ഭിന്നശേഷിയിൽ തട്ടിത്തെറിക്കുന്ന അധ്യാപകജീവിതം
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
Tuesday, December 3, 2024 12:37 AM IST
നാട്ടിലെല്ലായിടത്തും വിദ്യാലയങ്ങൾ സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകാൻ സർക്കാരിനു സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കേരളത്തിൽ എയ്ഡഡ് സ്കൂളുകൾ എന്ന ഒരു വിഭാഗം രൂപം കൊണ്ടത്. അധ്യാപകർക്കുള്ള ശന്പളം സർക്കാർ കൊടുക്കുന്നതുകൊണ്ട് ഇന്നത് ഏറെ ആക്ഷേപങ്ങൾക്കിരയാകുന്നുണ്ട്. എന്നിരുന്നാലും കേരളത്തിലെ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും എയ്ഡഡ് മേഖലയെ ആശ്രയിക്കുന്നു എന്നത് എയ്ഡഡ് സ്കൂളുകൾക്ക് ഏറെ ഊർജം പകർന്നു നൽകുന്നു.
വിദ്യാഭ്യാസരംഗത്ത് സർക്കാർ സ്കൂളുകളോടൊപ്പം ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എയ്ഡഡ് മാനേജ്മെന്റുകൾ സർക്കാരിൽനിന്നോ പൊതുസമൂഹത്തിൽനിന്നോ വേർതിരിഞ്ഞു നിൽക്കുന്നതോ എതിരിട്ടു നിൽക്കുന്നതോ ആയ വിഭാഗമല്ല. മറിച്ച് സർക്കാരിനുവേണ്ടി സർക്കാർ നിർദേശപ്രകാരം വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേർപ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളെ സർക്കാരിന്റെ ഏറ്റവുമടുത്ത സുഹൃത്തും സഹകാരിയുമായാണ് കാണേണ്ടത്.
എന്നിരുന്നാലും സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് എയ്ഡഡ് സ്കൂളുകൾക്ക് നിരവധി വിവേചനങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. അധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതിലും മാസശന്പളത്തിന്റെ ലഭ്യത, സർവീസ് വെരിഫിക്കേഷൻ, ഗ്രേഡ്, ശന്പള ഫിക്സേഷൻ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം സർക്കാർ തലത്തിലുള്ള മേലുദ്യോഗസ്ഥരുടെ പരിശോധനയും അംഗീകാരവും തേടേണ്ടിവരുന്നത് സ്വീകാര്യമാണെങ്കിലും പലപ്പോഴും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഉൾപ്പെടെയുള്ള പലവിധ ബുദ്ധിമുട്ടുകൾക്കിടവരുത്താറുമുണ്ട്.
എയ്ഡഡ് അധ്യാപകന്റെ നിയമനം പാസായി ശന്പളം ലഭിക്കാൻ പലപ്പോഴും മാസങ്ങളും വർഷങ്ങളുമൊക്കെ കാത്തിരിക്കേണ്ടിവരുന്പോൾ സർക്കാർ അധ്യാപകന്റെ ശന്പളം നിയമനം ലഭിച്ച് ഒരു മാസത്തിനുള്ളിൽതന്നെ ലഭിക്കുമെന്നത് വേർതിരിവിന് ഉദാഹരണമാണ്. ഇത്തരം സാഹചര്യങ്ങൾ മുന്പേ ശീലമുള്ളതാണെങ്കിലും ഈയടുത്ത കാലത്തായി പുറത്തുവന്നിരിക്കുന്ന പല ഉത്തരവുകളും എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നതാണ്. അതിലൊരു പ്രധാന പങ്കുവഹിക്കുന്ന പ്രശ്നമാണ് ഭിന്നശേഷി സംവരണം.
ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ; ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അർഹമായ പരിഗണനയും ആനുകൂല്യങ്ങളും നൽകുകതന്നെ വേണം. എന്നാൽ അവരുടെ പേരിൽ നൂറുകണക്കിന് അധ്യാപകരുടെ ജീവിതം എരിതീയിൽനിന്ന് വറചട്ടിയിൽ വീണ അവസ്ഥയിലായിരിക്കുന്നു. വർഷങ്ങളായി ജോലി ചെയ്തിട്ടും ശന്പളമോ നിയമനാംഗീകാരമോ ലഭിക്കാത്ത അധ്യാപകരുടെ മനോവീര്യവും ആത്മാഭിമാനവും തകർന്നുപോകുന്നത് കാണാനാളില്ലാത്തത് എന്തു കഷ്ടമാണ്?
ഭിന്നശേഷി സംവരണവും ഉത്തരവുകളും
സർക്കാർ നിർദേശങ്ങളും കെഇആർ ചട്ടങ്ങളും പാലിച്ച് യോഗ്യതയുള്ള ഒരധ്യാപകനെ മാനേജർ നിയമിച്ചാലും ഇന്നത് പ്രതിസന്ധിയിലാണ് അവസാനിക്കുക. അധ്യാപകന്റെ നിയമനം അംഗീകരിച്ച് ശന്പളം അക്കൗണ്ടിലെത്തുന്നതുവരെ എന്തെല്ലാം തടസവാദങ്ങളാണ്?
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വന്നിരിക്കുന്ന നൂറുകണക്കിന് ഉത്തരവുകളും സർക്കുലറുകളും... അതിൽ പല ഉത്തരവുകളും വേറിട്ട സാഹചര്യത്തിൽ വ്യത്യസ്ത ഉദ്യോഗസ്ഥരാൽ പുറപ്പെടുവിച്ചിട്ടുള്ളവയാകയാൽ ഏറെയും അധ്യാപക, മാനേജ്മെന്റ് വിരുദ്ധമാണ്. ഓരോ ഉത്തരവും അതതു സമയത്തെ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടിയാണെങ്കിലും എല്ലാ ഉത്തരവുകളും കൂടിക്കുഴയുന്പോൾ തീരുമാനമെടുക്കേണ്ട എഇഒ, ഡിഇഒ, ആർഡിഡി തലങ്ങളിലുള്ള ഉദ്യോഗസ്ഥർ പ്രതിസന്ധിയിലാവുക സ്വാഭാവികം മാത്രം! അപ്പോൾപിന്നെ അധ്യാപകരുടെ കാര്യം പറയേണ്ടതില്ലല്ലോ?
ഉത്തരവുകളിലെ പിഴവുകൾ നിമിത്തം പ്രശ്നപരിഹാരത്തിനായി അധ്യാപകർക്കും മാനേജ്മെന്റിനുമൊക്കെ കോടതിയിൽ നിന്നിറങ്ങാനാകാത്ത അവസ്ഥയായിരിക്കുന്നു. ഇതിനെല്ലാം പണം കണ്ടെത്തേണ്ടി വരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.
ഇതിനിടയിൽ അധ്യാപക നിയമനവും ആനുകൂല്യങ്ങളും വൈകിക്കാൻ കാരണമന്വേഷിച്ചിരുന്ന സർക്കാരിനു വീണുകിട്ടിയ കച്ചിത്തുരുന്പാണ് ഭിന്നശേഷി സംവരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 1997 മുതലുള്ള നിയമനങ്ങൾ കണക്കാക്കി അന്നുമുതലുള്ള ഭിന്നശേഷി സംവരണം ഇക്കാലത്തു നടപ്പാക്കണമെന്ന ഉത്തരവ് എയ്ഡഡ് സ്കൂളുകളെ ഒട്ടൊന്നുമല്ല ബാധിച്ചിരിക്കുന്നത്. പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടിരുന്ന പല സ്കൂളുകളും ഇന്ന് മുങ്ങിത്താഴുന്ന കപ്പലിനു സമാനമായിരിക്കുന്നു. ഇങ്ങനെ അനവധി ഉത്തരവുകൾ ഉണ്ടാകുന്നത് സ്കൂൾ ഭരണം, നടത്തിപ്പ് തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെ ഒന്നാകെയാണ് ബാധിക്കുന്നത്.
