കാൻസർ നിയന്ത്രണം ശ്രദ്ധയോടെ
ഡോ. ജയിംസ് പോള്‍ പണ്ടാരക്കളം
Thursday, November 28, 2024 1:04 AM IST
വൈദ്യശാസ്ത്രത്തില്‍ രോഗങ്ങളുടെ കാരണങ്ങള്‍ ചര്ച്ചാവിഷയമായിട്ടുള്ളതില് പുകവലിയും ശ്വാസകോശാര്‍ബുദവും തമ്മിലുള്ള ബന്ധമാണ് ഏറ്റവും കൂടുതല്‍ കൗതുകമുണര്ത്തിയിട്ടുള്ളത്. ശ്വാസോപനാളത്തില് ഉണ്ടാകുന്ന അര്‍ബുദം ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു കടുത്ത വെല്ലുവിളിതന്നെയാണ്.
സ്ത്രീകളേക്കാള്‍ എട്ട് ഇരട്ടി കൂടുതലായി ഈ രോഗം പുരുഷന്മാരില് കാണുന്നു. 40നും 60നും ഇടയിൽ പ്രായമുള്ള കാന്‍സര്‍ രോഗങ്ങളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗവും ശ്വാസകോശാര്‍ബുദം തന്നെയാണ്. പുകവലിശീലം ഒഴിവാക്കിയാൽ ഒരു പരിധിവരെ ഈ രോഗം നിയന്ത്രണവിധേയമാണ്. ഇന്നുള്ള പരിഗണനകൾ വച്ചുനോക്കുമ്പോൾ ഈ രോഗത്തെ സംബന്ധിച്ചിടത്തോളം രോഗശാന്തി നിരക്ക് ആശാവഹവുമല്ല.
ലോകമെമ്പാടുമായി ഓരോ വർഷവും 127 ലക്ഷം പേർക്ക് അർബുദബാധ കണ്ടെത്തുന്നു; 76 ലക്ഷം മരണങ്ങൾ. ഇതിൽ മൂന്നിൽ രണ്ടു മരണങ്ങളും ദരിദ്ര-വികസ്വര രാജ്യങ്ങളിലാണ്. കർശനമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, 2030 ആകുമ്പോഴേക്കും കാൻസർ മരണങ്ങൾ 80 ശതമാനം വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അതായത്, പ്രതിവർഷം 260 ലക്ഷം പുതിയ കാൻസർ രോഗികളും 170 ലക്ഷം കാൻസർ മരണങ്ങളും ഉണ്ടാകും.
എയ്ഡ്സ്, മലമ്പനി, ക്ഷയം എന്നിവകൊണ്ടുള്ള മരണങ്ങളേക്കാൾ കൂടുതൽ മരണങ്ങൾ കാൻസർ മൂലമുണ്ടാകും. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മൂന്നിലൊന്നു കാൻസർ ബാധകളും തടയാമെന്നും മറ്റൊരു മൂന്നിലൊന്നു കാൻസർ ബാധകൾ, മുൻകൂട്ടിയുള്ള രോഗനിർണയ-ചികിത്സയിലൂടെ ഒഴിവാക്കാമെന്നുമാണ് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്.
