കര്‍ദിനാള്‍ പദവിയും ദൗത്യവും
ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ
Saturday, December 7, 2024 12:57 AM IST
കത്തോലിക്കാ സഭയിൽ കർദിനാൾമാരുടെ സ്ഥാനവും പദവിയും ദൗത്യവുമെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ കാനോന സംഹിതയിൽ പരാമർശമില്ലാത്തതും എന്നാൽ, ലത്തീൻ സഭയുടെ കാനൻ നിയമത്തിൽ 349 മുതൽ 359 വരെയുള്ള കാനോനകളിൽ വിശദമായ നിയമം ഉൾക്കൊള്ളുന്നതുമായ കർദിനാൾ സംഘത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം കോൺക്ലേവിൽ പങ്കെടുത്ത് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുകതന്നെയാണ്. എങ്കിലും സാർവത്രിക സഭയെ ഭരിക്കാനും നയിക്കാനുമുള്ള പരിശുദ്ധ റോമാ മാർപാപ്പയുടെ ദൗത്യത്തിൽ അദ്ദേഹത്തോട് ഏറ്റവും അധികം സഹകരിക്കുന്നവരാണ് പദവിയിൽ റോമാ മാർപാപ്പയ്ക്കു ശേഷം ഉടനെതന്നെ വരുന്ന കർദിനാൾമാർ. മാർപാപ്പയാൽ തെരഞ്ഞെടുക്കപ്പെട്ട് കൺസിസ്റ്ററിയിൽവച്ച് മാർപാപ്പയാൽ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ മരണംവരെ കർദിനാൾസംഘത്തിലെ അംഗങ്ങളായിരിക്കുമെങ്കിലും അതിൽ 80 വയസ് പൂർത്തിയായവർക്ക് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുണ്ടായിരിക്കുകയില്ല.
ഉദ്ഭവവും ഘടനയും
കർദിനാൾ എന്ന വാക്ക് കാർഡോ എന്ന ലത്തീൻ വാക്കിൽനിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. കാർഡോ എന്ന ലത്തീൻ വാക്കിന്റെ അർഥം വിജാഗിരി എന്നതാണ്. ഒരു വാതിലിന് വിജാഗിരി എത്രമാത്രം പ്രാധാന്യമുള്ളതാണോ അതുപോലെ ആളുകളുടെ വാതിലായ ക്രിസ്തുവിന്റെ വികാരിയായ മാർപാപ്പയുടെ സഭയെ ഭരിക്കുന്ന ശുശ്രൂഷയിൽ വളരെ പ്രധാനമായ ഒരു ദൗത്യം നിർവഹിക്കുന്നവരാണ് കർദിനാൾമാർ. കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ രണ്ടാംസ്ഥാനത്ത് കാണപ്പെടുന്ന കർദിനാൾമാർ മഹാനായ ഗ്രിഗറി മാർപാപ്പയുടെ കാലം (590-604 എഡി) മുതലെങ്കിലും പ്രസ്തുത പേരിലും ഔന്നത്യത്തിലും അറിയപ്പെടുകയും മാർപാപ്പമാരെ തെരഞ്ഞെടുക്കുക തുടങ്ങി കത്തോലിക്കാ സഭയുടെ റോമിലെ ഭരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുകയും ചെയ്തിരുന്നു. ഇന്നും റോമൻ കൂരിയ എന്ന പേരിലറിയപ്പെടുന്ന വത്തിക്കാനിലെ മാർപാപ്പയെ സാർവത്രിക സഭയുടെ ഭരണത്തിൽ സഹായിക്കുന്ന ഡിക്കാസ്റ്ററികളിൽ മിക്കതിന്റെയും തലപ്പത്തുള്ളവർ കർദിനാൾമാർതന്നെ. അങ്ങനെ മാർപാപ്പമാരെ ഭരണത്തിൽ സഹായിച്ചും പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയ്ക്കു വേണ്ട ഉപദേശങ്ങൾ നൽകിക്കൊണ്ടും കത്തോലിക്കാ സഭയിൽ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന കർദിനാൾസ്ഥാനം, പക്ഷേ, മെത്രാൻപട്ടത്തിനു മുകളിലുള്ള മറ്റൊരു പട്ടമല്ല. കത്തോലിക്കാ സഭയിലെ പട്ടങ്ങൾ ഡീക്കൻപട്ടം, പുരോഹിതപട്ടം, മെത്രാൻപട്ടം എന്നിങ്ങനെ മൂന്നു മാത്രം. എന്നാൽ, കർദിനാൾമാർ മൂന്നു ഗണമായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവ കർദിനാൾ മെത്രാൻ, പുരോഹിത കർദിനാൾ, ഡീക്കൻ കർദിനാൾ എന്നിവയാണ്. പൗരസ്ത്യ സഭയുടെ ഒരു പാത്രിയാർക്കീസിനെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്പോൾ മാർപാപ്പ അദ്ദേഹത്തെ നേരിട്ട് കർദിനാൾ മെത്രാൻ സ്ഥാനത്തേക്കാണ് ഉയർത്തുക.
