ക്ലാസ് റൂമിലെ പ്രതിസന്ധികൾ
ഭിന്നശേഷിയിൽ തട്ടിത്തെറിക്കുന്ന അധ്യാപക ജീവി
Tuesday, December 3, 2024 10:54 PM IST
ഭിന്നശേഷിക്കാരായ നിരവധി പേർ കഠിനാധ്വാനികളും മിടുക്കരുമാണ്. അവരുടെ കഴിവിനെയും സമർപ്പണത്തെയും ആദരവോടെ കാണുകയും പ്രോത്സാഹനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. അവർ ദൈവത്തിന്റെ സവിശേഷമായ ശ്രദ്ധയുള്ളവരാണെന്നാണ് സഭ വിശ്വസിക്കുന്നത്.
ഈയൊരു തിരിച്ചറിവുള്ളതുകൊണ്ടാണ് ഭിന്നശേഷിക്കാർക്കായി സീറ്റ് സംവരണമേർപ്പെടുത്തണമെന്ന ഉത്തരവ് വന്ന നിമിഷം മുതൽ മാനേജ്മെന്റുകൾ അവർക്കായി തസ്തികകൾ മാറ്റിവച്ച് കാത്തിരിക്കുന്നത്. സർക്കാരിന്റെയും കോടതിയുടെയും സഭയുടെയും നിലപാട് അതുതന്നെയാണ്.
ദിവസക്കൂലിക്കാരുടെ താവളം
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളെല്ലാം ദിവസക്കൂലിക്കാരായ അധ്യാപകരെക്കൊണ്ടു നിറയുകയാണ്. ഭിന്നശേഷി പ്രശ്നം നിമിത്തം 2021 നവംബർ എട്ടിനു ശേഷമുള്ള തസ്തികകളെല്ലാം താത്കാലികവും ദിവസവേതനത്തിലുമാണ്. എന്നു സ്ഥിരനിയമനം ലഭിക്കുമെന്നു നിശ്ചയമില്ലാത്ത, തുച്ഛമായ ദിവസവരുമാനം ലഭിക്കുന്ന ചെറുപ്പക്കാരായ ഈ അധ്യാപകർക്ക് എന്തു പ്രചോദനമാണ് മുന്നിലുള്ളത്?
സർക്കാർ സ്കൂളുകളിൽ ഇക്കണോമിക്, അണ് ഇക്കണോമിക് വേർതിരിവില്ല; ഒന്നോ രണ്ടോ കുട്ടികളുള്ള സർക്കാർ സ്കൂളിലെ അധ്യാപകരെല്ലാം സ്ഥിര സർവീസിൽ മുഴുവൻ ശന്പളവും വാങ്ങുന്നു; എയ്ഡഡിലാണ് "അണ് ഇക്കണോമിക്' എന്ന പേരിൽ ദിവസക്കൂലി സന്പ്രദായം നിലവിലുള്ളത്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ സർക്കാർ സ്കൂളായാലും എയ്ഡഡ് സ്കൂളായാലും സർക്കാരിനു വേണ്ടി സർക്കാർ നിർദേശപ്രകാരം ഇവിടത്തെ പൊതുസമൂഹത്തിനു വേണ്ടിയല്ലേ പ്രവർത്തിക്കുന്നത്?
ദിവസക്കൂലിക്കാരിലെ ആണ്, പെണ് പ്രതിസന്ധി
യുപി ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകന് ദിവസക്കൂലി 955 രൂപയെന്നാണ് സർക്കാർ നിശ്ചയം. എന്നാൽ, ഒരു പാർട്ട് ടൈം ഹിന്ദി അധ്യാപകന് ലഭിക്കുന്നത് 735 രൂപയും. അതും ആഴ്ചയിൽ മൂന്നു ദിവസം മാത്രം. ഈ അധ്യാപകർ ദിവസം മുഴുവൻ സേവനം ചെയ്യുന്നവരാണെന്നോർമിക്കണം.
