കോൺഗ്രസിലെ നേതൃദാരിദ്ര്യം
കെ. ഗോപാലകൃഷ്ണൻ
Friday, November 29, 2024 1:01 AM IST
മഹാരാഷ്ട്രയിൽനിന്നുള്ള സന്ദേശം - 2
ഈ വർഷം തുടക്കത്തിൽ കോൺഗ്രസിന്റെ പ്രചാരണം ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യത്തെ സഹായിക്കുക എന്നതിൽ ശ്രദ്ധയൂന്നിയായിരുന്നു. 2019ലെ ദേശീയ തെരഞ്ഞെടുപ്പിലാണ് ആ മുദ്രാവക്യം ഉയർത്തിക്കൊണ്ടുവന്നത്. ബിജെപി ഭരണത്തിനു കീഴിൽ മതേതരത്വവും ജനാധിപത്യവും ഭീഷണിയിലാണെന്നുള്ള പ്രചാരണത്തിലായിരുന്ന ശ്രദ്ധ. ദേശീയ തലത്തിലുള്ള അധികാര കേന്ദ്രീകരണം, ഏകാധിപത്യം എന്നിവയും വിഷയമാക്കി. ദേശീയ വിഷയമായ ഇക്കാര്യങ്ങളിൽ ശ്രദ്ധയൂന്നിയതോടെ മഹാരാഷ്ട്രയിലെ പ്രത്യേക വിഷയങ്ങളായ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അടിസ്ഥാന വികസനം, നഗര പാർപ്പിട പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുന്‍ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര ഗാന്ധി എന്നിവർ ഗ്രാമീണ, നഗര പ്രദേശങ്ങളിൽ കൂറ്റൻ റാലികളെ അഭിസംബോധന ചെയ്തിരുന്നു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, വിദർഭ, മറാഠവാഡ എന്നിവിടങ്ങളിലെ കർഷക ആത്മഹത്യ, വിലക്കയറ്റം എന്നിവ വിഷയമാക്കിയിരുന്നുവെന്നതാണു സത്യം. എന്നാൽ, സംസ്ഥാന തലത്തിൽ പ്രഭാവമുള്ള നേതാക്കളുടെ അഭാവം അവരുടെ ശ്രമങ്ങളെ ഫലവത്താക്കിയില്ല. പ്രാദേശിക നേതാക്കളായ ബാലാ സാഹെബ് തോറാട്ട്, നാനാ പഠോളെ എന്നിവർ പ്രതിയോഗികളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിന്‍ഡെ എന്നിവരുടെ വ്യക്തിപ്രഭാവത്തിനും പ്രസംഗപാടവത്തിനും മുന്നിൽ എങ്ങുമെത്തിയില്ല.
പിന്നീട്, കോൺഗ്രസ് പ്രചാരണം നഗര വോട്ടർമാരിലും ചെറുപ്പക്കാരായ പ്രഫഷണലുകളിലും ശ്രദ്ധയൂന്നി. ബിജെപി-ശിവസേന സർക്കാരിന്റെ അഴിമതി, മുംബൈയിലെ പരിസ്ഥിതി, അടിസ്ഥാനസൗകര്യ വികസനം എന്നിവയെക്കുറിച്ച് അംഗങ്ങൾക്കിടയിൽ ട്വിറ്റർ, ചെറുവീഡിയോ പ്രചാരണം നടത്തിയെങ്കിലും ബിജെപി ഐടി സെല്ലിന്റെ മികവാർന്ന പ്രവർത്തനത്തിനു മുന്നിൽ വിലപ്പോയില്ല.
