ആശങ്ക കൂട്ടുന്ന ഇടിവ്
റ്റി.സി. മാത്യു
Monday, December 2, 2024 12:36 AM IST
പഴയ ചോദ്യം വീണ്ടും വരികയാണ്. ഏതാണു പ്രധാനം? വളർച്ചയോ കമ്മിനിയന്ത്രണമോ വിലനിയന്ത്രണമോ?
ജൂലൈ - സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ ജിഡിപി വളർച്ച 5.4 ശതമാനം മാത്രമായി. എല്ലാ വിദഗ്ധരും ഏജൻസികളും കണക്കാക്കിയത് 6.5 ശതമാനം വളർച്ച. അതിലും വളരെ കുറവ്. ഇതു തുടർച്ചയായ മൂന്നാം തവണയാണു പാദവളർച്ച ഇടിയുന്നത്. 2023 ഒക്ടോബർ-ഡിസംബറിൽ 8.6 ശതമാനം, 2024 ജനുവരി-മാർച്ചിൽ 7.8 ശതമാനം, ഏപ്രിൽ-ജൂണിൽ 6.7 ശതമാനം എന്നിങ്ങനെ വളർച്ച കുറഞ്ഞുവരികയായിരുന്നു. 2022-23ലെ കോവിഡനന്തര കുതിപ്പിൽനിന്നു വലിയ കിതപ്പിലേക്കാണോ മാറ്റം എന്നു സംശയിക്കണം.
ഒരു വർഷംകൊണ്ടു വളർച്ചയുടെ തോത് 37 ശതമാനമാണ് കുറഞ്ഞത്. ഇതു ചെറിയ കാര്യമല്ല. രാജ്യത്തിന്റെ ദീർഘകാല വളർച്ച ലക്ഷ്യം കാണുന്നതിനു തടസമില്ലെന്നു കരുതിയാലും ഹ്രസ്വകാല ലക്ഷ്യങ്ങൾക്കു തിരിച്ചടിയാണ് ഈ ഇടിവ്. ഒപ്പം ജനങ്ങൾക്കു കൂടുതൽ തൊഴിലും വരുമാനവും കിട്ടാനുള്ള സാധ്യത കുറയുന്നു.
വാർഷിക വളർച്ച കുറയും
രണ്ടാം പാദവളർച്ചയിലെ ഇടിവോടെ ഏപ്രിൽ-സെപ്റ്റംബർ അർധവർഷത്തെ ജിഡിപി വളർച്ച ആറു ശതമാനമായി താണു. കഴിഞ്ഞ വർഷം ആദ്യപകുതിയിൽ 8.2 ശതമാനം വളർന്നതാണ്. 2024-25ലെ വാർഷികവളർച്ച പ്രതീക്ഷിച്ചിരുന്ന ഏഴു ശതമാനത്തിലും ഗണ്യമായി കുറവാകും എന്നതാണ് ഇതിന്റെ അർഥം.
ആശങ്ക വേണ്ട, ഒരു പാദത്തിൽ മാത്രമുള്ള ഇടിവായി കണ്ടാൽ മതി എന്നാണു സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ പറയുന്നത്. 2024-25ലെ വളർച്ച 6.5 ശതമാനത്തിനു താഴെപ്പോകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. ഏഴു ശതമാനം വളർച്ചയ്ക്കു സാധ്യതയില്ലെന്നു പറയാതെ പറഞ്ഞതായി കരുതാം.
പലിശയിൽ കോലാഹലം
വളർച്ച കൂട്ടാൻ പലിശ കുറയണം എന്നാണു സർക്കാർ പറയുന്നത്. ആഴ്ചകളായി കേന്ദ്രമന്ത്രിമാർ അതിനു ബഹളം വയ്ക്കുന്നുണ്ട്. എന്നാൽ, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിലക്കയറ്റത്തിന്റെ അപായം വലുതാണെന്നു നിരന്തരം ഓർമപ്പെടുത്തുന്നുമുണ്ട്. ഇപ്പോൾ രാജ്യത്ത് പലിശയുടെ താക്കോൽ നിരക്കായ റീപോ നിരക്ക് 6.5 ശതമാനമാണ്.
