മഹാരാഷ്ട്രയിൽനിന്നുള്ള സന്ദേശം
കെ. ഗോപാലകൃഷ്ണൻ
Thursday, November 28, 2024 1:06 AM IST
അടുത്തനാളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏതാനും രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്കു ലഭ്യമായ വിഭവങ്ങളുപയോഗിച്ച് മത്സരിക്കുന്നതാണു കണ്ടത്. രാഷ്ട്രീയ സഹയാത്രികരുടെയും സഹായികളുടെയും സഹായവും അവർ വിനിയോഗിച്ചു.
ദേശീയ, പ്രാദേശിക പാർട്ടികൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും പുരാതനവും ചരിത്രപ്രാധാന്യവുമുള്ളതുമായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യവുമായിരുന്നു പ്രധാനമായും ഗോദയിലുണ്ടായിരുന്നത്.രണ്ടു രാഷ്ട്രീയ ചേരികളും പരസ്പരം പോരാടിയ മഹാരാഷ്ട്രയായിരുന്നു ശ്രദ്ധാകേന്ദ്രം. പ്രതിയോഗികൾ ഏറ്റുമുട്ടിയ ജാർഖണ്ഡും ശ്രദ്ധാകേന്ദ്രമായി.
മുസ്ലിം, മറാഠാസ്, മഹർ
ബിജെപിയെ ആർഎസ്എസും കൂട്ടാളികളും ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നവരും മഹാരാഷ്ട്രയിൽ സഹായിച്ചിരുന്നു. പോലീസ് നിയമനത്തിൽ 10 ശതമാനം സംവരണമെന്ന ആവശ്യം ഹിന്ദുക്കളുടെ പിന്തുണ കൂടാൻ കാരണമായിരുന്നു. വിവിധ വിഭാഗങ്ങളിലുള്ളവർ ഇന്ത്യ സഖ്യത്തെയും പിന്തുണച്ചിരുന്നു. പട്ടികജാതി സംവരണത്തിൽ, സംവരണത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തിയതിന് അനുമതി നല്കിയ സുപ്രീംകോടതി വിധി എസ്സി, ദളിത് വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കിയിരുന്നു. എംഎംഎം (മുസ്ലിം, മറാഠാസ്, മഹർ) ആയിരുന്നു മുദ്രാവാക്യം. ബിജെപിയുടെ പ്രചാരണം നയിച്ച പ്രധാന മറാത്ത നേതാക്കൾ ഏക്നാഥ് ഷിന്‍ഡെയും ശരദ് പവാറിനെ ഉപേക്ഷിച്ചുവന്ന അജിത് പവാറും ആയിരുന്നു.
ഫലപ്രഖ്യാപനം വന്നപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടി. ജയറാം രമേശ് തെരഞ്ഞെടുപ്പു ഫലത്തിനെതിരേ രംഗത്തുവന്നു. “അസന്തുലിതാവസ്ഥ ലക്ഷ്യം വച്ചുകൊണ്ടു നടത്തിയ പോരാട്ടത്തിലൂടെ നേടിയ വിജയം” എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ജയറാമിന്റെ സഹപ്രവർത്തകനായ പവൻ ഖേര, വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തു. “പരീക്ഷാ പേപ്പറുകൾ ചോരുന്ന രാജ്യത്ത് വോട്ടിംഗ് യന്ത്രങ്ങളെ അന്ധമായി വിശ്വസിക്കാനാകുമോ” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മറ്റുള്ളവരും വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെചോദ്യം ചെയ്തു.
ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു: “തെരഞ്ഞടുപ്പുഫലത്തിനു പിന്നിലുള്ള കാരണങ്ങൾ നമുക്കു കണ്ടുപിടിക്കണം. നിരാശപ്പെടേണ്ട കാര്യമില്ല. നഷ്ടധൈര്യർ ആകേണ്ടതുമില്ല. ഇത് വോട്ടിംഗ് യന്ത്രത്തിന്റെ വിജയമാണ്. അതങ്ങനെതന്നെയായിരിക്കാം. മഹാരാഷ്ട്രയിലെ ജനങ്ങൾ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കുന്നില്ലെങ്കിൽ നാം പൂർണഹൃദയത്തോടെ പോരാട്ടം തുടരുകതന്നെ വേണം. ഞങ്ങൾ പോരാട്ടം തുടരുമെന്നു മഹാരാഷ്ട്രയിലെ ജനങ്ങൾക്കു വാഗ്ദാനം നല്കുന്നു.”
