പൊന്നുപോലെ കാക്കണം, മണ്ണിനെ
തോമസ് പി. നെടുംകുന്നം
Thursday, December 5, 2024 12:06 AM IST
പച്ചപ്പിന്റെ സമൃദ്ധികൊണ്ട് അനുഗൃഹീതമായ മണ്ണ് ഭൂമിയുടെ പുതപ്പാണ്. എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണം ഒരുക്കുന്ന ഇടമാണത്. 2014 ഡിസംബർ അഞ്ചിനാണ് പ്രഥമ ലോക മണ്ണുദിനാചരണം നടന്നത്. തായ്ലൻഡ് രാജാവ് ബൂമിമൾ അതുല്യാദേജിയുടെ ജന്മദിനമായ ഡിസംബർ അഞ്ചിനാണ് ലേക മണ്ണുദിനം ആചരിക്കുന്നത്. ഇന്നാചരിക്കുന്ന പത്താമതു മണ്ണുദിനത്തിന്റെ സന്ദേശം, ‘വിനിയോഗം, നിരീക്ഷണം, മേൽനോട്ടം എന്നിവയിലൂടെ മണ്ണ് പരിപാലനം’ എന്നതാണ്.
മണ്ണെവിടെ ആയിരിക്കുന്നോ അവിടെത്തന്നെ പിടിച്ചുനിർത്തി മണ്ണൊലിപ്പ് തടയുക എന്നതാണ് ലോക മണ്ണുദിനത്തിന്റെ പൊതുവായ ആപ്തവാക്യം. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും അതിനെ സുസ്ഥിരമായി പരിപാലിക്കേണ്ടതിന്റെയും ആവശ്യകതയെയും പ്രാധാന്യത്തെയുംപറ്റി ആഗോളതല അവബോധം വളർത്തുക എന്നതാണ് മണ്ണ് ദിനാചരണത്തിന്റെ ലക്ഷ്യം.
മണ്ണില്ലെങ്കിൽ ലോകത്തിനു നിലനില്പില്ല. മണ്ണില്ലെങ്കിൽ ഭക്ഷ്യസുരക്ഷ സാധ്യമല്ല. ‘മണ്ണു കനിഞ്ഞാൽ പത്തായം നിറയും’ എന്നാണ് പഴമൊഴി. മണ്ണിന്റെ ഭക്ഷ്യക്കലവറ ഒരിക്കലും വറ്റാതിരിക്കണമെങ്കിൽ ഉത്പാദനക്ഷമതയും വളക്കൂറുംകൊണ്ട് സന്പന്നമായതും ആരോഗ്യമുള്ളതുമായിരിക്കണം മണ്ണ്. മണ്ണിന് ആരോഗ്യമുണ്ടെങ്കിലേ ആരോഗ്യമുള്ള സമൂഹമുണ്ടാകൂ.
മണ്ണും ജലസുരക്ഷയും
മണ്ണും മഴയും തമ്മിൽ അനിർവചനീയമായ ആന്തരിക ബന്ധമുണ്ടെന്നു പറയാം. പെട്ടെന്നു കുമിഞ്ഞുകൂടുന്ന മഴമേഘക്കൂന്പാരം കൊണ്ടുവരുന്ന അതിശക്തമായ പെയ്ത്തിലെ ജലമത്രയും പാഴായിപ്പോകാതെ സ്വന്തം ഉള്ളറകൾ നിറയെ സംഭരിച്ചുവയ്ക്കുന്ന മണ്ണിന്റെ കരുതൽ വിസ്മയം തന്നെയാണ്. ഈ മഴവെള്ള സംഭരണികളിൽനിന്ന് ഊറിയൊഴുകി വരുന്നവയാണ് അരുവികളും പുഴകളും. വരൾച്ചയുടെ ചുട്ടുപൊള്ളുന്ന നാളുകളിൽ കുടിവെള്ളവും കൃഷിഭൂമിക്കു സേചനജലവും നീർച്ചാലുകളിലൂടെ മണ്ണ് ചുരത്തിക്കൊടുത്തുകൊണ്ടിരിക്കുന്നു.
