മഹാരാഷ്ട്രയുടെ മഹാപാഠം
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, November 30, 2024 12:05 AM IST
മഹാരാഷ്ട്രയിൽ വൻഭൂരിപക്ഷം ലഭിച്ചിട്ടും ബിജെപി, ഏക്നാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിന്റെ എൻസിപി എന്നിവരുടെ മഹായുതി സഖ്യത്തിന് മുഖ്യമന്ത്രിയെ തീരുമാനിക്കലും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും ദിവസങ്ങൾ വൈകി. മഹാരാഷ്ട്രയോടൊപ്പം തെരഞ്ഞെടുപ്പു നടന്ന ജാർഖണ്ഡിൽ ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടും മഹാരാഷ്ട്രയിൽ വിലപേശൽ തുടരുന്നു. മഹാരാഷ്ട്രയിൽ എന്താണു സംഭവിച്ചത്? കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങൾ മുതൽ എംപിമാരും പ്രതിപക്ഷ നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും ചോദിക്കുന്നു.
2016ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോടു തോറ്റ ഹില്ലരി ക്ലിന്റണ് എഴുതിയ സ്വയം വിമർശാനാത്മക ലേഖനത്തിന്റെ തലക്കെട്ട് ‘എന്താണ് സംഭവിച്ചത്?’ എന്നായിരുന്നു. ഇന്ത്യയിൽ തെരഞ്ഞെടുപ്പു കമ്മീഷനെയും വോട്ടിംഗ് യന്ത്രത്തെയും കുറ്റം പറയുന്പോഴും കണ്ണാടി നോക്കി സ്വയം തിരുത്താൻ പക്ഷേ പ്രതിപക്ഷം തയാറല്ല.
ഹരിയാനയുടെ ആവർത്തനം
തൊട്ടുമുന്‍പു നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം പോലെ, മഹാരാഷ്ട്രയിലെ തകർച്ചയ്ക്കു കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷത്തിന് ഉത്തരമില്ല. എവിടെയോ പിഴച്ചുവെന്നു പലരും സമ്മതിക്കുന്നു. അവരും വോട്ടിംഗ് യന്ത്രങ്ങളെയും തെരഞ്ഞെടുപ്പു കമ്മീഷനെയും പഴിചാരി എംവിഎയുടെ കനത്ത തോൽവിക്കു കാരണം കണ്ടെത്താനാണു ശ്രമിക്കുന്നത്. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തോൽവിയുടെ അങ്കലാപ്പു മാറിയിട്ടില്ല. ജമ്മു കാഷ്മീരിലെ കോണ്‍ഗ്രസിന്റെ വീഴ്ചയും കാണാതെ പോകില്ല.
ജാർഖണ്ഡിലെ ഫലം ബിജെപിയെയാണു ഞെട്ടിച്ചത്. ജാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ മകൻ ഹേമന്ത് സോറന്റെ ജയത്തിനു സ്വർണത്തിളക്കമുണ്ട്. 52 വയസ് മാത്രമുള്ള ഹേമന്ത് നാലാം തവണയാണു ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ ജനുവരിയിൽ ഇഡി കേസിൽ അറസ്റ്റിലായപ്പോൾ രാജിവച്ച ഹേമന്ത്, ജൂലൈയിലും ഇപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി.
ഹേമന്തും കൽപനയും
ഭൂമി ഇടപാടുമായി ബന്ധപ്പെടുത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഇഡിയുടെ അറസ്റ്റും ജയിൽവാസവും അഴിമതിക്കാരനെന്ന ആക്ഷേപവും പകരം മുഖ്യമന്ത്രിയാക്കിയ വിശ്വസ്തൻ ചംപെയ് സോറന്റെ കൂറുമാറ്റവും ഹേമന്ത് സോറനെയും ഭാര്യ കൽപന സോറനെയും തളർത്തിയില്ല. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെ പേരിൽ ഹേമന്തിനെതിരേ ബിജെപി വൻ പ്രചാരണമാണ് അഴിച്ചുവിട്ടത്. ബംഗ്ലാദേശി മുസ്ലിംകളുടെ കടന്നുകയറ്റം ജാർഖണ്ഡിന്റെ ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്തുന്നുവെന്ന ആക്ഷേപത്തിനു ജാതീയവും വർഗീയവുമായ വശങ്ങളുണ്ടായിരുന്നു.
