ജനനവും മരണവും താഴോട്ടുതന്നെ
എ.എം.എ. ചമ്പക്കുളം
Sunday, December 8, 2024 12:22 AM IST
ജനസംഖ്യാധിഷ്ഠിത കണക്കുകൾ ജനന-മരണ രജിസ്ട്രേഷനെ അടിസ്ഥാനപ്പെടുത്തി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം സംസ്ഥാന സർക്കാരിനു വേണ്ടി ഓരോ വർഷവും പ്രസിദ്ധീകരിക്കാറുണ്ട്. അപ്രകാരമുള്ള കണക്കനുസരിച്ച് 2023ൽ കേരളത്തിലെ ജനസംഖ്യ 3,55,62,094 ആണ്. ഇതിൽ 1,70,61,824 പുരുഷന്മാരും 1,85,00,270 സ്ത്രീകളുമാണ്.
2023 ജൂലൈ ഒന്നിനു കണക്കാക്കുമ്പോൾ കേരളത്തിൽ പുരുഷന്മാരേക്കാൾ 14,38,466 സ്ത്രീകൾ കൂടുതലുണ്ട്. ജില്ലകളിൽ 47,85,193 പേരുള്ള മലപ്പുറമാണ് മുന്നിൽ. 8,67,710 ആളുകൾ മാത്രമുള്ള വയനാട് ഏറ്റവും പിന്നിൽ നില്ക്കുന്നു. കേരളത്തിൽ 2023ൽ ജനിച്ചത് 3,93,231 പേരും മരിച്ചത് 3,04,286 പേരുമാണ്. അതായത്, 2023ൽ ജനസംഖ്യാ വർധന 88,945 ആണ്. അകെ ജനിച്ച 3,93,231 പേരിൽ 1,29,455 പേർ ഗ്രാമത്തിലും 2,63,786 പേർ നഗരങ്ങളിലുമാണ് ജനിച്ചത്. 2017 മുതൽ 2023 വരെയുള്ള കാലത്ത്, കോവിഡ് ഭീഷണി കൂടുതൽ നിലനിന്നിരുന്ന 2022ൽ ഒഴികെ ജനസംഖ്യ കുറഞ്ഞു. 2022ൽ മുൻ വർഷത്തേക്കാൾ കൂടിയ ജനനം റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ത്യയിൽ ഓരോ പത്ത് വർഷം കൂടുമ്പോഴും ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്താറുണ്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് നടപടികൾ നീട്ടിവച്ചിരിക്കുകയാണ്. 2025ൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് രാജ്യം മുഴുവനിലും സംസ്ഥാനങ്ങളിലും ജില്ലകളിലും പല പദ്ധതികളും നടപ്പിൽ വരുത്തുന്നത്. ജനസംഖ്യാ കണക്കെടുപ്പിന്റെ അഭാവത്തിൽ ജനന-മരണ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാ വിവരങ്ങൾ ഏകോപിപ്പിച്ച് പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നതിനാണ് ഇപ്രകാരമുള്ള കണക്കുകൾ തയാറാക്കുന്നത്.
2023ൽ ജനിച്ച 3,93,231 പേരിൽ 2,00,028 ആൺകുട്ടികളും 1,93,185 പെൺകുട്ടികളുമാണ്. ആകെ ജനസംഖ്യയിൽ സ്ത്രീകൾ മുന്നിലാണെങ്കിലും 2023ലെ ജനന കണക്കിൽ 6843 ആൺകുട്ടികൾ കൂടുതലാണ്.
