കര്‍ഷകര്‍ക്കുവേണ്ടി വാദിക്കാനാരുമില്ലേ?
ജയിംസ് വടക്കൻ
Monday, December 2, 2024 12:33 AM IST
ഏലമലകള്‍ എന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അതിര്‍ത്തി തിരിച്ച സിഎച്ച്ആര്‍ ഭൂമിയുടെ വിസ്തൃതി 991.6194 ചതുരശ്ര കിലോമീറ്ററാണെന്ന് സംസ്ഥാന വനം വകുപ്പ് സ്വയം തയാറാക്കിയ മാപ്പില്‍ അവകാശപ്പെടുമ്പോൾ ഇടുക്കി കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഏലമല റിസര്‍വിന്റെ വിസ്തൃതി 1,071.9747 ചതുരശ്ര കിലോമീറ്ററാണ്.
ഏലം കൃഷി വ്യാപിപ്പിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കണ്ടെത്തി തിരിച്ചിട്ട ഭൂമിയാണ് ഏലമല റിസര്‍വ് എന്ന കാര്യം 1822 മുതല്‍ 2009 വരെയുള്ള വിവിധ ഭൂമിദാന ഉത്തരവുകളിലൂടെ വ്യക്തമാണ്. റിസര്‍വ് വനം വിജ്ഞാപനത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന 15,720 ഏക്കറാണ് വനമായി റിസര്‍വ് ചെയ്തിരിക്കുന്നതെന്ന കാര്യത്തിലും തർക്കമുണ്ടാകേണ്ടതില്ല. അത് ഏലം കൃഷിക്കായി മാറ്റിയിട്ട ഏലമല റിസര്വിനുള്ളിലാണെന്നും റിസര്‍വ് വന വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിച്ച അതിരുകള്‍ ഏലമല ഭൂപ്രദേശത്തിന്റെ അതിര്‍ത്തികളാണെന്നും തെളിവുകൾ പരിശോധിക്കുന്ന ആർക്കും വ്യക്തമാകും. ഈ റിസര്‍വ് വനം വിജ്ഞാപനത്തില്‍ വിവരിച്ചിരിക്കുന്ന അതിര്‍ത്തിക്കകത്തുള്ള കാടായ പുല്തറയും ചോലയുമാണ്. അതായത് ഏലമലയിലെ റിസര്‍വ് വനം പലയിടത്തായി കിടക്കുന്ന 15,720 ഏക്കര്‍ ഭൂമിയാണെന്ന് വ്യക്തം.
ഇത്തരമൊരു സാഹചര്യം നിലനിൽക്കേയാണ് സുപ്രീംകോടതി ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസില്‍ നിയമിച്ച സെന്‍ട്രല്‍ എംപവേർഡ് കമ്മിറ്റിക്കു മുമ്പില്‍ കേരളത്തിലെ ഒരു പരിസ്ഥിതി സംഘടന 2003 നവംബര്‍ 28ന് ഒരു പരാതി സമര്‍പ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഏലമല റിസര്‍വ് വനത്തില്‍ സംസ്ഥാന മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഉന്നത വനം-റവന്യു ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ വന്‍തോതില്‍ വനം വെട്ടിനശിപ്പിക്കലും വനം കൈയേറ്റവും നടക്കുന്നുവെന്നാണ് പരാതി. 1897 ഓഗസ്റ്റ് 24ലെ ഏലമല വന റിസര്‍വ് വിജ്ഞാപനത്തില്‍ 334 ചതുരശ്ര മൈല്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
അതായത് റിസര്‍വ് വന വിസ്തൃതി 2,15,721 ഏക്കറാണത്രെ. ഈ 2,15,721 ഏക്കര്‍ ഏലമല റിസര്‍വ് വനഭൂമി നിലവില്‍ 15,000 ഹെക്ടര്‍ മാത്രമായിട്ടാണ് സര്‍ക്കാര്‍ രേഖകളിലുള്ളതെന്നും പരാതിക്കാരന് ബോധിപ്പിക്കുന്നു. 1822 മുതല്‍ 2009 വരെ ആദ്യം രാജാവും പിന്നെ ജനകീയ സംസ്ഥാന ഭരണകൂടങ്ങളും നിയമാനുസൃതം കൃഷിക്കായി പതിച്ചുനല്‍കിയ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി റിസര്‍വ് വനം കൈയേറ്റമായി പരാതിയില്‍ ചിത്രീകരിക്കുന്നു.
