സ്വതന്ത്ര അന്വേഷണം വേണം; കേരളത്തെ വഞ്ചകരിൽനിന്നു രക്ഷിക്കുക
ഉള്ളതുപറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Tuesday, December 3, 2024 12:41 AM IST
ഇതു ഞെട്ടലുണ്ടാക്കുന്ന സാഹചര്യമാണ്. 1,458 സർക്കാർ ഉദ്യോഗസ്ഥർ ശന്പളത്തിനു പുറമേ മാസംതോറും 1,600 രൂപ വീതം ക്ഷേമപെൻഷൻ കൈപ്പറ്റിയിരിക്കുന്നു. സംസ്ഥാനത്തെ പാവപ്പെട്ടവർക്കുവേണ്ടിയുള്ള പദ്ധതിയാണിതെന്ന് ഓർക്കണം. പെൻഷൻ കൊള്ളയടിച്ചവരിൽ രണ്ടു പ്രഫസർമാരും മൂന്നു ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും ഉൾപ്പെടുന്നു.
അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരിൽ ഏറ്റവും കൂടുതൽ ആരോഗ്യവകുപ്പിലാണ്; 373 പേർ. 224 ഉദ്യോഗസ്ഥർ പെന്ഷന് കൈപ്പറ്റുന്ന പെതുവിദ്യാഭ്യാസ വകുപ്പിനാണു രണ്ടാം സ്ഥാനം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് (124), ആയുർവേദ വകുപ്പ് (114), മൃഗസംരക്ഷണ വകുപ്പ് (74), പൊതുമരാമത്ത് വകുപ്പ് (47), സാങ്കേതിക വകുപ്പ് (46), ഹോമിയോപ്പതി വകുപ്പ് (41), കൃഷി, റവന്യു വകുപ്പുകളിൽനിന്ന് 35 വീതം, നീതിനിർവഹണ, സാമൂഹ്യക്ഷേമ വകുപ്പ് (34) എന്നിങ്ങനെ പോകുന്നു കണക്കുകൾ. ഇൻഷുറൻസ് - മെഡിക്കൽ സർവീസ് വകുപ്പിൽനിന്ന് 31ഉം കോളേജ് വിദ്യാഭാസ വകുപ്പിൽനിന്നു 27ഉം സെയിൽ ടാക്സിൽനിന്ന് 14ഉം പട്ടികജാതി ക്ഷേമവകുപ്പിൽനിന്ന് 13ഉം ഗ്രാമവികസനം, പിഎസ്സി, എന്നീ വകുപ്പുകളിൽനിന്ന് 10 വീതവും ഉദ്യോഗസ്ഥർ പെൻഷൻ കൈപ്പറ്റി. മറ്റു ചില വകുപ്പുകൾ നാമമാത്രമായും കൊള്ളയടിയിൽ പങ്കുപറ്റിയിട്ടുണ്ട്.
സാമ്പത്തികഞെരുക്കത്തിൽ നട്ടംതിരിയാറുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെട്ടെന്നുതന്നെ പ്രതികരിച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ അദ്ദേഹം നിർദേശിച്ചു. അനധികൃതമായി കൈപ്പറ്റിയ പെന്ഷൻ തുക പലിശ സഹിതം തിരിച്ചുപിടിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടു. ധനകാര്യ വകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണു തട്ടിപ്പു വെളിച്ചത്തു വന്നത്.
ഇവർ സദ്ഭരണത്തിനു ഭൂഷണമല്ല
പെൻഷൻ തുകയും പിഴയും ഈ 1,458 പേരിൽനിന്ന് ഈടാക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, വഞ്ചനയുടെ മനസുമായുള്ള ഇത്തരക്കാരുടെ സാന്നിധ്യം രാജ്യത്തിനു നല്ലതല്ല. ഇത്തരക്കാർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരായിരിക്കുന്നതു സദ്ഭരണത്തിനു ഭൂഷണമല്ല. നിയമം ലംഘിക്കാനും പാവപ്പെട്ടവർക്കുവേണ്ടിയുള്ള പെൻഷൻ തട്ടിയെടുക്കാനും മടിക്കാത്ത ഇക്കൂട്ടർ കൂടുതൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. പ്രത്യാഘാതം അവർ കണക്കിലെടുക്കണമെന്നില്ല. പണം തട്ടിയെടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞേക്കാം. എന്നാൽ, അവരെ ഉദ്യോഗത്തിൽ തുടരാൻ അനുവദിക്കുന്നത് അധികാരത്തിലിരിക്കുന്ന സർക്കാരിനു ചേർന്നതല്ല.
