സിറിയയിൽ എന്താണ് സംഭവിക്കുന്നത്?
ഡോ. ജോർജുകുട്ടി ഫിലിപ്പ്
Friday, December 6, 2024 1:06 AM IST
സിറിയൻ ഭരണകൂടവും വിമതരും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാവുകയാണ്. തീവ്ര ഇസ്ലാമിസ്റ്റുകളും ജിഹാദികളുമായ വിമതർ ഭരണകൂടത്തിന്റെ ദേശീയസേനയെ ഞെട്ടിച്ചുകളഞ്ഞു എന്നതാണ് വാസ്തവം. ആഭ്യന്തരയുദ്ധത്തിന്റെ വേദിയായിരുന്ന സിറിയ ഏതാനും വർഷങ്ങളായി താരതമ്യേന ശാന്തമായിരുന്നു. പല വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവശേഷിപ്പിച്ചത് മരണവും നാശവും പലായനവുമാണ്. അവയൊക്കെ ഇനിയും ആവർത്തിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ നവംബർ 27ന് സിറിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഇദ്ലിബ്, ആലെപ്പോ പട്ടണങ്ങൾ കേന്ദ്രീകരിച്ചാണ് വിമത ഭീകരസംഘങ്ങൾ സിറിയൻ സേനയ്ക്കു നേരേ ആക്രമണം അഴിച്ചുവിട്ടത്. ജിഹാദി തീവ്രവാദി സംഘമായ ഹയാത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) ഈ ആക്രമണത്തിനു നേതൃത്വം നൽകി. വടക്കൻ സിറിയയിലെ നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും വരുതിയിലാക്കി മുന്നേറിയ വിമതർ സിറിയയിലെ രണ്ടാമത്തെ വലിയ പട്ടണമായ ആലെപ്പോയും സ്വന്തമാക്കി. ആലെപ്പോ ഗവർണറും പോലീസും സേനയുമൊക്കെ നഗരം വിട്ടു. തങ്ങൾ പിൻവലിഞ്ഞകാര്യം പട്ടാളംതന്നെ അറിയിച്ചു. അനേകം സൈനികർ മരിച്ച കാര്യവും മറ്റു പലർക്കും മുറിവേറ്റതും പട്ടാളം മറച്ചുവച്ചില്ല.
താമസിയാതെതന്നെ സിറിയൻ ഭരണാധികാരിയായ ബഷർ അസദിന്റെ സ്നേഹിതർ സഹായത്തിനെത്തി. റഷ്യയുടെ പോർവിമാനങ്ങൾ വിമതരെ ലക്ഷ്യംവച്ചു ബോംബുകൾ വർഷിക്കാൻ തുടങ്ങി. 2016നു ശേഷം ആദ്യമായാണ് റഷ്യ സിറിയയിൽ അസദിനുവേണ്ടി ഇടപെടുന്നത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അസദിനുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ പന്ത്രണ്ടു ദിവസങ്ങളിലായി നാനൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. അവരിൽ സാധാരണക്കാരാണ് കൂടുതൽ.
ആര്, ആർക്കെതിരേ?
ഭരണകൂടത്തിനെതിരേ സിറിയയിൽ ആരംഭിച്ച പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡന്റ് അസദ് തയാറായതോടെയാണ് 2011ൽ ആഭ്യന്തരയുദ്ധത്തിനു തുടക്കമായത്. വിമതവിഭാഗത്തിന്റെ സായുധസംഘങ്ങൾ സേനാ കേന്ദ്രങ്ങൾ ആക്രമിക്കാനും സിവിലിയന്മാരെ സമ്മർദത്തിലാക്കാനും തുടങ്ങി. വിമതരോടൊപ്പം തീവ്ര ഇസ്ലാമിസ്റ്റുകളും കൂടിയതോടെ രാഷ്ട്രീയ സംഘർഷത്തിനു മതപരമായ മാനവും കൈവന്നു. സർക്കാരിനുമേൽ എച്ച്ടിഎസ് വലിയ സമ്മർദമാണു ചെലുത്തിയത്. അതും പല വർഷങ്ങൾ. രാജ്യം നഷ്ടപ്പെടുമോ എന്ന പേടിയിലായി അസദ്. അതിനാലാണ് അദ്ദേഹവും സുഹൃത്തുക്കളെ തേടിയത്.
2013 മുതൽ ലബനനിലെ ഹിസ്ബുള്ള തീവ്രവാദികളും ഇറാനിലെ വിപ്ലവസേനയും അസദിനെ സഹായിക്കുന്നുണ്ട്. 2015 മുതൽ റഷ്യയും. മറുപക്ഷത്ത് എച്ച്ടിഎസിനെ സഹായിക്കാൻ തുർക്കി മുന്പോട്ടു വന്നു. കുർദ് വംശജരാണ് സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു വിഭാഗം.
