അട്ടിമറിക്കപ്പെടുന്ന റോഡ് സുരക്ഷ
Tuesday, December 3, 2024 10:58 PM IST
റെനീഷ് മാത്യു
രാജ്യത്തെ ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമുള്ള കേരളത്തിൽ രാജ്യത്തെ ആകെ വാഹനങ്ങളുടെ 4.5 ശതമാനമുണ്ട്. രാജ്യത്തെ ആകെ റോഡ് അപകടങ്ങളുടെ 9.5 ശതമാനവും ഉണ്ടാകുന്നത് കേരളത്തിലാണെന്നാണ് കേന്ദ്രസർക്കാരിന്റെ ഏറ്റവും ഒടുവിലത്തെ അപകടറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിൽ അപകടങ്ങൾ കുറയ്ക്കാൻ സർക്കാരും ഹൈക്കോടതിയും നിർദേശിക്കുന്ന പല പദ്ധതികളും അട്ടിമറിക്കപ്പെടുകയാണ്. എഐ കാമറകൾ വന്നാൽ അപകടങ്ങൾ കുറയുമെന്നു പറയുന്പോഴും അപകടങ്ങൾ കൂടിയെന്നതാണ് യാഥാർഥ്യം. കാമറകൾ വന്നതോടെ റോഡിൽ പരിശോധന നടത്തേണ്ട മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഓഫീസ് മുറികളിലാണ്.
റോഡിൽ പരിശോധകരില്ല
വാഹനം തടഞ്ഞുനിർത്തി ഡ്രൈവർ മദ്യപിച്ചിട്ടുണ്ട,ോ ഡ്രൈവർക്ക് ലൈസൻസുണ്ടോ, വാഹനത്തിന് പെർമിറ്റുണ്ടോ, ഇൻഷ്വറൻസുണ്ടോ എന്നൊക്കെ പരിശോധിക്കാൻ കേരളത്തിലെ റോഡുകളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരില്ല. ഇവരുള്ളത് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലും ചെക്ക്പോസ്റ്റുകളിലും ആർടി ഓഫീസുകളിലുമാണ്. തൃശൂർ നാട്ടികയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ലോറി ഓടിച്ചവർക്കു മാഹി മുതൽ നാട്ടിക വരെ മദ്യപിച്ചു വാഹനമോടിക്കാൻ കഴിഞ്ഞതും ഇത്തരത്തിലുള്ള പരിശോധനകൾ ഇല്ലാത്തതിനാലാണ്.
റോഡപകടങ്ങൾ കുറയ്ക്കാൻ 2018ൽ സേഫ് കേരള സ്ക്വാഡുകളും 14 ജില്ലകളിലും എൻഫോഴ്സ്മെന്റ് ആർടി ഓഫീസുകളും നിലവിൽ വന്നിരുന്നു. എന്നാൽ, റോഡ് സേഫ്റ്റി അഥോറിറ്റിയുടെ കീഴിൽനിന്നു ട്രാൻസ്പോർട്ട് കമ്മീഷണറുടെ കീഴിലേക്ക് എൻഫോഴ്സ്മെന്റിനെ മാറ്റിയതോടെ എൻഫോഴ്സ്മെന്റ് വിഭാഗത്തെ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്കും ചെക്ക്പോസ്റ്റിലേക്കും മാറ്റി നിയമിക്കുകയായിരുന്നു.
2022ൽ കേരള ഹൈക്കോടതി, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നൽകപ്പെട്ട കേസിൽ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ മറ്റു ജോലികൾക്ക് നിയോഗിക്കരുതെന്ന വിധി പുറപ്പെടുവിച്ചിട്ടും ഇപ്പോഴും ഇവർ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയാണ്. ചെക്ക്പോസ്റ്റുകൾ ഓൺലൈനായി മാറുകയും കാഷ്ലെസാകുകയും കേന്ദ്രസർക്കാർ ചെക്ക്പോസ്റ്റുകൾ നിർത്താൻ 2021ൽ നിർദേശം നൽകുകയും ചെയ്തിട്ടും എൺപതിലധികം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചെക്ക്പോസ്റ്റുകളിൽ വെറുതേയിരിക്കുകയാണ്. സ്വതന്ത്ര ചുമതലയുള്ള റോഡ് സേഫ്റ്റി കമ്മീഷണറെ ഏതാനും ആഴ്ച മുൻപ് നിയമിച്ചെങ്കിലും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ലഭിക്കാത്തതുകൊണ്ട് അദ്ദേഹത്തിനു പ്രവർത്തിക്കാൻ സാധിക്കുന്നില്ല.