അമ്മമാരുടെ പ്രായവും വിദ്യാഭ്യാസവും
2023ൽ 15 വയസിൽ താഴെയുള്ള 14 അമ്മമാർ കുഞ്ഞുങ്ങൾക്ക് ജന്മം നല്കി. ഇവരിൽ എട്ടു പേർ നിരക്ഷരരും അഞ്ചു പേർ പ്രാഥമിക വിദ്യാഭ്യാസം നേടിയവരും ഒരാൾ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയയാളുമാണ്. 45 വയസിന് മുകളിലുള്ള 678 അമ്മമാരാണ് കുട്ടികൾക്ക് ജന്മം നല്കിയത്. മറ്റ് എല്ലാ പ്രായവിഭാഗത്തിലുമുള്ള അമ്മമാർക്ക് കൂടുതലും ആൺകുട്ടികൾ ജനിച്ചപ്പോൾ ഇവർക്ക് കൂടുതലും പെൺകുട്ടികളായിരുന്നു. 1,74,789 കുട്ടികളുടെ അമ്മമാർ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും നേടിയവരും 1,53,901 കുട്ടികളുടെ അമ്മമാർ ബിരുദധാരികളുമാണ്. 387 കുട്ടികളുടെ അമ്മമാർ നിരക്ഷരരായിരുന്നു. 2023ൽ 1,50,443 കുട്ടികൾക്കും ജന്മം നല്കിയ അമ്മമാർ 25-29 പ്രായപരിധിയിൽ ഉള്ളവരായിരുന്നു. 20-24 പ്രായപരിധിയിലുള്ള അമ്മമാർക്ക് 1,06,323 കുട്ടികൾ ജനിച്ചപ്പോൾ 15-19 പ്രായപരിധിയിലുള്ള അമ്മമാർ 9,422 കുട്ടികൾക്ക് ജന്മം നല്കി. 2,03,620 കുട്ടികൾ സാധാരണ പ്രസവത്തിലൂടെ ജനിച്ചപ്പോൾ 1,72,109 കുട്ടികൾ ജനിച്ചത് ശസ്ത്രക്രിയയിലൂടെയായിരിന്നു.
അമ്മമാരുടെ മതവും പ്രായവും
2023ൽ ജനിച്ച 3,93,231 കുട്ടികളിൽ 1,58,399 പേരുടെ അമ്മമാർ ഹിന്ദുക്കളും 1,76,312 കുട്ടികളുടെ അമ്മമാർ മുസ്ലിംകളും 56,810 പേർ ക്രൈസ്തവരും 1,710 പേർ മറ്റ് മതങ്ങളിൽ പെട്ടവരുമാണ്. 15 വയസിൽ താഴെയുള്ള മൂന്നുവീതം ക്രിസ്ത്യൻ, ഹിന്ദു അമ്മമാർക്കും അഞ്ച് മുസ്ലിം അമ്മമാർക്കും കുട്ടികൾ ജനിക്കുകയുണ്ടായി. 15-19 പ്രായപരിധിയിൽ ഹിന്ദു അമ്മമാർ 2,196 പേർക്ക് ജന്മം നല്കിയപ്പോൾ ക്രിസ്ത്യൻ അമ്മമാർ 381 പേർക്കും മുസ്ലിം അമ്മമാർ 6,802 പേർക്കും ജന്മം നല്കി. 20-24 പ്രായപരിധിയിൽ ക്രിസ്ത്യൻ അമ്മമാർ 7,743 പേർക്കും ഹിന്ദു അമ്മമാർ 34,754 പേർക്കും മുസ്ലിം അമ്മമാർ 63,523 പേർക്കുമാണ് ജന്മം നല്കിയത്. 25-29 പ്രായപരിധിയിൽ എത്തുമ്പോൾ ഇത് ക്രിസ്ത്യൻ-24,372, ഹിന്ദു-68,007, മുസ്ലിം-57,415 എന്നായി മാറി. 45നു മുകളിൽ പ്രായമുള്ള ഹിന്ദു അമ്മമാർ 449 പേർക്ക് ജന്മം നല്കിയപ്പോൾ ക്രിസ്ത്യൻ അമ്മമാർ 137 പേർക്കും മുസ്ലിം അമ്മമാർ 92 പേർക്കും ജന്മം നല്കി. ഹിന്ദു-ക്രിസ്ത്യൻ അമ്മമാർ 25-29 വയസിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നല്കുമ്പോൾ മുസ്ലിം അമ്മമാർ 20-24 പ്രായപരിധിയിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നല്കുന്നു എന്ന് കാണാൻ സാധിക്കും.