മണ്ണിന്റെ ആഴങ്ങളിലേക്കുളള നീരൊഴുക്കിന്റെ വഴികളിൽ സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ തടസങ്ങളുണ്ടാകുന്പോൾ പതിക്കുന്നത്രയും ജലം മണ്പരപ്പിലൂടെ പുറത്തേക്കൊഴുകുന്നു. ഈ കവിഞ്ഞൊഴുക്കു പെരുകിപ്പെരുകി വെള്ളപ്പൊക്കമാകുന്നു. അതിവൃഷ്ടിയിൽ സംഭരണശേഷി പരിധിവിടുന്പോൾ ഉള്ളറകളിൽ തിങ്ങുന്ന വെള്ളത്തിന്റെ ശക്തിയേറിയ മർദഫലമായി പിടിവിട്ടു പോകുന്ന മണ്ണ് ജലത്തോടൊപ്പം കുത്തിയൊഴുകി മണ്ണിടിച്ചിലുണ്ടാകുന്നു. പരമാവധി മഴവെള്ളം സംഭരിച്ചു സൂക്ഷിക്കുക എന്നത് മണ്ണിന്റെ ധർമമാണ്. സർവ ജീവജാലങ്ങൾക്കുംവേണ്ടി മണ്ണ് ഏറ്റെടുത്തിരിക്കുന്ന ഈ ഉത്തരവാദിത്വത്തിന്റെ നിർവഹണത്തിനിടയിൽ എവിടെയെങ്കിലും മനുഷ്യന്റെ അതിരുവിട്ട ഇടപെടലുകളുണ്ടാകുന്പോൾ മണ്ണിന്റെ പ്രതികരണവും ശക്തമാകുന്നതായി കാണുന്നു.
മണ്ണും പരിസ്ഥിതി സുസ്ഥിരതയും
പ്രകൃതിഗാത്രത്തിന്റെ മാംസഭാഗമാണെന്നു പറയാം മണ്ണ്. പാറപ്പൊടി, ജൈവികപദാർഥങ്ങൾ, ധാതുക്കൾ, ദ്രവരൂപ വസ്തുക്കൾ, കോടാനുകോടി സൂക്ഷ്മജീവാണുക്കൾ, വാതകങ്ങൾ തുടങ്ങിയവയുടെ മിശ്രിതമാണ് മണ്ണ്. പ്രകൃതിയിലെ സന്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രതയും ആഘാതവും മയപ്പെടുത്തുന്നതും മണ്ണാണ്. പരിസ്ഥിതി സുസ്ഥിരതയ്ക്കു മണ്ണിലെ ജൈവാംശം നിലനിൽക്കേണ്ടത് അനുപേക്ഷണീയമാണ്. കൃഷിയും പച്ചപ്പും അപ്രത്യക്ഷമായാൽ മണ്ണ് മരുഭൂമിയാകും.
പരിസ്ഥിതി സുസ്ഥിരതയ്ക്കു ചില പ്രതിക്രിയകൾ ചെയ്യാനുള്ള സ്വാഭാവിക സിദ്ധി മണ്ണിൽ അന്തർലീനമായിട്ടുണ്ട്. നിക്ഷേപിക്കപ്പെടുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആഗിരണം ചെയ്ത് വേർതിരിച്ചു രൂപാന്തരപ്പെടുത്താനുള്ള കഴിവ് മണ്ണിനുണ്ട്. അതുപോലെതന്നെ കീടനാശിനി ഉൾപ്പെടെയുള്ള രാസസംയുക്തങ്ങളെ തടഞ്ഞുനിർത്തി വിഘടിപ്പിച്ച് ജീവജാലങ്ങൾക്കു ഹാനികരമാകാത്ത ഘടകങ്ങളാക്കി മാറ്റാനുള്ള കഴിവും മണ്ണിനുണ്ട്. എങ്കിലും, പരിധി വിട്ട് ഘനലോഹങ്ങളും കീടനാശിനികളും മണ്ണിൽ ചേരുന്പോൾ മണ്ണു വിഷലിപ്തമാകുകയും പരിസ്ഥിതി അപകടത്തിലാകുകയും ചെയ്യും.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും മണ്ണ് വഹിക്കുന്ന വിലപ്പെട്ട പങ്ക് വിസ്മരിക്കപ്പെടുന്നു. കാർബണ്, ഹൈഡ്രജൻ, ഓക്സിജൻ പോലുള്ള വാതകങ്ങളെ കൃത്യമായ അളവിൽ പിടിച്ചുനിർത്തിയാണു സന്തുലിതാവസ്ഥ നിലനിർത്തുന്നത്.
ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരികെ കിട്ടാനാവാത്ത അസുലഭ പ്രകൃതിവിഭവമാണ് മണ്ണ്. ഒരിഞ്ചു കനത്തിൽ മണ്ണുണ്ടായി വരുന്നത് അനേകം നൂറ്റാണ്ടുകൾകൊണ്ടാണെന്ന് ഓർക്കണം. സമൃദ്ധമായ എക്കലും വളക്കൂറുംകൊണ്ട് സന്പന്നമായ മേൽമണ്ണ് കൃഷിയുടെ പോഷക കലവറയാണ്. ശക്തമായ വെള്ളപ്പാച്ചിൽ മതി അമൂല്യനിധിയായ മേൽമണ്ണ് ഒലിച്ചുപോയി എന്നേക്കുമായി നഷ്ടപ്പെടാൻ. അതിനാൽ നീരൊഴുക്കു നിയന്ത്രിക്കാൻ ജൈവികതടയണകൾ മണ്ണിനു മുകളിൽ നിർമിക്കേണ്ടതാണ്. ഭൂമി നികത്താനായി കുന്നും മണ്ണുമിടിച്ചു കൊണ്ടുപോകുന്പോൾ എത്രയോ നീണ്ട കാലംകൊണ്ട് മണ്ണിൽ രൂപപ്പെട്ട എക്കലും വളക്കൂറും ധാതുസന്പത്തും സൂക്ഷ്മജീവാണുക്കളുമെല്ലാമാണ് മറ്റൊരിടത്ത് സംസ്കരിക്കപ്പെടുന്നത്.