‘2021 നവംബർ എട്ട്’ എന്ന ഭീകരദിനം
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് 2021 നവംബർ എട്ട് അധ്യാപകരെയും മാനേജ്മെന്റിനെയും സംബന്ധിച്ചിടത്തോളം ഭീകരദിനമാണ്. 2021 നവംബർ എട്ടിനു മുന്പുണ്ടായതും ശേഷമുണ്ടായതുമെന്ന വേർതിരിവിൽ ഒരുപാടു സങ്കീർണതകളും കണ്ണീരുമാണ് മാനേജർ കാണേണ്ടിവരുന്നത്.
അതായത്, തസ്തിക 2021 നവംബർ എട്ടിനു മുന്പുണ്ടായതാണെങ്കിൽ പ്രസ്തുത തീയതിക്കു ശേഷം അധ്യാപകന് ശന്പള സ്കെയിലിൽ (Scale of Pay) സ്ഥിരനിയമനം നൽകിയാലും താത്കാലികമായി മാത്രമാണ് നിയമനാംഗീകാരം നൽകുന്നത്. നിയമനം താത്കാലികമായതുകൊണ്ടുതന്നെ അവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യപ്പെടുന്നില്ല; വാർഷിക ഇൻക്രിമെന്റ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അതിനർഥം, പത്തുവർഷം കഴിഞ്ഞാലും അവർ ഇപ്പോൾ വാങ്ങുന്ന ശന്പളം മാത്രം കൈപ്പറ്റി ജീവിക്കേണ്ടിവരുമെന്നുതന്നെയാണ്.
ഇനി തസ്തിക 2021 നവംബർ എട്ടിനു ശേഷമുണ്ടായതാണെങ്കിലാണ് കൂടുതൽ സങ്കടകരം. റിട്ടയർമെന്റ്, രാജി, മരണം തുടങ്ങിയ കാരണങ്ങളാലുണ്ടാകുന്ന സ്ഥിരവേക്കൻസികളിൽ അധ്യാപകരെ സ്ഥിരമായി നിയമിച്ചാലും അവർക്ക് ദിവസക്കൂലി നിരക്കിലുള്ള ശന്പളം മാത്രമാണ് ലഭിക്കുന്നത്. (പ്രൈമറി 955 രൂപ, ഹൈസ്കൂൾ 1100, ഹയർ സെക്കൻഡറി സീനിയർ 1455, ജൂനിയർ 1205). സ്ഥിരാധ്യാപകരുടെ എല്ലാ ജോലികളും ഉത്തരവാദിത്വങ്ങളും നോക്കുന്ന അവർക്ക് യഥാർഥത്തിൽ ലഭിക്കേണ്ട ഡിഎ, എച്ച്ആർഎ തുടങ്ങിയ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഇൻക്രിമെന്റില്ല, ലീവില്ല, സേവനപുസ്തകം (Service Book) പോലുമില്ല.
അതായത്, ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 2021 നവംബർ എട്ടു മുതലുള്ള തസ്തികകളിൽ മുഴുവൻ നിയമനങ്ങളും ഉപാധിയോടെയായിരിക്കുന്നു. ഭിന്നശേഷിക്കാർക്കായി നാലു ശതമാനം സീറ്റാണ് സംവരണമേർപ്പെടുത്തേണ്ടതെന്ന് കോടതി നിഷ്കർഷിച്ചിരിക്കെ മുഴുവൻ തസ്തികകളും സംവരണത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.
അവധിയും പ്രമോഷനും സ്വപ്നമോ?
