കര്‍ഷകവഞ്ചനയുടെ നേർക്കാഴ്ച
ജയിംസ് വടക്കൻ
Sunday, December 1, 2024 1:01 AM IST
1897 ഓഗസ്റ്റ് 11ലെ വനം നോട്ടിഫിക്കേഷനിലെ 15,720 ഏക്കര്‍ ‘കാടായ പുല്‍ത്തകിടിയും ചോലയും’സ്ഥിതി ചെയ്യുന്ന ഏലമല ഭൂമി എവിടെയാണെന്നായിരുന്നു സംസ്ഥാന വനംവകുപ്പിന്റെ 1990 മുതലുള്ള ഗവേഷണം. അതിനായി ആദ്യം കണ്ടെത്തേണ്ടത് 1897ലെ ഏലമലയിലെ 15,720 ഏക്കര്‍ ഭൂമി വനമാക്കി പ്രഖ്യാപിച്ച വിജ്ഞാപനത്തിനടിസ്ഥാനമായ നോട്ട് ഫയല്‍ ആണ്. നാളിതുവരെ അതു കണ്ടെത്താനായിട്ടില്ല എന്ന് സര്‍ക്കാരും വനംവകുപ്പും പറയുന്നു. എന്നാല്‍, അതിനു മുമ്പത്തെ പല രേഖകളും ട്രാവന്‍കൂര്‍ ആര്ക്കൈവ്സില്നിന്ന് സംസ്ഥാന സര്‍ക്കാരും വനംവകുപ്പും കണ്ടെടുത്തു എന്നതുതന്നെ ഈ ‘കാണാതാകലിന്റെ’ ഗൂഢാലോചനയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
വനംവകുപ്പ് സൃഷ്ടിച്ച ഏലമല മാപ്പ്
ഏത് വനം റിസര്‍വ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുമ്പോഴും ആ റിസര്‍വ് വനത്തിന്റെ അതിരുകള്‍ അടയാളപ്പെടുത്തിയ ഒരു മാപ്പ് വനവിജ്ഞാപനത്തിന്റെ അവിഭാജ്യ ഘടകമാണ്. എല്ലാ താലൂക്ക് ഓഫീസുകളിലും അതിന്റെ ഒരു കോപ്പി കാണണം. എന്നാല്‍, അത്തരമൊരു മാപ്പ് സര്‍ക്കാരിന്റെ പക്കലില്ലെന്ന് സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം വന്ന ഒരു ചോദ്യത്തിന് ഉത്തരം നല്കി. ഇത്തരമൊരു മാപ്പ് ഇല്ലെന്നറിഞ്ഞതോടെ സംസ്ഥാനത്തെ ഭൂമിയെ സംബന്ധിച്ച അവസാന വാക്കായ ‘സര്‍വേ ആൻഡ് ലാന്‍ഡ് റിക്കാര്‍ഡ്സ്’ വകുപ്പിനെയോ ഏലമലകളുടെ ഉടമസ്ഥരായ റവന്യു വകുപ്പിനെയോ അറിയിക്കാതെയും ഉള്‍പ്പെടുത്താതെയും സംസ്ഥാന വനംവകുപ്പ് തന്നെ ഏലമലകളുടെ ഒരു മാപ്പ് സ്വന്തമായി സൃഷ്ടിച്ചു.
എങ്ങനെയാണ് റവന്യു, സര്‍വേ വകുപ്പുകളറിയാതെ വനംവകുപ്പ് ഏലമലയുടെ മാപ്പുണ്ടാക്കിയതെന്ന് 2007 ഫെബ്രുവരി 20ന് വനംവകുപ്പ് ഔദ്യോഗികമായി വിശദീകരിച്ചതിങ്ങനെ: “1897 ഓഗസ്റ്റ് 11ലെ വനം നോട്ടിഫിക്കേഷന്റെ (സിഎച്ച്ആര്‍) അതിർത്തികള്‍ സര്‍വേ ഓഫ് ഇന്ത്യ ടോപ്പോ ഷീറ്റില്‍ സംസ്ഥാന വനംവകുപ്പ് വരച്ച് ഒരു മാപ്പുണ്ടാക്കി”. അതനുസരിച്ച് ഏലമല റിസര്‍വിന്റെ (വനം റിസര്‍വല്ല എന്ന പ്രത്യേകം ശ്രദ്ധിക്കണം) വിസ്തൃതി 382.8642 ചതുരശ്ര മൈല്‍ അല്ലെങ്കില്‍ 991.6194 ചതുരശ്ര കിലോമീറ്റര്‍ ആണ്. അതിൽ 15,720 ഏക്കറാണ് 1897ലെ വനവിജ്ഞാപന പ്രകാരം ‘കാടായ പുല്‍ത്തറയും ചോലയും’ ആയ ‘ഒഴിച്ചിടപ്പെട്ട വനം’. 991.6194 ചതുരശ്ര കിലോമീറ്ററും വനമാണെന്ന വിചിത്രവാദവുമായി വനംവകുപ്പ് രംഗത്തെത്തിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതു തള്ളിക്കളഞ്ഞു.