കത്തോലിക്കാ സഭയിലെ ഒരു വൈദികനെങ്കിലുമായിട്ടുള്ള ഏതൊരു വ്യക്തിയെയും മാർപാപ്പയ്ക്ക് കർദിനാൾസ്ഥാനത്തേക്ക് ഉയർത്താമെന്നും എന്നാൽ, മെത്രാൻപട്ടം സ്വീകരിക്കാത്തവരെ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തുന്നതിനു മുന്‍പായി അവർക്ക് മെത്രാൻപട്ടം കൊടുക്കേണ്ടതാണ് എന്നും ലത്തീൻ സഭയുടെ കാനൻ നിയമത്തിലെ 351-ാം കാനോനയുടെ ഒന്നാം അനുച്ഛേദം വ്യക്തമാക്കുന്നു. സാധാരണഗതിയിൽ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ ഡീക്കൻ കർദിനാൾ ഗണത്തിലേക്കാണ് നിയമിക്കപ്പെടുക. എന്നിരുന്നാലും നേരിട്ട് പുരോഹിത കർദിനാൾ സ്ഥാനത്തേക്ക് ഒരു വ്യക്തിയെ നിയമിക്കുന്നതും അസാധാരണമല്ല.
പദവികൊണ്ട് കത്തോലിക്കാ സഭയില്‍ മാര്‍പാപ്പയ്ക്ക് തൊട്ടുതാഴെയാണ് കര്‍ദിനാൾമാര്‍ വരിക. എന്നിരുന്നാലും, അവരെ ഏത് ദൗത്യമാണ് മാര്‍പാപ്പ ഏല്‍പ്പിച്ചിരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും അവരുടെ അധികാരം.