വളരെ ഉയർന്ന നില. പക്ഷേ, ചില്ലറ വിലക്കയറ്റം വരുതിയിലോ പരിധിയിലോ അല്ല. ഒക്ടോബറിൽ വിലക്കയറ്റം 6.21 ശതമാനമായി. സെപ്റ്റംബറിൽ 5.49 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റമാണ് പിന്നിൽ. അത് അവഗണിച്ചു പലിശ കുറച്ചാൽ വിലക്കയറ്റം കടിഞ്ഞാൺ പൊട്ടിച്ചു പായും. അതിനാൽ സൂക്ഷിക്കണം. അതാണ് ദാസ് പറയുന്നത്.
ഈ ബുധൻ മുതൽ വെള്ളിവരെ നടക്കുന്ന റിസർവ് ബാങ്ക് പണനയ കമ്മിറ്റി യോഗം പലിശക്കാര്യം തീരുമാനിക്കും. വളർച്ച കുറഞ്ഞതിന്റെ പേരിൽ ചാടിക്കയറി പലിശ കുറയ്ക്കാൻ ദാസും കമ്മിറ്റിയും തീരുമാനിക്കാൻ ഇടയില്ലെന്നാണു കാര്യവിവരമുള്ളവർ കണക്കാക്കുന്നത്. എന്നാൽ, ഫെബ്രുവരിയിൽ ചേരുന്ന പണനയ കമ്മിറ്റി പലിശ കുറയ്ക്കുമെന്നാണു പ്രതീക്ഷ.
സർക്കാർതന്നെ പ്രതി
സത്യത്തിൽ ജിഡിപി വളർച്ച കുറഞ്ഞതിൽ സർക്കാരിനെ വേണം പ്രതിസ്ഥാനത്തു നിർത്താൻ. സർക്കാർ ചെലവ് കുറഞ്ഞു അഥവാ കുറച്ചു. റവന്യു ചെലവ് മാത്രമല്ല മൂലധനച്ചെലവും. ഏപ്രിൽ-മേയിൽ ലോക്സഭാ തെരഞ്ഞെടുപ്പും പിന്നെ മഴയുമാണു ചെലവ് കുറയാൻ കാരണമായി സർക്കാർ പറയുന്നത്.
സർക്കാരിന്റെ ചെലവ് (GFCE-Government Final Consumption Expenditure) ഇക്കഴിഞ്ഞ അർധവർഷത്തിൽ രണ്ടു ശതമാനമേ വർധിച്ചുള്ളൂ. കഴിഞ്ഞ വർഷം ആദ്യപകുതിയിൽ ആറു ശതമാനം വർധിച്ചിരുന്നു. രണ്ടാം പാദത്തിലെ മാത്രം വളർച്ച 14 ശതമാനത്തിൽനിന്ന് 4.4 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ മൂന്നു പാദങ്ങളിലും സർക്കാർ ചെലവ് കുറഞ്ഞുവരികയായിരുന്നു എന്നും ഓർക്കണം. ജിഡിപി വളർച്ചയിലും കുറവാണു ചെലവിലെ വർധനയെങ്കിൽ ചെലവ് പ്രായോഗികമായി കുറച്ചു എന്നു മനസിലാക്കാം.
അതേസമയം ജനങ്ങളുടെ ചെലവഴിക്കൽ (PFCE-Private Final Consumption Expenditure) ആറു ശതമാനം കൂടി. തലേവർഷം രണ്ടാം പാദത്തിൽ 2.6 ശതമാനം മാത്രം വർധിച്ച സ്ഥാനത്താണിത്. ആറു ശതമാനം എന്നത് ജിഡിപി വളർച്ചയുടെ തോതിലും അൽപം മാത്രം കൂടുതലാണ്. വിലക്കയറ്റംകൂടി പരിഗണിച്ചാൽ ജനങ്ങളുടെ ചെലവിൽ യഥാർഥ വർധനയില്ലെന്നു കാണാം. അതിനു കാരണം അവരുടെ വരുമാനം കാര്യമായി കൂടാത്തതുതന്നെ.