ഏതൊക്കെ വില്ലേജുകളായിരിക്കും ഈ 991.6194 ചതുരശ്ര കിലോമീറ്റര്‍ ‘വിവാദ’ ഭൂമിയില്‍ പെട്ടിരിക്കുന്നത്? എന്താണ് ആ വില്ലേജുകളുടെ ഇന്നത്തെ സ്ഥിതി? ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ കത്തായിരുന്നു 2006 നവംബർ 14ന് ഇടുക്കി ജില്ലാ കളക്ടര്‍ സംസ്ഥാന ലാൻഡ് റവന്യു കമ്മീഷണര്‍ക്കയച്ച കത്തിന്റെ ഉള്ളടക്കം.
ഈ കത്തിൽ പറഞ്ഞിരിക്കുന്നത് സിഎച്ച്ആര്‍ ഭൂമിയുടെ വിസ്തൃതി 1,071.9747 ചതുരശ്ര കിലോമീറ്റര്‍ (1,07,197.4689 ഹെക്ടര്‍) എന്നാണ്. ഏലമല റിസര്‍വില്‍ (സിഎച്ച്ആര്‍) ഉള്‍പ്പെട്ട 19 വില്ലേജുകള്‍ - ആനവിലാസം, ചക്കുപള്ളം, അണക്കര, വണ്ടന്മേട്, കട്ടപ്പന, അയ്യപ്പന്‍കോവില്‍, കരുണാപുരം, പാമ്പാടുംപാറ, പാറത്തോട്, കല്ക്കൂന്തല്, ഉടുമ്പന്‍ചോല, കത്തിപ്പാറ, ചതുരംഗപാറ, ശാന്തന്‍പാറ, പൂപ്പാറ, ചിന്നക്കനാല്‍, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി എന്നിവയാണ്.
വിജ്ഞാപനശേഷം നടന്ന പ്രധാന കാര്യങ്ങൾ
1897ൽ ഏലമല റിസര്‍വില്‍പ്പെട്ട 15,720 ഏക്കര്‍ ‘ഒഴിച്ചിടപ്പെട്ട വന’മായി വിജ്ഞാപനം ചെയ്തതിനു ശേഷം ഏലമല റിസര്‍വില്‍ നടന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:
1899 - ഏലം കുത്തക സംഭരണം റദ്ദാക്കി ഏലഭൂമിക്ക് ഭൂനികുതി ഈടാക്കിയ 14-08-1896 ലെ ഉത്തരവ് 13-07-1899ല്‍ ഭേദഗതി ചെയ്തു ഭൂനികുതി കൂട്ടി.
1900 - 250 ഏക്കറില്‍ കൂടുതല്‍ ഭൂമി ഏലമല റിസര്‍വില്‍ സ്വന്തമായുള്ള കര്‍ഷകര്‍ക്ക് ഏലമല റിസര്‍വിലെ ചപ്പക്കാട്, പാഴ്ഭൂമി എന്നിവയില്‍ റബര്‍, കൊക്കോ, കുരുമുളക്, കറുവ എന്നിവ കൃഷി ചെയ്യാന്‍ അനുമതി നല്കി.
1902 - 26-05-1901 ലെ പുല്‍മേടുകളും ചതുപ്പുകളും പതിച്ചുനല്‍കല്‍ ചട്ടം ഭേദഗതി ചെയ്ത് ഭൂമി സ്ഥിരമായി നല്കാന് തീരുമാനം. 30 വര്‍ഷം കഴിയുമ്പോള്‍ പുതുക്കി നല്‍കാനും തീരുമാനം.
ഏലമലയിലെയും പെരിയാറിലെയും നഞ്ച/പുഞ്ച ഭൂമിയില്‍ സ്ഥിരം ഉടമസ്ഥാവകാശവും താമസിക്കാന്‍ വീടുകള്‍ നിര്‍മിക്കാനുള്ള അവകാശവും നൽകി. ഭൂമി അളന്നു തിട്ടപ്പെടുത്തി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി പട്ടയം കിട്ടിയ ശേഷമായിരിക്കണം കൃഷി ആരംഭിക്കേണ്ടത്. അന്നത്തെ കാലത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയം.