സ്ഥിരാധ്യാപകരെ അപേക്ഷിച്ച് 2021 നവംബർ എട്ടിനു ശേഷം നിയമിതരാകുന്ന അധ്യാപകർക്ക് ദിവസക്കൂലി നിരക്കു മാത്രമാണ് ലഭിക്കുന്നതെന്നു പറഞ്ഞുവല്ലോ? അതായത്, സ്ഥിരനിയമനം ലഭിച്ചിട്ടും അവർക്ക് അർഹമായ ലീവില്ല. സ്കൂളിൽ ഹാജരാകുന്ന ദിവസം മാത്രം ശന്പളമെന്നായതിനാൽ ചെല്ലാത്ത ദിവസം ശന്പളവുമില്ല... ഓണം, ക്രിസ്മസ്്, മധ്യവേനൽ ഉൾപ്പെടെയുള്ള അവധിക്കാലത്ത് ശന്പളം സ്വപ്നങ്ങളിൽ മാത്രം!
ഒരുദാഹരണം നോക്കാം: 2021 നവംബർ എട്ടിനു ശേഷം പെർമനന്റ് വേക്കൻസിയിൽ യമനം ലഭിച്ച ഒരു അധ്യാപിക, അവർക്ക് നിയമപരമായി അവകാശപ്പെട്ട 180 ദിവസത്തെ പ്രസവാവധി എടുത്തുവെന്നു കരുതുക. ടീച്ചർ ദിവസക്കൂലിക്കാരി ആയതിനാൽ അവധി ശന്പളമില്ല; ടീച്ചറിനു പകരം ടീച്ചറിനെ നിയമിച്ചാൽ അവർക്കും ശന്പളമില്ല. അതായത്, കുട്ടികൾക്ക് പ്രസ്തുത വിഷയത്തിൽ പഠിപ്പിക്കാൻ ആളില്ലാത്ത അവസ്ഥ!
പ്രമോഷന്റെ കാര്യം ഏറെ കഷ്ടം
2021 നവംബർ എട്ടിനുശേഷം സ്ഥിരനിയമനങ്ങൾ അംഗീകരിക്കാതെ താത്കാലിക നിയമനങ്ങളായതിനാൽ അത്തരം അധ്യാപകർക്ക് പ്രമോഷനുമില്ലെന്ന മടുപ്പുളവാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോർപറേറ്റ് സ്കൂൾ സിസ്റ്റത്തിൽ പ്രൈമറി വിഭാഗത്തിൽ സ്ഥിരനിയമനം ലഭിച്ച അധ്യാപകർക്കുള്ള പ്രമോഷൻ തസ്തികയാണ് ഹൈസ്കൂൾ ടീച്ചർ തസ്തിക. ഇങ്ങനെ അവകാശം ലഭിച്ച അധ്യാപകരാണ് ചട്ടം ‘43 ക്ലെയ്മന്റ്’ എന്നറിയപ്പെട്ടു വന്നത്. എന്നാലിപ്പോൾ അതിനും പ്രസക്തിയില്ലാതായി. ഇതിന്റെ ദോഷവശം അധ്യാപകരും മാനേജ്മെന്റും തമ്മിൽ അസ്വാരസ്യത്തിലാകുമെന്നതാണ്.
ഒരു സാഹചര്യം കണക്കിലെടുക്കാം: യുപി വിഭാഗത്തിൽ സ്ഥിരം വേക്കൻസിയിൽ മാനേജർ പെർമനന്റായി നിയമിച്ച ഒരധ്യാപകൻ ദിവസക്കൂലി മാത്രം കൈപ്പറ്റി തുടരുന്നുണ്ടെന്നിരിക്കട്ടെ; അയാളുടെ നിയമനം സർക്കാർ അംഗീകരിച്ചിരുന്നെങ്കിൽ അടുത്ത ഹൈസ്കൂൾ പ്രമോഷൻ അയാൾക്കുള്ളതാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അധ്യാപകൻ ദിവസക്കൂലി അഥവാ താത്കാലികക്കാരനായതിനാൽ പ്രമോട്ട് ചെയ്യാൻ സാധിക്കില്ല. മറിച്ച്, അദ്ദേഹത്തെ യുപിയിൽ നിലനിർത്തി മറ്റൊരു അധ്യാപകനെ ഹൈസ്കൂളിൽ നിയമിച്ചാൽ സീനിയോറിറ്റിയിൽ താഴ്ന്ന അധ്യാപകൻ ഉയർന്ന തസ്തികയിൽ അവരോധിക്കപ്പെടും. ഇതാകട്ടെ, ചട്ടം ‘43 ക്ലെയ്മന്റ്’ അവകാശത്തിനു വിരുദ്ധവും!