കാരണങ്ങൾ
ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തിൽ കോശങ്ങളുടെ അർബുദപ്രവണതയ്ക്കു ചുരുങ്ങിയത് നാലു കാരണങ്ങളെങ്കിലുമുള്ളതായി വ്യക്തമായിട്ടുണ്ട്. അർബുദത്തിന്റെ നിദാനത്തെപ്പറ്റിയുള്ള ആദ്യത്തെ നിഗമനം കാൻസർ ‘എരിച്ചിൽ’ കൊണ്ടുണ്ടാകുന്നതാണ് എന്നതാണ്. എന്തെങ്കിലും കാരണവശാൽ ഒരു മൂലവസ്തുവിനു പരിക്കേല്ക്കുമ്പോൾ അത് നന്നാക്കാനും മൂലവസ്തുവിനു വീണ്ടും രൂപംനല്‍കാനുമുള്ള ശ്രമം ശരീരം ഏറ്റെടുക്കും. പലതവണ ഈ സംഭവവികാസം ഉണ്ടാകുമ്പോൾ കോശങ്ങൾ അമിതമായി വളരുകയും അർബുദമായി പരിണമിക്കുകയും ചെയ്യും. ഇതിന് ഉപോദ്ബലകമാണ് പുകയില മുറുക്കുന്നവർക്ക് വായിൽ ഉണ്ടാകുന്ന അർബുദം. ഇത്തരത്തിലുള്ള കാൻസറുകളുടെ ഉദാഹരണമായി ആന്ധ്രപ്രദേശിലുണ്ടാകുന്ന ‘ചൂട്ടാ’ കാൻസറും കാശ്മീരിലെ ‘കാൺഗ്രി’ കാൻസറും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കത്തുന്ന ഭാഗം വായിൽ വച്ചുകൊണ്ട് ചുരുട്ടുവലിക്കുന്ന ഒരു സമ്പ്രദായം ആന്ധ്രയിലുണ്ട്. അത്തരക്കാരിൽ വായുടെ ഉൾഭാഗത്തു കാണുന്ന കാൻസറിനെയാണ് ‘ചൂട്ടാ’ കാൻസർ എന്നു വിളിക്കുന്നത്. കാഷ്മീരിലെ തണുപ്പ് തടയുന്നതിന് കനൽ ഇട്ട ഒരു മൺപാത്രം നെഞ്ചോട് ചേർത്തുവച്ച് പുതച്ചുനടക്കുന്ന പതിവുണ്ട്; അതിന്റെ ഫലമായി നെഞ്ചിന്റെ മുൻവശത്ത് കാൻസർ ഉണ്ടാകുന്നു. പുകവലിയും ശ്വാസകോശത്തിലെ കാൻസറും തമ്മിൽ ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.
വികസിതരാജ്യങ്ങളിലെ 23 ശതമാനം അർബുദങ്ങൾ പകർച്ചവ്യാധികളാണെന്ന ഒരു വാദം ശക്തിപ്പെട്ടിട്ടുണ്ട്. ചിലതരം അർബുദങ്ങൾ വൈറസുകൾ മുഖേന ഒരു വ്യക്തിയിൽനിന്നു മറ്റൊരു വ്യക്തിയിലേക്ക് പകരാമെന്നുള്ളതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. ത്വക്കിനെ ബാധിക്കുന്ന ചില കാൻസറുകൾ ഇപ്രകാരം പകരുന്നവയാണ്. മനുഷ്യരിൽ അർബുദം ഒരു പകർച്ചവ്യാധിയാണെന്ന് പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ, അർബുദരോഗത്തിനു കാരണമാകുന്ന പ്രത്യേക തന്മാത്രാഘടനയോടുകൂടിയ ചില രാസവസ്തുക്കളുണ്ട്. ഇത്തരം വസ്തുക്കൾ അർബുദജനകങ്ങൾ എന്ന് അറിയപ്പെടുന്നു.
മനുഷ്യ ശരീരത്തിൽ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന നിരവധി അന്തഃസ്രാവി ഗ്രന്ഥികളുണ്ട്. ശരീരത്തിലെ സങ്കീർണവും സന്ദർഭാനുസൃതവുമായ ഗതിവിഗതികളെ ഏറിയകൂറും നിയന്ത്രിക്കുന്നത് അന്തഃസ്രാവിസമുച്ചയമാണ്. അവയുടെ പ്രവർത്തനത്തിന്റെ പാകപ്പിഴകൾകൊണ്ട് അനവധി രോഗങ്ങൾ ഉണ്ടാകുന്നു. സ്തനം, ഗർഭാശയം, പുരുഷന്റെ മൂത്രാശയത്തോടു ബന്ധപ്പെട്ട പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നിവയ്ക്കുണ്ടാകുന്ന അർബുദത്തിനു പ്രധാന കാരണം ഇത്തരത്തിലുള്ള അന്തഃസ്രാവിപ്രവർത്തന വൈകല്യമാണ്.
അർബുദത്തിനുള്ള മറ്റൊരു കാരണം, പാരമ്പര്യസ്വഭാവ സവിശേഷതകളാണ്. ഭ്രൂണാവസ്ഥയിൽ ഉണ്ടാകുന്ന ചില ഗതിവിഭ്രംശങ്ങളും മുരടിക്കലുകളും പലപ്പോഴും ദുഷ്ടാർബുദസ്ഥായിയായ മൂലവസ്തുക്കളെ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള മൂലവസ്തുക്കൾ വളരെ എളുപ്പത്തിൽ കാൻസറിനു വിധേയമാവും. വൃക്കകളിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന പലതരം കാൻസറുകളും ഈ ഇനത്തിൽപ്പെട്ടവയാണ്. പൊതുവായി പറഞ്ഞാൽ കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന കാൻസറിൽ പാരമ്പര്യ ഘടകത്തിനാണു മുൻതൂക്കം നൽകേണ്ടത്.
അർബുദോത്പന്നവസ്തുക്കൾ എന്ന് പൊതുവേ അറിയപ്പെടുന്ന പ്രത്യേകതന്മാത്രാഘടനയോടുകൂടിയ രാസവസ്തുക്കളാണ് അർബുദത്തിനു നിദാനം. കോൾട്ടാർ, അനിലിൻ വർഗത്തിൽപ്പെട്ട വസ്തുക്കൾ ഇത്തരത്തിലുള്ളവയാണ്. പുകയില, രാസവസ്തുക്കളുടെ ഉപയോഗം, എക്സ്റേ, ചൂട്, സൂര്യകിരണങ്ങൾ എന്നിവയും ഭൂമിശാസ്ത്രപരമായ ഏറ്റക്കുറച്ചിലുകളും നിദാനമാകുന്നു. അമിതമായി സംസ്കരിച്ചവയും കൃത്രിമചേരുവകൾ ചേർത്തതുമായ ഭക്ഷണസാധനങ്ങൾ, എരിവ്, പുളി, മസാല തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിങ്ങനെ പലതും അർബുദത്തിന് കാരണമാകുന്നു.
പുകവലിയും ശ്വാസകോശാര്‍ബുദവും
സിഗരറ്റ് വലിക്കുന്നവര്‍ക്ക് വലിക്കാത്തവരേക്കാള്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഒന്‍പതിരട്ടി ആണ്. സ്ഥിരമായി രണ്ടു പാക്കറ്റ് സിഗരറ്റ് വലിക്കുന്നവര്‍ക്ക് 60 ഇരട്ടി സാധ്യത കൂടുതലാണ്. ഇവയ്ക്കെല്ലാം കണക്കുകൂട്ടലുകളുടെ പ്രാധാന്യം മാത്രം നല്കിയാലും പുകവലിയും ശ്വാസകോശ അര്‍ബുദവും തമ്മില്‍ വ്യക്തമായ ഒരു ബന്ധം ഉണ്ടെന്നുള്ളതാണ് ശാസ്ത്രമതം.
പുകയിലയിലുള്ള ഏതു രാസപദാര്‍ത്ഥമാണ് കാന്‍സറിനു കാരണമാകുന്നത് എന്നു കണ്ടുപിടിക്കേണ്ടത് ഈ രോഗത്തിന്റെ നിവാരണത്തിന് സഹായകരമായിരിക്കുമെന്ന് ഗവേഷകര്‍ ചിന്തിക്കുന്നു. എന്നാല്‍, രോഗഹേതുവായ പദാര്‍ഥം ഏതാണെന്ന് ഇനിയും കണ്ടുപിടിക്കേണ്ടതുണ്ട്.