രാജ്യത്തിന്റെ വടക്കുകിഴക്കു ഭാഗം നിയന്ത്രിക്കുന്നത് അവരാണ്. ഇതിനിടെ സിറിയയുടെ ഗണ്യമായ ഒരു പ്രദേശം ഐഎസ് ഭീകരവാദികളുടെ പിടിയിലായി. സൈനിക നടപടികൊണ്ട് ഈ ഭീകരരെ സന്പൂർണമായി ഇല്ലാതാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, അധോലോകത്തുനിന്നുള്ള പിന്തുണകൊണ്ട് അവർ ശക്തിയാർജിക്കുന്നുണ്ടുതാനും.
സായുധസംഘർഷങ്ങളുടെ ഫലമായി മൂന്നരലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് യുഎൻ പറയുന്നു. എന്നാൽ, ഇതിന്റെ ഇരട്ടിയാണ് യഥാർഥ സംഖ്യയെന്ന് മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള ലണ്ടനിലെ സിറിയൻ നിരീക്ഷണകേന്ദ്രം പറയുന്നു. മരിച്ചവർ ലക്ഷങ്ങളാണെങ്കിൽ പലായനം ചെയ്തത് ദശലക്ഷങ്ങളാണ്.
പാവപ്പെട്ട മനുഷ്യരുടെ കണ്ണീരും കഷ്ടപ്പാടും യുദ്ധപ്രഭുക്കന്മാർക്ക് വിഷയമേയല്ല! മറ്റൊരു കാര്യം, യൂറോപ്യൻ രാജ്യങ്ങളിൽ അഭയംതേടിയവരിൽ നിരവധിപ്പേർ തീവ്ര മതചിന്ത പുലർത്തുന്ന ഇസ്ലാമിസ്റ്റുകളാണ് എന്നതാണ്. അഭയാർഥികളോടുള്ള മനോഭാവം ചൂഷണംചെയ്ത് ആ രാജ്യങ്ങളിൽ എത്തിയവർ അവിടെയും അരക്ഷിതത്വവും അസമാധാനവും വിതയ്ക്കുകയാണ്.
ഇപ്പോഴത്തെ സംഘർഷം എന്തുകൊണ്ട്?
എച്ച്ടിഎസിന്റെ പെട്ടെന്നുള്ള ശക്തിപ്രകടനത്തിനു പല കാരണങ്ങളുണ്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി റഷ്യയിൽനിന്ന് അസദിനു കിട്ടിക്കൊണ്ടിരുന്ന പിന്തുണയ്ക്കു കാര്യമായ കുറവുണ്ടായി. സിറിയയിൽനിന്ന് റഷ്യൻ സേനയെ പൂർണമായി പിൻവലിച്ചില്ലെങ്കിലും സംഖ്യാബലത്തിൽ വന്ന കുറവ് വിമതർക്കു പ്രോത്സാഹനമായി.
മറ്റൊരു കാരണം, ഇറാന്റെ വിപ്ലവഗാർഡുകൾക്കും ഹിസ്ബുള്ളയ്ക്കും ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ തിരിച്ചടികളാണ്. മാത്രമല്ല, ഇസ്രേലി സൈന്യം നേരിട്ട് സിറിയൻ കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തു. അതോടെ ഇസ്രയേലിനെ പ്രതിരോധിക്കാൻ ഒരുങ്ങിയ അസദ് ദുർബലനാകുന്നു എന്നു കണ്ടാണ് വിമതർ ഈ സമയം തെരഞ്ഞെടുത്തത്. എച്ച്ടിഎസും തുർക്കിയുടെ പിന്തുണയുള്ള സിറിയൻ നാഷണൽ ആർമിയും സംയുക്തമായാണ് അസദിന്റെ സൈന്യത്തോട് ഏറ്റുമുട്ടിയത്.
2011നു ശേഷം സാന്പത്തികമായി ഏറെ തകർന്ന നിലയിലാണ് അസദിന്റെ സിറിയയും. ഇദ്ലിബിലും സമീപപ്രദേശങ്ങളിലും സിറിയൻ-റഷ്യൻ സേനകൾ വ്യോമാക്രമണം നടത്തിയതിനുള്ള മറുപടിയാണ് തങ്ങളുടേത് എന്നാണ് ജിഹാദി സംഘടനയായ എച്ച്ടിഎസിന്റെ വാദം. ഇരുകൂട്ടരും അവകാശപ്പെടുന്നത് തങ്ങളുടെ കീഴിലുള്ള സാധാരണ ജനങ്ങളെ രക്ഷിക്കാനാണു യുദ്ധം എന്നാണ്. ക്രൂരമായ ഒരു ഫലിതം!