ചില നേതാക്കൾ ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ നേരേ വിരൽചൂണ്ടി. ഒരു പാർട്ടിയെ മാത്രം നിലനിർത്താനുള്ള ശ്രമമെന്നായിരുന്നു ആരോപണം. ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്ന നിലയിലേക്കു കാര്യങ്ങൾ നീങ്ങുന്നുവെന്നായിരുന്നു നഡ്ഡയുടെ വാക്കുകൾ. യുബിടി രാജ്യസഭാ എംപി സഞ്ജയ് റാവത്തായിരുന്നു ആദ്യം രംഗത്തു വന്നത്. പ്രവണതയിൽ ചില തെറ്റുകളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മഹാ വികാസ് അഘാഡിയിൽനിന്നു ചില സീറ്റുകൾ തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചു.
എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ അനുശക്തി നഗർ മണ്ഡലത്തിലെ സ്ഥാനാർഥി സഹദ് അഹമ്മദും അദ്ദേഹത്തിന്റെ ഭാര്യ സ്വര ഭാസ്കറും തെരഞ്ഞെടുപ്പു കമ്മീഷന്റെ 99 ശതമാനം ചാർജ് ഗൂഢാലോചനാ സിദ്ധാന്തവുമായി രംഗത്തുവന്നു. അഭിനേത്രിയാണു സ്വര ഭാസ്കർ. തുടക്കത്തിൽ മുന്നിട്ടു നിന്നിരുന്ന സഹദ് പിന്നീട് പരാജയപ്പെടുകയായിരുന്നു. ഹരിയാന തെരഞ്ഞെടുപ്പിനുശേഷം ഒക്ടോബർ 29നു നല്കിയ വിശദീകരണത്തിൽ എല്ലാമുണ്ടെന്നു പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രശ്നം ഒഴിവാക്കി.
ശരദ് പവാറിന്റെ മകളും എൻസിപി എംപിയുമായ സുപ്രിയ സുലെ പ്രതികരിച്ചത് വ്യത്യസ്തമായാണ്. മഹാരാഷ്ട്രയിൽ ആരോപണമുന്നയിക്കുന്നതിനു മുന്‍പ് ജാർഖണ്ഡിലെ ഇന്ത്യ സഖ്യത്തിന്റെ വിജയം പരിശോധിക്കണമെന്നായിരുന്നു അവരുടെ വാക്കുകൾ. മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരം, വോട്ടിംഗ് യന്ത്രത്തിന്റെ പ്രശ്നമുന്നയിക്കുന്നതിൽ ഒരു കാര്യവുമില്ലെന്നു പ്രതികരിച്ചു. പ്രശ്നം കത്തിനില്ക്കാനോ തണുത്തുപോകാനോ സാധ്യതയുണ്ട്. കോൺഗ്രസിന്റെ ഭാവി നടപടികളെ ആശ്രയിച്ചാകും കാര്യങ്ങളെന്ന് അദ്ദേഹം പഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ, സംഘടനാ ഘടന, തെരഞ്ഞെടുപ്പു സംവിധാനം, പ്രചാരണ വസ്തുക്കൾ, സ്ഥാനാർഥിനിർണയം, പാർട്ടികളുടെ ക്ഷേമകാര്യ പ്രഖ്യാപനങ്ങൾ, സംസ്ഥാന തലത്തിൽ ഉയർത്തേണ്ട വിഷയങ്ങൾ, മണ്ഡലങ്ങളിലെ പ്രത്യേക വിഷയങ്ങൾ എന്നിവയാണ് തെരഞ്ഞെടുപ്പിൽ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ. മഹാരാഷ്ട്രയിൽ പ്രധാന പോരാട്ടം ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യവും തമ്മിലായിരുന്നുവെന്നു പറഞ്ഞുവല്ലോ. സ്ഥാനാർഥികളുടെ ജാതി, മതം, വ്യക്തിത്വം എന്നിവയും പരിഗണിച്ചിരുന്നു. കുടുംബവും പാരന്പര്യവും വിഷയമായി.
മഹായുതിയുടെ തന്ത്രങ്ങൾ
ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം പ്രചാരണത്തിനുള്ള ഗൃഹപാഠം നന്നായി ചെയ്തിരുന്നു. സഖ്യത്തിനു പരമാവധി വോട്ടു കിട്ടാനുള്ള തന്ത്രങ്ങൾ അവർ മെനഞ്ഞു. ലഡ്കി-ബഹിന്‍ പദ്ധതിയായിരുന്നു അതിൽ പ്രധാനം. സ്ത്രീവോട്ടർമാരുടെ ഇടയിൽ അതു മതിപ്പുണ്ടാക്കി. അവർ മഹായുതി സ്ഥാനാർഥികളുടെ പിറകിൽ ഉറച്ചുനിന്നു. ഏക്നാഥ് ഷിൻഡെയായിരുന്നു തെരഞ്ഞെടുപ്പുഫലത്തെ ഏറെ സ്വാധീനിച്ച ലഡ്കി-ബഹിന്‍ പദ്ധതിയുടെ പിന്നിലുള്ള ബുദ്ധികേന്ദ്രം. 21നും 65നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ വീതം നല്‍കുന്നതായിരുന്നു പദ്ധതി. ഏറ്റവും നല്ല നീക്കമായി അതു നിരീക്ഷിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലുള്ള ലക്ഷക്കണക്കിനു സ്ത്രീകൾക്ക് അതു ഗുണംചെയ്തു. ശനിയാഴ്ചത്തെ ബിജെപി സുനാമിക്ക് അതു മുതൽക്കൂട്ടായി.
ഓട്ടോ ഡ്രൈവറായായിരുന്നു ഏക്നാഥ് ഷിൻഡെയുടെ തുടക്കം. താനെയിലെ ശിവസേനാ നേതാവ് ആനന്ദ് ദിഖേ അദ്ദേഹത്തെ വളർത്തിക്കൊണ്ടുവന്നു. 2001ൽ ദിഖേയുടെ മരണശേഷം ഷിൻഡേ താനെയുടെ നേതാവായി. പിന്നീട് രാഷ്ട്രീയജീവിതത്തിൽ നേട്ടങ്ങൾ മാത്രമായിരുന്നു. നാലുതവണ നിയമസഭയിലേക്കു തെരഞ്ഞടുക്കപ്പെട്ടു. മന്ത്രിസ്ഥാനവും തേടിയെത്തി.
2022ൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം വിമതനായി. അദ്ദേഹത്തെ സേനയുടെ വിമത നേതാവാക്കി. ബാൽ താക്കറെയുടെ മകനിൽനിന്ന് ശിവസേനയെ രക്ഷിക്കുകയെന്നതായിരുന്നു ഷിൻഡെയുടെ പ്രഖ്യാപിത നയം. ഹിന്ദുത്വ അജൻഡയിലേക്കുള്ള മടക്കയാത്ര.വിനീതനും ശക്തനുമായ ജനപ്രിയ നേതാവായി അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്നു ഭിന്നമായി മഹായുതിക്ക് ആർഎസ്എസിന്റെ പൂർണ പിന്തുണ കിട്ടി. ആർഎസ്എസ് പ്രവർത്തകർ മഹായുതി സ്ഥാനാർഥികൾക്കുവേണ്ടി മണ്ഡലത്തിൽ ഉടനീളമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെങ്ങും ഈ പിന്തുണ പ്രതിഫലിച്ചു. പ്രധാനമന്ത്രി മോദിയുടെ ഏക് ഹാൽ ടു സഹേ ഹി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബഡേംഗേ ടു ഖഡേംഗേ എന്നിവ പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നല്ല പ്രതികരണമുണ്ടാക്കി. ശരദ് പവാർ-കോൺഗ്രസ് സഖ്യത്തിന്റെ സഹകരണ പ്രസ്ഥാന രാഷ്ട്രീയം ഏശിയില്ല. പടിഞ്ഞാറൻ മഹാരാഷ്ട്ര ഹിന്ദുത്വ തത്ത്വശാസ്ത്രത്തിലേക്കു വഴുതിവീണിരിക്കുന്നു.
ഉള്ളി, മുന്തിരി കർഷകർക്ക് നല്കിയ വലിയ ആനുകൂല്യങ്ങൾ നല്ല വില ലഭിക്കാന്‍ ഇടയാക്കിയതോടെ വടക്കൻ മഹാരാഷ്ട്രയിലും മഹായുതി സഖ്യത്തിനു നേട്ടമുണ്ടാക്കാനായി. മേഖലയിലെ 35ൽ 33 സീറ്റും അവർ സ്വന്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മറാഠ പ്രക്ഷോഭം മഹായുതിക്കു വിനയായിരുന്നു. ഒബിസി പ്രക്ഷോഭവും സ്വാധീനം ചെലുത്തിയിരുന്നു. ഇപ്രാവശ്യം മഹാരാഷ്ട്രയിലെ ഒബിസി വിഭാഗം ബിജെപിയിലേക്കു മടങ്ങിയെത്തി. ശിവസേനയിലും എൻസിപിയിലുമുണ്ടായ പിളർപ്പും ബിജെപിക്ക് അനുകൂലമായി. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയും ഫഡ്നാവിസ്, അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരുമായുള്ള കൂട്ടുകെട്ട് സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കി. മഹായുതി തെരഞ്ഞെടുപ്പു പ്രചാരണം ഉഷാറാക്കുകയും ചെയ്തു.
(തുടരും)