കര്‍ദിനാള്‍ പദവിയും മെത്രാന്‍പട്ടവും
കര്‍ദിനാള്‍ മെത്രാന്‍പട്ടം സ്വീകരിച്ചിരിക്കണമെന്ന് നൈയാമികമായി നിഷ്കര്‍ഷയില്ലെങ്കിലും സാധാരണഗതിയില്‍ മെത്രാന്‍പട്ടം സ്വീകരിച്ചവരാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുക. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു വൈദികനെ മാര്‍പാപ്പ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. വൈദികരെ കര്‍ദിനാൾമാരായി ഉയര്‍ത്താനായി നിശ്ചയിക്കുമ്പോള്‍, സാമാന്യഗതിയില്‍ പ്രസ്തുത കണ്‍സിസ്റ്ററിക്ക് മുമ്പായി അവര്‍ക്ക് മെത്രാന്‍പട്ടം നല്‍കും. മോണ്‍. കൂവക്കാട്ട് അതനുസരിച്ച് നവംബര്‍ 24ന് ചങ്ങനാശേരിയില്‍ വച്ച് മെത്രാന്‍പട്ടം സ്വീകരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്തവണ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നവരില്‍ 44 വയസ് മുതല്‍ 99 വയസുവരെയുള്ളവരുണ്ട്. തങ്ങളുടെ പ്രശംസനീയമായ സഭാസേവനത്തെയോ ദൈവശാസ്ത്ര സംഭാവനകളെയോ പരിഗണിച്ച് 80നു മുകളില്‍ പ്രായമായ വൈദികരെ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തുമ്പോള്‍, അവര്‍ മെത്രാന്‍പട്ടം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതില്‍നിന്ന് അവര്‍ക്ക് മാര്‍പാപ്പമാര്‍ ഒഴിവുകൊടുക്കാറുമുണ്ട്. അങ്ങനെ മെത്രാന് പട്ടത്തില്‍നിന്ന് ഒഴിവു വാങ്ങി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയില്‍നിന്ന് 2001 ജനുവരി 21ന് കര്‍ദിനാള്‍ പദവി സ്വീകരിച്ച പ്രശസ്ത അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനാണ് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജോണ്‍ ഫോസ്റ്റര്‍ ഡള്ളസിന്റെ പുത്രന് ആവ്രി ഡള്ളസ് (Avery Dulles SJ). അതിനുമുമ്പ് 1977ല്‍ മാരിയോ ലൂയിജി ചാപ്പി (1909-1996) എന്ന ഡൊമിനിക്കന്‍ സന്യാസവൈദികനെ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയെങ്കിലും കണ്‍സിസ്റ്ററിക്ക് മുമ്പായി 1977 ജൂണ്‍ പത്തിന് അദ്ദേഹം മെത്രാന്‍പട്ടം സ്വീകരിച്ചു. 1945 ഓഗസ്റ്റ് 22ന് ലണ്ടനില്‍ ജനിച്ച, ഡൊമിനിക്കന്‍ സന്യാസസഭയുടെ മുന്‍ ജനറാളായിരുന്ന തിമോത്തി പീറ്റര്‍ ജോസഫ് റാഡ്ക്ലിഫ് ഇത്തവണ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന വൈദികരിലൊരാളാണ്. ചെക്കോസ്ലോവാക്യന്‍ ജെസ്വീറ്റ് വൈദികനായിരുന്ന തോമസ് സ്പിഡ്ലിക്കിനെ 2003ല്‍ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 83 ആയിരുന്നു. അദ്ദേഹം മെത്രാന്‍പട്ടം സ്വീകരിച്ചില്ല.
മാർ കൂവക്കാട്ട് സീറോമലബാര്‍ സിനഡംഗമോ?
സീറോമലബാര്‍ സഭാംഗങ്ങളായ മെത്രാന്മാരെല്ലാം സീറോമലബാര്‍ സിനഡിലെ അംഗങ്ങളല്ല. സീറോമലബാര്‍ രൂപതാമെത്രാന്മാരും സഹായമെത്രാന്മാരും പിന്തുടര്ച്ചാവകാശികളായ മെത്രാന്മാരും കൂരിയാമെത്രാനും പുറമേ വിരമിച്ച മെത്രാന്മാര്ക്കും സിനഡില്‍ അംഗത്വമുണ്ടെങ്കിലും സീറോമലബാര്‍ സഭയില്‍ പെട്ടവരിൽ ലത്തീന്‍ സഭയിലോ വത്തിക്കാന്‍ കാര്യാലയത്തിലോ സേവനമനുഷ്ഠിക്കുന്നവര്‍ സീറോമലബാര്‍ സിനഡില്‍ അംഗമാകില്ല. അതിനാല്‍തന്നെ, കര്‍ദിനാള്‍ മാർ കൂവക്കാട്ട് സീറോമലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യാനായി നിയമിക്കപ്പെടുന്നതുവരെ, ഈ സഭയുടെ സിനഡില്‍ അംഗമാവില്ല. കൂവക്കാട്ട് പിതാവ് കര്‍ദിനാള്‍ പദവി സ്വീകരിച്ചതിനുശേഷവും വത്തിക്കാനില്‍ മാര്‍പാപ്പയെ തന്റെ ജോലിയില്‍ സഹായിക്കുന്നതില്‍ തുടര്‍ന്നും നിലകൊള്ളുമെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം.