പക്ഷേ, ഹേമന്തും ഭാര്യ കൽപനയും സംസ്ഥാനമെങ്ങും വിശ്രമമില്ലാതെ നടത്തിയ പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചു. കൽപന മാത്രം 85 റാലികളിലാണു പ്രസംഗിച്ചത്. ജാർഖണ്ഡിലെ 81 അംഗ നിയമസഭയിൽ ജെഎംഎം, കോണ്‍ഗ്രസ്, ആർജെഡി സഖ്യത്തിന് 56 സീറ്റുകളുടെ ഉജ്വല ജയമാണു കൈവന്നത്. 73 ശതമാനം ആദിവാസികളുള്ള സിംദേഗ ജില്ല മുതൽ വെറും ഒരു ശതമാനം ആദിവാസികളുള്ള കോഡർമ ജില്ല വരെ സഖ്യം നേട്ടമുണ്ടാക്കി. ആദിവാസികളുടെ പിന്തുണ ഉറപ്പിച്ചതോടൊപ്പം ബിജെപിക്കെതിരേ പിന്നാക്ക, മുസ്ലിം, ക്രിസ്ത്യൻ വോട്ടർമാരെ കൂടെ നിർത്തിയ സോഷ്യൽ എൻജിനിയറിംഗിലും ഹേമന്തും കൽപനയും വിജയിച്ചു. ജെഎംഎം സർക്കാർ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സാന്പത്തികസഹായ പദ്ധതിയും വൻവിജയത്തിനു വഴിതെളിച്ചു.
വോട്ടിനായി വാരിക്കോരി
സൗജന്യങ്ങളും ക്ഷേമപദ്ധതികളും വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയും ജാർഖണ്ഡും. ബിഹാറിലും ആന്ധ്രപ്രദേശിലും മധ്യപ്രദേശിലും തമിഴ്നാട്ടിലും ഡൽഹിയിലും അടക്കം തെരഞ്ഞെടുപ്പു ജയിക്കാൻ വിവിധ പാർട്ടികൾ ഇതേ തന്ത്രം പയറ്റിയിരുന്നു. കേരളത്തിൽ പിണറായി വിജയന്റെ ഭരണത്തുടർച്ചയ്ക്കു സഹായിച്ച സൗജന്യ കിറ്റ് വിതരണം ഓർക്കുക. പണമായും സൗജന്യങ്ങളായും ക്ഷേമപദ്ധതികളായും വാരിക്കോരി നൽകിയാൽ സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ എങ്ങനെ ബാധിക്കും എന്നതൊന്നും ആർക്കും പ്രശ്നമല്ല.
മഹാരാഷ്ട്രയിൽ അധികാരം നിലനിർത്താനായി സ്ത്രീകൾക്ക് 2,100 രൂപ കൈനീട്ടം, വിദ്യാർഥികൾക്കു പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ്, താഴ്ന്ന വരുമാനക്കാർക്ക് എല്ലാ മാസവും അടുക്കളയിലേക്കുള്ള അവശ്യസാധനങ്ങൾ നൽകുന്ന അക്ഷയ് അന്ന യോജന പദ്ധതി, കർഷകർക്കുള്ള കിസാൻ സമ്മാൻ നിധി 12,000ൽനിന്ന് 15,000 രൂപയായി വർധിപ്പിച്ചത് തുടങ്ങി നിരവധി വാഗ്ദാനങ്ങൾ ഭരണകക്ഷിയായ മഹായുതി സഖ്യം നൽകി. പെരുമാറ്റച്ചട്ടം വരുന്നതിനു മുന്നോടിയായി മഹായുതി സർക്കാർ ഒരു മാസത്തിനുള്ളിൽ 146 തീരുമാനങ്ങളാണെടുത്തത്. അടിസ്ഥാനസൗകര്യ വികസന പദ്ധതികളും പശുവിനെ ‘രാജ്മാത-ഗൗമാത’ ആയി പ്രഖ്യാപിക്കാനുള്ള തീരുമാനവും ഇതിൽ ഉൾപ്പെടുന്നു.