തുടർന്ന്, പ്രചാരണം ഗ്രാമീണവിഷയങ്ങളിലൂന്നി. കർഷകവായ്പ എഴുതിത്തള്ളൽ, ജലസേചന പദ്ധതി, താങ്ങുവില എന്നിവയായിരുന്നു അവയിൽ പ്രധാനം. നഗരകേന്ദ്രീകൃത തന്ത്രങ്ങൾ, ഭവനപദ്ധതി, മുംബൈയിലെ ഗതാഗത പരിഷ്കരണം, മുന്തിയ നഗര ഗതാഗതം എന്നിവയിലൂന്നിയായിരുന്നു. എന്നാൽ, അവയൊക്കെ വ്യക്തതയില്ലാത്തതായി. വോട്ടർമാരെ കോൺഗ്രസിനുവേണ്ടി ബൂത്തിലെത്തിക്കുന്നതിലും അവ പരാജയപ്പെട്ടുവെന്നു ദുഃഖത്തോടെ പറയേണ്ടിയിരിക്കുന്നു. കൂട്ടുകക്ഷി സർക്കാർ നടത്തിക്കൊണ്ടുപോകുന്നതിലെ കോൺഗ്രസിന്റെ പ്രാപ്തിയിലും ജനങ്ങൾ സംശയിച്ചു. എന്തൊക്കെയായാലും പരിചയസന്പത്താണ് പ്രചാരണ പ്രഫഷണലുകളെക്കാളും വിദഗ്ധരുടെ അറിവുകളെക്കാളും പ്രധാന്യമർഹിക്കുന്നത്.
ഹൈക്കമാൻഡിന്റെ വൈദഗ്ധ്യമില്ലായ്മ
എല്ലാറ്റിനുമുപരി ജനങ്ങളുടെ ഹൃദയം കവരാൻ പോന്ന, പാർട്ടിക്കുവേണ്ടി വോട്ടു നേടാന്‍ കഴിവുള്ള വിശ്വസ്തനായ, ഊർജസ്വലനായ നേതാവ് കോൺഗ്രസിനുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, തെരഞ്ഞെടുപ്പു സംവിധാനം നയിക്കാന്‍ പ്രാപ്തനായ നേതാവുണ്ടായിരുന്നില്ല. ബൂത്തുതലം മുതൽ എല്ലാ തലങ്ങളിലും തെരഞ്ഞെടുപ്പിനു മേൽനോട്ടം വഹിക്കാനും ആളുണ്ടായില്ല. എല്ലാറ്റിനുമുപരി മികവാർന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭാവവും പ്രതിഫലിച്ചു. ഹൈക്കമാൻഡിന്റെ വൈദഗ്ധ്യമില്ലായ്മയും പ്രശ്നമായി.
പിസിസിയും കീഴ്കമ്മിറ്റികളും ശരിയായി പ്രവർത്തിക്കാത്തതിനാൽ മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഫലവത്തായില്ല. കമ്മിറ്റികളെ നാമനിർദേശം ചെയ്യുന്നതിനാൽ മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. ദളിതരും ഒബിസി വിഭാഗവും ബിജെപിയിലേക്കു ചുവടുമാറി. ക്ഷേമപ്രവർത്തനങ്ങളും ജാതിയിലധിഷ്ഠിതമായ പൊതുസന്പർക്ക പരിപാടികളുമാണ് കാരണം.
അതിലുപരി പ്രതിയോഗികളായ ബിജെപി, ദേവേന്ദ്ര ഫഡ്നാവിസിനെ കഴിവുറ്റ നേതാവായും ശവസേനയുടെ ഏക്നാഥ് ഷിൻഡെയെ ജനപ്രിയ നേതാവായും ഉയർത്തിക്കാട്ടി. കോൺഗ്രസിന് അങ്ങനെയൊരു നേതാവുണ്ടായിരുന്നില്ല. അത് വോട്ടർമാരുടെ മനസിൽ നേതൃത്വപരമായ ശൂന്യതയുണ്ടാക്കി. തെരഞ്ഞെടുപ്പുവേളയിൽ രാഷ്ട്രീയ പ്രതിയോഗികൾ പ്രതീക്ഷയ്ക്കൊത്തു ശക്തമായി പ്രതികരിക്കാൻ ശേഷിയുള്ളവരായെന്നു ചുരുക്കം.
