മാതൃതുല്യമായ ശുശ്രൂഷ
Saturday, December 7, 2024 1:06 AM IST
ഇന്ന് കർദിനാൾ പദവിയിലേക്കുയർത്തപ്പെടുന്ന ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട് വത്തിക്കാനിലെത്തിയിട്ട് കാൽ നൂറ്റാണ്ടായി. 1999ല്‍ ചങ്ങനാശേരി അതിരൂപതയിൽനിന്ന് സെമിനാരി വിദ്യാര്‍ഥിയായി വത്തിക്കാനിലെത്തിയ മാർ കൂവക്കാട്ടിന്റെ പഠന-സേവന വഴികളിൽ ദൈവകൃപയുടെ അനർഗളമായ പ്രവാഹം ദർശിക്കാനാകും. കേരളസഭയുടെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ദിവംഗതനായ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, കണ്ടെത്തി വളർത്തി ആഗോളസഭയ്ക്കു നൽകിയ സമ്മാനമാണ് മാർ കൂവക്കാട്ട്. വത്തിക്കാനിലെ തന്റെ 25 വർഷത്തെ അനുഭവങ്ങളെക്കുറിച്ചും നിരവധി രാജ്യങ്ങളിലെ ശുശ്രൂഷകൾക്കിടയിൽ താൻ അനുഭവിച്ച ദൈവാനുഗ്രഹത്തെക്കുറിച്ചും ദീപികയോടു മനസു തുറക്കുകയാണ് മാർ ജോർജ് കൂവക്കാട്ട്.
വത്തിക്കാനിലെ നയതന്ത്രം
വത്തിക്കാനിലെ നയതന്ത്രം മറ്റ് നയതന്ത്രജോലികളില്നിന്നു വ്യത്യസ്തമാണ്. സഭ അമ്മയാണെന്നതിനാല് മാതൃത്വം പ്രതിഫലിപ്പിക്കുന്ന ശുശ്രൂഷയാണ് വത്തിക്കാന്റേത്. പ്രതിസന്ധിയില്‍ ഉപേക്ഷിക്കുന്ന ശൈലി വത്തിക്കാന്റെ നയതന്ത്രത്തില്ല. മക്കള്‍ സഹിക്കുമ്പോള്‍ സഭയാകുന്ന അമ്മ കൂടെയുണ്ടാകണം എന്നതാണ് വത്തിക്കാന്റെ ശൈലിയാണ്. പ്രതിസന്ധിയും പ്രശ്നങ്ങളും നേരിടുന്നവര്‍ക്കൊപ്പം നിൽക്കും. അവരെ കൈവിടില്ല.
എന്റെ ശുശ്രൂഷാകാലത്ത് ഒരവസരത്തില്‍ ഒരു യുദ്ധസാധ്യത അഭിമുഖീകരിക്കേണ്ടി വന്നു. യുദ്ധകാലത്ത് ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നും സംരക്ഷിക്കാമെന്നുമാണ് അന്നത്തെ വത്തിക്കാൻ നയതന്ത്രത്തിന്റെ ചുമതലയുള്ള അപ്പസ്തോലിക് ന്യുണ്‍ഷ്യോ വ്യക്തമാക്കിയത്. ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നും ഗഹനമായി ചര്‍ച്ച ചെയ്തു. മറ്റു രാജ്യങ്ങളുടെ എംബസികള്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടാകുന്ന അപകടപ്രതിന്ധി നേരിടുന്നതിനെക്കുറിച്ചും നാടുവിട്ടുപോകുന്നതിനെക്കുറിച്ചും ആലോചിച്ചപ്പോള്‍ വത്തിക്കാന്‍ എംബസി വേറിട്ട ചിന്തകളാണ് നടത്തിയത്. യുദ്ധകാലഘട്ടത്തെ അതിജീവിക്കാന്‍ ജനങ്ങളെ എങ്ങനെ സാഹായിക്കുകയും സംരക്ഷിക്കുകയും വേണമെന്നാണ് ചിന്തിച്ചത്. ഭക്ഷണം, മരുന്ന്, വസ്ത്രം, സുരക്ഷ തുടങ്ങി വേണ്ടുന്നതൊക്കെ നല്കി ജനങ്ങളെ സഹായിക്കാനുള്ള ആലോചനകളാണ് നടത്തിയത്.