സിഗരറ്റ് പുക ഉപയോഗിച്ച് ഏതെങ്കിലും ഒരു പരീക്ഷണമൃഗത്തില്‍ കൃത്രിമമായി കാന്‍സര്‍ ഉണ്ടാക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. കുഷ്ഠരോഗാണുക്കള്‍ ഉപയോഗിച്ച് ഏതെങ്കിലും പരീക്ഷണമൃഗത്തില്‍ കുഷ്ഠരോഗം ഉണ്ടാക്കാനും സാധിച്ചിട്ടില്ല. സിഗരറ്റും ടാറും ചേര്‍ന്നിട്ടുള്ള ഒരു കൂട്ട് എലിയുടെ തൊലിയില്‍ ഒരു വര്‍ഷം സ്ഥിരമായി പുരട്ടിക്കൊണ്ടിരുന്നു.
അവസാനം അതിന്റെ ചര്‍മത്തില്‍ കാന്സറുണ്ടായി. എന്നാല്‍, കോള്‍ടാര്‍ തന്നെ ഉപയോഗിച്ച് ഈ പരീക്ഷണം നടത്തുമ്പോഴും ഇതേ ഫലം ഉണ്ടാകുന്നതുകൊണ്ട് പ്രസ്തുത നിരീക്ഷണത്തിന് അത്രയൊന്നും പ്രാധാന്യം കല്പിക്കാന് നിര്‍വാഹമില്ല. ബെന്‍സോപൈറിന്‍, ഡൈബെന്റു ആന്ത്റാസില്, ക്രിസിന് 3, 4 ബെന്‍സ് ഫ്ളുറാന്സിന് എന്നിവയാണ് കാന്‍സറിന് പൊതുവായ രാസപദാര്‍ഥങ്ങള്‍ എന്ന് അനുമാനിക്കപ്പെടുന്നു.
സിഗരറ്റ് വലിക്കാരില്‍ ശ്വാസകോശാര്‍ബുദം ഉണ്ടാകുന്നതുപോലെതന്നെ സിഗരത്തിന്റെ പുകമാത്രം തുടര്‍ച്ചയായി ശ്വസിക്കേണ്ടിവരുന്നവരിലും കാന്‍സര്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
രണ്ടു രീതിയിലാണ് പുകവലി കാന്‍സറിലേക്ക് വഴിതെളിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഒന്നുകില്‍ സിഗരറ്റ് പുക നേരിട്ട് ശ്വാസോപനാള ഭിത്തിയില്‍ പ്രവര്‍ത്തിച്ച് കാന്‍സര്‍ രോഗത്തിന് കാരണമാകുന്നു. അതല്ലെങ്കില്‍ പുകവലി ശ്വാസകോശത്തെ മറ്റേതെങ്കിലും കാന്‍സര്‍ പദാര്‍ത്ഥത്തിന്റെ പ്രവര്‍ത്തനത്തിന് ഒരുക്കുന്നു.
കാന്‍സറിനു ഹേതുവാകുന്ന പദാര്‍ഥം വര്‍ഷങ്ങൾ ശരീരത്തില്‍ പ്രവര്ത്തിക്കുമ്പോഴേ രോഗാവസ്ഥ ഉണ്ടാവുകയുള്ളൂ. ഇതുപതോ അതിലധികമോ വര്‍ഷങ്ങള്‍ നീണ്ടുനിൽക്കാം. ശ്വാസകോശാര്‍ബുദത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ വളരെ സാവധാനത്തിലേ വെളിച്ചത്തു വരികയുള്ളൂ. ചുമ ആദ്യകാല ലക്ഷണമാണ്. ചുമ, ആദ്യകാല ശ്വാസംമുട്ടല്‍ ചില രോഗികളില്‍ തുടക്കത്തിലേ കാണുമെങ്കിലും സാധാരണയായി രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് ആ ലക്ഷണങ്ങൾ കണ്ടുവരുന്നത്. നെഞ്ചുവേദന സാധാരണയുള്ള ഒരു ലക്ഷണമായിരിക്കും. തുടര്‍ന്ന് ഭോജനവിരക്തി, ക്ഷീണം, തൂക്കം നഷ്ടപ്പെടല്‍ എന്നീ രോഗലക്ഷണങ്ങളും പ്രത്യക്ഷപ്പെടും.
ജീവിതശൈലി
പകുതിയോളം കാന്‍സറുകള്‍ക്കും കാരണമാകുന്നത് ആറ് ജീവിതശൈലികളാണെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി അടുത്തകാലത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 30 വയസിനു മുകളിലുള്ളവരുടെ അമ്പത് ശതമാനം പുകവലി മൂലം ഉണ്ടാകുന്നു. കാന്‍സര്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ പകുതിയോളവും നിത്യജീവിതത്തില്‍ ആളുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ മൂലമാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, പത്തില്‍ നാല് കാന്‍സറുകള്‍ക്കും പകുതിയോളം കാന്‍സര്‍ മരണങ്ങള്‍ക്കും കാരണമാകുന്നത് പുകവലി, അമിതവണ്ണം, മദ്യപാനം, വ്യായാമമില്ലായ്മ, തെറ്റായ ഭക്ഷണക്രമം, അമിതമായി വെയില് കൊള്ളുക എന്നിവയാണ്. പരോക്ഷമായ പുകവലി, മാട്ടിറച്ചി ഭക്ഷിക്കുന്നത്, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, കാത്സ്യം കുറവുള്ള ഭക്ഷണക്രമം എന്നിവ ചില തരം കാന്‍സറുകള്‍ക്ക് കാരണമാകുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.
പുകയില ഉപയോഗം നിയന്ത്രിക്കുന്നത് അർബുദരോഗം വരാനുള്ള സാധ്യത കുറയ്ക്കും. പഴങ്ങളും പച്ചക്കറികളും മത്സ്യവും മുട്ടയും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, ലഹരിവിമോചനം, സന്തോഷകരമായ മാനസികാവസ്ഥ തുടങ്ങിയവ കാൻസർ പ്രതിരോധത്തിന് ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു. ഒരു ദിവസം 450-500 ഗ്രാം പഴങ്ങളും ഇലക്കറികളും പച്ചക്കറികളുമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, നിരോക്സീകാരികൾ, നാരുകൾ എന്നിവ മികച്ച രോഗപ്രതിരോധശേഷി നൽകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
അമിതമായി എണ്ണ, ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ അടങ്ങിയതും വറുത്തതും പൊരിച്ചതും മൊരിഞ്ഞതും കരിഞ്ഞതുമായ ആഹാരം, ചുവന്ന മാംസം എന്നിവ കാൻസർ സാധ്യത കൂട്ടുമെന്നതിനാൽ ഇവ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എണ്ണ പലതവണ തിളപ്പിച്ച് ഉപയോഗിക്കുന്നത് അപകടകരമായ ഫ്രീറാഡിക്കലുകൾ രൂപംകൊള്ളാൻ ഇടയാക്കുന്നു. ഇത് കാൻസർ ഉണ്ടാകാൻ ഇടയാക്കാം. ഭാരക്കൂടുതൽ ഉള്ളവർ അത് കുറയ്ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല, പതിവായ വ്യായാമത്തിന്റെ അഭാവത്തിൽ കാൻസർ സാധ്യത വളരെയധികം കൂടുന്നു. കൂടുതൽ കാലം മുലയൂട്ടുന്ന സ്ത്രീകളിൽ സ്തന കാൻസർ സാധ്യത കുറവാണ്.
എച്ച്പിവി (Human Papilloma Virus) രോഗാണു മൂലമുണ്ടാകുന്ന ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ, ലിംഗാർബുദം എന്നിവ തടയുവാൻ എച്ച്പിവി പ്രതിരോധ കുത്തിവയ്പ് ഫലപ്രദമാണ്. അതിനാൽ പല രാജ്യങ്ങളിലും ഇവ സൗജന്യമായി പെൺകുട്ടികൾക്കു ലഭ്യമാക്കുന്നുണ്ട്.