മറനീക്കുന്ന രഹസ്യബന്ധങ്ങൾ
അനന്തപുരി / ദ്വിജൻ
Sunday, December 1, 2024 1:10 AM IST
എത്ര മറച്ചുവയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരു ദിവസം മറനീക്കി പുറത്തുവരുമെന്നത് ഒരിക്കൽകൂടി കേരളത്തിൽ യഥാർഥ്യമാകുകയാണ്. കേരളത്തിലെ മറ്റെല്ലാ പാർട്ടികളെയും വർഗീയ പാർട്ടികളുമായി കൂട്ടുകൂടുന്നവർ എന്നാരോപിക്കുകയും തങ്ങളുടെ കളങ്കമില്ലാത്ത സ്വത്വത്തിൽ വല്ലാതെ അഹങ്കരിക്കുകയും ചെയ്തിരുന്ന സിപിഎമ്മിന്റെ രഹസ്യബന്ധങ്ങളുടെ കഥകൾ അവരുടെ കൂട്ടുകാർതന്നെ വെളിപ്പെടുത്തുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവായ ഇ.പി. ജയരാജനും ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ രഹസ്യങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പുദിവസം പുറത്തുവന്നതു മുതൽ സിപിഎമ്മിന്റെ രഹസ്യബന്ധങ്ങളുടെ കഥകളുടെ കെട്ടഴിഞ്ഞുകൊണ്ടിരിക്കുകയാണ്.
ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മും
ഇന്ത്യയിൽ മുസ്ലിം രാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി സിപിഎമ്മിന് മൂന്നു പതിറ്റാണ്ടുകളായി വളരെ അടുത്ത ബന്ധമുണ്ടെന്ന് അമീർ മുജീബ് റഹ്മാൻ കോഴിക്കോട്ട് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. സിപിഎമ്മിന് ജമാ അത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും ഇല്ലായിരുന്നുവെന്ന പിണറായിയുടെ അവകാശവാദം കളവാണെന്ന് അദ്ദേഹം പറഞ്ഞു.
1996, 2004, 2006, 2009, 2011, 2015 തെരഞ്ഞെടുപ്പുകളിൽ ജമാ അത്തെ ഇസ്ലാമി സിപിഎമ്മിന്റെ ആവശ്യപ്രകാരം അവരെ പിന്താങ്ങി. ദേശാഭിമാനിയുടെ മുഖപ്രസംഗം, നിയമസഭാ രേഖ, പിണറായി വിജയന്റെ പത്രസമ്മേളനം എന്നിവ തെളിവായി ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പത്രസമ്മേളനം. എന്നാൽ, ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസിനേ സാധിക്കൂ എന്നതുകൊണ്ട് 2019ൽ ജമാ അത്തെ ഇസ്ലാമി കോണ്‍ഗ്രസിനെയാണ് പിന്താങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സിപിഎം ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് അമീർ പറഞ്ഞു. ഇതു സംബന്ധിച്ച് 2011ൽ പിണറായിയും അമീർ അരിഫ് അലിയും തമ്മിൽ ആലപ്പുഴ ഗസ്റ്റ്ഹൗസിൽ ചർച്ച നടത്തി. പൂർവകാല ബന്ധത്തെ ഇല്ലാതാക്കാന്‍ നോക്കുന്പോൾ സ്വയം പരിഹാസ്യനാകുന്നു എന്ന് അദ്ദേഹം പിണറായിയെ ഓർമിപ്പിച്ചു.തിരുവന്പാടിയിൽ മത്തായി ചാക്കോയുടെ മരണത്തെത്തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജോർജ് തോമസിന് പൊതുസമ്മേളനത്തിൽ ആരിഫ് അലി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും രാജസ്ഥാനിലും സിപിഎം എംപിമാർ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ ജയിച്ചു. 2024ലെ തെരഞ്ഞെടുപ്പിനു ശേഷമാണ് ജമാ അത്തെ ഇസ്ലാമി ‘തീവ്രവാദി’കളായതെന്ന് അമീർ പരിഹസിച്ചു. അതായത്, ജമാ അത്തെ ഇസ്ലാമിയുമായി സിപിഎമ്മിന് രണ്ടു ദശാബ്ദമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന്റെ അടയാളങ്ങളല്ലേ ഇടതു സർക്കാരുകൾ മുസ്ലിം ലീഗിനെക്കാൾ ആവേശത്തോടെ നടപ്പാക്കിയ മുസ്ലിം പ്രീണന നടപടികൾ? പാലൊളി കമ്മിറ്റിയുടെ നിയമനം അടക്കം പലതും.