സന്ദര്‍ശനവും തെളിവെടുപ്പും
സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി ഏലമല സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. നിരവധി തവണ അവസരം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുമായി ഒരു തരത്തിലും സഹകരിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആകെ കിട്ടിയത് ഇടുക്കി ജില്ലാ കളക്ടറുടെ ഒരു ഭാഗിക റിപ്പോര്‍ട്ടാണെന്നും കമ്മിറ്റി 2005 സെപ്റ്റംബര്‍ ഏഴിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഒന്നാം ഖണ്ഡികയില്‍തന്നെ വ്യക്തമാക്കുന്നുണ്ട്. അതായത്, ഏലമലയെ സംബന്ധിച്ച ഔദ്യോഗികമായ ഒരു രേഖയും പരിശോധിക്കാതെയാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് വ്യക്തം.
അതുപോലെതന്നെ പബ്ലിക് ഹിയറിംഗിനെപ്പറ്റി ഏലമലയിലോ പരിസരത്തോ താമസിക്കുന്ന ആരെയും അറിയിച്ചില്ല. കമ്മിറ്റിയെ കാണാന്‍ ചെന്ന കര്‍ഷക സംഘടനാ നേതാക്കളെ അതിനനുവദിച്ചില്ലെന്ന് മാത്രമല്ല ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തെന്നും അതിന് മുന്നില്‍നിന്നത് പരാതിക്കാരായ പരിസ്ഥിതി സംഘടനയുടെ നേതാക്കളായിരുന്നെന്നും കര്‍ഷക നേതാവായ പ്രഫ. ജോസുകുട്ടി ഒഴുകയില്‍ ചൂണ്ടിക്കാട്ടുന്നു.
സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് 1958 ലെ ഏലമലയെ സംബന്ധിച്ച അധികാരങ്ങള്‍ റവന്യുവകുപ്പിനും വനംവകുപ്പിനും വീതിച്ചു നല്കിയ ഒരു ഉത്തരവു മുതലാണ്. അതായത് ഏലമലയിലെ മുഴുവന്‍ ഭൂമിയും ഏലം കൃഷിക്കും മറ്റ് കൃഷിക്കുമായി നല്കിയ 1822 മുതല്‍ 1958 വരെയുള്ള നൂറുകണക്കിന് സര്‍ക്കാര്‍ ഉത്തരവുകള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി പരിഗണിച്ചില്ല.
ഏലമല റിസര്‍വ് മുഴുവന്‍ റിസര്‍വ് വനമാണെന്ന് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി വിശദീകരിക്കുമ്പോഴും ഏതൊക്കെ വില്ലേജുകളാണ് റിസര്‍വ് നോട്ടിഫിക്കേഷനില്‍ പെട്ടതെന്നോ അത്തരം വില്ലേജുകളിലെ വനവിസ്തൃതിയോ കൃഷിസ്ഥല വിസ്തൃതിയോ ജനസാന്ദ്രതയോ ഒന്നും കമ്മിറ്റിക്ക് കണ്ടെത്താനായില്ല. ഏലമലകളെ സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കേ സംസ്ഥാന സര്‍ക്കാര്‍ രേഖകളെ അടിസ്ഥാനമാക്കാതെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണവും അവ്യക്തവുമായതിനാൽ പൂര്‍ണമായും തള്ളിക്കളയേണ്ടതാണ്. ഈ റിപ്പോർട്ടിൽ കാര്യമായ തുടര്‍നടപടികളുണ്ടായില്ല.
ഏലമലയെ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് 2007 നവംബര്‍ അഞ്ചിന് 15 പേജുള്ള സത്യവാങ്മൂലമാണ് അന്നത്തെ ചീഫ് സെക്രട്ടറി പി.ജെ. തോമസ് സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ 1822ലെ രാജകീയ വിളംബരം പരാമര്‍ശിക്കുന്നുണ്ടെങ്കിലും 1900 വരെയുള്ള 78 വര്‍ഷത്തെ ഏലമലയിലെ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല. ഏലമലയില്‍ ഏറ്റവും കൂടുതല്‍ വനഭൂമി അന്നത്തെ രാജാവ് പ്രത്യേക താത്പര്യപ്രകാരം രാജ്യത്തിന്റെ വരുമാന വര്‍ധനവിനായി കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയത് 1822-1900 കാലഘട്ടത്തിലായിരുന്നു.
ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിലെ 17-ാം ഖണ്ഡികയില്‍ ഏലമല എന്താണെന്നും അതിലെ വനവിസ്തൃതി 15,720 ഏക്കര്‍ മാത്രമാണെന്നും വിശദീകരിക്കുന്നു. 18-ാം ഖണ്ഡികയില്‍ 1944വരെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഏലം കൃഷിക്കും മറ്റു കൃഷിക്കുമായി ഏലമലയില്‍ കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയിട്ടുണ്ടെന്നും 19-ാം ഖണ്ഡികയില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി റിപ്പോര്‍ട്ടിലെ 12-ാം ഖണ്ഡികയിലെ ചില ഭൂമി ഇടപാടുകളെ സംബന്ധിച്ച കാര്യങ്ങള്‍ തെറ്റായ വിവരങ്ങളാണെന്ന് കാര്യകാരണ സഹിതം ചീഫ് സെക്രട്ടറി 21-ാം ഖണ്ഡികയില്‍ വ്യക്തമാക്കുന്നു.
ഏലമലകള്‍ ഉള്‍പ്പെടുന്നത് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലാണെന്നും ഏലമല വിസ്തൃതി 2,64,885 ഏക്കറാണെന്നും ഏലമല ഉള്‍പ്പെടുന്ന മൂന്നു താലൂക്കുകളുടെ വിസ്തൃതി 9,15,994 ഏക്കറാണെന്നും ഏലമലയിലെ റിസര്‍വ് വനം 15,720 ഏക്കര്‍ മാത്രമാണെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
2007ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി തന്നെയായിരുന്നു ചീഫ് സെക്രട്ടറിയുടെ 2024 ഒക്ടോബർ 23ലെ സത്യവാങ്മൂലവും. അതില്‍ ഏഴാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു ‘സര്‍വേ ഓഫ് ഇന്ത്യ തയാറാക്കിയ ഏലമല റിസര്‍വിനെ സംബന്ധിച്ച മാപ്പില്‍ ഏലകൃഷി ഭൂവിസ്തൃതി 413 ചതുരശ്ര മൈല്‍ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 413 മൈല്‍ എന്നാല്‍ 2,64,885 ഏക്കര്‍. അതുകൊണ്ടുതന്നെ സര്‍വേ നടത്തിയ 1970ലെ കണക്കനുസരിച്ച് ഏലം കൃഷി ഭൂവിസ്തൃതി 2,64,885 ഏക്കര്‍ തന്നെയാണ്. മറ്റേതു രേഖകളെക്കാളും കൃത്യതയും വ്യക്തതയും വിശ്വസനീയവും സര്‍വേ റിക്കാര്ഡുകളായതിനാല് മൂന്നു താലൂക്കുകളിലെ ഏലമല റിസര്‍വ് വിസ്തൃതി 2,64,885 ഏക്കര്‍ തന്നെയാണ്’.
ഏലമല റിസര്‍വ് എന്ന കാര്‍ഡമം ഹില്‍ റിസര്‍വ് (സിഎച്ച്ആര്‍) ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളില്‍ വ്യത്യസ്ത ഭൂപ്രദേശങ്ങളായി കിടക്കുന്ന ഭൂമിയാണ്. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രമാണ് റിസര്‍വ് വനമുള്ളത്. ഇത് ഭൂമിശാസ്ത്രപരമായി ഏലമല റിസര്‍വില്‍നിന്നു വിട്ടുനില്‍ക്കുന്ന ഭൂപ്രദേശമാണ്. നിലവില്‍ ഉടുമ്പന്‍ചോല താലൂക്ക് വിഭജിച്ച് ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളാക്കിയിരിക്കുന്നു. ചുരുക്കത്തില്‍ ഏലമല റിസര്‍വ് എന്നു പറയുന്നത് വനമല്ലെന്നും 413.88 ചതുരശ്ര മൈലിന് സമാനമായ 2,64,885 ഏക്കര്‍ ഭൂമിയാണ് ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളിലായി കിടക്കുന്നതെന്നും ഈ ഏലമല റിസര്‍വ് വനത്തിന്റെ ഭാഗമല്ലെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
വളരെ വിശദമായതും കൃത്യതയുള്ളതുമായ സത്യവാങ്മൂലം 23.10.2024 ല്‍ സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടും തൊട്ടടുത്ത ദിവസം 24.10.2024ന് ഏലമലകളില്‍ പട്ടയം നല്‍കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് മറ്റൊരു നിയമ പ്രശ്നത്തിന് വഴിതെളിച്ചിരിക്കുന്നു.