ആറ് ഹിന്ദു അമ്മമാർ തങ്ങളുടെ പത്താമത് കുട്ടിക്ക് ജന്മം നല്കിയപ്പോൾ ഒരു അമ്മ തന്റെ 11 -ാമത്തെ കുട്ടിക്ക് ജന്മം നല്കി. 14 മുസ്ലിം അമ്മമാർ പത്താമത് കുട്ടിക്ക് ജന്മം നല്കിയപ്പോൾ ആറുപേർ 11-ാമത് കുട്ടിക്കും രണ്ടുപേർ 12-ാമത് കുട്ടിക്കും ജന്മം നല്കി. 14 ക്രിസ്ത്യൻ അമ്മമാർ പത്താമത് കുട്ടിക്ക് ജന്മം നല്കിയപ്പോൾ ആറുപേർ 11-ാമത് കുട്ടിക്കും നാലു പേർ 12-ാമത് കുട്ടിക്കും രണ്ടുപേർ 13-ാമത് കുട്ടികൾക്കും ജന്മം നല്കിയതായി കാണുന്നു.
മരണനിരക്ക്
2023ൽ മരണം വഴി കേരളത്തിലെ ജനസംഖ്യയിൽ 3,04,286 പേരുടെ കുറവുണ്ടായി. 1,67,700 പുരുഷന്മാരും 1,36,569 സ്ത്രീകളുമാണ് ഈ കാലയളവിൽ മരിച്ചത്.
കേരളത്തിലെ എട്ടു ജില്ലകളിൽ മരണത്തേക്കാൾ ജനനവും ആറു ജില്ലകളിൽ ജനനത്തേക്കാൾ മരണവും നടക്കുന്നതായി കണക്കുകൾ രേഖപ്പെടുത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ജനനത്തേക്കാൾ മരണമുണ്ടായി. തൃശൂർ, ഇടുക്കി ജില്ലകളിൽ ജനനം മരണത്തേക്കാൾ ചെറിയ തോതിൽ കൂടിയിരുന്നു. എന്നാൽ, മറ്റ് ജില്ലകളിലെല്ലാം ജനനം മരണത്തേക്കാൾ വളരെ കൂടുതലായിരുന്നു. മലപ്പുറം (+ 57,340) കോഴിക്കോട് (+13,831) കണ്ണൂർ (+10,159) പാലക്കാട് (+8,358) കാസർഗോഡ് (+7,860) വയനാട് (+ 5,596) എന്നിങ്ങനെയായിരുന്നു.
മരണകാരണങ്ങൾ
ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം 67,223 പേർ മരിച്ചപ്പോൾ അതിൽ 40,565 പേർ പുരുഷന്മാരും 26,656 പേർ സ്ത്രീകളുമായിരുന്നു. ആസ്ത്മ മൂലം 18,965 പേർ മരിച്ചു. കരൾ രോഗബാധിതരായി 4,180 പേർ മരിച്ചപ്പോൾ രക്തസമ്മർദം 4,278 പേരുടെ മരണത്തിനു കാരണമായി.
അതിൽ 2,266 പേർ സ്ത്രീകളായിരുന്നു. അർബുദം ബാധിച്ച് 23,896 പേരും മരിക്കുകയുണ്ടായി. ഇതിൽ 10,029 പേർ സ്ത്രീകളായിരുന്നു. റോഡ് അപകടത്തിൽപ്പെട്ട് 3,152 പേർ മരിച്ചപ്പോൾ 7,868 പേർ ആത്മഹത്യ ചെയ്തു. ഇതിൽ 6,339 പേരും പുരുഷന്മാരായിരുന്നു.