റോമന്‍ കൂരിയായുടെ പരിഷ്കരിച്ച നിയമമനുസരിച്ച് പത്തു വര്‍ഷത്തെ ശുശ്രൂഷയ്ക്കു ശേഷം സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോകണമെന്നുള്ള നിര്‍ദേശം കണക്കിലെടുത്തും കത്തോലിക്കാ സഭയുടെ ഭരണരംഗത്ത് അകലങ്ങളില്നിന്നുള്ളവര്ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഭാദര്ശനമനുസരിച്ചും കത്തോലിക്കാ സഭയില്‍ പൗരസ്ത്യ സഭാംഗങ്ങളുടെ പ്രാമുഖ്യം ഭരണരംഗത്ത് കൂടുതലായി കൊണ്ടുവരണമെന്ന് അദ്ദേഹത്തിന് തോന്നിയാല്‍, തീര്‍ച്ചയായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ തേടിയെത്തുന്നത് വളരെ വലിയ സ്ഥാനവും ദൗത്യങ്ങളുമാകും. സീറോമലബാര്‍ സഭയുടെ തീക്ഷ്ണതയും പ്രേക്ഷിതചൈതന്യവും വ്യക്തമായിട്ടറിയാവുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, തന്റെ കര്‍ദിനാള്‍ സംഘത്തിലേക്ക് മാര്‍ കൂവക്കാട്ടിനെ തെരഞ്ഞെടുത്തത്, അദ്ദേഹത്തിന്റെ കഠിനാധ്വാനശീലവും സഭാസ്നേഹവും നേരിട്ടുകണ്ട് അടുത്തറിഞ്ഞ് അനുഭവിച്ചതുകൊണ്ട് മാത്രമല്ല, പ്രത്യുത, മറ്റ് പല കണക്കുകൂട്ടലുകള്കൂടി അതിന് പുറകിലുണ്ട് എന്നത് വ്യക്തം.
മാർ ജോസഫ് പാറേക്കാട്ടില്‍, മാർ ആന്റണി പടിയറ, മാർ വര്‍ക്കി വിതയത്തില്‍, മാർ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് സീറോമലബാര്‍ സഭയില്‍നിന്ന് ഉയര്ത്തപ്പെട്ടപ്പോള് അവര്‍ ആ സഭയുടെ നെടുനായകത്വം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഒരേസമയം രണ്ട് കര്‍ദിനാൾമാര്‍ സീറോമലബാര്‍ സഭയില്‍ ഇത് നടാടെയാണ് താനും. ഇന്ത്യയില്‍നിന്ന് ആറു കര്‍ദിനാൾമാര്‍ ഒരേസമയം കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരാകുവാന് പോകുന്നു; അതില്‍ മൂന്നുപേര്‍ കേരളത്തില്‍നിന്നും. ഇപ്പോൾ വോട്ടവകാശമുള്ള കർദിനാൾമാർ ഏറ്റവും കൂടുതലുള്ളത് ഇറ്റലിയിൽനിന്നാണ്; 17 പേർ. രണ്ടാം സ്ഥാനത്തുള്ളത് അമേരിക്ക; 10 പേർ. മൂന്നാം സ്ഥാനത്തുള്ളത് സ്പെയിനും ഇന്ത്യയുമാണ്. ഇന്ത്യയില്‍നിന്നുള്ള കര്‍ദിനാൾമാരില്‍ മൂന്നുപേര്‍ ലത്തീന്‍സഭയില്‍നിന്നും മൂന്നുപേര്‍ പൗരസ്ത്യസഭകളില്നിന്നുമാണ്.