വെൽഫെയർ പാർട്ടിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് അബു ഫൈസൽ കുറേക്കൂടി കൃത്യമായി പറഞ്ഞു. സിപിഎമ്മും വെൽഫെയർ പാർട്ടിയും മുന്നണിയായി 45 ഇടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. 2015ൽ പാലക്കാട് നഗരസഭയിലും പിരായിരി പഞ്ചായത്തിലും മുന്നണിയായി മത്സരിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐക്കാർക്കുമുണ്ട് സമാന കഥകൾ. 2010ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച പാർട്ടിയാണ് എസ്ഡിപിഐ. സിപിഎമ്മും എസ്ഡിപിഐയുമായുള്ള ബന്ധം മുഴപ്പിലങ്ങാട് അടക്കം എത്രയോ പഞ്ചായത്തുകളിലെ നാട്ടുകാർക്ക് കൃത്യമായി അറിയാം. ലീഗിന്റെ കോട്ടകൾ പിടിച്ചെടുക്കാൻ എസ്ഡിപിഐയുടെ സഹായം സിപിഎം തന്ത്രപൂർവം ഉപയോഗിച്ചിരുന്നു.
എല്ലാവരും വിൽക്കുന്ന വർഗീയത
വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചവരും തോറ്റവരും ഒന്നുപോലെ നടത്തുന്ന വിലയിരുത്തലുണ്ട്. വർഗീയതയുടെ വിജയമാണ് തെരഞ്ഞെടുപ്പിലുണ്ടായത്. സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും ഒറ്റ അഭിപ്രായമാണ്. ആർഎസ്എസും കോണ്‍ഗ്രസുമായി രഹസ്യധാരണയുണ്ടെന്ന് സിപിഎമ്മും, സിപിഎമ്മും ആർഎസ്എസുമായി രഹസ്യധാരണയുണ്ടെന്നു കോണ്‍ഗ്രസും ആരോപിച്ചു. മുസ്ലിം പാർട്ടികളുടെ തോളിലിരുന്നാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന് സിപിഎമ്മും, എക്കാലവും ജമാ അത്തെ ഇസ്ലാമിക്കാരുടെ തോളിൽ കൈയിട്ടു നടക്കുന്നവരാണ് സിപിഎം എന്ന് കോണ്‍ഗ്രസും ആരോപിച്ചു. സിപിഎം ഇപ്പോൾ മൃദു ഹിന്ദുത്വ കാർഡാണ് ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പാലക്കാട്ട് ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ മുഖ്യമന്ത്രിക്കു വല്ലാത്ത സങ്കടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിം വർഗീയ കാർഡ് കളിക്കുന്നതായാണ് ബിജെപിയുടെ ആരോപണം.
ഹിന്ദുവികാരം വോട്ടാക്കുന്നവരാണ് സംഘപരിവാർ കുടുംബാംഗമായ ബിജെപി. മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന് അവകാശപ്പെടുന്നതുപോലെ അവരും മതേതരത്വം അവകാശപ്പെടുന്നു. കേരളത്തിലെ മുസ്ലിം ലീഗ് മതേതര കക്ഷിയാക്കപ്പെട്ടതുപോലെ ഒരുദിവസം അവരെയും മതേതര കക്ഷിയായി മുഖ്യധാരാ പാർട്ടികൾ അംഗീകരിക്കില്ലെന്ന് ആരു കണ്ടു. ഭരണഘടനയുടെ ആമുഖത്തിൽ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി കൂട്ടിച്ചേർത്ത മതേതരത്വം എന്ന വാക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ബിജെപിയുടെ എംപിമാരിൽ ഒരാളാണ്.
വല്ലാത്ത പരസ്യം
പാലക്കാട്ട് സരിൻ തരംഗം എന്ന പേരിൽ ഇടതുമുന്നണി മുസ്ലിം പത്രങ്ങളിൽ മാത്രം കൊടുത്ത ഫുൾ പേജ് പരസ്യം സിപിഎമ്മിന് എത്ര തൂത്താലും മായാത്ത കറയായി. ബിജെപിയിൽനിന്നു കൂടുമാറി കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പൂർവാശ്രമകഥകൾ കോർത്താണ് പരസ്യമിറക്കിയത്. തനി വർഗീയപരസ്യം മറുകുറ്റി പായുന്ന സംഭവമായി. അന്നുവരെ വർഗീയതയ്ക്കെതിരേ പറഞ്ഞിരുന്നവർ വർഗീയപരസ്യം കൊടുത്തു.
പാലക്കാട്ട് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയും മുസ്ലിം ലീഗും ഒന്നിച്ച് പ്രവർത്തിക്കുന്നതു കണ്ടപ്പോൾ മുസ്ലിം വർഗീയതയ്ക്കെതിരേയായി പിണറായിയുടെ വാക്കുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ പൗരത്വ നിയമവും കോമണ്‍ സിവിൽ കോഡും മാത്രം വിഷയമാക്കിയ പിണറായി പാലക്കാട്ട് പ്ലേറ്റ് തിരിച്ചുവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനകൾ അനുസരിച്ച് ഹിന്ദുവികാരത്തിന് ഒപ്പം നിൽക്കാനും അവർ നോക്കി. കളി മനസിലായ കോണ്‍ഗ്രസുകാർ സിപിഎമ്മിന്റെ മൃദു ഹിന്ദുത്വത്തിനെതിരേയായി ആക്രമണം.
