മകളേ മാപ്പ്...
സിസ്റ്റർ അഡ്വ. ജോസിയ എസ്ഡി
Friday, December 6, 2024 1:02 AM IST
തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ടര വയസുള്ള പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ഏറ്റ മുറിവ് നമുക്കു പരസ്യമായി ഏറ്റ അപമാനമാണ്. വല്ലാത്ത വേദന തോന്നുന്നു.
ഞങ്ങൾ അഗതികളുടെ സഹോദരിമാരാണ്. കുഞ്ഞുങ്ങളുടെ മാത്രമല്ല, പ്രായമായവരുടെയും കാൻസർ രോഗികളുടെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയുമൊക്കെ മല-മൂത്ര വിസർജ്യങ്ങൾ കഴുകി വൃത്തിയാക്കി അവരിലെ ക്രിസ്തുമുഖത്തെ ശോഭയുള്ളതാക്കുന്നവരാണ് ഞങ്ങൾ.
എന്തിനാണ് ഇങ്ങനെ കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നത്? പറ്റില്ലെങ്കിൽ ഈ പണിക്ക് പോകാതിരുന്നുകൂടേ?
സന്യസ്തർ നടത്തുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും അനാവശ്യ നിയമക്കുരുക്കുകൾ കൊണ്ടുവന്നു നിരന്തരം ശല്യപ്പെടുത്താനും മാത്രം, ഞങ്ങളുടെ സ്ഥാപനങ്ങളിൽ കയറിയിറങ്ങുന്ന അധികാരികളോട് ഒരു വാക്ക്... വല്ലപ്പോഴും അവിടങ്ങളിൽ കഴിയുന്നവരുടെ അടുത്തിരുന്ന് അവരെ ഒന്നു കേൾക്കണം.
മറ്റാരും ആശ്രയമില്ലാത്ത മനുഷ്യരെ സ്വന്തമായി കണ്ടു സ്നേഹിക്കാനും ശുശ്രൂഷ ചെയ്യാനും ഈശോയെപ്രതി സന്നദ്ധരാകുന്നവരും, ശമ്പളത്തിനും നേരംപോക്കിനും ഉപജീവനത്തിനുംവേണ്ടി ഈ പണി ചെയ്യുന്നവരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഇനിയെങ്കിലും എല്ലാവരും മനസിലാക്കണം.
നന്നായി നടത്തുന്ന സ്ഥാപനങ്ങൾ പൂട്ടിക്കാൻ നല്ല എളുപ്പമാണ്. ആയമാരെ വച്ചാൽ അമ്മമാർക്കു തുല്യമാകില്ല സർക്കാരേ... പ്രസവിച്ചു എന്നു കരുതിയും അമ്മയാകില്ല... മാതൃത്വം ഹൃദയഭാവമാണ്. ദൈവത്തിന്റെ കരുണയുടെ മുഖമാണ്. ഇതിനിടയിൽ, ആ കുഞ്ഞുമുറിവ് കണ്ടെത്തി പരിഹരിക്കാനും ഈ ദ്രോഹം അധികൃതരെ അറിയിക്കാനും മനസ് കാണിച്ച അമ്മമനസുള്ള ആയയെ നന്ദിയോടെ ഓർക്കാതിരിക്കാനുമാവില്ല.
ഞങ്ങളുടെ കൈനഖങ്ങൾ ഞങ്ങൾ നീട്ടി വളർത്താറില്ല. സ്പർശിക്കുന്നത് ദൈവത്തെ ആണെന്ന് ഞങ്ങൾക്കുറപ്പുണ്ട്. പ്രതിഫലം ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. അത് സ്വർഗത്തിൽ ലഭിക്കുമെന്ന് ഞങ്ങൾക്കറിയാം.
ആയമാർ സ്റ്റേഷനിൽ ഹാജരായപ്പോൾ നഖം വെട്ടികളഞ്ഞിട്ടാണത്രേ പോയത്. കുഞ്ഞിനേറ്റ ക്ഷതം അങ്ങനെ വെട്ടിമാറ്റാൻ പറ്റില്ലല്ലോ... മകളേ മാപ്പ്.