1905 - ഏക്കറൊന്നിന് പത്തു രൂപ വാങ്ങി ഏലം കര്‍ഷകര്‍ക്ക് ഭൂമി സ്ഥിരമായി നല്കി. 1902ലെ നഞ്ച/പുഞ്ച ചട്ടം പുതുക്കി.
1906 - ഏലം കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കാര്‍ഡമം ഹില്‍സ് അസി. സൂപ്രണ്ടിന് കൂടുതല്‍ അധികാരങ്ങള്‍.
1909 - ഏലം കൃഷി വ്യാപനം കൂടുതല്‍ ലളിതമാക്കാന്‍ 03-03-1909ല്‍ കാര്‍ഡമം ഹില്‍ സൂപ്രണ്ടിനെ ഡിവിഷന് പേഷ്കാര്‍ ആക്കി.
1910 - 15-01-1910ലെ 176-ാം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അതുവരെ നിലനിന്നിരുന്ന കാര്‍ഡമം ഡിപ്പാര്‍ട്ട്മെന്റ് റവന്യു വകുപ്പില്‍ ലയിപ്പിച്ചു. വനംവകുപ്പുണ്ടായിരുന്നിട്ടും, വനംവകുപ്പിലല്ല റവന്യു വകുപ്പിലാണ് ലയിപ്പിച്ചതെന്നതിനാല്തന്നെ ഏലമല റവന്യു ഭൂമിയാണെന്ന് വ്യക്തം. 10-04-1910ല്‍ ഏലത്തെ വനവിഭവങ്ങളുടെ പട്ടികയില്‍നിന്നു നീക്കം ചെയ്തു.
1935 - ഏലമലയ്ക്ക് പുറത്തുകിടക്കുന്ന 10,000 ഏക്കര്‍ ഭൂമി കാര്‍ഡമം റൂള്‍സ് പ്രകാരം ഒരേക്കറിന് 60 രൂപ നിരക്കില്‍ വാങ്ങി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പതിച്ചു നല്കി. എത്ര ഭൂമി വേണമെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്നു.
1940 - വനത്തില്‍ കൃഷി അനുവദിക്കാന്‍ സര്‍ക്കാര്‍ കുത്തകപ്പാട്ട വിളംബരമിറക്കി.
1942 - 19-06-1942ല്‍ ഏലം കൃഷിക്കായി നല്കുന്ന ഭൂമിയുടെ പരിധി 60 ഏക്കറാക്കി നിജപ്പെടുത്തി.
1944 - 10-11-1944ലെ ഉത്തരവ് പ്രകാരം ഭൂമി നല്കുന്ന രജിസ്ട്രി സംവിധാനം നിര്‍ത്തലാക്കി പൊതുലേലത്തിലൂടെ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് പാട്ടത്തിന് ഭൂമി നല്കുന്ന സമ്പ്രദായം കൊണ്ടുവന്നു.
1947 - പട്ടിണിയും ദാരിദ്ര്യവും രൂക്ഷമായതിനെത്തുടര്‍ന്ന് ‘ഗ്രോ മോര് ഫുഡ്’ പദ്ധതി നടപ്പിലാക്കി. ഇതിന് കുത്തകപ്പാട്ട പ്രദേശങ്ങളില്‍ വനംവകുപ്പിനുണ്ടായിരുന്ന പരിമിതമായ അധികാരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി റവന്യു വകുപ്പിലേക്ക് കൈമാറി. ദേവികുളം, പീരുമേട് താലൂക്കുകളില്‍ കൃഷിക്കു പറ്റിയ സ്ഥലം കുത്തകപ്പാട്ടമായി നല്കാന് എന്‍.എസ്. കൃഷ്ണപിള്ളയെ ദേവികുളം ഭൂവിതരണ കമ്മീഷണറായി നിയമിച്ചു.