ഇത്തരം ജനക്ഷേമകരമായ പദ്ധതിക്കു പണം കണ്ടെത്തുക എളുപ്പമല്ല. 62 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ-ക്ഷേമ പെൻഷനുകൾ നല്കാൻ സർക്കാരിനു പ്രതിമാസം 900 കോടി രൂപ വേണമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമൂഹ്യസുരക്ഷാ നിധിയിലേക്കു പണം സമാഹരിക്കുന്നതിനായി 2023-24 ബജറ്റിൽ സർക്കാർ പെട്രോൾ-ഡീസൽ, ഇന്ത്യയിൽ നിർമിക്കുന്ന വിദേശമദ്യം എന്നിവയ്ക്കു സെസ് ഏർപ്പെടുത്തിയിരുന്നു. വാർഷികച്ചെലവ് അധികരിച്ചു വന്നതിനെത്തുടർന്നായിരുന്നു അത്. 5.88 ലക്ഷം പേർ കേന്ദ്രസർക്കാരിന്റെ 300 രൂപ പെൻഷൻ സഹായത്തിനും അർഹരാണന്നതാണു വസ്തുത. എന്നാൽ, കേന്ദ്രവിഹിതം കുടിശികയായിരിക്കുകയാണ്.
മറ്റു ചില പ്രശ്നങ്ങളുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാണിച്ചതുപോലെ.2023ലെ സിഎജി റിപ്പോർട്ടിൽ സമാഹ്യസുരക്ഷാ പെന്ഷൻ പദ്ധതിയിൽ സർക്കാർ ഉദ്യോഗസ്ഥർ കടന്നുകൂടിയതായി വ്യക്തമാക്കിയിരുന്നു. എന്നാൽ, നടപടിയൊന്നും സ്വീകരിച്ചില്ല. 2017-18, 2019-20 വർഷങ്ങളിൽ 9,201 സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിരുന്നു. 39.27 കോടി രൂപയാണ് ഇതുവഴി നഷ്ടമുണ്ടായത്.
2000നുശേഷം പെന്ഷൻ കൊള്ളയടിച്ചതുവഴിയുള്ള നഷ്ടം കണക്കാക്കിയാൽ ഇതിലും എത്രയോ അധികമായിരിക്കും. അനർഹരെ ഒഴിവാക്കിയശേഷവും 403 പേർ പെൻഷൻ കൈപ്പറ്റിയതായി സിഎജി വ്യക്തമാക്കിയിട്ടുണ്ട്. 1,458 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിവരുന്നതായാണ് ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തൽ. സിഎജി റിപ്പോർട്ടിൽ വെളിപ്പെടുത്തപ്പെട്ടിരുന്നെങ്കിലും യുഡിഎഫ് സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നു ധനകാര്യ വകുപ്പു പറയുന്നു.
എൽഡിഎഫ് സർക്കാരാണു കർശന നടപടി സ്വീകരിച്ചത്. എൽഡിഎഫ് മരിച്ചവരെ മസ്റ്ററിങ് നടത്തി പട്ടികയിൽനിന്ന് ഒഴിവാക്കിയത്രെ. യുഡിഎഫിന്റെ പ്രതികരണത്തിനു കാത്തിരിക്കുകതന്നെ വേണം.
വേണം, സ്വതന്ത്ര അന്വേഷണസംഘം
അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാർ സ്വയം ഭരണാധികാരമുള്ള അന്വേഷണ ബ്യൂറോയെ നിയമിക്കണം. സുപ്രീംകോടതിയിൽനിന്നോ ഹൈക്കോടതിയൽനിന്നോ വിരമിച്ച ജഡ്ജിയായിരിക്കണം തലവൻ.
എല്ലാ വകുപ്പുകളെയും സൂക്ഷ്മമായി, സ്ഥിരമായി നിരീക്ഷിക്കുന്ന സ്വതന്ത്ര അന്വേഷണ സംഘവും ഇതോടൊപ്പം ഉണ്ടായിരിക്കണം. വീഴ്ചകൾ കണ്ടെത്താനും വഞ്ചകർ മൂലമുള്ള ധനനഷ്ടം ഒഴിവാക്കാനും അത് അനിവാര്യമാണ്. എതിർപ്പുണ്ടായേക്കാം. എന്നാൽ, കേന്ദ്രസഹായം കിട്ടാനും ഇത്തരം ഹീനനടപടികൾ തടയാനും അതു കൂടിയേ തീരൂ. സമൂഹനന്മയെ കരുതി പൊതുജനങ്ങൾക്ക് അന്വേഷണ ബ്യൂറോയെ സമീപിക്കാൻ കഴിയണം.
കേരളത്തിൽ സംസ്ഥാന സർക്കാർ ഇത്തരം നടപടികൾ സ്വീകരിച്ചാൽ സാന്പത്തികഞെരുക്കം ഭാഗികമായി ഒഴിവാക്കാനാകും. എതിർപ്പുമായി ചിലർ രംഗത്തു വന്നേക്കാം. എന്നാൽ, നടപടികൾ അംഗീകരിച്ചു മുന്നോട്ടു പോകാൻ കഴിയണം. രാഷ്ട്രീയമായ പരിഗണനകൾ ഇക്കാര്യത്തിൽ ഉണ്ടാകരുത്.
സ്വതന്ത്രമായി പ്രവർത്തിക്കാൻ അന്വേഷണ ബ്യൂറോയ്ക്ക് സ്വാതന്ത്ര്യമുണ്ടാകണം. കേരളത്തിൽ പലപ്പോഴും അന്വേഷണത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ട്. പല കാരണങ്ങൾകൊണ്ടാണിത്. പ്രാദേശിക അന്വേഷണംകൊണ്ടു തൃപ്തിയാകുന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണം. അതിനായി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.