വ്യാജരേഖ
15,720 ഏക്കര്‍ എന്ന റിസര്‍വ് വനം നോട്ടിഫിക്കേഷന്‍ 2,15,720 ആയി തീരുത്തിയാണ് പരിസ്ഥിതി സംഘടന സുപ്രീംകോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍തന്നെ പരാതിയെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ പരിസ്ഥിതി സംഘടന 466 പേജുള്ള ഒരു വിശദീകരണം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.
അതിൽ 15,720 എന്ന ഏലമല വന വിസ്തൃതി 2,15,720 ആയി തങ്ങള്‍ തിരുത്തിയതല്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത രേഖ തങ്ങള്‍ക്ക് തപാലില്‍ ലഭിച്ചതാണെന്നുമുള്ള ഒഴുക്കന്‍ വിശദീകരണമാണ് നല്‍കിയത്. പക്ഷേ ആരാണ്, എവിടെ നിന്നാണ് ആ കൃത്രിമ രേഖ നല്കിയതെന്നതിനെപ്പറ്റി വിശദീകരണമില്ല. സത്യത്തില്‍ രാജ്യത്തെ പരമോന്നത കോടതിയെയാണ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. അതിനാൽ ആ വ്യാജരേഖയുടെ ഉറവിടം സിബിഐ അന്വേഷിക്കേണ്ടതാണ്.
ഏലമല റിസര്‍വ് നിയമപോരാട്ടത്തിൽ ഇടുക്കിയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും ഗൗരവതരമായ ഇടപെടലുകൾ നടത്തിയിട്ടില്ല എന്നാണ് ജനങ്ങളുടെ പരാതി. കടുത്ത അനാസ്ഥയും ജനവഞ്ചനയുമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പുനഃപരിശോധനാ ഹര്‍ജി നൽകണം
ഏലമല റിസര്‍വിനെ സംബന്ധിച്ച സുപ്രീംകോടതി കേസിലെ ഏറ്റവും നിര്‍ണായക രേഖയാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. കാരണം ഭൂമി എന്നത് സംസ്ഥാന വിഷയമാണ്. കേന്ദ്രത്തിന് അതില്‍ ഇടപെടാന്‍ അധികാരമില്ല. ഭൂമി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഭരണഘടന പ്രകാരം ഭാഗികമായി സാധിക്കുന്നത് 1980 ഒക്ടോബര്‍ 25ന് ശേഷം റിസര്‍വ് വനങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് നല്കുന്നതില് മാത്രമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഏത് ഭൂമിവിഷയത്തിലും 1980 ഒക്ടോബർ 25ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ എടുത്ത ഏത് നയപരമായ തീരുമാനത്തെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല എന്നാണ് ഏലമലകളെ സംബന്ധിച്ച (പട്ടയ കേസ്) മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ 2009 മാർച്ച് 20ലെ വിധിന്യായം വ്യക്തമാക്കുന്നത്.
അതിനാൽ ഒക്ടോബർ 24ലെ പട്ടയ നിരോധന ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യേണ്ടതായിരുന്നില്ലേ എന്നാണ് ഇടുക്കിയിലെ ജനങ്ങള്‍ ചോദിക്കുന്നത്? ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ താത്പര്യങ്ങളല്ല സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടത് എന്നും അവർ ആവശ്യപ്പെടുന്നു. 1822 മുതല്‍ 1980ല്‍ വനസംരക്ഷണ നിയമം നടപ്പിലായതുവരെയുള്ള 158 വര്‍ഷത്തെ ഏലമലകളെ സംബന്ധിച്ച മുഴുവന്‍ രേഖകളും ഉള്‍പ്പെടുത്തി ഏലമല റിസര്വിനെപ്പറ്റി വിശദമായ പത്രികയോടെയായിരിക്കണം പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടത്.
(അവസാനിച്ചു)