ഈ തുച്ഛമായ തുകകൊണ്ട്, അതും ഒരു മാസം ശരാശരി 12-15 ദിവസത്തെ വരുമാനംകൊണ്ടാണ് അധ്യാപകർ ജീവിക്കുന്നതെന്ന് ഇവിടത്തെ പരിഷ്കൃത സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അതിലും കുറഞ്ഞ വരുമാനംകൊണ്ട് ഈ നാട്ടിൽ ജീവിക്കുന്നവരില്ലേ എന്ന മറുചോദ്യം ഉന്നയിക്കുന്നവരുമുണ്ട്. നീണ്ട വർഷങ്ങളുടെ കഷ്ടപ്പാടും പണച്ചെലവും ഉറക്കമിളപ്പും കഴിഞ്ഞാണ് ഒരാൾ അധ്യാപകനായി മാറുന്നതെന്നും അതൊരു തപസ്യയാണെന്നും നാം തിരിച്ചറിയണം. ഉറങ്ങിയും ഉഴപ്പിയും നടന്ന ഒരാളല്ല ഒരധ്യാപകനായി കുഞ്ഞുങ്ങളുടെ മുന്പിൽ നില്ക്കുന്നത്. അയാൾ സമൂഹത്തിന്റെ ദാക്ഷിണ്യംകൊണ്ടു ജീവിക്കേണ്ട ആളുമല്ല!
നീണ്ട നാളുകളായി നിയമനാംഗീകാരവും ശന്പളവും ലഭിക്കാത്ത വനിതാ അധ്യാപകർ സാമൂഹ്യമായും കുടുംബപരമായും മാനസികമായും വിഷമത്തിലാണ്. നിയമനാംഗീകാരവും ശന്പളവും ലഭിക്കാത്ത സാഹചര്യം കുടുംബത്തിനുള്ളിൽപ്പോലും പ്രശ്നങ്ങൾക്കു കാരണമാകുന്നു.
അധ്യാപികയെന്ന നിലയിൽ വർഷങ്ങളായി ജോലിക്കു പോയിട്ടും ശന്പളം ലഭിക്കുന്നില്ലെന്നതിന്റെ യാഥാർഥ്യം തിരിച്ചറിയാത്ത കുടുംബാംഗങ്ങൾ പോലുമുണ്ട്. പകൽ അധ്യാപകജോലി കഴിഞ്ഞ് രാത്രി വീട്ടുജോലിയും തീർത്തശേഷം ഉറക്കം നഷ്ടപ്പെടുത്തി വിദേശ വിദ്യാർഥികൾക്ക് ഓണ്ലൈൻ ട്യൂഷനെടുത്ത് വണ്ടിക്കൂലിക്കും വസ്ത്രത്തിനുമൊക്കെയുള്ള പണം കണ്ടെത്തി സ്കൂളിൽ പോയി പഠിപ്പിക്കുന്ന അധ്യാപികമാരുമുണ്ട്.
പുരുഷാധ്യാപകന്റെ കാര്യമാണ് കൂടുതൽ കഷ്ടം! ശന്പളം കിട്ടാത്ത, തുച്ഛമായ ദിവസക്കൂലി ലഭിക്കുന്ന പുരുഷ അധ്യാപകരിൽ പലരും കുടുംബം പോറ്റാൻ പകൽ അധ്യാപകജോലിയും രാത്രി ഓട്ടോറിക്ഷാ ഡ്രൈവർ, അവധിദിനങ്ങളിൽ കാറ്ററിംഗ് ജോലികൾ, തട്ടുകട ജോലികളുമൊക്കെ നമ്മുടെ നാട്ടിൽ ചെയ്യുന്നുണ്ടെന്നറിയുക. സർക്കാർ സേവനത്തിലിരിക്കെ മറ്റു ജോലികൾ ചെയ്യാൻ പാടില്ലെന്ന സർക്കാർ ഉത്തരവുണ്ട്. അതായത്, ഉദ്യോഗസ്ഥന്റെ സേവനം സർക്കാരിനവകാശപ്പെട്ടതാണ് 24 മണിക്കൂറും.
അധ്യാപകനാണെങ്കിൽ വീട്ടിലെത്തിക്കഴിഞ്ഞും ഹോം വർക്കുകളുണ്ട്. പിറ്റേദിവസത്തേക്കുള്ള പാഠഭാഗങ്ങൾ തയാറാക്കുക, പഠനോപകരണങ്ങൾ മെച്ചപ്പെടുത്തുക, ഐടി അധിഷ്ഠിത സ്മാർട്ട് ക്ലാസ്റൂം നിലവിൽ വന്നതിൽപ്പിന്നെ അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി ക്ലാസ് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള പരീക്ഷാപേപ്പറുകളുടെ മൂല്യനിർണയം വരെ സ്കൂൾ പ്രവൃത്തിസമയത്തിനു വെളിയിൽ ചെയ്യേണ്ടതാണ്. ജീവിക്കാനുള്ള വകതേടി രാത്രികാലങ്ങളിൽ മറ്റു ജോലിക്കു പോകുന്ന ഒരധ്യാപകന്, മേൽപ്രവൃത്തികൾ ചെയ്യാൻ സമയം എവിടെയാണ്?