എല്ലാ അധികാരങ്ങളും ഒരാളിലേക്ക്
തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ കലുഷിതമായിരുന്നു. ബിജെപിയുടെ മതേതര വിരുദ്ധ നിലപാടും ഹിന്ദുത്വ അജൻഡയോടുള്ള പ്രതിബദ്ധതയും അതിലേറെ പ്രശ്നമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് ഹെ സേഫ് ഹെ’, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ബഡേംഗേ ടു ഹഡേംഗെ’, ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ ‘ഒരു രാജ്യം ഒരു പാർട്ടി’ മുദ്രാവാക്യങ്ങളും അസ്വസ്ഥതയുണ്ടാക്കി. ഇപ്പോൾ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി മോദി തീരുമാനിക്കുമെന്നാണ് ഏക്നാഥ് ഷിൻഡെ പറഞ്ഞത്. അതായത്, എല്ലാ അധികാരങ്ങളും ഒരാളിലേക്കു കേന്ദ്രീകരിക്കുന്നു. സഖ്യകക്ഷികൾക്കും പൂർണമായി വഴങ്ങേണ്ടിവരുന്നു. സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നിവ ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടന, ആർട്ടിക്കിൾ 19 (1)(ജി) പ്രകാരം എല്ലാ പൗരന്മാർക്കും തുല്യ മൗലികാവകാശം വഗ്ദാനം ചെയ്യുന്നു എന്നത് മറക്കാതിരിക്കാം.
ശിവജി, വൈ.ബി. ചവാൻ, ശരദ് പവാർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളെ കണ്ട മഹാരാഷ്ട്ര അത്തരം ലക്ഷ്യങ്ങളും പ്രതിബദ്ധതയുമുള്ള പാർട്ടികൾക്കുവേണ്ടി എന്നും വോട്ടു ചെയ്തിട്ടുണ്ട്. സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന മറ്റു സംസ്ഥാനങ്ങൾക്ക് ഇതു വഴികാട്ടിയാകുമോ? മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പുതിയ സാന്പത്തികലൈനിനും തുടക്കമായി; കേന്ദ്രീകൃത സമീപനം.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഒരു സുപ്രധാന വിധി പ്രസ്താവിച്ചതും യാദൃച്ഛികമായി. വിധിയിൽ പറയുന്നു: “മതേതരത്വം എന്ന കാഴ്ചപ്പാട് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന തുല്യതയുടെ ഒരു വശത്തെ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയുടെ സോഷ്യലിസമെന്ന ചട്ടക്കൂട് ജനങ്ങളുടെ സാന്പത്തികവും സാമൂഹ്യവുമായ തുല്യതയെന്ന തത്ത്വത്തെ ഉൾക്കൊള്ളുന്നു. സോഷ്യലിസം എന്ന വാക്ക് സാന്പത്തികവും സാമൂഹ്യവുമായ നീതിയെ ലക്ഷ്യം വയ്ക്കുന്നു. ഒരു പൗരനും സാന്പത്തികവും സാമൂഹ്യവുമായ സാഹചര്യങ്ങളാൽ പിന്നോട്ടു പോകരുത്. സോഷ്യലിസത്തിലൂടെയുള്ള സാന്പത്തികവും സാമൂഹ്യവുമായ ശക്തിപ്പെടുത്തൽ സ്വകാര്യ സംരംഭങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല. വ്യവസായത്തിനും വാണിജ്യത്തിനുമുള്ള അവകാശം 19 (1)(ജി) പ്രകാരം മൗലികാവകാശമാണ്. ഇത് മതേതരത്വം, സോഷ്യലിസം എന്നിവയെ വ്യക്തമായി വിശദീകരിക്കുന്നു.”
മഹാരാഷ്ട്രയിൽനിന്നുള്ള സന്ദേശം വളരെ വ്യക്തമാണ്.
(അവസാനിച്ചു)