ഒളിച്ചുവയ്ക്കുന്ന വസ്തുതകളും തെളിവുകളും
കാടില്ലാത്ത ഏലമലകൾ 02 / ജയിംസ് വടക്കൻ
Friday, November 29, 2024 11:59 PM IST
ഇടുക്കിയിലെ പ്രത്യേകിച്ച് ഏലമല റിസര്‍വിലെ ലക്ഷക്കണക്കിന് ജനങ്ങളെ കുടിയിറക്കാനുള്ള സംഘടിതനീക്കം 2002 മുതല്‍ വനംവകുപ്പും തീവ്രപരിസ്ഥിതി സംഘടനകളും പരിസ്ഥിതി സംഘടനകളുമായി ബന്ധമുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിവരുന്നു.
ഏലമല റിസര്‍വിനെ സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടങ്ങളും വിവാദങ്ങളും ആരംഭിക്കുന്നത് 2003ല്‍ പരിസ്ഥിതിയെ സംബന്ധിച്ച 202/1995 പൊതുതാത്പര്യ ഹര്‍ജിയില്‍ കേരളത്തിലെ ഒരു പരിസ്ഥിതി സംഘടന കക്ഷി ചേര്‍ന്നതോടെയാണ്. ഏലമലകളില്‍ വ്യാപകമായി വനം വെട്ടി കൃഷിഭൂമിയാക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം. ഏലമല റിസര്‍വ് 15,720 ഏക്കറല്ല 2,15,720 ഏക്കറാണെന്നും അവർ വാദിക്കുന്നു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് സുപ്രീംകോടതി ഏലമലകളിലെ വനനശീകരണം പഠിക്കാന്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയെ നിയമിച്ചു.
2005 സെപ്റ്റംബര്‍ ഏഴിന് ഈ കമ്മിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ ആദ്യ ഖണ്ഡികയില്‍തന്നെ കേരള സര്‍ക്കാര്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുമായി യാതൊരു വിധത്തിലും സഹകരിച്ചില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതായത്, വനംവകുപ്പ് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് യാതൊരു രേഖകളും നല്‍കിയില്ല. പക്ഷേ, കമ്മിറ്റി ഏലമലകളെപ്പറ്റി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്കി. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംസ്ഥാന സര്‍ക്കാര്‍ രേഖകളെ അടിസ്ഥാനമാക്കിയല്ല എന്നു വ്യക്തം. ഏലമല റിസര്‍വിലെ വനം കൈയേറ്റത്തെപ്പറ്റി പഠിക്കാന്‍ വന്ന കമ്മിറ്റി ഏലമലയ്ക്ക് പുറത്തുള്ള മൂന്നാറിലെ കൈയേറ്റങ്ങളാണു കണ്ടതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
ആദ്യ വനം റിസര്‍വ് നോട്ടിഫിക്കേഷന്‍ 1897ൽ
ഏലമല പ്രദേശങ്ങൾ എന്നത് റിസര്‍വ് വനമല്ല എന്നു വ്യക്തമാക്കുന്നതാണ് 1896 ഏപ്രിൽ 17ലെ ഏലം കുത്തക സംഭരണം നിര്‍ത്തലാക്കല്‍ ഉത്തരവ്. ഈ ഉത്തരവില്‍ ഏലമല റിസര്‍വ് ആണെന്ന് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അത് വനം റിസര്‍വ് അല്ല ഒരു ഭൂപ്രദേശം മുഴുവന്‍ ഏലം കൃഷിക്കായി റിസര്‍വ് ചെയ്തതാണ് എന്നതാണ് യാഥാർഥ്യം.
ഏലമലയിലെ ആദ്യ വനം റിസര്‍വ് നോട്ടിഫിക്കേഷന്‍ 1897 ഓഗസ്റ്റ് 11നാണ് പുറപ്പെടുവിച്ചതെന്നിരിക്കെ 1896 ഏപ്രിൽ 17ലെ ഉത്തരവില്‍ ഏലം റിസര്‍വ് എന്ന് പറഞ്ഞിരിക്കുന്നതുതന്നെ ഏലമല വനമല്ലെന് വ്യക്തമാക്കുന്നു. എന്നു മാത്രമല്ല, ഏലമല കഡസ്ട്രല്‍ സര്‍വേയില്‍പ്പെട്ട സര്‍ക്കാര്‍ വക പണ്ടാര ഭൂമിയില്‍ 1822 മുതല്‍ സിഎച്ച്ആര്‍ വന റിസര്‍വ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച 1897 ഓഗസ്റ്റ് 24 വരെ വെയിസ്റ്റ് ലാന്‍ഡ് റൂള്‍സ്, കാര്‍ഡമം റൂള്‍സ്, സ്പെഷല്‍ ഗ്രാന്റ് ചട്ടങ്ങളിലൂടെ ഏലമലയിലെ ഏതാണ്ട് മുഴുവന്‍ ഭൂമിയും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയിരുന്നു.
1898 ജൂൺ നാലിലെ തിരുവിതാംകൂര്‍ ഗസറ്റ് പ്രകാരം കാര്‍ഡമം ഹില്‍സിലെ കാര്‍ഡമം റിസര്‍വിലും റിസര്‍വിനു പുറത്തും കൃഷിചെയ്യാന്‍ അനുവദിക്കുന്നു എന്നു പറയുന്നതിലൂടെ തന്നെ കാര്‍ഡമം ഹില്‍ റിസര്‍വ് എന്ന പദപ്രയോഗം കാര്‍ഡമം ഹില്‍സ് ഒരു റിസര്‍വ് വനം അല്ലെന്നും ഏലം കൃഷി ചെയ്യാനായി റിസര്‍വ് ചെയ്ത ഭൂമിയാണെന്നും വ്യക്തമാക്കുന്നു. ഏലമലയിലെ പുല്‍മേടുകളും ചതുപ്പുകളും ധാന്യകൃഷിക്കായി 1898ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പതിച്ചുനല്കിക്കൊണ്ടിരുന്നു. ഏലം കൃഷി ചെയ്യാനുള്ള തിരുവിതാംകൂർ സര്‍ക്കാരിന്റെ ആഹ്വാനം സ്വീകരിച്ച് ഏലമലയിലെത്തിയ അതിസാഹസികരായ കര്‍ഷകരോട് ഏലം കൃഷി ചെയ്യുന്ന ഭൂമിക്കു മാത്രമാണ് നികുതി ചുമത്തിയിരുന്നത്. ഏലം കൃഷിക്കായി സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമിയില്‍ ഏലം കൃഷി സാധ്യമല്ലാത്ത ഭൂമിയില്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല.
കർഷകർക്കു പതിച്ചുനൽകൽ
1897ലെ 15,720 ഏക്കര്‍ ഭൂമി ഏലമലയില്‍ വനമാക്കി മാറ്റിയതിനുശേഷവും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏലമലയില്‍ ഭൂമി കര്‍ഷകര്‍ക്ക് നല്കിക്കൊണ്ടിരുന്നു. 1930കളിലുണ്ടായ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ ഭാഗമായുണ്ടായ ഭക്ഷ്യക്ഷാമത്തില്‍ കേരളത്തിലും ആയിരങ്ങള്‍ പട്ടിണിമൂലം മരണമടഞ്ഞു. ഭക്ഷ്യക്ഷാമം നേരിടാനായി സാധ്യമായിടത്തൊക്കെ, താത്പര്യമുള്ളവര്ക്കൊക്കെ വനഭൂമി അടക്കം ഭക്ഷ്യകൃഷിക്കായി സര്‍ക്കാര്‍ നല്കി.
കല്‍ത്തൊട്ടി, ചക്കുപള്ളം, അണക്കര പ്രദേശങ്ങളില്‍ വനഭൂമിതന്നെ നെല്‍കൃഷിക്കായി പതിച്ചുനല്‍കി. കുമളി, ദേവികുളം റോഡിനോടു ചേര്‍ന്ന് ചെല്ലാര്‍കോവില്‍ നടപ്പാത വരെയുള്ള 2000ല്‍പരം നഞ്ച, പുഞ്ച നിലങ്ങള്‍ വനത്തില്നിന്നൊഴിവാക്കി പതിച്ചുകൊടുത്തു. വനപ്രദേശത്ത് ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ 1940ല്‍ കുത്തകപ്പാട്ട വിളംബരമുണ്ടായതിനെത്തുടര്ന്ന് വളരെയേറെ ഭൂമി പണ്ടാരപ്പാട്ടമായി നല്കി. ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകളിലായി പുല്‍മേടുകളും ചതുപ്പുകളുമായിരുന്ന 24,000 ഏക്കര്‍ ഭൂമി കാര്‍ഷികാവശ്യത്തിനായി കുത്തകപ്പാട്ടമായി നല്കി. നെല്ല്, മരച്ചീനി തുടങ്ങിയവയൊക്കെയായിരുന്നു കൃഷി.
സമതലങ്ങളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെത്തുടര്ന്ന് ദേവികുളം, പീരുമേട് താലൂക്കുകളില്‍ കൃഷിക്കനുയോജ്യമായ ഭൂമി കുത്തകപ്പാട്ടമായി നല്‍കുന്നതിന് സർക്കാർ അനുമതി നല്കി. ഗ്രോ മോര് ഫുഡ് സ്കീം, ഹൈറേഞ്ച് റിക്ലമേഷന്‍ പദ്ധതികളൊക്കെ ഇങ്ങനെ ഏലമലയില്‍ (സിഎച്ച്ആര്‍) ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കിയിരുന്നു.
ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിയത്
ഏലമല അടക്കം ഹൈറേഞ്ചില്‍ 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് ഭൂമി പതിച്ചു നല്കാന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനം 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ നിയമത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി പരിസ്ഥതി സംഘടന കേരള ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ഇടുക്കിയിലെ കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ജോണ്സണ് മനയാനിയുടെ വാദങ്ങള്‍ അംഗീകരിച്ച് 1999 ഒക്ടോബർ ഏഴിന് കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് വി.എ. മുഹമ്മദ്, ജി. ശിവരാജന്, എം.ആര്. ഹരിഹരന് നായര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇടുക്കിയിലെ 25,363.159 ഹെക്ടര്‍ അടക്കം 28,588.159 ഹെക്ടര്‍ വനഭൂമി 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് പതിച്ചു നല്കാന് ഉത്തരവിട്ടിരുന്നു.
ഈ ഹൈക്കോടതി വിധിക്കെതിരേ നല്കിയ അപ്പീലില്‍ 2009 മാര്‍ച്ച് 20ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍ 28,588.159 ഹെക്ടര്‍ വനഭൂമി 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് നല്കാന് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചു. ഈ 28,588.159 ഹെക്ടര്‍ ഭൂമിയില്‍ സിഎച്ച്ആര്‍ ഭൂമി അടക്കമുള്ള ഇടുക്കി ജില്ലയില്‍ 25,363.159 ഹെക്ടര്‍ വന ഭൂമിയാണ് കര്‍ഷകര്‍ക്ക് പതിച്ച് നല്കാന് സുപ്രീംകോടതി ഉത്തരവിട്ടത്. സുപ്രീംകോടതി വിധിയുടെ 13-ാം ഖണ്ഡികയില്‍ ആകെ പതിച്ചു നല്കാന് വിധിച്ച 28,588.159 ഹെക്ടറില്‍ കാര്‍ഡമം ഹില്‍ റിസര്‍വില്‍ മൂന്നാര്‍ ഡിവിഷനില്‍പ്പെട്ട 6,940.65 ഹെക്ടര്‍ വനഭൂമിയും കോട്ടയം ഡിവിഷനില്‍പ്പെട്ട 13,443.94 ഹെക്ടറും അടക്കം ഏലമല റിസര്വില്തന്നെ പെട്ട 20,384.59 ഹെക്ടര്‍ ‘വന’ ഭൂമിയും ഉൾപ്പെട്ടിട്ടുണ്ട്. ഇതൊന്നും നമ്മുടെ ‘കര്‍ഷകപക്ഷ’ സര്‍ക്കാരുകള്‍ക്കോ കര്‍ഷകരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരിനെ ഏലമല വിഷയത്തില്‍ ഉപദേശിക്കുന്ന ജനപ്രതിനിധികള്‍ക്കോ നിയമവിദഗ്ധര്‍ക്കോ അറിയില്ലേ? എന്തേ അവരിതൊന്നും അറിയിക്കേണ്ടവരെ അറിയിക്കാതെ ഒളിച്ചുവച്ചിരിക്കുന്നു?
(തുടരും)