സ്ഥിരാധ്യാപകരുടെ എണ്ണം കുറഞ്ഞ് ദിവസക്കൂലിക്കാരുടെ എണ്ണം കൂടുന്നത് വിദ്യാലയങ്ങളുടെ നിലനില്പിനെ സാരമായി ബാധിക്കുന്നുണ്ട്. സ്കൂളിന്റെ അനുദിന നടത്തിപ്പ്, ഉച്ചക്കഞ്ഞി, പാവപ്പെട്ട കുട്ടികൾക്കുള്ള സഹായം തുടങ്ങി സ്കൂൾബസ് വരെയുള്ള ചെലവുകൾക്ക് എയ്ഡഡ് അധ്യാപകർ എല്ലാ മാസവും തങ്ങളുടെ ശന്പളത്തിൽനിന്ന് ചെറുതല്ലാത്ത തുക സ്കൂളിനായി നൽകാറുണ്ട്. (സർക്കാർ തൊഴിൽ മേഖലയിൽ മറ്റൊരിടത്തും ഒരാളുടെ ശന്പളത്തിന്റെ ഒരു ഭാഗം അയാളുടെ തൊഴിൽ മേഖലയിലേക്ക് തിരിച്ച് ചെലവഴിക്കുന്നില്ലെന്നു കരുതുന്നു). സാന്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എയ്ഡഡ് സ്കൂളുകളുടെ ഇത്തരം "വരവ്' സാധ്യതകൾ ദിവസക്കൂലിക്കാരുടെ വരവോടുകൂടി ഇല്ലാതായെന്നതാണ് സത്യം.
വിദ്യാഭ്യാസമേഖലയിൽ ചെലവഴിക്കുന്ന പണം ഭൗതിക വികസനംപോലെ കാണാൻ സാധിക്കാത്തതുകൊണ്ട് ചെലവഴിക്കുന്നവർക്ക് മടുപ്പുളവാകുക സ്വാഭാവികമാണ്. എന്നിരുന്നാലും സർക്കാർ സ്കൂളുകളോടൊപ്പം സമൂഹനിർമിതിയിൽ മുഖ്യപങ്കു വഹിക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളും പ്രാധാന്യമർഹിക്കുന്നു.
എയ്ഡഡ് സ്കൂളുകൾ മുഖ്യമായും സർക്കാരിന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്നതിനാൽ സർക്കാരിന്റെ കരുതലും ശ്രദ്ധയും അർഹിക്കുന്നു. മാത്രവുമല്ല, ആയിരക്കണക്കിനു സാധാരണക്കാരായ രക്ഷിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി സ്വപ്നം കാണുന്നതും എയ്ഡഡ് സ്കൂളുകളിലൂടെയാണ്. അതുകൊണ്ടുതന്നെ അധ്യാപകജീവിതം ഭിന്നശേഷിയിൽ തട്ടിത്തെറിക്കാതിരിക്കട്ടെ!
തെറ്റിദ്ധാരണാജനകമായ ഉത്തരവുകൾ
ഭിന്നശേഷി സംബന്ധമായ നിയമനപ്രശ്നം വിദ്യാഭ്യാസവകുപ്പിന്റെ തെറ്റിദ്ധാരണാജനകമായ ഉത്തരവുകൾ വഴി സങ്കീർണമാക്കിക്കൊണ്ടിരിക്കുകയാണ്. മാനേജ്മെന്റുകളോട് കോടതി ആവശ്യപ്പെട്ടതനുസരിച്ച് റേഷ്യോ വിട്ടുനൽകിയത് സാമൂഹികനീതി ഉറപ്പിക്കുന്നതിനുവേണ്ടിത്തന്നെയാണ്. കൈവശമിരുന്ന പോസ്റ്റുകൾ വിട്ടുനൽകിയപ്പോൾ ആ നിയമനങ്ങളും മാനേജ്മെന്റിന് അർഹതപ്പെട്ട മറ്റു നിയമനങ്ങളും അംഗീകരിച്ചുതരുമെന്ന ധാരണ ഉണ്ടായിരുന്നു. റോസ്റ്റർ തയാറാക്കി വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരം വാങ്ങുന്ന മുറയ്ക്ക് എല്ലാം അംഗീകരിച്ച് അധ്യാപകരുടെ വേതനവ്യവസ്ഥകളെല്ലാം സർക്കാർ അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നപ്പോൾ മാനേജ്മെന്റിന്റെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുന്നു സർക്കാർ. ഫലത്തിൽ മൂന്നു വർഷമായി അധ്യാപകർ ശന്പളമില്ലാതെ പഠിപ്പിക്കുന്നു.