മണ്ണ് നേരിടുന്ന ഭീഷണികൾ
വെള്ളത്തിൽ അലിഞ്ഞുചേരാറുള്ള പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ക്ലോറൈഡ്, സൾഫേറ്റ്, സോഡിയം തുടങ്ങിയ ലവണങ്ങൾ വെള്ളത്തിൽനിന്നു മണ്ണിൽ ലയിക്കുന്നതിനെ സലൈനൈസേഷൻ എന്നു പറയുന്നു. അമിതമായി സോഡിയം മണ്ണിൽ അടിഞ്ഞുകൂടുന്ന സോഡിഫിക്കേഷനും മണ്ണു നേരിടുന്ന മറ്റൊരു ഭീഷണിയാണ്. മണ്ണിൽ സോഡിയത്തിന്റെ സാന്നിധ്യം അധികരിച്ചാൽ ചെടികളുടെ വരൾച്ച മുരടിക്കും. മണ്ണിലെ സൂക്ഷ്മജീവാണുക്കളെല്ലാം നശിക്കും. അതോടെ ഫലപുഷ്ടി നഷ്ടപ്പെട്ട് മണ്ണ് മരിക്കുന്നു. ലവണാംശം ഏറെയുള്ള മണ്ണിൽ വളരുന്ന ചെടികൾക്കു ജലവും വളവും വലിച്ചെടുക്കാനുള്ള കഴിവ് കുറവായിരിക്കും. മാത്രവുമല്ല, ഇത്തരം മണ്ണിൽ ചെടികൾക്കു ഹാനികരമായ വിധത്തിൽ വിഷാംശം അടിഞ്ഞുകൂടാനുള്ള സാധ്യതയുമുണ്ട്.
മനുഷ്യജന്യ ഭീഷണികൾ
അത്യുത്പാദനത്തിനും ആദായവർധനയ്ക്കുംവേണ്ടി കൃഷിഭൂമിയെ പിഴിയുന്നതിന്റെ പ്രത്യാഘാതങ്ങളും ദുഷ്ഫലങ്ങളും സഹിക്കേണ്ടത് മണ്ണാണ്. അമിതമായ രാസവള-കീടനാശിനി പ്രയോഗം, അശാസ്ത്രീയമായ ജലസേചന സംവിധാനങ്ങൾ, അനിയന്ത്രിതവും മാരകവുമായ ജലമലിനീകരണം, വ്യവസായ മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം മണ്ണിന്റെ നാശത്തിനാണ് വഴിവയ്ക്കുക. അനിയന്ത്രിതമായ മണ്ണെടുപ്പും തടയേണ്ടതുണ്ട്. തരിശായി കിടക്കുന്ന നെൽപ്പാടങ്ങളിൽനിന്നുള്ള ചെളി ഖനനം, നദികളിൽനിന്നുള്ള അനിയന്ത്രിതമായ മണൽ ഖനനം തുടങ്ങിയവയും മണ്ണിന്റെ നാശത്തിന് ആക്കംകൂട്ടുന്നു.
കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഭൂപരപ്പിലെ ഉത്പാദനക്ഷമതയുള്ള മണ്ണിന്റെ 24 ശതമാനമെങ്കിലും നശിച്ചുപോയതായിട്ടാണ് പഠനങ്ങൾ പറയുന്നത്. കാർഷികാവശ്യങ്ങൾക്കും നഗരവത്കരണത്തിനും കെട്ടിടനിർമിതികൾക്കുമായി മണ്ണ് ഉപയോഗിച്ചു തുടങ്ങിയതോടെ ഭൂതലത്തിൽ ഒരു മീറ്റർ കനത്തിൽ സംഭരിച്ചിരുന്ന കാർബണിന്റെ 60 ശതമാനം നശിച്ചുപോയെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മണ്ണ് ഖനനം ചെയ്യുന്പോൾ അപകടകാരികളായ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ കലരുന്നു എന്നത് ഗുരുതരമായ ഭീഷണിയാണ്. മണ്ണിന്റെ സുസ്ഥിര സംരക്ഷണവും പരിപാലനവും കർഷകരും ശാസ്ത്രജ്ഞരും ചേർന്ന കൂട്ടായ്മയുടെ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമായിരിക്കട്ടെ. അതാണ് ഈ വർഷത്തെ മണ്ണുദിന സന്ദേശത്തിന്റെ പൊരുൾ.