ഓരോ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളുടെ എംബസികള്‍ നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്നതിനനൊപ്പം സ്വന്തം രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും അവരുടെ രാജ്യ താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ചുമതലയാണ് നിര്‍വഹിക്കുന്നത്. എന്നാല്‍, വത്തിക്കാന്‍ എംബസി വ്യാപാര, മിലിട്ടറി, ആയുധ കരാറുകളിലൊന്നും ഇടപെടാറില്ല. അതതു രാജ്യങ്ങളിലെ മെത്രാന്സംഘത്തോടു ചേര്‍ന്ന് സഭയ്ക്കും ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കും പരമാവധി നന്മ ചെയ്യാനും സുവിശേഷത്തിന്റെ പ്രകാശം എത്തിക്കാനുമാണ് വത്തിക്കാന്‍ എംബസി നിലകൊള്ളുന്നത്.
ഇന്ത്യയിലുള്ള വത്തിക്കാന്റെ നയതന്ത്ര കാര്യാലയം (നുണ്‍ഷ്യേച്ചര്‍) ശ്രദ്ധിക്കുന്നത് ഇന്ത്യയിലെ കത്തോലിക്കാ സഭയെക്കുറിച്ചും പാവപ്പെട്ടവരെക്കുറിച്ചുമാണ്. വത്തിക്കാന്‍ സ്ഥാനപതിയും അവശ്യം ശുശ്രൂഷകരും മാത്രമാണ് ഓരോ രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയത്തിലുള്ളത്.
വത്തിക്കാനിലെ കാല് നൂറ്റാണ്ട്
25 വര്‍ഷങ്ങള്‍ക്കു മുമ്പ് 1999ല്‍ സെമിനാരി വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് അഭിവന്ദ്യ പവ്വത്തില്‍ പിതാവ് എന്നെ റോമിലേക്ക് അയച്ചത്. അഞ്ചുവര്‍ഷം അവിടെ പഠിച്ചു. തുടര്‍ന്ന് ദൈവശാസ്ത്രവും കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും എടുത്തു. 2004 ജൂലൈ 24ന് മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ കൈവയ്പുവഴിയാണ് ഞാൻ പൗരോഹിത്യം സ്വീകരിച്ചത്.
പവ്വത്തില്‍ പിതാവിന്റെ നിര്‍ദേശപ്രകാരം അതേ വര്‍ഷം ഒക്ടോബറില്‍ വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തില്‍ പരിശീലനത്തിനായി പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ എത്തിച്ചേര്‍ന്നു. അതേ കാലഘട്ടത്തില്‍ കാനന്‍ നിയമത്തില്‍ പിഎച്ച്ഡിക്കുള്ള പഠനവും ആരംഭിച്ചു. 2006ല്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കി.
ആദ്യനിയമനം അള്‍ജീരിയയില്‍
വിശുദ്ധ അഗസ്റ്റിന്റെ ജന്മനാടായ അള്‍ജീരിയയിലായിരുന്നു എന്റെ ആദ്യ നിയമനം. മൂന്നു വര്‍ഷക്കാലം അവിടത്തെ വത്തിക്കാന്റെ നയതന്ത്രകാര്യാലയത്തില്‍ സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ദക്ഷിണ കൊറിയില്‍ എത്തിച്ചേര്‍ന്നു. അല്മായ രക്തസാക്ഷി ഉള്‍പ്പെടെ നിരവധി ക്രൈസ്തവ രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണിലെ ശുശ്രൂഷ ഏറെ ആത്മീയാനുഭവം നിറഞ്ഞതായിരുന്നു. കഠിനാധ്വാനം ചെയ്യുന്നവരുടെ നാടായ അള്‍ജീരിയയില്‍ മൂന്നു വര്‍ഷം അവരോടൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സവിശേഷകരമായ അനുഭവമായിരുന്നു.
പിന്നീട് ഇറാനിലെത്തി. അവിടത്തെ പൗരാണിക സംസ്കാരവും ജനങ്ങളുടെ സ്നേഹവും സൗഹൃദവും പ്രത്യേകിച്ച് ഭാരതീയനെന്ന നിലയില്‍ നമ്മുടെ സംസ്കാരത്തോടുള്ള ആദരവും കരുതലും മനസിലാക്കാനും അനുഭവിക്കാനും കഴിഞ്ഞത് അവിസ്മരണീയമാണ്.