ഭരണവിരുദ്ധ വികാരം
ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് വിജയിച്ച ജനാധിപത്യമുന്നണി പക്ഷേ, മൂന്നിടത്തും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ തിളക്കമുള്ള ജനവിധിയാണ് സ്വന്തമാക്കിയത്. അവർക്ക് വയനാട്ടിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ വോട്ട് നേടാനായില്ലെങ്കിലും ഭൂരിപക്ഷം അതിലും ഉയർന്നതായിരുന്നു. ഇടതുമുന്നണിക്ക് എല്ലായിടത്തും തിളക്കം കുറഞ്ഞു. പിടിച്ചുനിൽക്കാനായ ചേലക്കരയിൽപോലും 2021ൽ അവർക്ക് ലഭിച്ച വോട്ടുകൾ 83,415ൽനിന്ന് 64,827 ആയി.
കണക്കുകൾ ഇങ്ങനെയായിരിക്കുന്പോഴും ഉപതെരഞ്ഞെടുപ്പു ഫലം സർക്കാരിന് അനുകൂലമായ വിധിയാണെന്നും ഭരണവിരുദ്ധ വികാരം ഇല്ലെന്നു തെളിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അവകാശപ്പെടുന്നതാണ് അദ്ഭുതം. ‘എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാകില്ല’ എന്നു പറയുന്ന മരുമകന്റെ നേർചിത്രം. ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ പ്രതികരണങ്ങൾ അല്ലാതെ വിലയിരുത്തലുകൾ ഉണ്ടായില്ല.
ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ ജനാധിപത്യമുന്നണിയുടെ കണ്ണു മഞ്ഞളിപ്പിക്കാതിരുന്നാൽ അവർക്ക് നല്ല പ്രതീക്ഷയ്ക്കു വകയുണ്ട്. പക്ഷേ, മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വൻ വിജയത്തിൽ അഹങ്കരിച്ച് പരസ്പരം കാലുവാരിയതുപോലുള്ള ചരിത്രം ആവർത്തിച്ചാൽ കേരളത്തിലെ തെരഞ്ഞെടുപ്പു ചിത്രവും മാറും. ഭരണവിരുദ്ധ വികാരത്തോടൊപ്പം മുസ്ലിം രാഷ്ട്രീയം കോണ്‍ഗ്രസിന് അനുകൂലമായി മാറുന്ന ഉപതെരഞ്ഞെടുപ്പു സൂചന ഇടതുമുന്നണിക്ക് വല്ലാത്ത ഭീഷണിതന്നെയാണ്. തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ പുതിയ തന്ത്രങ്ങൾ വേണ്ടിവരും.
ബിജെപിയിൽ കലാപമോ?
ഉപതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ബിജെപിയിലുണ്ടായ വഴക്കുകൾ കണ്ട് വെള്ളാപ്പള്ളി നടേശൻ നടത്തിയ നിരീക്ഷണം അന്വർഥമാക്കുകയാണ് അവരുടെ നേതാക്കൾ. കെ. സുരേന്ദ്രനെതിരേയുള്ള നീക്കവും ശക്തമാകുന്നുണ്ട്. നേതൃമാറ്റമില്ലെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയെങ്കിലും പലരും പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
തെഞ്ഞെടുപ്പുഫലം ചർച്ച ചെയ്യാൻ ചേർന്ന ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിൽ കൃഷ്ണദാസ് പക്ഷക്കാർ സംബന്ധിച്ചില്ല. ഉപതെരഞ്ഞെടുപ്പിനുള്ള പാലക്കാട്ടെ സ്ഥാനാർഥിയെക്കുറിച്ച് തുടക്കം മുതലേ എതിർപ്പുണ്ടായിരുന്നു. സ്ഥാനാർഥിനിർണയം പാളിയെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പു കാലത്ത് സന്ദീപ് വാര്യർ പാർട്ടി വിട്ടത്. അദ്ദേഹം തുടക്കം കുറിച്ച പ്രതിഷേധം ശക്തമാവുകയാണ്.
വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി. മധു നേതൃത്വവുമായി ഉടക്കി പാർട്ടി വിട്ടു. പുനഃസംഘടനയാണ് ഇപ്പോൾ പാർട്ടിയുടെ വിഷയം. ജനുവരി-ഫെബ്രുവരി മാസത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പു പൂർത്തിയാക്കാനാണ് പരിപാടി. ഇതിനിടയിൽ എന്തെങ്കിലും നടക്കുമോ? എന്തെല്ലാം നടക്കും. ഇതെല്ലാം ആഴമുള്ള ചോദ്യങ്ങളാണ്.