1955 - 01-10-1954ലെ ഉത്തരവിലൂടെ ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം പദ്ധതി നിലവില്‍ വന്നു. തോട്ടംപണിക്കായി ഏലമലകളില്‍ എത്തിയ തമിഴ്നാട്ടുകാര്‍ക്ക്, തിരുവിതാംകൂര്‍ ദിവാനായിരുന്ന കൃഷ്ണസ്വാമി റാവു പട്ടയം നല്കി തമിഴരെ സ്ഥിരതാമസത്തിന് പ്രേരിപ്പിച്ചു. പിന്നാലെ ദേവികുളം, പീരുമേട് മേഖലകള്‍ തമിഴ്നാടിനോട് ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയതോടെ അപകടം മണത്തറിഞ്ഞ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ കോളനികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി കല്ലാര്‍, കാന്തല്ലൂര്‍, മറയൂര്‍, കൊട്ടക്കാമ്പൂര്‍, വട്ടവട തുടങ്ങിയ സ്ഥലങ്ങളില്‍ കോളനികള്‍ സ്ഥാപിച്ച് ഭൂമി പതിച്ചുനല്‍കി മലയാളികളെ കുടിയിരുത്തുകയും കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അന്നത്തെ കാലത്ത് ഏലമല റിസര്‍വില്‍ കുടിയേറാന്‍ പ്രേരിപ്പിച്ച് സര്‍ക്കാര്‍ പത്രപരസ്യം വരെ നല്‍കിയിരുന്നു. കുടുംബമായി ജീവിക്കാന്‍ താത്പര്യമുള്ളവരും കഠിനമായി അധ്വാനിക്കാന്‍ ആരോഗ്യമുള്ളവരുമാണ് ഭൂമിക്കായി അപേക്ഷിക്കേണ്ടതെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ദേവികുളം, പീരുമേട് താലൂക്കുകളില്‍ കുടിയേറാന്‍ തയാറാകുന്നവര്‍ക്ക് അഞ്ചേക്കര്‍ സ്ഥലവും 1,000 രൂപ ധനസഹായവും നല്‍കുമെന്നും സര്‍ക്കാര്‍ പരസ്യത്തിലൂടെ അറിയിച്ചിരുന്നു.
1957 - പട്ടയഭൂമിയില്‍ കൃഷി ചെയ്ത് പിടിച്ചുനില്ക്കാന് സാധിക്കാതെ പല കര്‍ഷകരും തിരികെപ്പോയി. റീ അലോട്ട് ചെയ്തിട്ടും ആരും എത്തിയില്ല. 1957ലെ ഇഎംഎസ് മന്ത്രിസഭ പ്രശ്നത്തില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് പണിയായുധങ്ങള്‍ സൗജന്യമായി നല്കാന് തീരുമാനിച്ചു. സഹായധനം 2,000 രൂപയായി വർധിപ്പിച്ചു. അതോടെ കര്‍ഷകര്‍ തിരിച്ചെത്തി.
1960 - കേരള സര്‍ക്കാര്‍ ഭൂപതിവ് നിയമം, റബര്‍ കൃഷിക്കായി ഭൂമി പതിച്ചു നല്കല് ചട്ടം എന്നിവ നടപ്പിലാക്കുന്നു.
1961 - ഏലം കൃഷിക്കായി ഭൂമി പതിച്ചു നല്കല് ചട്ടങ്ങള്‍.
1962 - ഭൂദാന്‍ ഭൂമി പതിച്ചു നല്കല് ചട്ടം.
1963 - കര്‍ഷകത്തൊഴിലാളികളെ ഭൂമി നല്കി കുടിയിരുത്താനുള്ള ചട്ടങ്ങള്‍.
1964 - കേരള ഭൂപതിവ് ചട്ടങ്ങള്‍.
1968 - ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി.
1970 - സെറ്റില്‍മെന്റ് സ്കീം പട്ടയചട്ടങ്ങള്. കൃഷിയോഗ്യമായ ഫോറസ്റ്റ് ലാൻഡ് അസൈന്മെന്റ് റൂള്‍സ് 1970.
1971 - കോ-ഓപ്പറേറ്റീവ് കോളനൈസേഷന്‍ സ്കീം 1971.
1974 - കാപ്പി/തേയില കൃഷിക്കായി ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍ 1974.
1980 - കേന്ദ്രത്തില്‍ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ 1980 നിയമം പ്രാബല്യത്തില്‍. അന്നുമുതല്‍ വനഭൂമി ഏതാവശ്യത്തിനും വിതരണം ചെയ്യുന്നതിന് സംസ്ഥാനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന നിബന്ധന വന്നു. എന്നാല്‍, വനഭൂമി ആര്‍ക്കെങ്കിലും വിതരണം ചെയ്യുന്നതിന് 25-10-1980ന് മുമ്പ് നയപരമായി സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് 1980ലെ വനസംരക്ഷണ നിയമം ബാധകമല്ല.
1993 - 01-01-1977ന് മുമ്പ് ഏലമലകളിലടക്കം കുടിയേറിയ കര്‍ഷകര്‍ക്ക് വനഭൂമി നല്കല് കേരള ഭൂപതിവ് ചട്ടങ്ങള്‍ 1993 കൊണ്ടുവന്നു.
(തുടരും)