ഇതു കൂടാതെയാണ് ഡിഇഒ തലത്തിലുള്ള ചോദ്യങ്ങളും. നൂലാമാല ഭയന്ന് യുപിയിലേക്ക് നേരിട്ടു നിയമിച്ചാൽ അർഹരായ എച്ച്എസ് അധ്യാപകർ (43 ക്ലെയ്മന്റ്) ഇല്ലേയെന്ന ചോദ്യത്തിന് എന്തുത്തരമാണ് നൽകുക? ഉണ്ട് എന്നു പറഞ്ഞ് പ്രമോഷൻ കൊടുത്താൽ അധ്യാപകർക്കു ശന്പളവും നിയമനാംഗീകാരവുമില്ല; ഇല്ല എന്നുത്തരം കൊടുത്താൽ യുപിയിൽ തുടരുന്ന അധ്യാപകർക്ക് ഒരു കാലത്തും പ്രമോഷൻ ലഭിക്കില്ല എന്നുമാണർഥം!
ക്ലാസ് മുറികളിൽ ഭിന്നശേഷിക്കാരായ അധ്യാപകർ നേരിടുന്ന പ്രതിസന്ധികളും ദിവസക്കൂലിക്കാരായ അധ്യാപകരുടെ എണ്ണം വർധിച്ചു വരുന്നതും എയ്ഡഡ് സ്കൂളുകളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
‘2021 നവംബർ എട്ട്’ പ്രശ്നം എന്നവസാനിക്കും?
ഈ വർഷം സെപ്റ്റംബർ 10ലെ സർക്കുലർ JR 1/304/2024/ Gen Education പ്രകാരം ഭിന്നശേഷിക്കാരെ നിയമിക്കുന്നതിനായി എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റിക്വിസിഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് മാനേജർമാർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. റിക്രൂട്ട്മെന്റ് വർഷം, എഇഒ/ ഡിഇഒ/ ആർഡിഡി വഴിയുള്ള റിക്വിസിഷൻ സമർപ്പണം, ഒരു കാറ്റഗറിയിലേക്ക് നീക്കിവച്ച ഭിന്നശേഷി സംവരണം അർഹരായവരെ ലഭിച്ചില്ലെങ്കിൽ അടുത്ത വർഷം എങ്ങനെ തുടരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമർശിക്കുന്നു. എന്നിരുന്നാലും ഇത് എത്ര കാലം തുടരുമെന്നും എന്നവസാനിക്കുമെന്നുമാണ് ദിവസക്കൂലിക്കാരായ അധ്യാപകരുടെ ആശങ്ക. കോടതിവിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നൽകുന്ന ഉത്തരവുകൾ പാലിച്ച് ഭിന്നശേഷി നിയമനം നടത്താൻ കത്തോലിക്കാ മാനേജ്മെന്റുകൾ തയാറാണ്. താത്കാലിക ദിവസവേതനക്കാരായ അധ്യാപകരുടെ ആശങ്കകൾക്ക് അറുതി വരുത്താൻ അധികാരികൾ തയാറാകണം.
(പാലാ രൂപത മെത്രാൻ, സീറോ-മലബാർ സിനഡൽ കമ്മീഷൻ ഫോർ എഡ്യൂക്കേഷൻ കണ്വീനർ)
(തുടരും)