നവംബർ 30ന് ഗൂഢോദ്ദേശ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നന്പർ 3 അധ്യാപകരുടെ എല്ലാ അവകാശങ്ങളും നിഷേധിച്ചിരിക്കുന്നു. ഇല്ലാത്ത കോടതി ഉത്തരവ് പറഞ്ഞ് മാനേജ്മെന്റിന്റെ അവകാശങ്ങളുടെമേൽ കൈവച്ചിരിക്കുന്നു. ഉത്തരവ് DGE 15133-2023-H 2 part 1/30/11/24 ഉത്തരവ് നന്പർ 3 “എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതുവരെ 08/11/2021 തീയതിക്കു ശേഷമുള്ള മറ്റു നിയമനങ്ങൾ ദിവസവേത നാടിസ്ഥാനത്തിൽ മാത്രമേ നടത്താൻ പാടുള്ളൂ എന്നതിനാൽ മാനേജർമാർ നിയമന ഉത്തരവ് ദിവസവേതനാടിസ്ഥാനത്തിൽതന്നെ നൽകുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണ്.
ഹൈക്കോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി ദിവസവേതനാടിസ്ഥാനത്തിൽ അല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കിനൽകേണ്ടതും പകരം പ്രസ്തുത നിയമന ഉത്തരവുകൾ ദിവസവേതനത്തിൽ സമർപ്പിക്കുന്പോൾ, മറ്റുവിധത്തിൽ അർഹതയുള്ള പക്ഷം അപ്പലേറ്റ് ഉത്തരവുകൾക്ക് കാത്തുനിൽക്കാതെ അംഗീകരിച്ചു നൽകേണ്ടതുമാണ്”. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റേതാണ് ഉത്തരവ്.
ഈ ഉത്തരവ് വഴി 2021 നവംബർ എട്ടിന് സർവീസിൽ പ്രവേശിച്ച അധ്യാപകന്റെ നിയമനത്തിന് ആൾ റിട്ടയർ ആയാലും ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകില്ല. കാരണം, ഭിന്നശേഷിക്കാർ ഒരു ജില്ലയിലും നിയമന യോഗ്യരായവർ ഇല്ല എന്നതിനാൽ പോസ്റ്റുകൾ അനാഥമായി കിടക്കുന്നു.
തെറ്റിദ്ധാരണാജനകമായ ഉത്തരവുകൾ ആവർത്തിച്ചുകൊണ്ട് ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ഡിപ്പാർട്ട്മെന്റ് ശ്രമിക്കുകയാണ്. ഇത്തരം നയങ്ങൾ പിന്തുടരുന്നത് സംസ്ഥാന സർക്കാരിന്റെ പ്രതിഛായയെയാണ് ബാധിക്കുന്നത്. കാൽക്കീഴിലെ മണ്ണ് പലവിധ തെറ്റായ നയങ്ങളാൽ ഒലിച്ചുപൊയ്കൊണ്ടിരിക്കുന്പോൾ അർഹതയും യോഗ്യതയുമുള്ള അധ്യാപകരുടെ കണ്ണീരും സർക്കാരിനുമേൽ വീഴട്ടെയെന്നാണോ ഇവർ കരുതുന്നത് എന്നു ശങ്കിച്ചാൽ തെറ്റില്ല. അഴിമതിക്കാരാണ്, വിദ്യാഭ്യാസ കച്ചവടക്കാരാണ് എന്ന് ആക്ഷേപിച്ചാലും, ഒരു രൂപ പോലും വാങ്ങാതെ അധ്യാപക നിയമനം നടത്തുന്ന മാനേജ്മെന്റുകളുടെ അവകാശം തട്ടിപ്പറിച്ച് അഴിമതി മാത്രം ചെയ്യുന്നവരുടെ കൈയിൽ എത്തിക്കാൻ ചിലർ വെന്പൽ കൊള്ളുന്നതും പൊതുജനം മനസിലാക്കുന്നുണ്ടെന്ന് ഓർത്താൽ നല്ലത്.
(അവസാനിച്ചു)