കർദിനാൾ സംഘത്തിൽ 90 രാജ്യങ്ങളുടെ പ്രതിനിധികൾ
വത്തിക്കാനിൽനിന്ന് റവ. ഡോ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
Saturday, December 7, 2024 1:01 AM IST
വിശുദ്ധ പത്രോസിന്റെ കബറിടം ഉൾക്കൊള്ളുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക വളരെ പ്രധാനപ്പെട്ട ഒരു കർമത്തിനാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്. 21 പുതിയ കർദിനാൾമാർകൂടി മാർപാപ്പയുടെ കർദിനാൾ സംഘത്തിൽ പുതുതായി ചേർക്കപ്പെടുകയാണ്. ഇതോടെ 253 പേരുള്ള കർദിനാൾ സംഘത്തിൽ 90 രാജ്യങ്ങളുടെ പ്രതിനിധികളുണ്ടാകും.
ലോകം മുഴുവനുമുള്ള 150 കോടിയോളം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ തലവനായ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള അർഹതയുള്ള ഈ സംഘത്തിലേക്ക് ഒരു മലയാളി കൂടി ചേർക്കപ്പെടുന്നു എന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യം. ചങ്ങനാശേരി അതിരൂപത അംഗമായ മാർ ജോർജ് കൂവക്കാട്ട് കൂടി ഉൾപ്പെടുന്നതോടെ കേരളസഭയിൽനിന്നുള്ള കർദിനാൾമാരുടെ എണ്ണം മൂന്നാകും.
മാർ കൂവക്കാട്ട് കർദിനാളായി ഉയർത്തപ്പെടുന്നത്, ഇന്ത്യ വളരെ പ്രാധാന്യത്തോടെ കാണുന്നു എന്നതിന് തെളിവാണ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ പ്രത്യേക പ്രതിനിധിസംഘം ഇവിടെ എത്തിച്ചേർന്നത്. ഏഴംഗസംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയിരിക്കുന്നത്.
253 പേരുള്ള കർദിനാൾ സംഘത്തിലെ ഏറ്റവും പ്രായമുള്ള കർദിനാളിന്റെയും ഏറ്റവും പ്രായം കുറഞ്ഞ കർദിനാളിന്റെയും സ്ഥാനലബ്ധി നടക്കുന്നു എന്നൊരു പ്രത്യേകത കൂടി ഇത്തവണയുണ്ട്. 99 വയസുള്ള ഇറ്റാലിയൻ ബിഷപ് ആഞ്ചലോ അച്ചേർബിയാണ് ഏറ്റവും പ്രായമുള്ള കർദിനാൾ. 44 വയസുമാത്രമുള്ള യുക്രേനിയൻ ബിഷപ് മൈക്കോല ബൈചോക്ക് ആണ് ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ. റിഡെംപ്റ്റോറിസ്റ്റ് സന്ന്യാസിയായ അദ്ദേഹം സേവനം ചെയ്യുന്നത് ഓസ്ട്രേലിയയിലാണ്. ഈ സന്ന്യാസ സമൂഹത്തിൽനിന്ന് ഇതിനു മുൻപ് ഒരു മലയാളി, കർദിനാൾ പദവിയിൽ എത്തിയിട്ടുണ്ട്. സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ മാർ വർക്കി വിതയത്തിൽ.
സാധാരണഗതിയിൽ കർദിനാൾമാരെ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽനിന്നു മാറിച്ചിന്തിക്കാൻ ഫ്രാൻസിസ് മാർപാപ്പ തയാറായി എന്നുള്ളത് ഇത്തവണത്തെ കർദിനാൾ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽനിന്നു മാത്രമല്ല ആഫ്രിക്ക, ഏഷ്യ വൻകരകളിൽനിന്നാണ് അദ്ദേഹം തന്റെ കർദിനാൾ സംഘത്തിലേക്ക് കൂടുതൽ ആളുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.
മൊത്തം അംഗസംഖ്യ 253 ആണെങ്കിലും 80 വയസിൽ താഴെയുള്ള 140 കർദിനാൾമാർക്ക് മാത്രമാണ് മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ളത്. ഇന്ന് ഇന്ത്യൻ സമയം രാത്രി ഒൻപതരയ്ക്കും വത്തിക്കാൻ സമയം വൈകുന്നേരം അഞ്ചിനുമാണ് തിരുക്കർമങ്ങൾ നടക്കുന്നത്.