അമിക്കസ് ക്യൂറി റിപ്പോർട്ട് ഫ്രീസറിൽ
റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും ഹൈക്കോടതിയുടെ ഇടപെടലുകളും അട്ടിമറിക്കപ്പെട്ടു. വടക്കാഞ്ചേരി അപകടത്തെത്തുടർന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി അടിയന്തരമായി നടപ്പാക്കേണ്ട ആറുനിർദേശങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വതന്ത്ര ചുമതലയുള്ള റോഡ് സേഫ്റ്റി കമ്മീഷണറെ നിയമിക്കുക, സേഫ് കേരള സ്ക്വാഡും എൻഫോഴ്സ്മെന്റ് ആർടി ഓഫീസുകളും റോഡ് സേഫ്റ്റി അഥോറിറ്റിയുടെ കീഴിലാക്കുക, ഓഫീസുകളിൽ ജോലിചെയ്യുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ദിവസം ആറു മണിക്കൂറെങ്കിലും റോഡിൽ സുരക്ഷാജോലികൾ ചെയ്യുക, ടെസ്റ്റിംഗ് സ്റ്റേഷനുകൾ ഉടൻ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളിൽ ഇതുവരെ കാര്യമായ നടപടികൾ ഉണ്ടായില്ല. അമിതഭാരം കയറ്റിയ വാഹനങ്ങൾ നിയന്ത്രിക്കാത്തതിന് ഹൈക്കോടതി കോടതയലക്ഷ്യ നടപടികൾ ആരംഭിച്ചിട്ടും വകുപ്പിനും ഉദ്യോഗസ്ഥർക്കും കുലുക്കമില്ല. ടൂറിസ്റ്റ് ബസുകളിൽ എക്സ്ട്രാ ഫാൻസി ലൈറ്റുകൾ പിടിപ്പിക്കുന്നതിനെതിരേ ലൈറ്റൊന്നിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടും ഉദ്യോഗസ്ഥർ അനങ്ങുന്നില്ല.
ഗ്രേഡ് എസ്ഐമാരെ തിരികെ കൊണ്ടുവരണം
സബ് ഇൻസ്പെക്ടർക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമേ റോഡിൽ വാഹനപരിശോധന നടത്താൻ അധികാരമുള്ളൂ എന്ന് ട്രാസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഉത്തരവിറക്കിയതോടെ നൂറിലധികം പോലീസ് സ്റ്റേഷനുകളിലുള്ള റോഡ് സേഫ്റ്റി സ്ക്വാഡ് നിർജീവമായി. കാരണം, ഈ സ്ക്വാഡുകളുടെ ചുമതല ഗ്രേഡ് എസ്ഐമാർക്കായിരുന്നു. നിലവിൽ അവർക്ക് വാഹനം പരിശോധിച്ചു പിഴ ചുമത്താൻ അധികാരമില്ല.
റോഡപകടങ്ങൾ കുറയ്ക്കാൻ
► ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി റിപ്പോർട്ട് നടപ്പാക്കണം.
► സ്വതന്ത്ര ചുമതലയുള്ള റോഡ് സേഫ്റ്റി കമ്മീഷണറെ നിയമിച്ചതുകൊണ്ട് മാത്രമായില്ല, ഉദ്യോഗസ്ഥരെയും നല്കണം.
► രണ്ടാമത്തെ മുതിർന്ന ഉദ്യോഗസ്ഥനായ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണറെ എൻഫോഴ്സ്മെന്റ് റോഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിലാക്കണം.
► 14 ജില്ലയിലെയും എൻഫോഴ്സ്മെന്റ് ആർടി ഓഫീസുകൾ, എൻഫോഴ്സ്മെന്റ് ആർടിഒമാർ, എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ, കൺട്രോൾ റൂം ഇവ റോഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിലാകണം.
► ഓഫീസിൽ ജോലി ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ദിവസം ആറുമണിക്കൂർ റോഡിൽ എൻഫോഴ്സ്മെന്റ് ജോലി ചെയ്യണം.
► ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ജോലി ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെയും റോഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിലേക്കു മാറ്റണം.
► പോലീസിലെ ഗ്രേഡ് എസ്ഐമാർക്ക് വാഹനം പരിശോധിച്ചു പിഴ ചുമത്താനുള്ള അധികാരം നൽകണം.
ഇക്കാര്യങ്ങൾ നടപ്പാക്കിയാൽ അധികമായി ഒരു തസ്തിക പോലും സൃഷ്ടിക്കാതെ ഈ നടപടികളിലൂടെ കേരളത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും.