പഞ്ചാബിൽ വീണ്ടും അശാന്തിയോ?
Thursday, December 5, 2024 12:14 AM IST
പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദലിനു നേരേയുണ്ടായ വെടിവയ്പിൽ ആശങ്കയേറുന്നു. ഖലിസ്ഥാൻ വാദികൾ പഞ്ചാബിൽ പിടിമുറുക്കുന്നുവെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് ഇന്നലെ രാവിലെ സുഖ്ബീർ സിംഗിനു നേരേ വെടിവയ്പുണ്ടായത്.
മതശിക്ഷയേറ്റുവാങ്ങി അകാലി ദൾ നേതാക്കൾ
അതികർശനമായ ചിട്ടകളുടെ പേരിൽ പ്രസിദ്ധമാണ് സിക്ക് മതം. അതു ലംഘിക്കുന്നവർ ആരായാലും പരമോന്നത പുരോഹിതസമിതിയായ അകാൽ തക്ത് നിർദേശിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാൻ ബാധ്യസ്ഥരാണ്. ഏറ്റവുമൊടുവിൽ പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും സിക്ക് രാഷ്ട്രീയ പാർട്ടിയായ ശിരോമണി അകാലിദളിന്റെ നേതാവുമായ സുഖ്ബീർ ബാദലിനു പുരോഹിതസമിതി ശിക്ഷ വിധിച്ചതും അദ്ദേഹം അത് ശിരസാവഹിച്ചതും സജീവ ചർച്ചാവിഷയമായിരിക്കുകയാണ്.
പഞ്ചാബിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നയാളും ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം വഹിച്ച അകാലി ദളിന്റെ ചോദ്യംചെയ്യപ്പെടാനാകാത്ത നേതാവുമായിരുന്ന അന്തരിച്ച പ്രകാശ് സിംഗ് ബാദലിന്റെ മകനാണ് മുൻ ഉപമുഖ്യമന്ത്രികൂടിയായ സുഖ്ബീർ ബാദൽ. എന്നാൽ, ഈ പേരും പെരുമയുമൊന്നും കടുത്ത തീരുമാനമെടുക്കുന്നതിൽനിന്ന് അകാൽ തക്തിനെ പിന്തിരിപ്പിച്ചില്ല. മതനേതൃത്വത്തിന്റെ തീരുമാനത്തെ എതിർക്കാൻ നേതാക്കളും തയാറായില്ല.
ബാദലിന്റെ അകാലി ദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാലി ദള്‍ നേതാക്കൾക്കും പാർട്ടിയുടെ അന്നത്തെ കോര്‍ കമ്മിറ്റി അംഗങ്ങൾക്കും അകാല്‍ തക്ത് ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അകാൽ തക്ത് ജാതേദാർ(മുഖ്യ പുരോഹിതൻ) ഗ്യാനി രാഘ്ബിർ സിംഗിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പരമോന്നത പുരോഹിതസമിതിയാണു ശിക്ഷ പ്രഖ്യാപിച്ചത്.
കുറ്റങ്ങൾ
2007-2017ലെ അകാലി ദൾ ഭരണകാലത്ത് സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ഫണ്ട് പരസ്യങ്ങൾക്ക് ദുരുപയോഗം ചെയ്തു, എതിർവിഭാഗമായ ദേരാ സച്ചാ സൗദയുടെ മേധാവി ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ചു, അദ്ദേഹവും അനുയായികളും ചെയ്ത കുറ്റകൃത്യങ്ങളിൽ നടപടിയുണ്ടായില്ല. തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബാദൽ അടക്കമുള്ളവർക്ക് അകാൽ തക്ത് ശിക്ഷ വിധിച്ചത്. അകാലി ദളിന്റെ ഭരണകാലത്ത് പഞ്ചാബിന്റെ ചില ഭാഗങ്ങളില്‍ ദേരാ സച്ചാ സൗദ വിഭാഗം അനുയായികളും സിക്കുകാരും തമ്മില്‍ സംഘര്‍ഷത്തിനു കാരണമായ കേസുകളിൽ ഗുര്‍മീത് റാം റഹീമിന് മാപ്പ് നല്‍കിയത് വലിയ കുറ്റമായി അകാൽ തക്ത് കണ്ടിരുന്നു. തെറ്റുകാരനാണെന്ന് അകാൽ തക്ത് വിധിച്ചതിനു പിന്നാലെ സുഖ്ബീര്‍ സിംഗ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. ബാദലിന്റെ രാജി അംഗീകരിച്ച അകാൽ തക്ത് ആറു മാസത്തിനകം പാര്‍ട്ടി പുനഃസംഘടിപ്പിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ സംഘടനയെ ഉടച്ചുവാർക്കുക, പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരിക, കുടുംബാധിപത്യത്തിൽനിന്നു മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ അകാൽ തക്ത് മുന്നിൽക്കാണുന്നു.
ശിക്ഷാവിധി
മതനിന്ദ നടത്തിയ സുഖ്ബീർ ബാദൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രഖ്യാപിച്ച ശിക്ഷ കൗതുകകരവും ആശ്ചര്യജനകവുമാണ്. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കുക, കഴുത്തില്‍ പ്ലക്കാര്‍ഡ് ധരിച്ചും കൈയില്‍ കുന്തമേന്തിയും അമൃത്സറിലെ സുവര്‍ണ ക്ഷേത്ര കവാടത്തില്‍ രണ്ടു ദിവസം കാവല്‍ നിൽക്കുക, ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങൾ ആലപിക്കുക എന്നിവയാണു ശിക്ഷയായി നൽകിയത്. ഓരോരുത്തർക്കും വ്യത്യസ്ത ശിക്ഷയാണു ലഭിച്ചത്. സുഖ്ബീർ ബാദലിനു ലഭിച്ച ശിക്ഷ സുവർണ ക്ഷേത്രത്തിനു മുന്നിൽ കാവൽ നിൽക്കുകയെന്നതായിരുന്നു. കാലിന് പൊട്ടൽ ഉണ്ടായതിനെത്തുടർന്ന് വീൽചെയറിലിരുന്നാണ് അകാൽ തക്തിന്റെ ശിക്ഷ ബാദൽ അനുഷ്ഠിച്ചത്.
ശിക്ഷയുടെ ഭാഗമായി ഇന്നലെ സുവര്‍ണ ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിനു മുന്നില്‍ വീല്‍ചെയറില്‍ കുന്തവും പിടിച്ച് കാവലിരിക്കുന്ന ബാദലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബാദലിന്റെ ഭാര്യാസഹോദരനും അകാലിദള്‍ നേതാവുമായിരുന്ന ബിക്രം സിംഗ് മജിത്യക്കും അകാല്‍ തക്ത് ശിക്ഷ വിധിച്ചിട്ടുണ്ട്. സുവര്‍ണ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കഴുകി വൃത്തിയാക്കുക എന്നതാണ് ബിക്രം സിംഗിനുള്ള ശിക്ഷ.
ശിക്ഷാനടപടിയുടെ ഭാഗമായി സുഖ്ബീര്‍ ബാദലിന്റെ പിതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ് സിംഗ് ബാദലിന് സമൂഹത്തിലെ സേവനങ്ങള്‍ക്ക് 2011ല്‍ നല്കിയ ഫഖ്ര്-ഇ-ക്വാം (സിക്ക് സമൂഹത്തിന്റെ അഭിമാനം) ബഹുമതി എടുത്തുകളഞ്ഞിരുന്നു.
