവിക്കുകയെന്ന് ആർക്കും പറയാനാവില്ല. സുധാകരൻ പ്രശ്നത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ടതായാണ് വിവരം. സുധാകരനെ ക്ഷണിക്കാതിരുന്നതിന് ജില്ലാ സെക്രട്ടറി നാസറിനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശാസിച്ചതായും സുധാകരന്റേത് രക്തസാക്ഷി കുടുംബമാണെന്ന് മറക്കരുതെന്ന് നാസറിനെ ഓർമിപ്പിച്ചതായുമാണ് വാർത്ത. പുതിയ തലമുറയ്ക്ക് എന്തു രക്തസാക്ഷികൾ?