മൂലധനനിക്ഷേപ വളർച്ചയുടെ (GFCF - Gross Fixed Capital Formation) കാര്യത്തിലും രാജ്യം പിന്നോട്ടുപോയി. അർധവർഷം മൂലധനനിക്ഷേപ വളർച്ച 6.4 ശതമാനം മാത്രം. കഴിഞ്ഞ വർഷം ഇത് 10.1 ശതമാനമായിരുന്നു. മൂലധനച്ചെലവിൽ സർക്കാർ ബഹുദൂരം പിന്നാക്കം പോയതാണു കാരണം. 2024-25 ധനകാര്യ വർഷം ഒന്നാം പകുതിയിൽ കേന്ദ്രത്തിന്റെ മൂലധനച്ചെലവ് 15 ശതമാനം കുറഞ്ഞു. സംസ്ഥാനങ്ങളുടെ മൊത്തം മൂലധനച്ചെലവ് 11 ശതമാനമാണ് കുറഞ്ഞത്.
കമ്മിയിലെ വാശി വളർച്ചയ്ക്ക് തടസം
ധനകമ്മി ഒതുക്കി നിർത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണു സർക്കാർ നീങ്ങുന്നത്. കമ്മി നിയന്ത്രിക്കണം. അത് ആവശ്യം. കോവിഡ് കാലത്തു വന്ന വലിയ അധികച്ചെലവിന്റെ ഫലമായി കടം ദുർവഹമായി. അതു കുറയ്ക്കാനാണു കമ്മി താഴ്ത്താനുള്ള വാശി. പക്ഷേ, അതു വളർച്ചയ്ക്കു തടസമാകുമ്പോൾ എന്തു ചെയ്യണം?
വളർച്ച ഉണ്ടായാലേ സർക്കാരിനും വരുമാനം കൂടൂ. എങ്കിലേ നാളെ കമ്മി കുറയ്ക്കാൻ പറ്റൂ. അപ്പോൾ ഉയർന്ന വളർച്ച സാധിക്കാവുന്ന നിലയിലേക്കു കമ്മിനിയന്ത്രണം ക്രമീകരിക്കണം. ആ വെല്ലുവിളിയാണ് ധനമന്ത്രി നിർമല സീതാരാമൻ ഏറ്റെടുക്കേണ്ടത്. അതു ചെയ്യാതെ പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിനെ നിർബന്ധിച്ചിട്ടു കാര്യമില്ല.
മൂലധനനിക്ഷേപം കൂടിയാലേ തൊഴിൽ ഉണ്ടാകൂ. ജനത്തിനു വരുമാനം കൂടൂ. അതിനു തക്ക പ്രേരകം അടിസ്ഥാന സൗകര്യ വികസനത്തിനു പണം മുടക്കി സർക്കാർ നൽകണം. അതുണ്ടായാൽ സ്വകാര്യമേഖല വായ്പയെടുത്തു നിക്ഷേപം നടത്തും. ഇപ്പോൾ നിക്ഷേപങ്ങൾ കൂടുന്നതിലും കുറഞ്ഞ തോതിലേ വായ്പകൾ കൂടുന്നുള്ളൂ. പുതിയ റിസർവ് ബാങ്ക് കണക്കനുസരിച്ച് നവംബർ പകുതിവരെ ബാങ്കുകളിലെ നിക്ഷേപവർധന 11.21 ശതമാനം. വായ്പാവർധന 11.15 ശതമാനം. പലിശ മാത്രമല്ല വിഷയം എന്നർഥം.
സർക്കാരിന്റെ വരവും കുറയുന്നു
ജിഡിപി വളർച്ച ഇടിയുമ്പോൾ ജനങ്ങളുടെ മാത്രമല്ല വരുമാനം കുറയുന്നത്. അതു സർക്കാരിന്റെ വരുമാനവും കുറയ്ക്കും. ഒക്ടോബർ അവസാനത്തെ കേന്ദ്ര സർക്കാരിന്റെ ബജറ്റ്നില സംബന്ധിച്ച സിജിഎ (CGA - Controller General of Accounts) റിപ്പോർട്ട് അതു കാണിക്കുന്നു.
ഒക്ടോബർ 31 വരെയുള്ള ഏഴു മാസത്തെ നികുതി വരുമാനത്തിലെ വർധന 0.23 ശതമാനം മാത്രമാണ്. വ്യക്തികളുടെ ആദായനികുതിയിൽ 20 ശതമാനം വർധനയുള്ളപ്പോൾ കമ്പനികളുടെ നികുതിയിൽ 1.2 ശതമാനം മാത്രം വർധനയേ ഉള്ളൂ. കമ്പനികളുടെ ലാഭവർധനയിൽ വലിയ ഇടിവു സംഭവിച്ചതാണ് കാരണം.