അഞ്ചു മാസം ചെറുതല്ല
യുപിഎ സർക്കാരിനു ഭരണത്തുടർച്ച ഉറപ്പാക്കിയ ദേശീയ തൊഴിലുറപ്പു പദ്ധതി, കാർഷിക കടങ്ങൾ എഴുതിത്തള്ളിയത്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങിയവ മുതൽ എൻഡിഎ സർക്കാരിന്റെ പ്രധാനമന്ത്രി അന്നദാതാ അഭിയാൻ, ദീൻദയാൽ അന്ത്യോദയ, ഗ്രാമീണ്‍ റോസ്ഗാർ, ഗ്രാം സഡക്, ആവാസ്, ആദർശ് ഗ്രാമം, സുകന്യ സമൃദ്ധി, ജനനി സുരക്ഷ, ജൻ ധൻ, ജൻ ഔഷധി, മുദ്ര, ഫസൽ ബീമ തുടങ്ങിയ വിവിധ യോജനകളും സൗജന്യ റേഷൻ, പാചകവാതക സിലിണ്ടർ വിതരണം, കക്കൂസ് നിർമാണം വരെയുള്ള പദ്ധതികളും വോട്ടർമാരെ സ്വാധീനിക്കുന്നു. സാമൂഹ്യക്ഷേമ പദ്ധതികളിൽ പലതും അനിവാര്യവും രാജ്യവികസനത്തിനുള്ള മുതൽമുടക്കുമാണെന്നതിൽ സംശയമില്ല.
അഞ്ചു മാസം മുന്‍പ് മഹാരാഷ്ട്രയിലെ 48ൽ 31 ലോക്സഭാ സീറ്റിലും ജയിച്ച മഹാ വികാസ് അഘാഡിയുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു കാരണങ്ങൾ പലതാണ്.കഴിഞ്ഞ മേയിൽ സംസ്ഥാനത്തെ 288ൽ 155 സീറ്റിലും കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (പവാർ) സഖ്യത്തിനായിരുന്നു ലീഡ്. പക്ഷേ, രാഷ്ട്രീയത്തിൽ അഞ്ചു മാസം വളരെ വലിയ കാലയളവാണെന്നു മനസിലാക്കാൻ കോണ്‍ഗ്രസും സഖ്യകക്ഷികളും മറന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യത്തിലെ എല്ലാവരും കൂടി 49 സീറ്റിലൊതുങ്ങി. ആറു പതിറ്റാണ്ടിലാദ്യമായി പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അർഹതയില്ലാത്ത വൻതകർച്ച. 288ൽ 235 സീറ്റുകളിലും ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത്) സഖ്യം ത്രസിപ്പിക്കുന്ന വിജയമാണു നേടിയത്. ബിജെപിക്കു തനിയെ 132 സീറ്റുകളും ശിവസേനയ്ക്ക് 57 സീറ്റും എൻസിപിക്ക് 41 സീറ്റും കിട്ടി. തൂത്തുവാരിയ സ്വപ്നവിജയം.
ബിജെപിയുടേത് കൃത്യ തന്ത്രം
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മഹാരാഷ്ട്രയിലും ഹരിയാനയിലും പിന്നീടു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവശ്യമായ തിരുത്തലുകൾക്കും സോഷ്യൽ എൻജിനിയറിംഗിനും ബിജെപി കൃത്യമായ ആസൂത്രണം നടത്തി. ചെറിയ പിണക്കത്തിലായിരുന്ന ആർഎസ്എസിനെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും സജീവമായി രംഗത്തിറക്കാൻ ബിജെപിക്കായി. മഹാരാഷ്ട്ര ഭരണം പിടിക്കുകയെന്നതു സുപ്രധാനമാണെന്ന നാഗ്പുരിലെ നേതാക്കൾക്കുള്ള തിരിച്ചറിവ് പ്രതിപക്ഷത്തിന് ഉണ്ടായില്ല.
ലോക്സഭാ സീറ്റുകളിലെ വിജയത്തിൽ ഞെട്ടിപ്പോയ കോണ്‍ഗ്രസും സഖ്യകക്ഷികളും അമിത ആത്മവിശ്വാസത്തിലായിരുന്നു. ബിജെപിയെ ഭരണത്തിൽനിന്നു മാറ്റിയ ഉദ്ധവ് താക്കറെയെ എംവിഎയുടെ മുഖ്യമന്ത്രിയായി അംഗീകരിക്കാൻ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിസമ്മതിച്ചതും തിരിച്ചടിയായി. ശിവസേന അനുകൂലികളിൽ ആവേശം നഷ്ടമാക്കാൻ ഇതു കാരണമായി. മറാഠ, ഹിന്ദുത്വ വികാരം ഉണർത്തുന്നതിലും വ്യാമോഹിപ്പിക്കുന്നതിലും ദേവേന്ദ്ര ഫഡ്നാവിസിനും ഏക്നാഥ് ഷിൻഡെയ്ക്കും അജിത് പവാറിനും സാധിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചാരണം ഹിന്ദുത്വ ധ്രുവീകരണത്തിലെത്തിച്ചു. നരേന്ദ്ര മോദിയും അമിത് ഷായും കൂടി ചേർന്നപ്പോൾ ഭൂരിപക്ഷ വോട്ടർമാരെ സ്വാധീനിക്കാനായി. വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ ജനം മറന്നു.