സീറോമലബാര്‍ സഭാംഗമെന്ന നിലയില്‍ അവിടെയുള്ള സുറിയാനി സഭയുടെ സാന്നിധ്യവും സുറിയാനി ഭാഷയിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണവും എനിക്ക് പ്രത്യേക അനുഭവമായിരുന്നു. അവിടത്തെ കത്തോലിക്കാ സഭാസമൂഹം ചെറുതെങ്കിലും ശുശ്രൂഷകള്‍ പ്രത്യേകത നിറഞ്ഞതായിരുന്നു. മൂന്നു വര്‍ഷം അവിടെ ശുശ്രൂഷ നിര്‍വഹിക്കാന്‍ കഴിഞ്ഞു.
അമേരിക്കന്‍ ഭൂഖണ്ഡത്തിലെ കത്തോലിക്കാ രാജ്യമായ കോസ്റ്റാറിക്കയിലേക്കായിരുന്നു അടുത്ത മാറ്റം. മിലിട്ടറി ഒഴിവാക്കപ്പെട്ട രാജ്യമാണ് കോസ്റ്റാറിക്ക. പോലീസിന്റെ സേവനം മാത്രമാണിവിടെയുള്ളത്. കോസ്റ്റാറിക്ക മിലിട്ടറിയെ ഒഴിവാക്കി അതിന്റെ പണം വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. അവിടത്തെ ശുശ്രൂഷകളും സന്തോഷകരമായിരുന്നു.
പിന്നീട് വെനസ്വേലയായിരുന്നു കർമരംഗം. കോസ്റ്റാറിക്കപോലെ ഇതും കത്തോലിക്കാ രാജ്യമാണ്. പെട്രോളിയം ഉള്‍പ്പെടെ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണെങ്കിലും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന രാജ്യമാണിത്. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടു നേരിടുന്ന രാജ്യം. 2018 മുതല്‍ 2020 വരെ അവിടെയായിരുന്നു.
വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍
2020 ഓഗസ്റ്റിലാണ് വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ നിയമിക്കപ്പെട്ടത്. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലായിരുന്നു നിയമനം. വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തില്‍ എത്തുന്ന കത്തുകള്‍ വായിക്കുകയും മറുപടികള്‍ തയാറാക്കുകയും ചെയ്യുന്ന ജോലിയായിരുന്നു ലഭിച്ചത്. ഒരു വര്‍ഷമായിരുന്നു ഇവിടത്തെ ശുശ്രൂഷ. നിരവധി രാഷ്ട്രത്തലവന്മാരുമായി കത്തിടപാടുകള്‍ നടത്താന്‍ കഴിഞ്ഞതും ദൈവാനുഗ്രഹമാണ്.
അപ്പസ്തോലിക യാത്രകളുടെ ചുമതല
ഇറ്റലിക്കു പുറത്തേക്കുള്ള അപ്പസ്തോലിക യാത്ര തയാറാക്കുന്ന ചുമതലയില്‍ 2021 സെപ്റ്റംബറിലാണ് ഫ്രാന്‍സിസ് മാർപാപ്പയില്‍നിന്നുള്ള നിയമനം ലഭിച്ചത്. സൈപ്രസ്, ഗ്രീസ്, മാള്‍ട്ട, കാനഡ, കസാക്കിസ്ഥാന്‍, ബഹറിന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, സൗത്ത് സുഡാന്, ഹംഗറി, പോര്‍ച്ചുഗല്‍, മംഗോളിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, പാപ്പുവ ന്യുഗിനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പുർ എന്നീ രാജ്യങ്ങളിലായി മാര്‍പാപ്പയുടെ 11 സന്ദര്‍ശനങ്ങള്‍ ക്രമീകരിക്കാന്‍ കഴിഞ്ഞു. ഈ ശുശ്രൂഷയില്‍ വ്യാപൃതനായിരിക്കേയാണ് അപ്രതീക്ഷിതമായി ആര്‍ച്ച്ബിഷപ് സ്ഥാനവും കര്‍ദിനാള്‍ പദവിയും ലഭിച്ചത്.
തയാറാക്കിയത്: ബെന്നി ചിറയില്‍