കാടില്ലാത്ത ഏലമലകള്‍
ജയിംസ് വടക്കൻ
Friday, November 29, 2024 1:05 AM IST
ഇടുക്കിയില്‍ ആയിരക്കണക്കിനു കർഷകരെ കുടിയിറക്കാനുള്ള കുതന്ത്രമായി സിഎച്ച്ആർ ഭൂവിഷയത്തെ പരിണമിപ്പിച്ചവരെ ഇനിയും കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഡിസംബർ നാലിന് സുപ്രീംകോടതി പരിഗണിക്കുന്ന കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) എന്ന ഏലമല പ്രദേശങ്ങൾ സംബന്ധിച്ച ഭൂവിഷയത്തിന്റെ യാഥാർഥ്യം ഇച്ഛാശക്തിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാകും.
കപട പരിസ്ഥിതിവാദികളുടെയും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരായ വനം ഉദ്യോഗസ്ഥരുടെയും ജനദ്രോഹ നീക്കങ്ങൾക്ക് തടയിടാൻ ഭരണാധികാരികൾ കടമ നിർവഹിച്ചാൽ മാത്രം മതി. രണ്ടു പതിറ്റാണ്ടിലേറെയായി ഇടുക്കിയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ തലയ്ക്കു മുകളിൽ വാൾകണക്കെ നിലകൊള്ളുകയാണ് സിഎച്ച്ആർ കേസുകൾ.
കേരളത്തിലെ ഏറ്റവും വലിയ സംഘടിത കുടിയിറക്കിനാണ് സിഎച്ച്ആര്‍ വിഷയത്തില്‍ സ്ഥാപിത താത്പര്യക്കാര്‍ ഗൂഢാലോചന നടത്തുന്നത്. ഭരണക്കാര്‍ പ്രതിപക്ഷത്തെയും, പ്രതിപക്ഷം ഭരണക്കാരെയും രണ്ടുകൂട്ടരും ഒന്നിച്ച് കേന്ദ്രസര്‍ക്കാരിനെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യഥാർഥത്തിൽ സിഎച്ച്ആർ വിവാദം തുടങ്ങുന്നതുതന്നെ ഒരു കള്ളരേഖയിലൂടെയാണ്. അതും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഒരു രേഖയിലാണ് ആരോ കൃത്രിമം കാണിച്ചത്.
1897 ഓഗസ്റ്റ് 11ന് തിരുവിതാംകൂർ സര്‍ക്കാര്‍ ഗസറ്റിലെ നോട്ടിഫിക്കേഷന്‍ വഴി 15,720 ഏക്കര്‍ ‘ഒഴിച്ചിടപ്പെട്ട വനമാക്കി’ ഉത്തരവിറക്കിയിരുന്നു. ഈ 15,720 ഏക്കര്‍ എന്നത് സുപ്രീംകോടതിയിലെത്തിയപ്പോള്‍ 2,15,720 ഏക്കര്‍ വനഭൂമി എന്നാക്കി. ഏലമലയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി കൈയേറിയെന്നും അതില്‍നിന്നു കൈയേറ്റക്കാരെ പൂര്‍ണമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരു പരിസ്ഥിതി സംഘടന സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തതില്‍നിന്നാണ് നിയമപോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. അടിസ്ഥാന ചോദ്യം സിഎച്ച്ആര്‍ റിസര്‍വ് വനമാണോ? ആണെങ്കില്‍ എവിടെ? എത്ര ചതുരശ്ര കിലോമീറ്റര്‍? അതില്‍ ആര്‍ക്കൊക്കെ ഭൂമിയുടെ ഉടമസ്ഥാവകാശമുണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടത് 1822ലെ രാജവിളംബരത്തിൽനിന്നാണ്.
രാജവിളംബരം: 1822 ഏപ്രിൽ 29
1822 ഏപ്രിൽ 29 (കൊല്ലവര്‍ഷം 997 മേടം 15)നാണ് ഏലമലകളെ സംബന്ധിക്കുന്ന ആദ്യ രാജവിളംബരം. ഇതുതന്നെയാണ് ഏലമലയെ സംബന്ധിച്ച ആദ്യരേഖയും. ഇതില്‍ എവിടെയാണ്, എന്താണ് ഏലമല എന്ന് കൃത്യമായ അതിര്‍ത്തികളിലൂടെ വിശദീകരിക്കുന്നു. തിരുവിതാംകൂർ രാജ്യത്തിലെ മണ്ഡപത്തുംവാതുക്കലിലെ തൊടുപുഴയ്ക്കും പെരിയാര്‍ നദിക്കും പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കൂടല്ലൂര്‍, കമ്പം, ബോഡിനായ്ക്കന്നൂര്‍ മലകളുടെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഏലമലകൾ.