വയനാടല്ല മഹാരാഷ്ട്ര
പ്രിയങ്ക ഗാന്ധി മത്സരിച്ച വയനാട്ടിലെ ഭൂരിപക്ഷം കൂട്ടാനുള്ള മത്സരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കൾ. സോണിയ, രാഹുൽ, പ്രിയങ്ക ത്രയത്തെ സുഖിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാഹുലും കെ.സി. വേണുഗോപാലും അടക്കം ഉന്നതനേതാക്കൾ പലതവണ വയനാട്ടിലെത്തി തന്പടിച്ചു. പ്രിയങ്കയുടെ പത്രികാ സമർപ്പണത്തിനായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ എത്തിച്ചതും റോബർട്ട് വദ്രയ്ക്കും മക്കൾക്കുംവേണ്ടി അദ്ദേഹത്തിന് കുറച്ചുസമയം കളക്ടറുടെ മുറിക്കു പുറത്തു കാത്തിരിക്കേണ്ടിവന്നതും ദയനീയമായി. സ്ഥാനാർഥികൾ പത്രിക നൽകുന്പോൾ സാധാരണ കുടുംബാംഗങ്ങൾ ഉണ്ടാകാറില്ല.
വയനാട്ടിൽ പ്രിയങ്കയുടെ വിജയം ഉറപ്പായിരുന്നെങ്കിലും അവിടെ നടത്തിയ പ്രചാരണ കോലാഹലത്തിന്റെ പകുതിപോലും സുപ്രധാനമായ മഹാരാഷ്ട്രയിലെ ഭരണം പിടിക്കാൻ ഉണ്ടായില്ല.ഏക്നാഥ് ഷിൻഡെ 75, ഗഡ്കരി 72, ഫഡ്നാവിസ് 64 വീതം റാലികളാണു നടത്തിയത്. പ്രധാനമന്ത്രി മോദി 10 റാലികളിലും അമിത് ഷാ 16 റാലികളിലും പ്രസംഗിച്ചു. യോഗി ആദിത്യനാഥും കേന്ദ്രമന്ത്രിമാരും സഖ്യകക്ഷി നേതാക്കളും വേറെയും. എന്നാൽ, രാഹുൽ ഗാന്ധി ആകെ പ്രസംഗിച്ചത് ഏഴു റാലികളിൽ! ഖാർഗെ ഒന്‍പതിടങ്ങളിൽ പ്രസംഗിച്ചു. മൂന്നു റാലിയും ഒരു റോഡ് ഷോയുമാണു പ്രിയങ്ക നടത്തിയത്.
മാപ്പർഹിക്കാത്ത തെറ്റുകൾ
വയനാടിനുവേണ്ടി നടത്തിയ ശ്രമംപോലും ഏറ്റവും സന്പന്നമായ വലിയ സംസ്ഥാനം പിടിക്കാൻ ഉണ്ടായില്ല. ജയിക്കാമായിരുന്ന പഞ്ചാബിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തോറ്റതിനു പിന്നാലെയാണ് ഹരിയാന, മഹാരാഷ്ട്ര തോൽവികൾ. രാഹുൽ ഗാന്ധി നടത്തിയ ഐതിഹാസികമായ രണ്ടു ഭാരത് ജോഡോ യാത്രകളെ വോട്ടാക്കി മാറ്റുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.
മുകൾ മുതൽ താഴെത്തട്ടു വരെ പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താതെ ഇനി രക്ഷയില്ല. സാമൂഹ്യ, സമുദായ സമവാക്യങ്ങളും പ്രാദേശിക വിഷയങ്ങളും അടക്കം വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ട തന്ത്രങ്ങളും മുന്നൊരുക്കവും ഉണ്ടാകണം. മാപ്പർഹിക്കാനാവാത്ത തെറ്റുകളിൽനിന്നു പഠിക്കാൻ കോണ്‍ഗ്രസ് നേതൃത്വം ഇനിയും വിസമ്മതിക്കരുത്. ശക്തമായ പ്രതിപക്ഷമില്ലെങ്കിൽ ജനാധിപത്യം തകരും.