ആരാണ് എച്ച്ടിഎസ്?
ഇസ്ലാമിക ഭീകരപ്രസ്ഥാനമായ അൽക്വയ്ദയുടെ സിറിയൻ പതിപ്പായ നുസ്റ മുന്നണിയുടെ നേരവകാശികളായാണ് ഹയാത് തഹരീർ അൽഷാം കണക്കാക്കപ്പെടുന്നത്. അൽക്വയ്ദയുമായി ബന്ധമൊന്നുമില്ലെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
ഇദ്ലിബ് പ്രവിശ്യ പ്രായോഗികമായി ഇവരുടെ നിയന്ത്രണത്തിലായിരുന്നു. അൽക്വയ്ദയുമായി ബന്ധമില്ലെന്നു പറയുന്നുണ്ടെങ്കിലും ഇവരുടെ പ്രത്യയശാസ്ത്രം സലഫി-ജിഹാദി മതമൗലികവാദം തന്നെയാണെന്ന് അമേരിക്കൻ തിങ്ക് ടാങ്കായ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് പറയുന്നു.
വിഭജിതമായ സിറിയ
തുർക്കിയും റഷ്യയും മുൻകൈയെടുത്തു നടപ്പാക്കിയ വെടിനിർത്തൽ 2020 മുതൽ ഉത്തരസിറിയയിൽ നിലവിലുണ്ടായിരുന്നു. താരതമ്യേന ശാന്തവുമായിരുന്നു ഈ കാലഘട്ടം. ആലെപ്പോ പ്രവിശ്യ ഉൾപ്പെടെ സിറിയയുടെ മൂന്നിൽ രണ്ടു ഭാഗം അസദിന്റെ കീഴിലാണ്. ഇദ്ലിബ് പ്രവിശ്യ എച്ച്ടിഎസും വടക്കുകിഴക്കു ഭാഗം കുർദിഷ് തീവ്രവാദികളും നിയന്ത്രിക്കുന്നു. തുർക്കിയുമായുള്ള അതിർത്തിപ്രദേശങ്ങൾ തുർക്കിയുടെ നിയന്ത്രണത്തിലാണ് എച്ച്ടിഎസിനും തുർക്കിയുടെ പിന്തുണയുണ്ട്.
ക്രൈസ്തവ പീഡനവും
അസദിന്റെ ഭരണവുമായുള്ള എതിർപ്പാണ് എച്ച്ടിഎസിന് ഉള്ളതെങ്കിലും സിറിയയിൽ ഇനിയും അവശേഷിക്കുന്ന ക്രൈസ്തവരെയും നാട്ടിൽനിന്ന് ഓടിക്കുക എന്നതും ഇരുകൂട്ടരും ലക്ഷ്യമിടുന്നുണ്ട്. ഡിസംബർ ഒന്നിന് ഫ്രാൻസിസ്കൻ സന്യാസിമാരുടെ നേതൃത്വത്തിലുള്ള ആലെപ്പോയിലെ ഹോളി ലാൻഡ് കോളജിൽ ബോംബിടുകയുണ്ടായി. ഭാഗ്യവശാൽ റഷ്യൻ ബോംബിംഗിൽ ആളപായമൊന്നും ഉണ്ടായില്ല. എങ്കിലും ആഭ്യന്തരയുദ്ധകാലത്ത് ക്രൈസ്തവരെ നാടുവിടാൻ പ്രേരിപ്പിച്ചതുപോലുള്ള അവസ്ഥാവിശേഷമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
ഇപ്പോൾ സിറിയയിൽ അവശേഷിക്കുന്ന ക്രൈസ്തവരിൽ ഭൂരിഭാഗവും ആലെപ്പോയിലാണുള്ളത്. യുദ്ധഭീതിമൂലം ഒരു ക്രൈസ്തവനും നാടുവിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ആലെപ്പോയിലെ അർമേനിയൻ, സിറിയൻ ക്രൈസ്തവസഭാ മേലധ്യക്ഷന്മാർ പ്രതികരിച്ചത്. അനേക വർഷങ്ങളായി രക്തസാക്ഷിത്വം വരിച്ചുകൊണ്ടിരിക്കുന്ന സിറിയയിലെ ക്രൈസ്തവസമൂഹത്തിനുവേണ്ടി പ്രാർഥിക്കണമെന്നേ അവർ ആവശ്യപ്പെടുന്നുള്ളൂ.