അകാലി ദളും ബാദൽ കുടുംബവും
ഒരിക്കൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന രാഷ്ട്രീയ പാർട്ടിയാണ് പഞ്ചാബിലെ ശിരോമണി അകാലി ദളും അതിന്റെ പരമോന്ന നേതാവായ പ്രകാശ് സിംഗ് ബാദലും. പഞ്ചാബിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചയാൾ എന്ന നിലയിൽ അറിയപ്പെടുന്നയാളാണ് ബാദൽ. സിക്കുകാരുടെ പാർട്ടിയായ ശിരോമണി അകാലി ദളിന്റെ മുഖ്യ രക്ഷാധികാരിയായും അദ്ദേഹം പ്രവർത്തിച്ചു. അതിനാൽത്തന്നെ സമുദായത്തിൽ ശക്തമായ സ്വാധീനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രകാശ് സിംഗ് ബാദലിന്റെ വിയോഗത്തെത്തുടർന്ന് മകൻ സുഖ്ബീർ ബാദൽ അകാലി ദളിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയും ഉപമുഖ്യമന്ത്രിയാകുകയും ചെയ്തെങ്കിലും പാർട്ടി ശോഷിക്കുകയായിരുന്നു. കോൺഗ്രസിനെ നേരിടാൻ ബിജെപിയുമായി ചേർന്നതും പാർട്ടിയുടെ തകർച്ചയ്ക്കു കാരണമായി. നിലവിൽ ലോക്സഭയിൽ കേവലം ഒരു സീറ്റും സംസ്ഥാന നിയമസഭയിൽ രണ്ടു സീറ്റും മാത്രമാണ് അകാലി ദളിനുള്ളത്.
സിക്ക് ഭീകരവാദവും ഉലയുന്ന ഇന്ത്യ-കാനഡ ബന്ധവും
സിക്ക് മതവിഭാഗക്കാർക്കായി പഞ്ചാബ് കേന്ദ്രീകരിച്ച് പ്രത്യേക ഖലിസ്ഥാൻ രാജ്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഭീകരവാദം ഏറെ രക്തച്ചൊരിച്ചിലുകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഈ വിഘടനവാദ ശക്തികളെ ഏറെക്കുറെ ഉന്മൂലനം ചെയ്തിട്ടുണ്ടെങ്കിലും വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് കാനഡ കേന്ദ്രീകരിച്ച് ഈ ശക്തികൾ വീണ്ടും വളരുന്നുവെന്ന സൂചനകൾ അടുത്തിടെയായി പുറത്തുവരുന്നു.
കാനഡയിലെ ജനസംഖ്യയിൽ കേവലം രണ്ടു ശതമാനം മാത്രമാണ് സിഖുകാരെങ്കിലും ഇവരുൾപ്പെടുന്ന വോട്ടുബാങ്ക് അവിടുത്തെ രാഷ്ട്രീയക്കാരെ, പ്രത്യേകിച്ച് നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ ആകർഷിക്കുന്നു. അതിനാൽത്തന്നെ രാജ്യത്ത് ഈ മതത്തിന്റെ പേരിൽ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് ട്രൂഡോ സർക്കാർ സ്വീകരിക്കുന്നത്. ഇതേച്ചൊല്ലി കഴിഞ്ഞ ഒരു വർഷമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. പരസ്പരം നയതന്ത്ര പ്രതിനിധികളെ പിൻവലിച്ച് ബന്ധത്തിൽ വലിയ വിള്ളൽ വീഴുകയും ചെയ്തു.
സിക്ക് ഭീകരസംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ കാനഡയിലെ തലവൻ ഹർദീവ് സിംഗ് നിജ്ജാർ 2023 ജൂണിൽ യുഎസ്- കാനഡ അതിർത്തിയിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചതാണ് കാനഡയെ പ്രകോപിപ്പിച്ചത്. കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ പങ്ക് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി തന്നെ രംഗത്തുവരികയും ബന്ധം കൂടുതൽ വഷളാകുകയും ചെയ്തു. നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നാണ് കനേഡിയൻ സർക്കാർ ആരോപിക്കുന്നത്.
ഖലിസ്ഥാൻ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി കാനഡ മാറുന്നതും യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ അതു ശക്തിപ്പെടുന്നതും ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ മതമായ സിക്ക് വിഭാഗത്തിൽ മൂന്നുകോടി അംഗങ്ങളാണുള്ളത്. ഇതിൽ 90 ശതമാനവും പഞ്ചാബിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുമായി കഴിയുന്നു. കാനഡയിലെ എട്ടു ലക്ഷം വരുന്ന സിക്ക് വിഭാഗക്കാരിൽ വിഘടനവാദികൾക്ക് ശക്തമായ സ്വാധീനമുണ്ട്.