ഏലമലയില്‍ ഏലംകൃഷിക്കായിരുന്നു 1822ല്‍ വിളംബരം പുറപ്പെടുവിച്ചത്. അതില്‍ ഇങ്ങനെ പറയുന്നു: “മലയടിയാര്‍, കൃഷിക്കാര്‍, കുടികിടപ്പുകാര്‍, കച്ചവടക്കാര്‍ എന്നിവരടക്കം ഏലമലകളിലെ മുഴുവന്‍ ആളുകളെയും തഹസില്‍ദാരിന് കീഴിലാക്കുന്നു. ഏലം കൃഷി വ്യാപിപ്പിക്കുന്നതിനായി മേല്‍ ഭൂവിസ്തൃതിയിലെ ആളുകള്‍ക്കാവശ്യമായ മുഴുവന്‍ സഹായവും സര്‍ക്കാര്‍ നേരിട്ട് ചെയ്തുകൊടുക്കേണ്ടതാണ്.
സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി മേല്പ്രദേശത്തെ (ഏലമല) സാധ്യമായിടത്തൊക്കെ ഏലം കൃഷി വ്യാപിപ്പിക്കേണ്ടതാണ്. അതിന് തയാറായി മുന്നോട്ടു വരുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കണം. മേല്‍ ഭൂവിസ്തൃതിയിലേക്ക് റോഡുകള്‍ അടക്കം ആവശ്യമായ സകല സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കി കൊടുക്കുന്നതാണ്. അങ്ങനെ കൃഷിക്കാര്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഏലത്തിന് അന്നത്തെ വിപണിവില സര്‍ക്കാര്‍ രൊക്കമായി നല്‍കുന്നതാണ്.
ഇങ്ങനെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഏലം കൃഷിക്കായി എത്തുന്ന മുഴുവന്‍ കര്‍ഷകരും അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി പുറത്തേക്കു യാത്ര ചെയ്ത് സമയം കളയുന്നതൊഴിവാക്കാന്‍ അവര്‍ക്കാവശ്യമായ അരി, തുണി, ഉപ്പ്, മഞ്ഞള്‍, പുളി, കറുപ്പ്, കഞ്ചാവ് തുടങ്ങിയവയൊക്കെ യാതൊരു തടസവുമില്ലാതെ സര്‍ക്കാര്‍ ഏലമലയിലെ കച്ചവടക്കാരിലൂടെ കര്ഷകര്ക്കെത്തിച്ചു നല്‍കും. ഏലം കൃഷി വികസനത്തിനായി പുതിയൊരു തഹസില്‍ദാരെ നിയമിക്കുന്നു. ഏലം കൃഷി പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തൊടുപുഴ തഹസില്‍ദാരെ ചുമതലപ്പെടുത്തുന്നു.”
രാജവിളംബരം വായിച്ചാല്‍ കാര്യങ്ങള്‍ വളരെ വ്യക്തം. 1822ല്‍ ഏലമലയായി രാജാവ് കണ്ടെത്തിയ പശ്ചിമഘട്ടത്തിലെ അതിവിസ്തൃതമായ മേഖലയില്‍ രാജാവിന്റെ നിര്‍ദേശപ്രകാരം കാടു വെട്ടിത്തെളിച്ച് ഏലത്തോട്ടമാക്കുന്നവര്ക്ക് അതെത്ര അളവിലുള്ള ഭൂമിയാണെങ്കിലും സ്വന്തം കൃഷിഭൂമിയായി രാജാവ് നല്‍കും.
എത്ര കൊടിയ വനവും കൃഷിഭൂമിയോ ജനവാസകേന്ദ്രമോ ആക്കുന്നതിനുള്ള സമ്പൂര്‍ണ അധികാരം രാജാവിനുണ്ടായിരുന്നു. ഈ അധികാരം 1980 ഒക്ടോബര്‍ 25ന് ഫോറസ്റ്റ് (കണ്‍സര്‍വേഷന്‍) നിയമം പ്രാബല്യത്തിലാകുന്നതുവരെ സംസ്ഥാനം ഭരിക്കുന്ന ജനാധിപത്യ സര്‍ക്കാരുകള്‍ക്കും ഉണ്ടായിരുന്നു. 1980 വരെ അങ്ങനെ നല്കിയ വനഭൂമിയൊന്നും ഇന്ന് തിരികെ വാങ്ങി വനമാക്കാനാവില്ല.
1893ലെ സമഗ്രമായ വനനിയമം
1893ല്‍ സമഗ്രമായ വനനിയമം തിരുവിതാംകൂറില്‍ നിലവില്‍ വന്നു. ട്രാവന്‍കൂര്‍ ഫോറസ്റ്റ് റെഗുലേഷന് 1068 എന്ന സമഗ്ര വനനിയമം 1893 ജനുവരി 19നാണ് നടപ്പിലാക്കിയത്. ഈ നിയമപ്രകാരം ഏലം ഭൂമിക്ക് ഭൂനികുതി ഏര്‍പ്പെടുത്തി. പൂപ്പാറ, ഉടുമ്പന്‍ചോല, എളയക്കാട്, വണ്ടന്മേട് സബ് ഡിവിഷനുകളില്‍ മാത്രം 9,635 ഏക്കര്‍ ഏലം കൃഷിയായി രേഖപ്പെടുത്തിയിരുന്നു.
ഒന്നില്‍ കൂടുതല്‍ ഡിവിഷനുകളില്‍ ഏലഭൂമി സ്വന്തമാക്കാനും കൃഷി ചെയ്യാനും കര്‍ഷകരെ അനുവദിച്ചിരുന്നു. കൃഷിഭൂമിയില്‍ ഏലത്തിന്റെ വളര്‍ച്ച തടയാത്ത രീതിയില്‍ കുരുമുളക് വച്ചുപിടിപ്പിക്കാനും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അന്നും ഏലമലയിലെ കൃഷി ഭൂമിക്കിടയില്‍ കിടന്നിരുന്ന വനമേഖലകള്‍ വനം റെഗുലേഷന് പ്രകാരമാണ് നിയന്ത്രിക്കപ്പെട്ടിരുന്നത്. ഏലമലയില്‍ വനമായി നിലനില്‍ക്കുന്ന ഭാഗം റിസര്‍വ് വനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1897 ഓഗസ്റ്റ് 11ലെ തിരുവിതാംകൂർ സര്‍ക്കാര്‍ ഗസറ്റിലെ നോട്ടിഫിക്കേഷന്‍ വഴി 1068 (ME) റെഗുലേഷന് II ലെ 18-ാം വകുപ്പ് പ്രകാരം താഴെപ്പറയുന്ന പട്ടികയില്‍ വിവരിച്ചിരിക്കുന്ന സ്ഥലത്തെ ഒരു ‘ഒഴിച്ചിടപ്പെട്ട വന’മാക്കിയാണ് വനവിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന്റെ അതിര്‍ത്തി - വടക്ക് ബൊഡിമെട്ടില്നിന്നു തൊണ്ടിമലക്കുള്ള പാതവഴി ചെന്ന് അവിടെനിന്ന് കമ്മിക്കല്, കുപ്പുക്കാട്, വെള്ളക്കല്മല, ചൊക്കനാടുമല ഇവയ്ക്ക് ചൊവ്വേ ചെല്ലുന്ന രേഖ, പടിഞ്ഞാറ് - ചൊക്കനാടുമല മുതിരപ്പുഴയും പെരിയാറും ചേരുന്ന സ്ഥലം വരെയും അവിടെനിന്ന് പൊന്നുടി വരെയുള്ള പെരിയാറും, കിഴക്ക് - ചെല്ലക്കൊയില് മെട്ടില്നിന്ന് ബൊഡിമെട്ടു വരെയുള്ള ബ്രിട്ടീഷ് അതിര്‍ത്തി, തെക്ക് - വണ്ടന്മെട്ട റേഞ്ചില്‍ ഉള്ള എല്ലാ ഏലത്തോട്ടവും ഉള്പ്പെടത്തക്കവണ്ണം പൊന്നുടി മലയില്‍നിന്നു കൊട്ടമല വരെയുള്ള സ്ഥലവും അവിടെ നിന്ന് ബ്രിട്ടീഷ് അതിര്‍ത്തിയില്‍ ചെല്ലക്കൊയില് മേടുവരെയും. ‘ഒഴിച്ചിടപ്പെട്ട വന’മാക്കിയിരിക്കുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണം ഏകദേശം 15,720 ഏക്കര്‍.
ഈ വിളംബരത്തിന്റെ റിമാര്‍ക്ക് കോളത്തിൽ ഇങ്ങനെ പറയുന്നു: “ഇതില്‍ വിവരിച്ചിരിക്കുന്ന അതിര്‍ത്തിക്കകത്തുള്ള കാടായ പുല്‍ത്തറയും ചോലയും ഉള്‍പ്പെട്ടിരിക്കുന്നു.” അതായത് ഈ വിളംബരത്തിലെ ‘അതിര്‍ത്തിക്കകത്തുള്ള’എന്ന വാക്കുതന്നെ അതിവിശാലമായ ഏലമലയില്‍ ഏലം കൃഷിക്കും മറ്റ് കൃഷിക്കും ജനവാസത്തിനും പതിച്ചുനല്‍കിയ ഭൂമി ഒഴികെ ബാക്കി കിടക്കുന്ന 15,720 ഏക്കറാണ് വനമാക്കുന്നതെന്ന് വ്യക്തം.
(തുടരും)