ആകെ നികുതി വരുമാനത്തിൽ 11 ശതമാനത്തിലധികം വർധന പ്രതീക്ഷിച്ചാണ് ബജറ്റ് തയാറാക്കിയത്. ഏഴു മാസം കഴിയുമ്പോൾ ആ ലക്ഷ്യം സാധിക്കുകയില്ല എന്നു വ്യക്തമാവുകയാണ്. കമ്പനി നികുതി കഴിഞ്ഞ വർഷത്തേക്കാൾ കുറയുകയോ അതിനൊപ്പം എത്തുകയോ ചെയ്യാം. ആദായനികുതിയിലെ വർധന കമ്പനി നികുതിയിലെ കുറവ് നികത്താൻ മതിയാകില്ല. ജിഎസ്ടി പിരിവ് തത്കാലം പ്രതീക്ഷയ്ക്ക് അടുത്തുവരുന്നു. പക്ഷേ, മുന്നോട്ട് അങ്ങനെയാകുമെന്ന് ഉറപ്പില്ല. കസ്റ്റംസ്, എക്സൈസ് ഡ്യൂട്ടി പിരിവുകളും പ്രതീക്ഷപോലെ വന്നിട്ടില്ല.
നികുതിപിരിവ് കൂടാത്തതിനാൽ കമ്മി നിയന്ത്രിച്ചു നിർത്താൻ മൂലധനച്ചെലവ് അടക്കം ചെലവുകൾ കുറയ്ക്കുകയാണ്. അതു വീണ്ടും വളർച്ച കുറയ്ക്കും. ഇതൊരു വിഷമചക്രമാണ്. അതിൽനിന്നു പുറത്തു ചാടാൻ നിർമല സീതാരാമന്റെ പക്കൽ കൗശലവിദ്യയുള്ളതായി തോന്നുന്നില്ല.
തിരുത്തേണ്ട കാര്യങ്ങൾ
ആഡംബര കാറുകളും എസ്യുവികളും കൂടുതൽ വിൽക്കുന്നു. പക്ഷേ, സാദാ വാഹനങ്ങൾക്കു വിൽപ്പന കുറഞ്ഞു. സൗന്ദര്യ സംവർധകങ്ങളും സുഗന്ധലേപനങ്ങളും കൂടുതൽ വിൽക്കുന്നു. പക്ഷേ, സോപ്പും പേസ്റ്റും അലക്കുപൊടിയും വിൽപനയിൽ പിന്നാക്കം പോകുന്നു.
സാമാന്യജനത്തിന്റെ വരുമാനം കുറഞ്ഞു. കമ്പനികളുടെ ലാഭം കൂടിയിരുന്നത് വലിയ വളർച്ചയായി കരുതി അഭിമാനിച്ചു. പക്ഷേ, സാമാന്യജനം വാങ്ങൽ കുറച്ചപ്പോൾ കമ്പനികളുടെ ലാഭവും ഇടിഞ്ഞെന്നു രണ്ടാം പാദത്തിലെ കമ്പനി റിസൽട്ടുകൾ കാണിച്ചു.
തുടർച്ചയായ അഞ്ചാം പാദത്തിലും ജിഡിപി വളർച്ച കുറയുന്പോൾ ഈ അടിസ്ഥാന കാര്യങ്ങൾ തിരുത്താനാണു ശ്രമിക്കേണ്ടത്. ജനങ്ങളുടെ കൈയിൽ പണം എത്തണം. അതിനു ജോലികൾ കൂടണം. താഴെത്തട്ടിൽ നേരിട്ടു പണം നൽകേണ്ടിയും വരും. അപ്പോൾ സാധനങ്ങൾക്കു ഡിമാൻഡ് കൂടും. മൂലധനനിക്ഷേപം വർധിക്കും. അപ്പോൾ പലിശ കുറച്ചാൽ ഫലമുണ്ടാകും. സർക്കാരിനും വരുമാനം കൂടും.